മൂന്നാറിൽ ന്യൂഇയർ ആഘോഷിക്കുവാൻ പറ്റിയ കിടിലൻ റിസോർട്ടുകൾ…

മൂന്നാറിലേക്കൊരു യാത്ര പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഹണിമൂണ്‍ ട്രിപ്പുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. അതുകൊണ്ടുതന്നെ നിരവധി റിസോര്‍ട്ടുകളും, ഹോട്ടലുകളുമാണ് സഞ്ചാരികളെയും കാത്ത് ഇവിടെയുള്ളത്. ഹണിമൂൺ ആഘോഷിക്കാൻ കേരളം വിട്ട് ‌യാ‌ത്ര ചെയ്യാൻ ‌താൽപ‌ര്യമില്ലാത്ത നവദമ്പതിമാർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ ആണ്.

സാധാരണനിലയില്‍ 14 നും 26 നും ഇടയ്ക്കായിരിക്കും മൂന്നാറിലെ താപനില. ഓഗസ്റ്റ് മാസം തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ ഇവിടേക്ക് കൂടുതലായി ഒഴുകുന്നത്. സ്വന്തം യാത്രാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സഞ്ചാരികൾ തന്നെയാണ് മൂന്നാറിനെ മികച്ച ഹണിമൂൺ കേന്ദ്രമായി തെരഞ്ഞെടുത്തത്. ഇവിടുത്തെ ജനങ്ങളുടെ ആതിഥേയ സ്വഭാവവും അത്ര മോശമല്ല. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന തേയില തോട്ടങ്ങൾക്കിടയിൽ വച്ച് ചിത്രങ്ങൾ എടുക്കാനും മറ്റും കഴിയുമെന്നതിനാൽ നവദമ്പതിമാർക്ക് മൂന്നാർ ഒരു സ്വർഗ്ഗം തന്നെയാണ്.

സീസൺ ആകുമ്പോൾ മൂന്നാർ ടൗണിൽ ഭയങ്കര ട്രാഫിക് ബ്ലോക്കായിരിക്കും. ഈ ബ്ലോക്കിൽപ്പെട്ടാൽ ഉല്ലസിക്കുവാനായി നീക്കിവച്ചിരിക്കുന്ന സമയത്തിൽ നല്ലൊരു ഭാഗം അവിടെ കാത്തുകിടന്നു തീരും. അതുകൊണ്ട് മൂന്നാർ ടൗണിന്റെ തിരക്കുകളില്‍ നിന്നും മാറി ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍ക്കും, ഹോം സ്‌റ്റേകള്‍ക്കും ഇന്ന് വൻ ഡിമാൻഡ് ആണ്. മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കുവാൻ വരുന്നവർക്കായി ഇതാ മികച്ച ചില റിസോർട്ടുകൾ പരിചയപ്പെടുത്താം.

1) ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട് : തേയിലത്തോട്ടത്തിന് നടുവിൽ, ഓറഞ്ച് മരങ്ങൾക്കിടയിൽ, മൂന്നാറിലെ ഒരു മനോഹര റിസോർട്ട്.. അതാണു ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട്. മൂന്നാറിൽ നിന്ന് 19 കിലോമീറ്റർ അകലെയായാണ് ഡ്രീം ക്യാച്ചർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ ടൗണില്‍ നിന്ന് അരമണിക്കൂറോളം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. മലയിടുക്കിനും തേയിലത്തോട്ടത്തിനും ഇടയിലായാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. റൂമുകൾക്കൊപ്പം ഇവിടെ മരത്തിനു മുകളിൽ തയ്യാറാക്കിയിരിക്കുന്ന ട്രീ ഹൗസുകളും ഉണ്ട്. ഹണിമൂൺ സഞ്ചാരികൾ ട്രീ ഹൗസുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. റിസോർട്ടിൽ മികച്ച വൈഫൈ സംവിധാനവും ലഭ്യമാണ്. മൂന്നാറിലെ ഏലം, തേയിലത്തോട്ടങ്ങളുടെ നടുവിലായുള്ള സുന്ദരമായ ഈ റിസോർട്ടിലേക്ക് വരുമ്പോള്‍ കലക്കനൊരു യാത്രയും ആസ്വദിക്കാം… കൂടുതല്‍ വിശേഷങ്ങള്‍ക്ക് വീഡിയോ കണ്ടുനോക്കൂ…

