മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് ലോഫ്‌ളോർ ബസ് സർവ്വീസ് പുന:രാരംഭിച്ചു

മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് സർവ്വീസ് പുന:രാരംഭിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവ്വീസുകൾ പുനരാരംഭിച്ചതോടുകൂടി, മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് സർവ്വീസ് പുന:രാരംഭിക്കണം എന്ന് യാത്രക്കാരുടെ ഭാഗത്ത് നിന്ന് വ്യാപകമായി ആവശ്യം ഉയർന്ന് വന്നിരുന്നു. യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് ലോ-ഫ്ലോർ സർവ്വീസ് ഇപ്പോൾ KURTC പുനരാരംഭിച്ചിരിക്കുകയാണ്.

എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് മലപ്പുറത്തു നിന്നും പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണ്ണൂർ, തൃശ്ശൂർ, അങ്കമാലി വഴി രാത്രി 9 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേരും. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും രാവിലെ 5 മണിക്ക് കോഴിക്കോട്ടേയ്ക്ക് ആയിരിക്കും ട്രിപ്പ്. അങ്കമാലി, തൃശ്ശൂർ, എടപ്പാൾ, കുറ്റിപ്പുറം വഴി 11.10 ന് കോഴിക്കോട് എത്തിച്ചേരും. തുടർന്ന് കോഴിക്കോട് നിന്നും യാത്ര തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് മലപ്പുറം ഡിപ്പോയിലും എത്തിച്ചേരുന്നതാണ്.

സർവ്വീസ് ആരംഭിച്ചതു മുതൽ തന്നെ KURTC യുടെ ഒരു പ്രസ്റ്റീജ് സർവ്വീസായിരുന്നു മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് ലോഫ്‌ളോർ സർവ്വീസുകൾ. സാധാരണക്കാരായ പ്രവാസികൾക്ക് ഈ സർവ്വീസുകൾ വളരെയധികം ഉപകാരപ്രദമാണ്. ഈ സർവ്വീസിലെ ബസ് ജീവനക്കാരുടെ സൗഹാർദ്ദപരമായ ഇടപെടലുകളും യാത്രക്കാരുടെ ഹൃദയം കവർന്നിട്ടുണ്ട്. ലഗേജുകൾ ഒതുക്കി വെക്കുവാനും അവ സ്റ്റോപ്പുകളിൽ ഇറക്കുവാനുമൊക്കെ ബസ് ജീവനക്കാർ യാത്രക്കാർക്ക് വളരെയധികം സഹായകമാകാറുണ്ട്. ഈ കാരണങ്ങളാലാണ് ഈ സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം യാത്രക്കാർക്കിടയിൽ നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നതും.

നിലവിൽ പരീക്ഷണാർത്ഥമാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. തുടർന്ന് അനുകൂല സാഹചര്യമാണെങ്കിൽ ഈ റൂട്ടിൽ കൂടുതൽ സർവ്വീസുകൾ തുടങ്ങുന്ന കാര്യവും പരിഗണനയുണ്ട്. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് റിസർവ്വ് ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സർവ്വീസുകളുടെ സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി അറിയുവാനും റിസർവ്വ് ചെയ്യുവാനും സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം യൂണിറ്റ് – 0483 2734950, കോഴിക്കോട് യൂണിറ്റ് – 0495-2723796, കെഎസ്ആർടിസി, കൺട്രോൾറൂം (24×7), മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972 എന്ന മാർഗ്ഗങ്ങളിലൂടെയും യാത്രക്കാർക്ക് അന്വേഷണങ്ങൾ നടത്താവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട് – സോഷ്യൽ മീഡിയ സെൽ കെഎസ്ആർടിസി.