സ്വകാര്യ ബസുകൾ ഇനി റോഡിലെ അപൂർവ കാഴ്ചയായി മാറുമോ?

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലം മുതൽ വളരെ കഷ്ടത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം. ആദ്യഘട്ട ലോക്‌ഡൗണിനു ശേഷം കളക്ഷൻ കുറവാണെങ്കിലും സർവ്വീസ് നടത്തി ഒന്ന് ഉയർന്നു വരുന്നതിനിടെയാണ് ഇടിത്തീ പോലെ നമ്മുടെ നാട്ടിൽ കോവിഡ് വീണ്ടും പടർന്നത്. വീണ്ടും ലോക്ക്ഡൗൺ ആയതോടെ നിരത്തിലിറങ്ങിയ ബസുകൾ വീണ്ടും കട്ടപ്പുറത്ത് കയറി.

നല്ല സമയത്തുപോലും കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു വർഷത്തിലേറെയായി ഒരു വരുമാനവും ഇല്ലാതായതോടെ പലരുടെയും വായ്പാ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്‌. ജീവനക്കാരിൽ പലരും മറ്റു ജോലികൾ ചെയ്‌ത്‌ നിത്യവൃത്തി കണ്ടെത്തുന്നുണ്ട്‌. എന്നാൽ ഭൂരിഭാഗം ബസ് ഉടമകൾക്ക് അതിനും കഴിയുന്നില്ല. ഒന്നും രണ്ടും ബസ്സുകളുള്ള സാധാരണക്കാരായ ഉടമകളുടെ കാര്യമാണ് വളരെ കഷ്ടം.

ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചതോടെ കെഎസ്ആർടിസിയുടെ ദീർഘദൂര ബസ്സുകൾ സർവ്വീസ് പുനഃരാരംഭിച്ചുവെങ്കിലും സ്വകാര്യ ബസ്സുകൾ കട്ടപ്പുറത്തു തന്നെയാണ്. സർവ്വീസുകൾ നടത്തുവാനുള്ള അനുമതി ലഭിച്ചാലും കുത്തനെ ഉയർന്ന വിലയ്ക്ക് ഡീസലടിച്ച് സർവ്വീസ് നടത്തുവാൻ കഴിയില്ലെന്ന നിലപാടിലാണ് ബസ്സുടമകൾ. ഇനി ബസുകൾ വീണ്ടും ഓടിത്തുടങ്ങണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്‌. കുറേകാലം നിർത്തിയിട്ടതിനാൽ ബാറ്ററി, ടയർ എന്നിവ മാറ്റേണ്ടിവരും. മറ്റ് അറ്റകുറ്റപ്പണി വേറെയും നടത്തണം. ഓടാതെ കിടന്ന് മഴയും വെയിലുമേറ്റുള്ള നാശം വേറെയും. ഇതിനുപുറമെയാണ്‌ ഇരുട്ടടിയായി ഇന്ധനവില ഓരോ ദിവസവും കൂടുന്നത്‌.

ഇതിനിടെ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് ഉടമകളും കുടുംബാംഗങ്ങളും നിൽപ് സമരം നടത്തി. പൊതുഗതാഗതം സംരക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കുക, പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തങ്ങളുടെ ബസുകൾ പാർക്കു ചെയ്തിരിക്കുന്നതിനു മുൻപിലും വീടുകൾക്കും വർക്‌ഷോപ്പുകൾക്കും മുൻപിലുമായിരുന്നു ഉടമകളുടെ നിൽപ് സമരം.

ഒരു കാലത്ത് റോഡിലൂടെ സർവ പ്രതാപത്തോടെ കുതിച്ചുപാഞ്ഞിരുന്ന, നമ്മളെ വീട്ടുപടിക്കൽ വരെ ഇറക്കിത്തന്നിരുന്ന സ്വകാര്യ ബസുകൾ ഇനി റോഡിലെ അപൂർവ കാഴ്ചയായി മാറിയേക്കുമോ? ഒരു കാര്യം തുറന്നു പറയാം, നമുക്ക് കെഎസ്ആർടിസിയും വേണം അതോടൊപ്പം തന്നെ പ്രൈവറ്റ് ബസ്സുകളും വേണം.