2) എല എക്കോലാന്‍ഡ്‌ ട്രീ ഹൗസ് റിസോർട്ട് : മൂന്നാര്‍ ടൗണില്‍ നിന്ന് 20 കി.മീ. ദൂരത്തായി കല്ലാര്‍ – ‘വട്ടിയാര്‍’ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു ഉഗ്രന്‍ ട്രീ ഹൗസ് റിസോര്‍ട്ട് ആണ് എല എക്കോലാന്‍ഡ്‌. ശരിക്കും ഒരു കാടിനുള്ളില്‍ താമസിക്കുന്ന ഒരു അനുഭവമാണ് ഇവിടെ ലഭിക്കുക. പ്രകൃതിസ്നേഹികള്‍ക്ക് വളരെയിഷ്ടപ്പെടും ഇവിടം. ട്രീ ഹൗസിനു സമീപത്തായി നല്ലൊരു അരുവിയൊഴുകുന്ന കാഴ്ച വളരെ നയനാനന്ദകരമാണ്. ഇവിടത്തെ ട്രീ ഹൗസില്‍ പരമാവധി രണ്ടുപേര്‍ക്ക് താമസിക്കാവുന്നതാണ്. 24 മണിക്കൂറും വൈദ്യുതിയും വെള്ളവും കൂടാതെ സെക്യൂരിറ്റി ഗാര്‍ഡും ലഭ്യമാണെന്നതിനാല്‍ ഹണിമൂണിനായി വരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ചിലവഴിക്കാന്‍ പറ്റുന്ന ഒരിടമാണിത്.

3) നേച്ചർ സോൺ ജങ്കിൾ റിസോർട്ട് : ട്രീഹൌസും 10 ടെന്റുകളുമായി മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനസ്സു നിറയ്ക്കുന്ന ഒരു ട്രീ ഹൗസ് റിസോര്‍ട്ടാണ് നേച്ചർ സോൺ ജങ്കിൾ റിസോർട്ട്. 6000 രൂപ മുതലാണ് ഇവിടെ വാടക ആരംഭിക്കുന്നത്. മൂന്നാര്‍ ടൗണില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് അരമണിക്കൂര്‍ നീണ്ട ഓഫ് റോഡ്‌ ജീപ്പ് യാത്ര കഴിഞ്ഞാണ് റിസോര്‍ട്ടിലേക്ക് എത്തുന്നത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്നവരുടെ ഇഷ്ടസ്ഥലമാണ് നേച്ചര്‍ സോണ്‍ റിസോര്‍ട്ട്. ഒരു ദിവസം ടെന്റിലും ഒരു ദിവസം ട്രീ ഹൗസിലുമായി മൊത്തത്തിൽ രണ്ടു ദിവസം ഇവിടെ താമസിക്കുവാനായി വരുന്നതായിരിക്കും കൂടുതൽ നല്ലത്. അത്രയ്ക്ക് ആസ്വദിക്കുവാനുണ്ട് ഇവിടെ. ആവശ്യമുള്ളവർക്ക് ക്യാമ്പ് ഫയർ, ട്രെക്കിംഗ് പോലുള്ള ആക്ടിവിറ്റികളൊക്കെ ഇവിടെ ഒരുക്കിത്തരുന്നതാണ്. വിശദവിവരങ്ങള്‍ അറിയുവാനായി ഈ വീഡിയോ കാണൂ…

