ചാലക്കുടി പ്രൈവറ്റ് ബസ്സ് സർവീസ് ചരിത്രവും ബസ്സ്റ്റാൻഡും

എഴുത്ത് – Shaiju Elanjikkal.

പഴമകളിലെ രാജഭരണകാലം മുതൽക്കേ കാൽനടയിൽ പല്ലക്കു ചുമന്നുള്ള സഞ്ചാരത്തിൽ അന്നാളുകളിൽ കോടശ്ശേരി നാട് എന്നറിയപ്പെടുന്ന ചാലക്കുടി പട്ടണത്തിൽ ഒരു മാറ്റത്തിന് തുടക്കം കുറിച്ചത് 1789 ഡിസംബർ കാലഘട്ടത്തിൽ ചാലക്കുടിയിലെത്തിയ ടിപ്പു സുൽത്താന്റെ നാളുകളിലായിരുന്നു.

പൗരാണിക കാലംമുതലേ ചാലക്കുടിയും കൊടുങ്ങല്ലൂരും… ജലമാർഗ്ഗമുള്ള വാണിജ്യ ബന്ധമുണ്ടായിരുന്നു. ചാലക്കുടി ചന്തമുതൽ കൊടുങ്ങല്ലൂർ തുറുമുഖച്ചന്തവരെ നീളുന്ന കാളവണ്ടി പാത ഗതാഗതത്തിന് തുടക്കമിട്ടത് ടിപ്പു സുൽത്താൻ ആയിരുന്നു. ഈ കാളവണ്ടി പ്പാത ചാലക്കുടിയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.ചുരുങ്ങിയ കാലത്തിനിടയിലാണ് ഏറ്റവും.ഭാവനാപൂർണമായ പുഴയോര കാളവണ്ടിപ്പാത അദ്ദേഹം നടപ്പാക്കിയത്. എത്ര കാലം അത് നിലനിന്നു എന്ന് പറയാനാവില്ല.

പിന്നീട് ശക്തൻ തമ്പുരാന്റെ കാലത്ത് ചാലക്കുടിയിലെ കുന്നത്തങ്ങാടിയിൽ പാണ്ടികശാല ആരംഭിക്കുകയും വ്യാപാരാവശ്യങ്ങൾക്കായി അന്നത്തെ വ്യാപാര പ്രബലരായിരുന്ന നസ്രാണികളെ കുടിയിരുത്തുകയും ചെയ്തു. അതിൽ പ്രധാനമായും 1895 ൽ മുണ്ടൂരിൽ നിന്നും ഇരിങ്ങാലക്കുട യിലെത്തി. അമ്മയുടെ സഹോദരനുമായി ആലങ്ങാടനുമായി ചാലക്കുടിയിലെത്തി വലിയൊരു ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തി.

ശക്തൻ തമ്പുരാന്റെ കാലത്താണ് ചാലക്കുടിയിൽ വികസന പ്രവർത്തനങ്ങൾ കൂടുതലും നടന്നത്. ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിലെ പ്രധാന ചന്തകളിലൊന്നായിരുന്നു ചാലക്കുടി ചന്ത. അന്നാളുകളിൽ ചാലക്കുടിയിൽ കാൽ നടയും കുതിരവണ്ടിയും ആയിരുന്നു പ്രധാന സഞ്ചാരമാർഗ്ഗങ്ങൾ. ചാലക്കുടിപ്പുഴയിലൂടെ തോണികളും ചങ്ങാടങ്ങളും ഉപയോഗിച്ച് ചരക്കുകളും മറ്റും കൊണ്ടു വന്നിരുന്ന ജലമാർഗ്ഗവും നിലവിലിരുന്നു.

1863 ൽ കൊച്ചിയെക്കുറിച്ച് ഗ്രന്ഥമെഴുതിയ ഫ്രാൻസിസ് ഡേയ് ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് റോഡ് ഉണ്ടായിരുന്നതായി വിവരിക്കുന്നുണ്ട്. എന്നാൽ ഇത് വാഹനമോടിക്കാൻ പറ്റാത്തതായിരുന്നു. അക്കാലത്ത്. 1902 ലാണ് ചാലക്കുടിയിൽ തീവണ്ടി ഗതാഗതം നിലവിൽ വന്നത്. 1890 കളിൽ പണി തുടങ്ങിയ റെയിൽവേ പാലം പണി പൂർത്തിയായത് അപ്പോഴാണ്. അന്നു മുതൽ തെക്ക് നിന്നുമുള്ള ഗതാഗതം ത്വരിതമായി.

ചാലക്കുടി പാലം പണി പൂർത്തിയായതിനുശേഷം പ്രധാന ഉപരിതല ഗതാഗതം റോഡു വഴിയാവുകയും ചെയ്തു. 1915-20 കാലത്ത് പ്രധാന റോഡ് നിലവിൽ വന്നിരുന്നു. കാൽ നടയും കുതിരവണ്ടിയും കാളവണ്ടികളുടെ തുടർച്ചകളിൽ നിന്നും വ്യത്യസ്തമായി..1920 കളിൽ. ആളുകളെ കയറ്റിയിരുത്തി വലിച്ചുകൊണ്ട് പോകുന്ന റിക്ഷകൾ മദിരാശിയിൽ നിന്നും ചാലക്കുടിയിലേക്ക് കടന്നുവരികയുണ്ടായി.. എന്നാൽ സാധാരണക്കാർക്ക് അതിൽ കയറി സഞ്ചരിക്കാനുള്ള പണം താങ്ങാൻ കഴിയുന്നതിൽ കൂടുതൽ ആയിരുന്നു..നാട്ടിലെ പ്രമാണിമാർക്കും ജന്മികൾക്കും മാത്രമേ അതിന് സാധിച്ചിരുന്നുള്ളൂ…

