ഖത്തർ എയർവേയ്‌സ്; ചരിത്രവും വിശേഷങ്ങളും വിശ്വാസ്യതയും

ഖത്തറിന്റെ ഫ്ലാഗ് കാരിയർ എയര്ലൈനാണ് ഖത്തർ എയർവെയ്സ്. ഇന്ന് ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നായ ഖത്തർ എയർവേയ്‌സിന്റെ ചരിത്രം ഇങ്ങനെ…

1993 നവംബർ 22 നാണു ഖത്തർ എയർവേയ്‌സ് എന്ന കമ്പനി രൂപീകൃതമാകുന്നത്. ഖത്തർ എയർവേയ്‌സിന്റെ പ്രവർത്തനമാരംഭിക്കുന്നത് 1994 ലാണ്. ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിലേക്ക് ആയിരുന്നു ഖത്തർ എയർവേയ്‌സിന്റെ ആദ്യത്തെ ഇന്റർനാഷണൽ സർവ്വീസ്.

പിന്നാലെ അബുദാബി, ബാങ്കോക്ക്, കെയ്‌റോ, ദുബായ്, ഖാർതൂമ്, കുവൈറ്റ്, മദ്രാസ്, മനില, മസ്കറ്റ്, ഒസാക്ക, ഷാർജ, തായ്‌പേയ്, ടോക്കിയോ, തിരുവനന്തപുരം എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവ്വീസുകൾ ആരംഭിക്കുകയുണ്ടായി. തുടക്ക സമയത്ത് എയർബസ് A310 വിമാനമായിരുന്നു ഖത്തർ തങ്ങളുടെ സർവീസുകൾക്ക് ഉപയോഗിച്ചിരുന്നത്. 1995 ൽ ഓൾ നിപ്പോൺ എയർവേയ്‌സ് ഉപയോഗിച്ചിരുന്ന രണ്ടു B747 വിമാനങ്ങൾ ഖത്തർ വാങ്ങുകയുണ്ടായി. 1996 ൽ എയർ മൗറീഷ്യസിൽ നിന്നും ഒരു B747 വിമാനം കൂടി ഖത്തർ വാങ്ങി.

1997 ൽ ലണ്ടനിലേക്ക് ഖത്തർ എയർവേയ്‌സ് സർവ്വീസ് ആരംഭിച്ചു. ഈ സമയത്ത് രണ്ട് സെക്കൻഡ് ഹാൻഡ് എയർബസ് A300 വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും, നിലവിൽ സർവ്വീസ് നടത്തി വരികയായിരുന്ന രണ്ടു ബോയിങ് 747 വിമാനങ്ങൾ സർവ്വീസിൽ നിന്നും പിൻവലിച്ച ശേഷം ആ സ്ഥാനത്തേക്ക് ഇവ കൊണ്ടുവരികയും ചെയ്തു.

1998 ൽ ആറ് എയർബസ് A320 വിമാനങ്ങൾക്ക് ഓർഡർ നൽകുകയും അവ 2001 നും 2005 നും ഇടയിലായി ഖത്തർ എയർവേയ്‌സ് ഫ്‌ലീറ്റിൽ വന്നു ചേരുകയും ചെയ്തു. 1998 ൽത്തന്നെ ഖത്തർ എയർവേയ്‌സ് Singapore Aircraft Leasing Enterprise മായി നാല് എയർബസ് A320 വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതിനായി കരാറിലേർപ്പെട്ടു. 1999 ൽ ഈ വിമാനങ്ങൾ ഖത്തർ എയർവെയ്സിന് ലഭിക്കുകയും ചെയ്തു.

അങ്ങനെ നല്ലരീതിയിൽ പ്രവർത്തിച്ചു പൊയ്‌ക്കൊണ്ടിരിക്കെ 2001 ൽ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാന മോഡലായ എയർബസ് A380 യ്ക്കുള്ള ഓർഡർ ഖത്തർ എയർവേയ്‌സ് നൽകി. A380 സ്വന്തമാക്കുന്ന ഒൻപതാമത്തെ എയർലൈനായിരുന്നു ഖത്തർ.