4) ബ്രാക്ക്നൽ ഫോറസ്റ്റ് : മൂന്നാർ പോതമേടിലുള്ള ബ്രാക്ക്നെൽ ഫോറസ്റ്റ് എന്ന ഈ ബഡ്ജറ്റ് റിസോർട്ട് ഏലം പ്ലാന്റേഷന് നടുവിലാണ്. തിരക്കുകളിൽ നിന്നും ഒഴിഞ്ഞു പ്രകൃതിയെ അടുത്തറിയുവാൻ സാധിക്കുന്ന വിധത്തിലാണ് ഇവിടത്തെ അന്തരീക്ഷം. ഏറ്റവും മികച്ച രീതിയിലെ സർവ്വീസ് ഇവിടെ ലഭിക്കുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നല്ല ഭക്ഷണവും മറ്റു ആക്ടിവിറ്റികളും ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നു. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം നന്നായി ഇഷ്ടപ്പെടും.

5) ഫോഗ് റിസോർട്ട് : കുറച്ചു കാശ് മുടക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ ദി ഫോഗ് എന്നു പേരുള്ള ഈ റിസോർട്ടിൽ താമസം ബുക്ക് ചെയ്യാം. ഒരു പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി റിസോർട്ട് ആണ് ഇത്. ഹണിമൂൺ ദമ്പതിമാർക്ക് അനുയോജ്യമായ ഈ റിസോർട്ടിൽ 9 വില്ലകളാണ് ഉള്ളത്. ചുറ്റുമുള്ള മനോഹരദൃശ്യങ്ങൾ ആസ്വദിക്കുന്നതിനായി പൂർണ്ണമായും സ്വകാര്യത നൽകുന്ന ബാൽക്കണികൾ ഓരോ വില്ലകളിലും ഉണ്ട്. വളരെ ശാന്തമായിട്ടുള്ള മേരിയായാണ്‌ ഇത് എന്നതും ഫോഗ് റിസോർട്ടിനെ ശ്രദ്ധേയമാക്കുന്നു. ഇവിടെ താമസിക്കുന്ന ഗെസ്റ്റുകൾക്ക് തേയിലത്തോട്ടത്തിലൂടെയുള്ള നടത്തവും ആസ്വദിക്കാവുന്നതാണ്. പലതരം മസാജ് ആവശ്യമുള്ളവർക്ക് ഇവിടെ പ്രത്യേകം സ്പാകൾ ഉണ്ട്. ചെങ്കുളം ഡാം, ചതുരംഗപ്പാറ, പൊന്മുടി ഡാം തുടങ്ങി ചുറ്റുമുള്ള സ്ഥലങ്ങൾ കറങ്ങിക്കാണുന്നതിനായി ഓഫ്‌റോഡ് ജീപ്പ് സഫാരിയും ഇവിടെ ലഭ്യമാണ്. ഹണിമൂണിനായി വരുന്നവർക്ക് വില്ലകൾ കൂടാതെ റൂമുകളും ഇവിടെയുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ക്ക് വീഡിയോ കണ്ടുനോക്കൂ…

6) ഗോൾഡൻ റിഡ്‌ജ് മൗണ്ടൻ റിസോർട്ട് : തിരക്കുകളിൽ നിന്നൊക്കെ ഒന്ന് മാറി പങ്കാളിയുമൊത്തു താമസിക്കുവാൻ മനോഹരമായ ഒരു സ്ഥലം. അതാണ് ഗോൾഡൻ റിഡ്‌ജ് മൗണ്ടൻ റിസോർട്ട്. മൂന്നാർ – പൂപ്പാറ റൂട്ടിലാണ് ഈ റിസോർട്ട്. മൂന്നാറിന്റെ പരിസരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കോടമഞ്ഞിറങ്ങുന്ന സ്ഥലം ഇതായതിനാൽ പ്രത്യേകമായൊരു പ്രണയാതുരമായ ഭാവം കൈവരിച്ചു നിൽക്കുകയാണിവിടെ പ്രകൃതിയും റിസോർട്ടും. ഇവിടെ താമസിക്കുവാനായി വരുന്നവർ ലക്ഷ്വറി വാലി റൂം തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. ആയുർവ്വേദ മസാജുകൾ ആവശ്യമുള്ളവർക്കായി റിസോർട്ടിൽ ദക്ഷ എന്നുപേരുള്ള ഒരു സ്പാ ഉണ്ട്.