1924- ലെ വെള്ളപൊക്കത്തിന് ശേഷം 1925 കാലഘട്ടത്തിൽ ചാലക്കുടിയിലെ ജനങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്… അതുവരെയും കാണാത്ത. .കേൾക്കാത്ത…ഒരു പുതുമ നിറഞ്ഞ പുതുപുത്തൻ വാഹനം ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്യുകയുണ്ടായി….ആളുകൾ വളരെയധികം കൗതുകത്തോടെയാണ് ആ വാഹനത്തെ നോക്കിയിരുന്നത്. 1925- കാലഘട്ടത്തിൽ ചാലക്കുടിയിലെ അറിയപ്പെടുന്ന ധനാഢ്യനും.. ബാൻഡ് ട്രൂപ്പ്, തടിമില്ലുകൾ, അരിമില്ലുകൾ,കള്ള്,മദ്യം മറ്റു വ്യപാരസ്ഥാപനങ്ങളുടെ ലൈസൻസ് ഉടമയുമായിരുന്ന ആലങ്ങാടൻ കൊച്ചൗസേപ്പ് എന്നറിയപ്പെടുന്ന അറങ്ങാശ്ശേരി വീട്ടിൽ ജോസഫ്‌ [ഇന്ന് പഴമയിൽ നിലനിൽക്കുന്ന കെ. ജി ഹോസ്‌പിറ്റൽ ആയിരുന്നു തറവാട്] ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത വാഹനമായിരുന്നു അത്. കൽക്കരിയിൽ പ്രവർത്തിച്ചു ഓടുന്ന ഷെവർലെറ്റ് ചെറുബസ് ആയിരുന്നു. ഈ ബസ് ആയിരുന്നു ചാലക്കുടിയിലെ പഴമകളിലെ ആദ്യത്തെ ചെറുകിട ബസ് സർവീസായ A R മോട്ടോഴ്‌സ് സർവീസ്.

മുകളിൽ പറഞ്ഞ റിക്ഷ സർവീസിനും ചാലക്കുടിയിൽ തുടക്കമിട്ടത് ഇദ്ദേഹം തന്നെയായിരുന്നു. ജർമ്മൻ, ബ്രിട്ടൻ സാങ്കേതിക വിദ്യയിൽ ഉടലെടുത്ത. കൽക്കരി ഉപയോഗിച്ച് എൻജിൻ പ്രവർത്തിക്കുന്ന അന്നത്തെ പുതുമയുടെ വാഹനങ്ങളായ വിദേശനിർമ്മിത ഷെവർലെറ്റ് ചെറുകിട യാത്ര ബസ് നമ്മുടെ ചാലക്കുടിയിൽ ഉണ്ടായിരുന്നു എന്നറിയുന്നത് ഒരു പക്ഷെ ചാലക്കുടിക്കാർക്ക് തന്നെ അതിശയം ഉളവാക്കുന്ന ഒരു വാർത്തയാണ്.

അന്നത്തെ കൊച്ചി ദിവാനായിരുന്ന നാരായണ അയ്യർ നിന്നും വാഹനയാത്ര സമ്മതപെർമിറ്റ് വാങ്ങി ചാലക്കുടിയിൽ നിന്നും ഇരിങ്ങാലക്കുട വഴി തൃശ്ശൂർ, ചാലക്കുടി – എറണാകുളം പിന്നീട് മാള, ഇരിങ്ങാലക്കുടയിലേക്കും AR മോട്ടോഴ്‌സ് പേരിൽ സർവീസുകൾക്ക് ആരംഭം കുറിച്ചു. പിൻവശത്തു നിന്നും കയറാവുന്ന വിധത്തിൽ പരിമിതമായ സീറ്റിങ് കപ്പാസിറ്റി ഉള്ളതുമായ ഈ വാഹനം കൽക്കരിയിൽ ആയിരുന്നു പ്രവർത്തനം. കുറച്ചു നാളുകൾക്ക് ശേഷം മറ്റൊരു വാഹനം കൂടെ സ്വന്തമാക്കുകയും ചാലക്കുടിയിൽ നിന്നും സർവീസുകൾ നടത്തിക്കൊണ്ടിരുന്നതുമാണ്.

1938 കാലഘട്ടത്തിൽ വരെ ഈ സർവ്വീസ് തുടർന്ന് പിന്നീട് ചില സാങ്കേതിക,കാരണങ്ങളാൽ നിലച്ചുപോവുകയുമാണ് ഉണ്ടായത്. ദൂരദേശങ്ങളിൽ നിന്നും ആളുകളെ കൊണ്ട് വരികയും പോവുകയും ചെയ്തിരുന്ന വളരെ പഴമകളിലെ ആദ്യത്തെ റിക്ഷ സർവ്വീസ്, ചെറുകിട ബസ് സർവീസ് എന്നിവ ചാലക്കുടിയിലെ ആലങ്ങാടൻ കൊച്ചൗസേപ്പെന്ന അറങ്ങാശ്ശേരി ജോസഫിന്റെ AR മോട്ടോഴ്‌സ് ആയിരുന്നു.

ചാലക്കുടിയിൽ റോഡും എടുത്തുപറയേണ്ട ഒന്നു തന്നെയാണ് ചാലക്കുടി നാഷണൽ ഹൈവേ. ഇന്നത്തെ മാർക്കറ്റ് വഴി ചാലക്കുടി പഴയ പോലീസ് സ്റ്റേഷനു തൊട്ടു മുൻപിൽ തിരിഞ്ഞു നേരെ. ചാലക്കുടി കെ എസ്‌ ആർ ടി സി ബസ്റ്റാൻഡ് മുന്നിലൂടെ പഴയ റെയിൽവേ ഗെയ്റ്റിൽ കയറി വാഹനങ്ങൾ റെയിൽവേ മേൽപ്പാലം വഴിയാണ് തെക്കോട്ട് പോയിരുന്നത്. റെയിൽവേപാലത്തിൽ കൂടെ തന്നെ കിലോമീറ്ററോളം സഞ്ചരിച്ചു വീണ്ടും നാഷണൽ ഹൈവേയിലേക്ക് പ്രവേശിച്ചിരുന്നത്. ഇത് 1970 വരെ തുടർന്നു. പിന്നീട് റോഡ് വികസിച്ചു ചാലക്കുടി പുഴയ്ക്ക് അരികെ വരെയെത്തി. പിൽക്കാലത്ത് ഇന്നത്തെ ചാലക്കുടി പുതിയ പാലം നിലവിൽ വരികയും മാർക്കറ്റ് റോഡിൽ നിന്നും മാറി നേരെ ഗതാഗതം .പുനഃസൃഷ്ടിക്കുകയും ചെയ്തു..
ഈ സമയങ്ങളിൽ പുറമെ നിന്നുള്ള ഇത്തരം വാഹനങ്ങൾ ചാലക്കുടി വഴി കടന്നുപോവുകയും ചെയ്തിരുന്നു. എന്നാൽ അതു വളരെ കുറവായിരുന്നുതാനും…

