പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിൽ KSRTC യ്‌ക്കെതിരെ പ്രൈവറ്റ് ബസ്സുകാരുടെ ആക്രമണം…

എഴുത്ത് – അനന്തകൃഷ്ണൻ അടൂർ.

മലയോര ജില്ലയായ പത്തനംതിട്ടയിലെ സീതത്തോട്, ആങ്ങമൂഴി തുടങ്ങിയ വനാ അതിർത്തിയുടെ ഭാഗമായി ജീവിക്കുന്ന ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു ആങ്ങമൂഴി – പത്തനംതിട്ട റൂട്ടിലെ കേരള ആർ ടി സിയുടെ ചെയിൻ സർവീസ്. ഇതിനായി നിരവധി നിവേദനങ്ങളും ജനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിരുന്നു. എന്തിനെന്നാൽ, വൻകിട മുതലാളിമാരുടെ സ്വകാര്യ ബസുകൾ നിരന്തരം സർവീസ് നടത്തുന്ന റൂട്ട് ആയതിനാൽ അവരുടെ നിന്ദ്യമായ പെരുമാറ്റവും, ബസുകളുടെ അമിത വേഗവും ഒക്കെ കണ്ടു കൊണ്ട് വേണം അതിൽ യാത്ര ചെയ്യാൻ. ഈ കാരണത്താലാണ് അവിടുത്തെ ജനങ്ങൾക്ക് സർക്കാരിന്റെ സ്വന്തം ആനവണ്ടി സർവീസ് വേണമെന്ന് അതിയായി ആഗ്രഹിക്കുന്നത്.

പണ്ട് വർഷങ്ങൾക്ക് മുൻപ് അടൂർ ഡിപ്പോയിൽ നിന്നും , പത്തനംതിട്ട ഡിപ്പോയിൽ നിന്നും 6 വണ്ടികൾ വീതം അടൂർ – പത്തനംതിട്ട – ആങ്ങമൂഴി തുടങ്ങിയ സ്‌ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ചെയിൻ സർവീസ് തുടങ്ങാൻ അനുമതി നൽകിയിരുന്നു. എന്നാൽ വൻകിട മുതലാളിമാർ ആ സർവീസ് അട്ടിമറിച്ചു. അങ്ങനെ വർഷങ്ങൾക്ക് ശേഷം ആ ജനങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 31/5/2019 ന് അടൂർ – പത്തനംതിട്ട – ആങ്ങമൂഴി ചെയിൻ സർവീസ് യാഥാർഥ്യമായി.

അടൂരിൽ നിന്നും പറക്കോട്, ഏഴംകുളം, കൊടുമൺ, ചന്ദനപ്പള്ളി, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട, മൈലപ്ര, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, മണിയാർ, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി റൂട്ടിലൂടെ നിലവിൽ അരമണിക്കൂർ ഇടവിട്ടാണ് സർവീസ് നടക്കുന്നത്. ദിനംപ്രതി സർവീസ് നല്ല രീതിയിൽ ഓടി കളക്ഷൻ ആയി വരുന്ന സാഹചര്യത്തിൽ ആണ് ഇപ്പോൾ.

എന്നാൽ ഈ സർവീസുകൾ ഇല്ലാതാക്കുക എന്ന കുശാഗ്രബുദ്ധിയോടെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകളും, അവരുടെ ജീവനക്കാരും ചേർന്ന് തകർക്കാൻ ശ്രമിക്കുകയാണ്. ഇതിനു ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം ചിറ്റാറിൽ നടന്ന സംഭവം. ഉച്ചയ്ക്ക് 2:30 നു ചിറ്റാറിൽ നിന്ന് പോകണ്ട നീയാമോൾ എന്ന സ്വകാര്യ ബസ് 2:45 വരെ അവിടെ നിലയുറപ്പിക്കുകയും, കേരളാ ആർ ടി സി ബസ് വരുന്ന സമയം നോക്കി നിന്നതിന് ശേഷം നീയാമോൾ അമിത വേഗത്തിൽ വന്ന് കേരള ആർ ടി സിയെ ഇടിക്കുകയുമാണ് ഉണ്ടായത്. ഇതോടെ അവിടെ ബ്ലോക്ക് ഉണ്ടാകുകയും നാട്ടുകാർ കൂട്ടംകൂടുകയും ചെയ്തു.അവസാനം പോലീസ് സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയ പ്രൈവറ്റ് ബസ് കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായത്.

സാധാരണ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന സ്വകാര്യ ബസുകൾ ഈ റൂട്ടിൽ ഇപ്പോൾ കെഎസ്ആർടിസിക്കെതിരെ സംഘടിക്കുന്ന കാഴ്‌ചയാണ്‌ കാണുവാൻ സാധിക്കുന്നത്. ഓരോ 20 മിനിറ്റ് ഇടവേളയിലും കടന്നുവരുന്ന കെഎസ്ആർടിസി ബസിന‌് മുന്നിലും പിന്നിലും രണ്ടു വീതം സ്വകാര്യ ബസുകൾ ഓടിച്ചും അട്ടിമറി നീക്കം നടത്തുന്നുണ്ടത്രേ. അടൂർ മുതൽ ഓരോ പ്രധാന ജങ‌്ഷനിലും കെഎസ്ആർടിസി ബസിന്റെ നീക്കം മനസിലാക്കി പ്രത്യേക കേന്ദ്രത്തിലേക്ക് സന്ദേശം അയക്കാൻ സ്വകാര്യ ബസ് ലോബി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സന്ദേശമനുസരിച്ചാണ് കെഎസ്ആർടിസിയുടെ മുന്നിലും പിറകിലും സ്വകാര്യ ബസുകൾ വിന്യസിക്കുന്നത്.

സ്വകാര്യന്മാർ അടക്കി വാഴുന്ന അടൂർ – പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിൽ ഇനിയും നടപടി എടുത്തില്ലെങ്കിൽ ഇത്തരത്തിൽ മനപ്പൂർവ്വമായിട്ടുള്ള സ്വകാര്യന്റെ അഹങ്കാരത്തോടെയുള്ള പ്രവൃത്തികൾ വരും ദിവസങ്ങളിലും നമുക്ക് കാണാൻ സാധിക്കും.