ഹണിമൂണിന് വരുന്നവർക്ക് റിലാക്സ് ആയി താമസിക്കുവാൻ പറ്റിയ റിസോർട്ട് ആണിത്. രാത്രി പ്രിയതമയുമൊത്ത് ഒരു കാൻഡിൽ ലൈറ്റ് ഡിന്നറും അതിനുശേഷം മഞ്ഞുവീണ രാത്രിയിൽ ഒരു നടത്തവും ഒക്കെ ആസ്വദിക്കാവുന്നതാണ്. റിസോർട്ടിന്റെ സമീപത്തായി മലയിടുക്കിൽ ധാരാളം മുനിയറകളുണ്ട്. ഇവിടേക്ക് പ്രത്യേകം ഗൈഡഡ് ടൂർ അറേഞ്ച് ചെയ്തു പോകുവാൻ സാധിക്കും. മൂന്നാറിലെ മികച്ച ഒരു ബൊട്ടീക് റിസോർട്ട് കൂടിയായ ഇവിടേക്ക് ആകട്ടെ നിങ്ങളുടെ അടുത്ത ട്രിപ്പ്. ഇവിടെ മഴക്കാലത്ത് വരുന്നതായിരിക്കും കൂടുതൽ മനോഹരം. സുഖദായകമായ തണുപ്പും മൂടൽമഞ്ഞും നൂലുപോലെ താഴേക്കു പെയ്തിറങ്ങുന്ന മഴയും കൂടിചേർന്നാൽ പിന്നെ പറയേണ്ട കാര്യമുണ്ടോ???

ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തീര്‍ച്ചയായും മൂന്നാറിലേക്കൊരു യാത്ര പോയിരിക്കണം എന്നാണു സഞ്ചാരികൾ പറയുന്നത്. നിങ്ങളുടേത് ഒരു മധുവിധു യാത്രയാണെങ്കില്‍ വളരെയധികം നല്ലത്. അതിന് നിരവധി കാരണങ്ങളുണ്ട്. മലകളുടെ നെറുകില്‍ നിന്ന് താഴെ സുന്ദരമായ ഭൂമിയെ നോക്കി, തേയിലത്തോട്ടങ്ങളെ സാക്ഷി നിർത്തി പ്രിയതമയുടെ/ പ്രിയതമന്റെ കൈകൾ കോർത്തുപിടിച്ച് പ്രകൃതിയുടെ ഭംഗി ആസ്വദിക്കുവാൻ മൂന്നാർ അല്ലാതെ കേരളത്തിൽ വേറെ ഏതു സ്ഥലാണുള്ളത്?.

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങളും കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും കിടിലൻ റിസോർട്ടുകളിൽ താമസവും മഞ്ഞുപുതച്ച വഴികളിലെ ട്രക്കിങ്ങുമൊക്കെ നിങ്ങളെ വേറൊരു ലോകത്തേക്ക് ആയിരിക്കും കൂട്ടിക്കൊണ്ടു പോകുക. ഇനി മൂന്നാര്‍ ട്രിപ്പ് പോകുവാന്‍ പ്ലാനിടുമ്പോള്‍ ഇതിലേതെങ്കിലും റിസോർട്ടുകളില്‍ക്കൂടി താമസിച്ച് എന്‍ജോയ് ചെയ്യുവാന്‍ ശ്രമിക്കുക… ടെക് ട്രാവല്‍ ഈറ്റ് ചാനലിന്‍റെ വീഡിയോ കണ്ടിട്ടാണ് വിളിക്കുന്നതെന്നു പറഞ്ഞാല്‍ സ്പെഷ്യല്‍ ഡിസ്കൌണ്ട് ലഭിക്കുവാന്‍ സാധ്യതയുണ്ട്.