പുനലൂർ തൂക്കുപാലം -ചരിത്രം ഉറങ്ങുന്ന മണ്ണിലേക്ക് ഒരു യാത്ര പോകാം…

വിവരണം – Akhil Surendran Anchal.

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, കൊല്ലം ജില്ലയുടെ പ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ചതായി ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് . പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തതും ഈ കാലയളവിൽ തന്നെ.

അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ‘ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട്‌ ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾ വഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായകമായി.

ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്.

കരയോടടുത്തു തന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തേക്ക്‌ തടി പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌ . 20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവട സംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു. 1970 കളില്‍ ഗതാഗതം നിലച്ച ഈ പാലം 1990 ല്‍ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ഏറ്റെടുക്കുകയായിരുന്നു.

Photo – Jagadeesh G Nair‎.

ഇപ്പോൾ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും പുനലൂര്‍ തൂക്കുപാലം സജ്ജീവമായി വീണ്ടും . കല്ലടയാറിനു കുറുകെയുള്ള ഈ ചരിത്രസ്മാരകം, 1.35 കോടി രൂപ മുടക്കിയാണ് നവീകരിച്ചിരിക്കുന്നത്. പുനരുദ്ധാരണത്തിനു ശേഷം തുറന്നു കൊടുത്ത തൂക്കുപാലം, സന്ദർശകരാൽ നിറഞ്ഞുകവിയുകയാണ് . കോണ്‍ക്രീറ്റ് പാലത്തെ ഒഴിവാക്കി തൂക്കുപാലത്തിലൂടെ നടന്നാണ് കുട്ടികള്‍ കല്ലടയാര്‍ മുറിച്ചുകടന്നത്. ഫോട്ടോ പകര്‍ത്തലും ആഘോഷങ്ങളുമായി അര്‍ദ്ധരാത്രിയിലും ഇവിടെ ആളുകള്‍ സജീവമാണ്.

പുനലൂർ പട്ടണത്തിൽ എത്താൻ – കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആയ പുനലൂർ, കൊല്ലം ജില്ലയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരമാണ് . കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്ററും തിരുവനന്തപുരം നഗരത്തിൽ നിന്നും 65 കിലോമീറ്ററും  പത്തനംതിട്ടയിൽ നിന്നും 50 കിലോമീറ്റരറും ദൂരത്തായാണ് പുനലൂർ.