പെൺപടയുടെ മലക്കപ്പാറ കെഎസ്ആർടിസി യാത്രയിലെ യഥാർത്ഥ ഹീറോസ്

വിവരണം – RJ Ambika Krishna.

ഒരു വസ്തുവിനോടോ വ്യക്തിയോടോ പ്രണയം തോന്നാൻ എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാകും. ഇപ്പൊ നിങ്ങളുടെ മനസ്സിലേക്ക് അതേതാടാ ആ ‘വ്യക്തി’ എന്നാണെങ്കിൽ അതവിടെ നിക്കട്ടെ, പകരം വസ്തുവിലോട്ടു നമുക്ക് കാമറ സൂം ചെയ്യാം.

ആനകളോടുള്ള കടുത്ത ആരാധന ആകാം പേരിലെ പോലെ തലയെടുപ്പുള്ള ‘ആനവണ്ടിയോടു’ള്ള പ്രണയമെന്നു വർഷങ്ങൾക്കു ശേഷം ആനവണ്ടിയിൽ തന്നെയിരുന്നുള്ള ഒരു പാലക്കാട് യാത്രയിൽ ഞാൻ സെർട്ടിഫൈ ചെയ്തു. വാസു വന്നതോടെ KSRTC യാത്ര കുറഞ്ഞു എങ്കിലും ആ പ്രണയത്തിനു ഒട്ടും മങ്ങലേറ്റിട്ടില്ല. എത്ര തിരക്കുള്ള KSRTC ബസ് ആണെങ്കിലും കയറിപ്പറ്റിയാൽ അസൂയ കണ്ടക്റ്ററൊടാണ്. കാരണം പലപ്പോഴും ഞാൻ ടാർഗറ്റ് ചെയ്യുന്ന ആ ഒറ്റയാൻ സീറ്റ് എഴുതി മേടിച്ചിരിക്കുന്നതാവാരാണല്ലോ ! എന്നാലും ഇടയ്ക്കു പാട്ടത്തിനെടുത്തു ഞാനും കേറിയിരിക്കാറുണ്ട്.

ആനവണ്ടിയോട് പ്രണയം ഉണ്ടാവുമെങ്കിൽ അത് ഓടിക്കുന്നവർ സൂപ്പർ ഹീറോസ് ആയിരിക്കുമല്ലോ? സ്വാഭാവികം! കൗതുകം കുറച്ചു കൂടിപ്പോയതുകൊണ്ടല്ല എനിക്കവരെ ഇത്രേം ബഹുമാനം തോന്നിയത്… പ്രത്യേകിച്ച് ഇന്നലെ! ” ‘നാടോടി’യുടെ KSRTC യിൽ സ്ത്രീകൾ മാത്രമായി ഒരു മലക്കപ്പാറ യാത്ര” എന്നത് വെറും കാട് കാണൽ അനുഭവമല്ലായിരുന്നു. ബസ് സാരഥികളായ മലക്കപ്പാറ റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തുന്ന ബസ് ഡ്രൈവർ രഞ്ജിത്, കണ്ടക്ടർ സുധീഷ് പിന്നൊരു പത്തു വയസ്സുകാരൻ കുട്ടി ചെക്കനേം ഒഴിച്ചാൽ പീക്കിരി കുഞ്ഞുങ്ങൾ അടക്കം 47 സ്ത്രീകൾ അടങ്ങുന്ന കുടുംബമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

Tik tok ൽ കാണുന്ന പോലെ ആനവണ്ടി ഒറ്റയടിക്ക് വളച്ചൊടിച്ചു പോകുന്ന കാഴ്ചയൊന്നും അല്ല. ഓരോ ഹെയർപിൻ വളവും ബാക്ക് എടുത്തു വളച്ചൊടിക്കുന്ന കാഴ്ചയും.. കുതിരവട്ടം പറഞ്ഞുപരിചയമുള്ള ‘ ആ ഭയങ്കരമായ കുഴിയില്ലേ കുയി… കൊക്ക.. ങാ അതിന്റെ ഓരം പറ്റിയാണ് ഓരോ വളവും രഞ്ജിത്ത് എന്ന സാഹസികൻ പിന്നിലാക്കി കുതിക്കുന്നത് കൗതുകത്തോടെ കണ്ടത് .

