ബെംഗളൂരുവിൽ കറങ്ങുവാൻ നിസ്സാര ചാർജ്ജിനു സ്മാർട്ട് സൈക്കിളുകൾ…

എഴുത്ത് – പ്രവീൺ എൻ.യു.

പുറം രാജ്യങ്ങളിൽ നേരത്തെ പ്രചാരമുള്ളതും ഇന്ത്യയിൽ ഈയിടെ തുടങ്ങിയതുമായ ഒന്നാണ് സ്മാർട്ട് ബൈക്കുകൾ. ബാംഗ്ലൂർ വിധാൻസൗധ മെട്രോ സ്റ്റേഷന് സമീപത്തെ കാഴ്ചയാണ് ഇത്. Public Bicycle Sharing (PBS) system എന്നപേരിൽ ഏതാണ്ട് 3,000 ബൈസിക്കിളുകളാണ് ബാംഗ്ലൂരിൽ ഇപ്പോൾ ആദ്യഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലായി ഇറങ്ങിയിരിക്കുന്നത്. താമസിയാതെ അത് ഇരട്ടിയാക്കി വർധിപ്പിക്കും. Yulu, Bounce, Lejonet, Zoomcar PEDL എന്നിങ്ങനെ നാല് പേർക്കാണ് ഇപ്പോൾ പെർമിറ്റ് ലഭിച്ചിരിക്കുന്നത് എങ്കിലും രണ്ടുപേർ മാത്രമാണ് കാര്യമായി സർവീസ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. അതിൽ തന്നെ യുളൂ ആണ് കൂടുതലും.

സംഭവം വളരെ ലളിതമാണ്. അവരുടെ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. രജിസ്റ്റർ ചെയ്യുക. അതിന്റെ വാലറ്റിലേക്ക് 100 രൂപ റീഫൻഡബിൾ ഡെപ്പോസിറ്റ് ആയി അടക്കുക. അപ്പോൾ എക്സ്ട്രാ ഒരു അൻപത് രൂപ നമുക്ക് വാലറ്റിൽ കിട്ടും. ആപ്പിൽ തന്നെ നിങ്ങളുടെ അടുത്തുള്ള റെഡി ആയി കിടക്കുന്ന ബൈസിക്കിളുകൾ കാണാൻ സാധിക്കും. ആപ്പ് ഉപയോഗിച്ച് സൈക്കിളിന് മുകളിൽ ഉള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് അൺലോക്ക് ചെയ്യുക. സൈക്കിൾ എടുത്തുകൊണ്ടു പോവുക. ഓപ്പേറഷണൽ സോണുകൾക്ക് അകത്ത് എവിടെയെങ്കിലും പാർക്ക് ചെയ്യാൻ പറ്റുന്നിടത് പാർക്ക് ചെയ്യുക. ആ പരിധിക്കുള്ളിൽ മാത്രമേ പാർക്ക് ചെയ്ത് ലോക്ക് ചെയ്തു യാത്ര അവസാനിപ്പിക്കാൻ പറ്റൂ.

ഒന്ന് മുതൽ അഞ്ച് രൂപയാണ് അരമണിക്കൂറിന് ചെലവ് വരുന്നത്. നമ്മൾ പോസ് ചെയ്താലും ഇതേ ചാർജ് ആണ് വരിക. എന്നാൽ 6 pm മുതൽ 9 am വരെ പോസ് ചാർജ് ഇല്ല. അങ്ങനെ വരുമ്പോൾ വൈകീട്ട് വീട്ടിൽ കൊണ്ടുപോയി തിരിച്ച് രാവിലെ ഓപ്പറേഷനൽ സോണിൽ കൊണ്ടുവെച്ചാൽ അധിക ചാർജ് ഒന്നും ആവില്ല എന്ന് സാരം. അപ്പോൾ ഇനി ബാംഗ്ലൂരിൽ കറങ്ങാൻ സ്വന്തം വാഹനം ഇല്ലെങ്കിലും ഓപ്‌ഷൻ ഇപ്പോൾ പലതുണ്ട്. ഒന്നുകിൽ ബസ്, ഓട്ടോ പോലെ ഉള്ള പരമ്പരാഗത രീതികൾ, അല്ലെങ്കിൽ ഓല, ഊബർ പോലെ ഉള്ള ഓൺലൈൻ ടാക്‌സികൾ അതുമല്ല എങ്കിൽ ഇതേ പോലെ ഉള്ള ബൈസൈക്കിളുകൾ. ഇതുകൂടാതെ മിക്ക മെട്രോകളിലും ‘റെന്റ് എ സ്‌കൂട്ടർ’ സൗകര്യവും ഉണ്ട്. ഇനി ബെംഗളൂരുവിൽ പോകുന്നവർ ഈ കാര്യങ്ങൾ കൂടി ഒന്നോർത്തു വെക്കുക.

വാൽക്കഷ്ണം: നമ്മുടെ നാട്ടിൽ ആണെങ്കിൽ മറ്റുള്ള വാഹനക്കാരുടെ തൊഴിൽ കളയുന്നു എന്ന് പറഞ്ഞു ഈ സൈക്കിളുകൾ എല്ലാം കൂടി കൂട്ടിയിട്ട് ചിലപ്പോൾ കത്തിച്ചേനെ.