കാലത്തിന്റെ ഒഴുക്കിൽ വാഹനങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചു ..ഓരോ നാളുകളിലും ചാലക്കുടിയിലേക്ക് മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ എത്തിക്കൊണ്ടിരുന്നു. കാലാന്തരത്തിൽ ബസ് സർവീസ് എന്ന നിലയിൽ ചാലക്കുടിയിലൂടെ കടന്നു,പൊയ്കൊണ്ടിരിക്കുന്ന ഇന്നത്തെ നിലയിലുള്ള വലുപ്പത്തിൽ ഉള്ള വിന്റേജ്‌ പഴയകാല പെട്രോൾ ഡീസൽ വാഹനങ്ങളുടെ കടന്നു വരവും പുതിയ പെർമിറ്റുകൾക്കും തുടക്കമായി…

കിഴക്കൻ മലയോര മേഖലകളെ ലക്ഷ്യം വച്ചായിരുന്നു കൂടുതൽ വാഹന ശൃംഖല ഉണ്ടായിരുന്നതും കാരണം ചാലക്കുടിയിൽ നിന്നും വാൽപ്പാറയിലേക്ക് പോകുവാൻ അന്നാളിൽ ടാറിങ് നിരത്തിയ ഒരേയൊരു പ്രധാനപാതയായിരുന്നു ആനമല മുതൽ വാൽപ്പാറ വരെയുള്ള മലമ്പാത. 1884 – കളിൽ പ്രിൻസ് ഓഫ് വെയിൽസ് എന്നറിയപ്പെടുന്ന എഡ്വേർഡ് ഏഴാമന്റെ വാൽപ്പാറ സന്ദർശനത്തിനു വേണ്ടിയായിരുന്നു ബ്രിട്ടീഷ് സൈനികർ റോഡ്, പാലങ്ങൾ എന്നിവ പണികഴിപ്പിച്ചത്. ബ്രിട്ടീഷ്കാർ നിർമ്മിച്ച മൂന്നു നാല് പാലങ്ങളും റോഡും ആനമല മുതൽ വാൽപ്പാറ വരെയായിരുന്നു. ഇടുങ്ങിയ മലമ്പാത ആയിരുന്നുവെങ്കിലും പിൽക്കാലത്ത് പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ജനങ്ങൾ കച്ചവടത്തിനായി ഈ പാതകൾ ഉപയോഗിക്കാൻ തുടങ്ങി.

1950 കളിൽ-കൃഷിയും.കച്ചവടങ്ങളും …കൂടുതൽ നടക്കുന്ന കിഴക്കൻ മലയോര മേഖലയിലേക്ക്…..വടക്ക്‌ ..തെക്കൻ പ്രദേശങ്ങളിൽ നിന്നും ചാലക്കുടിയിയെ ബന്ധിപ്പിക്കുന്ന നിലയിൽ രാത്രിയിലും പകൽ സർവീസുകൾ നടത്തി കടന്നുപോയിരുന്ന ബസ് സർവീസുകളായ P S N , N T P, SURENDRA , J M S ,A M S എന്നിങ്ങയുള്ള വമ്പൻ ബസ് സർവീസുകൾ ചാലക്കുടിയുടെ കിഴക്കൻ മേഖലയിൽ നിന്നും തൃശ്ശൂർ..ഇരിങ്ങാലക്കുട .അങ്കമാലി എറണാകുളം. കാഞ്ഞൂർ. എന്നിവിടങ്ങളിലേക്ക് വെറ്റിലപ്പാറയിൽ നിന്നും മോതിരകണ്ണി എളാപിള്ളി കവലയിൽ നിന്നും പരിയാരത്തുനിന്നും.നാലുകെട്ട് തൃശൂർ.. ചാലക്കുടി ഇരിങ്ങാലക്കുട തൃശൂർ കോഴിക്കോട് -ഗുരുവായൂർ,എറണാകുളം ചാലക്കുടി-തൃശ്ശൂർ സർവീസുകൾക്ക് തുടക്കം കുറിച്ചിരുന്നു…

ഈ ബസ് സർവീസുകൾ എല്ലാം തന്നെയും ചാലക്കുടിയെ മറ്റൊരു സ്ഥലവുമായി ബന്ധിപ്പിക്കുന്ന നിലയിൽ കടന്നുപോകുന്ന പുറമെ നിന്നുള്ള സർവീസുകൾ ആയിരുന്നു..
ഇതിനെല്ലാം മറികടന്ന് 1955 കളിൽ വാഹനഗതാഗതത്തെ മുന്നേറ്റം കുറിച്ചുകൊണ്ട് ചാലക്കുടി പട്ടണത്തിൽ ആദ്യമായി തമിഴ്നാട് സ്വദേശി T. P മഹാലിംഗം A B T[ANAMALA BUS TRANSPORT] എന്ന പേരിൽ ചാലക്കുടി കേന്ദീകരിച്ചു.ബസ് സർവീസിനു ആരംഭം കുറിച്ചത്. തീർത്തും ജനങ്ങൾക്കുണ്ടായിരുന്ന യാത്രാക്ലേശം A B T ബസിന്റെ ആരംഭം വളരെയധികം ആശ്വാസമായിരുന്നു.

A B T യുടെ അന്നത്തെ വിന്റേജ്‌ ബസുകൾ മാത്രമായ ചാലക്കുടിയിൽ നിന്നും ചാലക്കുടി+ മലക്കപ്പാറ, തൃശൂർ +ചാലക്കുടി, ചാലക്കുടി + മാള ,ചാലക്കുടി +അങ്കമാലി ,ചാലക്കുടി+ എറണാകുളം,ചാലക്കുടി, തൃശ്ശൂർ എന്നിങ്ങനെ ബസ് സർവീസുകൾ ഉണ്ടായി. ഈ വാഹനങ്ങളുടെ വിശ്രമത്തിനായി ഒരു വണ്ടിത്താവളം എന്നപോലെ ഇന്നത്തെ കണിച്ചായീസ് [അയ്‌നിക്കൽ തിയേറ്റർ] ഇരിക്കുന്നിടം A B T. ബസുകളുടെ ബസ് സ്റ്റാൻഡ് ആരംഭിച്ചു. ബെഡ് ഫോർഡ് ,പെർക്കിൻസ്, ഫർഗോ,ഫെർഗൂസൻ എന്നീ എഞ്ചിനുകളുള്ള ബസിന്റെ കേടുപാടുകൾ തീർക്കുന്നതിനായി ബസ്റ്റാൻഡ് എന്നതിനോട് ചേർന്ന് ഒരു വർക്ക് ഷോപ്പും ഉണ്ടായിരുന്നു. സ്റ്റാർട്ടിങ് ബുദ്ധിമുട്ടുള്ള എഞ്ചിന്റെ അടിയിൽ തീ കത്തിച്ച് ഡീസൽ ചൂടാക്കി വണ്ടികൾ സ്റ്റാർട്ട് ചെയ്യുന്ന കാലം ആയിരുന്നതെന്നോർക്കണം…