പകൽ വെളിച്ചത്തിലെ കാഴ്ചകളിൽ പച്ചപ്പായിരുന്നു കൺനിറയെ എങ്കിൽ രാത്രിയിൽ കണ്ണിമ വെട്ടാതെയുള്ള തിരച്ചിൽ ആയിരുന്നു എല്ലാവരും. രാവിലെ മുതൽ എൻജിൻ പുറത്തു തമ്പടിച്ച സുധീഷ് പറഞ്ഞു തന്ന മഹാമൃഗം വണ്ടിക്കു കുറുകെ വന്നു നിക്കുമോ എന്ന്. എന്നാലും കൂട്ടമായി കരിവീരന്മാർ ഞങ്ങളെ ഭയപ്പെടുത്താതെ റോഡിൽ നിന്നും മാറി ഒരു വളവിൽ തമ്പടിച്ചതും കണ്ടു. ആ റൂട്ടിൽ തന്നെ എന്നും സർവീസ് നടത്തുന്ന രണ്ടുപേർക്കും ഓരോ വളവുകളും.. ഒന്നാം പ്രളയത്തിലേതു.. രണ്ടാം പ്രളയത്തിലേതു എന്ന് രേഖപ്പെടുത്തിയ മണ്ണിടിച്ചിലും..

തേനെടുക്കാൻ വന്ന മൂപ്പനെ കടുവ കടിച്ചോണ്ടു പോയ ഇടവും.. യുവട്രിപ്പന്മാർ ഫ്ലാഷ് ഇട്ടു ആനകളെ തോണ്ടി വിളിച്ചു കൈ നീട്ടി മേടിച്ച മരണവും.. മാനും.. മയിലും.. സിംഹവാലനും.. പുലിയും… കാട്ടുപോത്തും.. മ്ലാവും… കരിങ്കുരങ്ങും.. മലയണ്ണാനും.. ഒറ്റയാനും,.. മഴക്കാലത്തെ മിന്നാമിന്നി കൂട്ടങ്ങളും ഒക്കെ എപ്പോ എവിടെ എത്രമണിക്കു വന്നു വണ്ടിയുടെ മുന്നിൽ നിൽക്കുമെന്ന് കൃത്യമായി പറഞ്ഞു തരാനുള്ളത്ര അനുഭവങ്ങൾ അവരുടെ ജോലികൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്നും മനസ്സിലായി. പേടിയുള്ള പെങ്ങമ്മാരെ ഇച്ചരെകൂടെ പേടിപ്പിക്കാനായി ഇത്തരം സന്ദർഭത്തിൽ മാത്രം പുറത്തെടുക്കാറുള്ള യക്ഷിക്കഥകളും പുട്ടിനു പീരപോലെ യഥേഷ്ടം സുധീഷ് ആങ്ങള കോരിയിട്ടാരുന്നു.

ഈ ചിത്രത്തിൽ കാണുന്നവരാണ് ആ സൂപ്പർ ഹീറോസ്.. ഇവരാണ് ഞങ്ങൾ ഇത്രേം പേരെ ഒരുപോലെ ശ്രദ്ധയോടെ സുരക്ഷിതമായി എല്ലാ കാഴ്ചകളും കാണിച്ചു തിരികെ എത്തിച്ചവർ. The real super heroes behind Nadodi Malakkappara Trip. അദ്‌ഭുതപെടുത്തിയ വ്യക്തിത്വങ്ങൾ.

രണ്ടൂസം മുന്നേ ഹാജർവെച്ച പനിയെ കൊഞ്ഞനം കാണിച്ചു കാമറയുമേന്തി ആനവണ്ടിയുടെ മുൻവാതിലിന്റെ സ്റ്റെപ്പിൽ ഞാൻ നിൽപ്പുറപ്പിച്ചപ്പോൾ നാലുവയസ്സുകാരി കുഞ്ഞിനേം കൊണ്ട് സ്റ്റെപ്പിൽ ഇരിപ്പാണ് മഞ്ജുഷ എന്ന ഈ ട്രിപ്പിന്റെ കാരണഭൂത. ട്രിപ്പ് പോകണം എന്ന് ഉറക്കപ്പിച്ചു പറഞ്ഞാപ്പോലും പാണ്ടിലോറിക്ക് കൈ കാണിച്ചു പോയാലോ AK എന്ന് പറയുന്ന ശ്യാമയും ഇതിനോടകം കൈ കാണിച്ചു ലോറി നിർത്തിക്കുന്ന മഞ്ചുവും ഏറ്റവുമാദ്യം ഓടിക്കേറാൻ ക്യൂ നിൽക്കുന്ന സിമിയും, സിംനയും, റോസും, ഐഷുവും, ഹീരയും, സീതേച്ചിയും, ലേഖേച്ചിയും, മീരയും, സിന്ധുവും പോലുള്ള കൂട്ടുകാരെ കിട്ടിയത് തന്നെയാണ് 2019ലെ ഭാഗ്യം.