2003 ൽ ഖത്തർ എയർവേയ്‌സ് യാത്രാ സർവീസുകൾക്ക് പുറമെ കാർഗോ സർവ്വീസുകൾ കൂടി ആരംഭിച്ചു. ഒരു എയർബസ് A300 വിമാനം 10 മില്യൺ USD മുടക്കി കാർഗോ മോഡൽ ആക്കിയായിരുന്നു ഖത്തർ തങ്ങളുടെ ആദ്യത്തെ കാർഗോ വിമാനം തയ്യാറാക്കിയത്.

അതേ വർഷം നടന്ന പാരീസ് എയർഷോയ്ക്കിടെ 2 എയർബസ് A321, 14 A330, 2 A340 തുടങ്ങിയ എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനുള്ള ഓർഡർ എയർബസ് കമ്പനിയ്ക്ക് നൽകി.

2007 ൽ ബോയിങ് 787, ബോയിങ് 777 എന്നീ മോഡൽ എയർക്രാഫ്റ്റുകൾക്കായുള്ള ഓർഡർ ഖത്തർ നൽകുകയുണ്ടായി. 2009 ൽ പ്രകൃതി വാതകം ഉപയോഗിച്ചു കൊണ്ട് സർവ്വീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ യാത്രാവിമാനം ഖത്തർ എയർവേയ്‌സ് രംഗത്തിറക്കി ശ്രദ്ധനേടി. 2010 ൽ ബെംഗളൂരു, ബാഴ്സലോണ, ഫുക്കറ്റ്, ഹാനോയ് തുടങ്ങി 22 ഓളം പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി ഖത്തർ എയർവേയ്‌സിന്റെ സഞ്ചാരപഥത്തിൽ കൂട്ടിച്ചേർത്തു.

2017 ൽ ദോഹ – ഓക്‌ലാൻഡ് റൂട്ടിൽ സർവ്വീസ് ആരംഭിച്ചതു വഴി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെഗുലർ ഷെഡ്യൂൾഡ് സർവ്വീസ് നടത്തുന്ന എയർലൈൻ എന്ന റെക്കോർഡ് ഖത്തർ എയർവേയ്‌സ് നേടി. പിന്നീട് 2018 ൽ നെവാർക്ക് – സിംഗപ്പൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ചതു വഴി ഈ റെക്കോർഡ് സിംഗപ്പൂർ എയർലൈൻസ് കരസ്ഥമാക്കുകയും ചെയ്തു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എയർ കാർഗോ സർവീസാണ് ഖത്തർ എയർവേയ്‌സിന്റെത്. ലോകത്തിലെ മികച്ച എയർലൈനായി പല പ്രാവശ്യം ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ധാരാളം അവാർഡുകളും ഖത്തർ എയർവേയ്‌സ് കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ അഹമ്മദാബാദ്, അമൃത്സർ, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂർ, തിരുവനന്തപുരം തുടങ്ങി ലോകത്തിലെ 170 ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവ്വീസ് നടത്തുന്നുണ്ട്. Airbus A319, A320, A321, A330, A350, A380, ബോയിങ് B777, B787 എന്നിവയാണ് ഇന്ന് ഖത്തർ എയർവേയ്‌സ് ഫ്‌ലീറ്റിലുള്ള പാസഞ്ചർ എയർക്രാഫ്റ്റ് മോഡലുകൾ. മൊത്തത്തിൽ ഏകദേശം 200 ലധികം എയർക്രാഫ്റ്റുകൾ ഖത്തറിന് ഉണ്ട്.

ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടാണ് ഖത്തർ എയർവേയ്‌സിന്റെ പ്രധാന ഹബ്ബ്. ഏകദേശം 43000 ത്തോളം ജീവനക്കാർ ഖത്തർ എയർവേയ്‌സിൽ ജോലി ചെയ്യുന്നുണ്ട്.

2020 ൽ കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടയിൽ ഖത്തർ എയർവേയ്‌സ് മികച്ച പ്രവർത്തനങ്ങളുമായി മുന്നിൽത്തന്നെയാണ്. പ്രതിസന്ധിഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി പത്തുലക്ഷത്തിലധികം യാത്രക്കാരെയാണ് ഖത്തർ എയർവേയ്‌സ് അതാതു രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഇത്തരം നടപടികളിലൂടെ യാത്രക്കാരുടെ വിശ്വാസ്യതയും, പ്രശംസയുമെല്ലാം ഖത്തർ എയർവേയ്‌സിനു നേടാൻ സാധിച്ചു.