അക്കാലത്ത് പൊള്ളാച്ചിയിൽ നിന്നും കേരളത്തിലേക്ക് കച്ചവടത്തിന് വരുന്നവരുടെ ഇടത്താവളം കൂടെ ആയിരുന്നു A B T യുടെ ബസ്റ്റാൻഡ്. ചാലക്കുടിയിൽ A B T സർവീസ് ആണ് ആദ്യമായി ചാലക്കുടിയെ കേന്ദീകരിച്ചു തുടങ്ങിയ ഇന്നത്തെ നാം കാണുന്ന വലിയ ബസ് സർവീസ് ചരിത്രത്തിന് തുടക്കം സൃഷ്ടിച്ചത്‌ എന്ന് ഇന്നും പലർക്കും അറിയാത്ത സത്യം.
A B T. ബസ് സർവീസ് കാലത്ത് കോതമംഗലം പെരുമ്പാവൂർ നിന്നും ചാലക്കുടി വഴി തൃശ്ശൂരിലേക്ക് എത്തിപ്പെടാൻ വളരെയധികം സഹായകമായിരുന്ന സെന്റ് ബേസിൽ ബസ് സർവീസ് ദേശസാൽകൃത നിയമം വന്നതോടെ സർവീസുകൾ സറണ്ടർ ആവുകയും ചെയ്തിരുന്നു. ഇന്നും സെന്റ് ബേസിൽ ബസ് സർവീസ് നിലവിൽ ഉണ്ടെന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

കുറച്ചു വർഷത്തെ സർവീസിന് ശേഷം ചില സാങ്കേതിക തൊഴിലാളി തർക്കങ്ങൾ മൂലം 1963 കളിൽ ABT ബസ് സർവീസ് നിർത്തലാകുകയും ആ ബസുകൾ ABT ട്രാൻസ്‌പോർട്ടിന്റെ ബസിലും ഗാരേജിലും വർക്ക് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് ഒരു സൊസൈറ്റി എന്ന പോലെ ഒരു വണ്ടി രണ്ടോ മൂന്നുപേർക്ക് വീതിച്ചു നൽകിക്കൊണ്ട് A B T പേരിലുള്ള ബസ് സർവീസ് എന്നന്നേക്കുമായി വിരാമമിട്ടു.

A B T യിൽ നിന്നും പിരിഞ്ഞു പോന്ന ഏകദേശം 14 സ്റ്റാഫുകൾക്ക്‌ കോമണ്സേഷൻ നൽകാതെ ബസുകൾ ഷെയർ ആയി നൽകുക ആയിരുന്നു. പൈസ കൂടുതൽ ആയിരുന്നുവെങ്കിലും മാസം ബസിന്റെ കളക്ഷനിൽ നിന്ന് നിശ്ചിത തുക ലോണ് അടയ്ക്കണം എന്ന കരാറിൽ വാഹനങ്ങൾ വീതിച്ചു നൽകുകയായിരുന്നു. അങ്ങനെ കൈപ്പറ്റിയ വാഹനങ്ങൾക്ക് അവരുടേതായ ചുരുക്കപേരുകൾ നൽകി. P M S , A T C , MATHA ,B B T എന്നിങ്ങനെ തുടങ്ങിയ പേരിൽ ആ ബസുകൾ സർവീസ് തുടർന്നു പോന്നു.

അന്നാളിൽ A B T യിൽ നിന്നും ബസ് വാങ്ങിയവരിൽ മേച്ചേരി, പയ്യപ്പിള്ളി, പാറേക്കാടൻ, പേങ്ങിപറമ്പൻ, കിഴക്കൂടൻ, കല്ലുങ്ങ, മേട്ടിപ്പാടത്തെ തിലകമണി എന്നിവരായിരുന്നു. A B T വാൽപ്പാറ ബസ് മുടീസിലെ ബാലസുബ്രഹ്മണ്യം എന്ന ഗാരേജിലെ മെക്കാനിക്ക് വാങ്ങി BBT ആയി മാറി [BALAJI BUS TRANSPORT]. ഇതേ കാലയളവുകളിൽ കിഴക്കൂടന്റെ സീജോ ബസുകളുടെ വരവും മലക്കപ്പാറ ചാലക്കുടി – മാള സർവീസ് ആരംഭിക്കുകയും ചെയ്ത നാളുകളിൽ ചാലക്കുടിയിൽ തരംഗം സൃഷ്ടിച്ച പി. എസ്. എൻ ബസ് സർവീസിന് പരിയാരം അങ്ങാടിയ്ക്കടുത്തു ഒരു ചെറിയ ബസ് സ്റ്റാൻഡ് വരെ ഉണ്ടായിരുന്നു. P S N ബസ് പരിയാരം പള്ളി വരെ പോയി തിരിച്ചു തൃശ്ശൂർക്ക് സർവീസ് നടത്തിയിരുന്നൊരു കാലമായിരുന്നു. N T P ക്ക് ചാലക്കുടി .ഇരിങ്ങാലക്കുട തൃശ്ശൂർ സർവീസുകളും,മോതിരകണ്ണി-ചാലക്കുടി-തൃശ്ശൂർ സർവീസുകളും,ഉണ്ടായിരുന്നു

1970 കളിൽ J M S ബസ് സർവീസ്[ജാനകി മോട്ടോഴ്‌സ് സർവീസ്] എറണാകുളം തൃശൂർ റൂട്ടിലും ഷെഡ്യൂൾ നടത്തിയിരുന്നു. A M S [അടൂർ മോട്ടോഴ്‌സ് സർവീസ്] തൃശൂർ ചാലക്കുടി എറണാകുളം റൂട്ടിലും സർവ്വീസ് നടത്തിയിരുന്നു. കൂടുതൽ സർവീസുകൾ ചാലക്കുടി വഴി ഇരിങ്ങാലക്കുട തൃശൂർ., ചാലക്കുടി തൃശൂർ.. ചാലക്കുടി എറണാകുളം.. എന്നിങ്ങനെ ആയിരുന്നു

1978 കാലഘട്ടത്തിൽ കെ കെ സണ്സ്, തിമത്തെയോസ് , മാർവെൽ എന്നീ ബസുകൾ കൊരട്ടി നാലുകെട്ട് കൊടുങ്ങല്ലൂർ തൃശൂർ സർവീസ് നടത്തിയിരുന്നു. കോഴിക്കോട് നിന്നും തൃശ്ശൂർ തൃപ്രയാർ ഗുരുവായൂർ ചാലക്കുടി വഴി കടന്നുപോകുന്ന P S N, K K SONS സർവീസുകളും ഉണ്ടായിരുന്നു. മോളി മോട്ടോഴ്‌സ് എറണാകുളം ചാലക്കുടി തൃശൂർ സർവീസുകൾ നിലവിലുണ്ടായിരുന്നു.