KSRTC യാത്രക്ക് ട്വിസ്റ്റ് ആയ ഷഫീഖ് ഇബ്രാഹിം, മഞ്ജുഷയോടൊപ്പം എന്നും കൂടെയുള്ള സജീവ്, ഞങ്ങളുടെ സ്വന്തം FM റൈൻബോയുടെ പ്രോഗ്രാം ഹെഡ് അനിത മാഡം, ചാലക്കുടിയിൽ നിന്നും തുടങ്ങിയ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ ഏക വനിതാ ഡ്രൈവർ ഷീല മാഡം, കണ്ണും മനസ്സും നിറയെ കാഴ്ചകൾ കാണാൻ വേണ്ടി ഒരു ലോഡ് ടെൻഷൻ ഒക്കെ ഏതാനും മണിക്കൂറുകൾക്ക് മാത്രം മാറ്റിവെച്ചു കൂടെ ഉണ്ടായ ഓരോ സ്ത്രീയ്ക്കും (മുത്തശ്ശിമാർക്കും അമ്മമാർക്കും പെങ്ങള്കുട്ട്യോൾകൾക്കും, പീക്കിരി കുഞ്ഞുങ്ങൾക്കും) ചെവിയടക്ക് , ജാക്കറ്റ് ഇട്, മരുന്ന് കഴിക്ക്, വിക്സ് തേക്ക് എന്നും പറഞ്ഞു തൊട്ടും തലോടിയും പനിയെ പുറത്തു ചാടാതെ എന്നെ നോക്കിയ എന്നും എന്നെ ഉള്ളംകൈയ്യിൽ കൊണ്ടുനടക്കുന്ന എന്റെ ആര്യ ഭഗവതിക്കും ആയിരമായിരം അഭിവാദ്യങ്ങൾ.

ഇതിപ്പോ നാടോടിയുടെ രണ്ടാമത്തെ ഒഫീഷ്യൽ ട്രിപ്പാണ്. ഈ രണ്ടു യാത്രകളിലും ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് ഒട്ടുമിക്ക സ്ത്രീകളും ഇതുപോലെ യാത്ര ആഗ്രഹിക്കുന്നവരാണ്.. ഇന്നലെ (29.12.19) ” ഒരൂസത്തേക്കു പെണ്ണുങ്ങൾക്ക് പാതിരാത്രി ഇറങ്ങി നടക്കാട്ടോ ” അമ്മാതിരി പ്രഹസനം അല്ല. മറിച്ചു സ്വതന്ത്രമായി.. അടുക്കളയിയിൽ നിന്ന്.. ഓഫീസ് അന്തരീക്ഷത്തിൽ നിന്ന്.. സ്ഥിരം കാഴ്ചകളിൽ നിന്ന് ഒരു ദിവസമെങ്കിലും കെട്ടുപാടുകളും നിബന്ധനകളും ഒന്നുമില്ലാത്ത സുരക്ഷിതമായ ഒരു യാത്ര ആഗ്രഹിക്കുന്നവർ ഏറെ ഉണ്ട്. ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ കണ്ട ഓരോ നാടോടിയുടെയും മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞതും ഇതു തന്നെയാണ്.

ഇനിയും അടുത്ത യാത്രക്കുള്ള വേറിട്ട ആശയങ്ങൾ ഈ മഞ്ജുഷ പെങ്കൊച്ചിന്റെ തലേൽ ഉദിക്കട്ടെ.. ഒപ്പം കാഴ്ചകൾ unlimited ആയി നാടോടിയും യാത്രകളാൽ മുന്നോട്ടു കുതിക്കട്ടെ എന്ന ആഗ്രഹത്തോടെ.