ചെലവ് കുറച്ചുകൊണ്ട് ധനുഷ്‌കോടി – രാമേശ്വരം യാത്ര പോകാം

വിവരണം – Tony Mathew Kandathil.

ധനുഷ്കോടി – രാമേശ്വരം കാണാൻ എന്തുണ്ട്? എത്ര ചെലവാകും? എങ്ങനെ സേഫ് ആയി പോകാം? തുടങ്ങി സ്ഥിരം കേൾക്കുന്ന കുറേ ചോദ്യങ്ങൾ ഉണ്ട്. ആദ്യം തന്നെ പറയട്ടെ, ധനുഷ്കോടി യാത്രയ്ക്ക് എന്നു തന്നെയല്ല ഏതു യാത്രയ്ക്കും ഉള്ള ഒരു വിലങ്ങുതടി എന്നുപറയുന്നത് “ഓഹ്… അത്രയും പോണം. എങ്ങനാ പോണേ. കാശും വേണമല്ലോ.” എന്ന ആ ചിന്തയാണ്. അതുമാറ്റിവച്ചാൽ തൊട്ടടുത്തു തന്നെ പോയി കണ്ടുവരാൻ പറ്റിയ ഒരു അടിപൊളി സ്ഥലമാണ് ധനുഷ്കോടി – രാമേശ്വരം.

ധനുഷ്കോടിയുടെ വാലറ്റത്തു നിന്നും കടലിലൂടെ വെറും 16 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്ക. അങ്ങനെയെങ്കിൽ ധനുഷ്കോടിയിൽ നിന്നും 16 കിലോമീറ്റർ ദൂരം മാത്രം ഉള്ള ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്ക് ബോട്ടിൽ പോകാൻ പറ്റില്ലേ എന്നൊരു ചോദ്യം സഞ്ചാരികൾക്ക് തോന്നാറുണ്ട്. എന്നാൽ, രാമസേതു സംരക്ഷണവും മുൻപ് നടന്ന സിംഹള – തമിഴ് പ്രശ്നത്തിന്റെ ബാക്കിപത്രവുമായി അത് ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഒരുപക്ഷേ അത് ഭാവിയിൽ യാഥാർഥ്യമായേക്കാം.

പുതിയ ഒരു ലാൻഡ്സ്കേപ് അനുഭവമാണ് ധനുഷ്കോടിയിൽ ചെല്ലുമ്പോൾ നമുക്ക് തോന്നുക, 1964 ലെ സൈക്ളോണിൽ തകർന്നുതരിപ്പണമായിപോയ സ്ഥലമാണവിടം. അന്ന് തകർന്ന നിരവധി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നമുക്ക് അവിടെ കാണാൻ സാധിക്കും. ധനുഷ്കോടിയിൽ പോകുന്നവർ ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകിട്ട് പോകണം.

പകൽസമയത്ത് അതികാഠിന്യമായ വെയിലാണ്. ധനുഷ്കോടി കാഴ്ചകൾ കണ്ടു രാമേശ്വരത്ത് എത്തിയാൽ ശ്രീരാമപട്ടാഭിഷേകം നടന്നു എന്നു കരുതുന്ന കോതണ്ഡരാമക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങൾ കാണാൻ സാധിക്കും. കൂടാതെ നമ്മുടെ അഭിമാനം ശ്രീ അബ്ദുൽ കലാം സാർ ജനിച്ച വീടും അദ്ദേഹത്തെ സംസ്കരിച്ച സ്ഥലവും (ഇന്ന് അത് അബ്ദുൾകലാം മെമ്മോറിയൽ ഹാൾ ആണ്), വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ ഉള്ള തുളസിബാബാമുട്ടും തുടങ്ങി ഒരു ദിവസം മുഴുവൻ കാണാൻ ഉള്ള കാഴ്ചയുണ്ട് ധനുഷ്കോടി രാമേശ്വരം യാത്രയിൽ.

Goibibo ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായി ഇവിടെ സ്റ്റേ ചെയ്യേണ്ടവർക്ക് റൂം ബുക്ക് ചെയ്യാം. കയ്യിൽ അൽപ്പം പൊടിക്കാൻ പൈസ ഉള്ളവർ ആണെങ്കിൽ രാമേശ്വരം വരുന്നവഴി മണ്ഡപം എന്ന സ്ഥലത്ത് കടൽത്തീരത്ത് നിരവധി റിസോർട്ടുകൾ ഉണ്ട്. കയാക്കിങ്ങും ബോട്ടിങ്ങും ഉൾപ്പടെ നിരവധി ആക്റ്റിവിറ്റിസ് അവിടെ ഉണ്ട്.

ബജറ്റഡായി ഞാനും എന്റെ സുഹൃത്ത് ചാക്കോയും ധനുഷ്കോടിക്ക് നടത്തിയ ബൈക്ക് യാത്രയിൽ ആകെ ചെലവ്: പെട്രോൾ – 1000, റൂം – 800, ഫുഡ് : 650 (കടൽ ഭക്ഷണത്തിന് പൈസ കൂടുതലാണ് കേട്ടോ), പോലീസ് പെറ്റി അടിച്ചത് : 100 (എന്തെങ്കിലും പറഞ്ഞു പെറ്റി അടിച്ചിരിക്കും), അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങിയത് : 135. മൊത്തം രണ്ടുപേർക്കും ചെലവായത്: 2685 രൂപ. ഞാൻ ചെയ്ത ധനുഷ്കോടി – രാമേശ്വരം യാത്ര ശരിക്കും ഒരു അടിപൊളി അനുഭവം ആണ് എനിക്ക് സമ്മാനിച്ചത്. അതിന്റെ വീഡിയോ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്.