ചാലക്കുടിയിലെ ആദ്യത്തെ പുതുപുത്തൻ ബോഡി കെട്ടിയ ഫോർഡ് ബെൻസ് ബസ് K M S ഇറക്കിയത് മുരിങ്ങൂരുള്ള കൂനമ്മാവ് കുഞ്ഞിപാലു ആയിരുന്നു. K.M.S.അങ്കമാലി.പെരുംമ്പാവൂർ .കാഞ്ഞൂർ റൂട്ടിലും ചാലക്കുടി മാള കൊടുങ്ങല്ലൂർ.തൃപ്രയാർ തൃശ്ശൂർ സർവ്വീസ് നടത്തിയിരുന്നു. ബസുകൾ സീറ്റുകൾ എണ്ണം 30,38 എന്നിങ്ങനെ ആയിരുന്നു.

അക്കാലത്ത് ചാലക്കുടിയിൽ നിന്നും വാൽപ്പാറയ്ക്ക് നേരിട്ട് യാത്ര ഉണ്ടായിരുന്നില്ല മലക്കപ്പാറയിൽ നിന്നും A B T യുടെ മറ്റു രണ്ടു ബസ് മാറിക്കയറി വേണം വാൽപ്പാറയിലെത്താൻ. 1964 ൽ B B T ബസിന് ഇന്റർ സ്റ്റേറ്റ് പെർമിറ്റ് ലഭിച്ചു നേരിട്ട് വാൽപ്പാറയിലേക്ക് സർവീസ് നടത്താൻ ആയി. ചാലക്കുടിയിൽ നിന്നും അങ്കമാലി.പെരുമ്പാവൂർ കാഞ്ഞൂർ എന്നിവിടങ്ങളിൽ K M S, തൃശ്ശൂർ P S N എന്നീ വണ്ടികളും മാള കുണ്ടൂർ P M S, പയ്യപ്പിള്ളി എന്നിങ്ങനെയും. ചാലക്കുടി ഇരിങ്ങാലക്കുട പ്രദേശങ്ങളിൽ N T P യുമൊക്കെയായി സർവീസുകൾ നടത്തിയിരുന്നു.
പേങ്ങിപറമ്പിൽ P M S ചാലക്കുടി മാള കുണ്ടൂർ സർവീസുകളും ഉണ്ടായിരുന്നു പിന്നീട് പയ്യപ്പിള്ളി ഈ സർവീസുകളിൽ എത്തിച്ചേർന്നു. സുരേന്ദ്രൻ മോതിരകണ്ണി ചാലക്കുടി തൃശ്ശൂർ റൂട്ടിലും സർവീസ് നടത്തി..

മേട്ടിപ്പാടത്തെ തിലകമണി വാങ്ങിയ A B T ബസ് ചാലക്കുടി ചൗക്ക മേട്ടിപ്പാടം വഴി വെള്ളിക്കുളങ്ങര മാവിൻചുവട് റൂട്ടിൽ ഓടി ആ ബസ് വെള്ളിക്കുളങ്ങരയിലെ ഒരു മുസ്ലീം വ്യക്തി വാങ്ങി പ്രഭാത് എന്നപേരിൽ തുടർന്ന് ആ ബസ് ഇന്നത്തെ ഉദയ സർവീസിന്റെ കൈകളിൽ തുടരുകയും പെർമിറ്റ് വെള്ളിക്കുളങ്ങര കോടാലിയിലേക്ക് പെർമിറ്റ്..നീട്ടുകയും ചെയ്തു…
1970 കളുടെ തുടക്കത്തിൽ T B S [തൊഴിലാളി ബസ് സർവീസ്] എന്ന നിലയിൽ തുടർന്ന് പിന്നീട് ജീസസ് ,ക്രൈസ്റ്റ്‌ ആയി മാറിയ സർവ്വീസ് ഉണ്ട്.. ക്രൈസ്റ്റ്..ജീസസ് എന്നീ വണ്ടികൾ ചാലക്കുടി ചൗക്ക കുറ്റിച്ചിറ പിൽക്കാലത്ത് റോഡുകളുടെ വികസനത്തിൽ പെർമിറ്റ് എക്സ്റ്റന്റ് ചെയ്തു രണ്ടുകൈ ചായ്‌പൻകുഴി…സർവീസ് നടത്തിയതും……

1974 – 80 കളിൽ അടിച്ചിലി ചാലക്കുടി രണ്ടുകൈ റൂട്ടിൽ T K K സണ്സ് രണ്ട് ബസുകൾ സർവീസ് നടത്തിയിരുന്നു ഇതിൽ ഒരു പെർമിറ്റ് ഉഷസ്‌ നിലവിൽ ഉണ്ട്…ചൗക്ക മേട്ടിപാടം മാരാംകോട് വഴിയായിരുന്നു T K K സർവീസ് നടത്തിയിരുന്നത്. ആ സമയങ്ങളിൽ കുറ്റിക്കാട് വഴി മോതിരകണ്ണിയ്ക്ക് അടുത്തുളള എളാപ്പിള്ളി കവല വരെയും N T P , P S N സർവ്വീസ് ഉണ്ടായിരുന്നത്.. എന്നാൽ കുറ്റിച്ചിറക്ക് വണ്ടികൾ വന്നിരുന്നത് മാരാംകോട് വഴി മാത്രമായിരുന്നു. മോതിരകണ്ണിയിൽ നേരിട്ട് തൃശ്ശൂർക്ക് ബസ് സർവീസ് ഉണ്ടായിരുന്നു. വെറ്റിലപ്പാറ അയ്യന്തോൾ റൂട്ടിൽ കുറ്റിച്ചിറയുള്ള കണ്ണമ്പുഴ മാഷ് കൊണ്ടു വന്ന പെർമിറ്റിൽ ജോസ് ബ്രദേഴ്‌സ് സർവ്വീസ് നടത്തി. ദേശസാൽകൃത നിയമം നിലവിൽ കുറ്റിച്ചിറ മാള കുണ്ടൂർ ലൈനിൽ ആയി മാറി.

ദേശസാൽകൃത നിയമം വന്നതിനു ശേഷമായിരുന്നു ഹൈവേ വഴിയുള്ള സർവീസുകൾക്ക് വിലക്കുകൾ വന്നതോടെ ഹൈവേ സർവീസുകൾ വെട്ടിച്ചുരുക്കേണ്ടതായി വരികയും പുതിയ പെർമിറ്റുകൾക്ക്‌ തുടക്കമിട്ടു. ചെമ്മണ്പാതയിലൂടെ സർവീസുകൾ നടത്തി തുടങ്ങി. എന്നാൽ ഈ ബസുകൾക്ക് എല്ലാം വന്നു പോകുന്നതിന് ആവശ്യമായ ഒരിടം ഉണ്ടായിരുന്നില്ല.
അന്നാളിൽ ചാലക്കുടി നഗരസഭ പൂർത്തികരിച്ചിരുന്നില്ല എന്നതും കുറച്ചു തടസ്സങ്ങൾ നേരിടേണ്ടി വന്നു.

ബസ് സ്റ്റാൻഡ് എന്നതിന്റെ പരിഹാരമായി തൽക്കാലികമായി കണ്ടെത്തിയ സ്ഥലമായിരുന്നു.അക്കര തിയേറ്ററിന്[ക്രൗൺ]മുൻവശത്തായി അന്തോണി എന്ന വ്യക്തിയുടെ ചെറിയ തോതിൽ തുണി കച്ചവടം ചെയ്തുകൊണ്ടിരുന്ന ഒരു പഴയ കെട്ടിടം [ഇന്നത്തെ ഫയർ സ്റ്റേഷൻ ഇരിക്കുന്നിടം]. അക്കാലത്ത് കെട്ടിടങ്ങൾ എന്നുപറഞ്ഞാൽ പുറമെ കോണ്ക്രീറ്റ് നിലയിൽ അകം മേൽക്കൂര ഓടുകൊണ്ടും ആയിരുന്നു. നാഷണൽ ഹൈവേ കടന്നുപോയിരുന്നത് മാർക്കറ്റ് വഴി ആയിരുന്നതിനാലും തൊട്ടടുത്ത് ചാലക്കുടി പള്ളിയും ആശുപത്രി, പോലീസ് സ്റ്റേഷൻ , ക്രൗൺ സിനിമ ടാക്കീസ് , ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് അടുത്ത ദൂരം എന്നത് കൊണ്ടും അവിടെ പ്രൈവറ്റ് സ്റ്റാൻഡ് സ്ഥാപിതമായത്.

1970 കളിൽ നഗരസഭ രൂപീകരണം വരികയും ജനപെരുപ്പം ബസുകളുടെ ഗണ്യമായ വർധനവും മൂലം പുതിയ ബസ്‌ സ്റ്റാൻഡ് വേണമെന്ന അവശ്യങ്ങളുടെ മുറവിളികൾക്ക് തുടക്കമായി.
മുനിസിപ്പൽ സമിതിയുടെ ഭരണപരിഷ്ക്കാരങ്ങളിൽ ബസ് ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ചാലക്കുടിയിലെ മുനിസിപ്പൽ കൗണ്സിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് സെന്ററിന് വേണ്ടി ചാലക്കുടി സുരഭിയുടെ അടുത്തുള്ള ഒഴിഞ്ഞ ചതുപ്പ് നിലം ഉപയോഗ്യമാക്കിക്കൊണ്ട് ബസ്റ്റാൻഡിനു വേണ്ടിയുള്ള സ്ഥലം സജ്ജമായി.

1/12/1980 ൽ ശ്രീ. ആർ. എസ്‌ . ഉണ്ണി [കേരള തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ശ്രീ ലോനപ്പൻ നമ്പാടൻ [കേരള ഗതാഗത വകുപ്പ് മന്ത്രി] സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ .ഇ .കെ .നായനാർ ശിലാസ്ഥാപനം നടത്തി. തുടർന്ന് കേരള സ്റ്റേറ്റ് കൻസ്ട്രക്ഷൻ കോപ്പറേറ്റ് ലിമിറ്റഡിന്റെ നിർമ്മാണ പുരോഗതിയിൽ 26/11/1983 ൽ ശ്രീ ഇ. ബാലാനന്ദൻ എം പി യുടെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ. സി. ജി ബാലചന്ദ്രൻ ബി.എ .എം .എൽ അവറകളുടെ സാന്നിദ്ധ്യത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രി ,ശ്രീ. കെ.കരുണാകരൻ ചാലക്കുടി മുനിസിപ്പൽ ഷോപ്പിംഗ് സെന്റർ ഉത്ഘാടന കർമ്മം നിർവഹിക്കുകയും .പുതിയൊരു മുനിസിപ്പൽ പ്രൈവറ്റ് ബസ്‌ സ്റ്റാൻഡ് എന്ന.ചിരകാല സ്വപ്നം പൂവണിയുകയും ചെയ്തു.

മുഴുവനും പൂർണ്ണമായ നിലയിൽ ആയിരുന്നില്ലെങ്കിലും പഴയ സ്റ്റാൻന്റിനേക്കാൾ സ്ഥല സൗകര്യം ഏറെയായിരുന്നു. മാത്രമല്ല ഇന്നത്തെ നിലയിലെ റോഡുകളുടെ മാറ്റങ്ങളും മറ്റും ഇപ്പോഴത്തെ ബസ് സ്റ്റാൻഡിന് മികച്ച ഒരിടം തന്നെയാണ്. തുടക്കത്തിൽ ബസ് വരവും പോക്കും ഒരേ വഴിയിൽ തന്നെ ആയിരുന്നു [ഇപ്പോഴത്തെ പുറത്തേക്കുള്ള വഴി]. ചെമണ്ണ്, ചെളിയും നിറഞ്ഞ നിലയിൽ തുടർന്ന് പിന്നീട് മെറ്റൽ നിരത്തി. വീണ്ടും കുറെ നാളുകൾക്ക് ശേഷം പകുതിയോളം ടാറിങ് നടത്തി…പിൽക്കാലത്ത് വീണ്ടും വാഹനങ്ങൾ വർദ്ധിക്കുകയും വീണ്ടും പകുതി ടാറിങ് മുഴുവനായി തീർക്കുകയും സുരഭിയുടെ എതിർഭാഗത്തായി പ്രവേശന കവാടം തുറക്കുകയും ചെയ്തു. വാഹനങ്ങളുടെ വരവ്പോക്ക് എളുപ്പമാക്കി തീർക്കുകയും ചെയ്തു.

ഒരു കാലത്ത്‌ വല്ലൂരാൻ ട്രാൻസ്‌പോർട്ട് വരവിൽ ലിമിറ്റഡ് സ്റ്റോപ് മുതൽ വളരെയധികം ലോക്കൽ സർവീസുകൾക്കും തുടക്കമിട്ടിരുന്നു. ആദ്യകാലം മുതൽക്കേ കാഞ്ഞിരപ്പിള്ളി, ചാലക്കുടി മാള, കുണ്ടൂർ, തുരുത്തിപ്പുറം പിന്നീട് കണക്കൻകടവിലേക്കും വളരെയധികം പുതുപുത്തൻ ബസുകൾ വന്നും പോയിക്കൊണ്ടിരുന്ന പേരെടുത്ത ഒരു സർവീസ് ആണ് പയ്യപ്പിള്ളി ബസ് സർവീസ്. ഈ പേര്കൊ ച്ചു കുട്ടികൾക്ക് വരെ കാണാപ്പാഠം.

ഓരോ ഓരോ ഇടവേളകളിൽ ആവേ മരിയ, പൊൻമാണീസ്, ജോണ് മോട്ടോഴ്‌സ് തരംഗവും, പിന്നീട് പിഎ ട്രാവൽസ്, തോട്ടത്തിൽ ട്രാൻസ്‌പോർട്ട് എന്നിങ്ങനെ ഓരോ ബസ് സർവീസുകൾ തരംഗമായി തീർന്നിരുന്നു. B B T, ഭുവന്വേശ്വരി , ഷീജ, അഭിരാമിക്ക് ശേഷം വാൽപ്പാറ സർവീസിൽ പേരെടുത്ത ഒരു ബസ് സർവീസ് ആയിരുന്നു തോട്ടത്തിൽ ട്രാൻസ്‌പോർട്ട്. ആ സർവീസ് കൈമാറി ഇപ്പോൾ ചീനിക്കൽ ഗ്രൂപ്പിന്റെ കൈകളിലെത്തി നിൽക്കുന്നു.

കാലാന്തരത്തിൽ അനേകം പുതുപുത്തൻ ബസ് സർവീസുകളും ചാലക്കുടിയിൽ ആരംഭം കുറിച്ചു. ചാലക്കുടിയിലെ ബസ് സർവീസുകളിൽ B B T പോലെ പഴമകളിലൂടെ ചരിത്രം സൃഷ്‌ടിച്ച. പയ്യപ്പിള്ളി, ഉദയ, ജീസസ്. ചിന്നങ്ങത്ത്, S K T, ജയകൃഷ്ണ, വേളാങ്കണ്ണി മാത ,ചോറ്റാനിക്കര അമ്മ, പി .എ ട്രാവൽസ്, എന്നിങ്ങനെ കുറച്ചു പ്രധാന സർവീസുകൾ ഇന്നും തുടർന്ന് കൊണ്ട് പോകുന്നത് ചാലക്കുടിയിലെ ബസ് സർവീസ്‌ ചരിത്രത്തിൽ പ്രധാന സർവീസുകളിൽ ഇടം നേടിയിരിക്കുന്നു.

ചാലക്കുടിയിൽ ബസ് സർവീസ് രംഗത്ത് ഇരുപത്തിയഞ്ച് വർഷവും തുടർച്ചയായി സർവീസുകൾ നടത്തിയതും തുടർന്ന് പോകുന്നതുമായ ചില ബസ് സർവീസുകളിൽ പ്രധാനമായത് പയ്യപ്പിള്ളി മോട്ടോഴ്‌സ് , ഉദയ മോട്ടോഴ്‌സ്,.ജീസസ് ട്രാവൽസ് , കണ്ണമ്പിള്ളി, ശ്രീ കൊടുങ്ങല്ലൂരമ്മ[S K T] P A ട്രാവൽസ് , ശ്രീ ചോറ്റാനിക്കര അമ്മ,വേളാങ്കണ്ണി മാത ട്രാവൽസ്,സ്മിത കൂനൻ, സിന്ദൂരം ട്രാവൽസ് ,ചക്കന്തറ, ചിന്നങ്ങത്ത്,മാത ഡീലക്‌സ്, ജയകൃഷ്ണ,മഹാമായ,തയ്യിൽ, നവമി[G M S] ഗോവിന്ദ് ചംക്രമത്ത് എന്നിങ്ങനെ ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു..

അടിച്ചിലിക്കാരൻ വടക്കുംചേരി സെബാസ്റ്റ്യൻ എന്ന വ്യക്തി പുതിയ ചെസിസ് എടുത്തു ആദ്യമായി ചാലക്കുടിയിലെ തന്നെ ആസാദ് ബോഡി വർക്ക്‌ഷോപ്പിൽ ബോഡി പണിതെടുത്തു പുതിയ പെർമിറ്റോടെ മുരിക്കിങ്ങൽ കോടാലി വെള്ളിക്കുളങ്ങര മോതിരകണ്ണി കുറ്റിച്ചിറ പരിയാരം ചാലക്കുടി കൊരട്ടി വെസ്റ്റ് കൊരട്ടി.റൂട്ടിൽ സർവീസ് നടത്തിയ സിന്ദൂരം ട്രാവൽസ് ഇന്നും ജനങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല. സർവ്വീസ് ഇന്ന് പി എ ട്രാവെൽസ് ആണെങ്കിലും ജനങ്ങൾ വിളിക്കുന്നത് സിന്ദൂരം പി എ എന്നാണ്.

ചാലക്കുടിയിലെ ബസ് സർവീസിൽ 25 വർഷത്തിൽ മേലേ ഡ്രൈവർ ആയി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചവരുമുണ്ട്. കൂനൻസ് സ്മിത മോട്ടോഴ്‌സിന്റെ അമരക്കാരനായി 25 വർഷത്തിൻ മേലേ സേവനത്തിന് നാലുകെട്ടിലെ നാട്ടുകാർ സുരേന്ദ്രൻ [സുൽപാപ്പാൻ] ന് പൊന്നാട അണിയിച്ചു സ്വീകരണം നൽകുകയും ചെയ്‌തിട്ടുണ്ട്‌. പത്തുവർഷത്തിൽ മേലേ തുടരുന്ന ചാലക്കുടി ഇരിങ്ങാലക്കുട റൂട്ടിൽ ജോമിനാസ്‌ എന്നിങ്ങനെയും കുറച്ചധികം സർവീസുകളും ഉണ്ട്.

കൈമറഞ്ഞുപോയ ബസ് സർവീസ് ആണെങ്കിലും ജനമനസ്സുകളിൽ പേരെടുത്ത വളരെയധികം സർവീസുകളും ഉണ്ട്. അൽ അമീൻ,വേഴപ്പറമ്പിൽ, സിറ്റി ട്രാവൽസ്,സെന്റ് മേരീസ്, സെന്റ്‌ ജോണ്, മേരിമാത, അർച്ചന, പേങ്ങിപറമ്പിൽ, യൂസഫ് & സണ്സ്, യാസീൻ, ലൗലി ലൈറ്റ്, പ്രിൻസ്, ജോളി, റീന റോസ്, ശ്രീ കൃഷ്ണ, സെയിന്റ് ജോസഫ്‌, ജോളി സർവീസ്, ഷീജ, അഭിരാമി, ഗ്ലോറിയ, ജോസ്, ബ്രിൻജി, കാട്ടികോവിൽ, നീവി, എടത്രകാവിലമ്മ, ഷാലിമാർ, P B S , തോംസൺ , ജോസ് ബ്രദേഴ്‌സ്, S C T, ബ്ലൂമൂൺ, നിർമ്മാല്യം, എംകോസ്, കെ വി സണ്സ്, മാത, റഹ്മത്ത്, ധന്യ, ബാഷി, സിമൽ കോടശ്ശേരി, ഗോവിന്ദ്, സദനം, അവർണസ്, മേനോത്തുപറമ്പിൽ [ചാലക്കുടി -അഷ്ടമിച്ചിറ-വെള്ളാങ്കല്ലൂർ-ഇരിഞ്ഞാലക്കുട – തൃശ്ശൂർ ], ഗ്ലാമർ [ചാലക്കുടി – അഷ്ടമിച്ചിറ-കൊമ്പിടി-വെള്ളാങ്കല്ലൂർ-കൊടുങ്ങല്ലൂർ ], മഹേശ്വരി [കൊടുങ്ങല്ലൂർ-അതിരപ്പിള്ളി ]. ചള്ളിയിൽ ചാലക്കുടി-കൊടുങ്ങല്ലൂർ ] ചാലക്കുടി കോഴിക്കോട് ലിമിറ്റഡ് സ്‌റ്റോപ്പ് ഓടിയിരുന്ന മിനിബസ് വിൻസെന്റ് ഡി പോൾ, ചാലക്കുടി-തൃശ്ശൂർ -കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ്‌, ടീന എന്നിങ്ങനെ ഇനിയും എത്രയെത്ര ബസ് സർവീസുകൾ.

95-96 കാലഘട്ടത്തിൽ തൃശ്ശൂർ നിന്നും കറങ്ങി തിരിഞ്ഞു ഇരിങ്ങാലക്കുടയിലെത്തി പറമ്പിറോഡ് വഴി പോട്ട ആശ്രമം കടന്ന് ചാലക്കുടിയിൽ എത്തിയിരുന്ന തൃപ്രയാർകാരൻ കെ കെ മേനോൻ സർവീസ്‌ മറക്കാൻ അവില്ല. വളരെയധികം പുതുപുത്തൻ ബസ് സർവീസ് വർദ്ധനവിൽ സുഗമമായ സർവ്വീസ് നടപ്പിലാക്കാൻ നോർത്തിൽ ഒരു പുതിയ ബസ് സ്റ്റാൻഡ് നിലവിൽ വരുകയും ചെയ്തു..

A B T ബസ് സർവീസിന് ശേഷവും വർഷങ്ങളായി ഈ മേഖലയിൽ തുടരുന്ന കുറച്ചു വ്യക്തികളെയും ഈ അവസരത്തിൽ ഓർക്കുന്നു…പൊടിപടലങ്ങൾ നിറഞ്ഞ ചെമണ്ണ് പാതയിൽ നിന്നും കറുത്ത കോട്ടിട്ട ടാറിംഗ് പാതകളിൽ സഞ്ചാരപഥികരായ ചാലക്കുടിയിലെ പ്രൈവറ്റ് ബസിന് ഈ കൊറോണക്കാലത്തും .അതിന്റെതായ ബുദ്ധിമുട്ടുകൾ മാറ്റി നിർത്തിയ 95 വർഷത്തെ പഴമകളുടെ റിക്ഷ, ബസ് സർവീസ് ചരിത്രത്തോടൊപ്പം 65 വർഷത്തിലേറെ ചരിത്രമുള്ള ചാലക്കുടിയിലെ വലിയ ബസ് സർവീസിനും ബസ് സ്റ്റാന്റിനും ഇതുപോലുള്ള ഒരു ചരിത്രപുതുമയുണ്ടെന്ന് പുതു തലമുറയ്ക്ക് മനസ്സിലാക്കുവാൻ ഈ നൊസ്റ്റാൾജിയ വിവരണം ഉപകരിക്കട്ടെ.

നിങ്ങളുടെ വിലപ്പെട്ട കമന്റുകൾ കൂട്ടിച്ചേർക്കലിനും തിരുത്തലിനും ഉപകാരപ്രദമാവട്ടെ. ഈ വിവരണം പൂർത്തികരിക്കുവാൻ ചാലക്കുടി പ്രൈവറ്റ് ബസ് ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ മെമ്പേഴ്സിന്റെ സഹായം വളരെയധികം ആവശ്യമായിരുന്നു. അതോടൊപ്പം ഈ വിവരണം ചാലക്കുടി പ്രൈവറ്റ് ബസ് ഗ്രൂപ്പിന് പ്രത്യേകം സമർപ്പിക്കുന്നു. ചാലക്കുടിയിലെ പഴമകൾ പുതുമകളായി നിലനിർത്തട്ടെ..