വിവരാവകാശ നിയമം – നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

ദേശീയ – സംസ്ഥാന സർക്കാരുകൾ സൂക്ഷിക്കുന്ന വിവിധ തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം നൽകുന്ന നിയമങ്ങളാണ് വിവരാവകാശ നിയമം എന്നുപറയുന്നത്. പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൌരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയിൽ വരും.

സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റൌട്ടുകൾ, ഫ്ലോപ്പികൾ, ഡിസ്കുകൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർപ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളു.

വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്ന പക്ഷം നിർദ്ദിഷ്ട ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം.

ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തിൽ പരാതിയുള്ള വ്യക്തിക്ക് അപ്പീൽ സംവിധാനവും നിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നൽകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികൾ തീർപ്പാക്കുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം. ജമ്മു കാശ്മീര്‍ ഒഴികെയുള്ള [സെ. (12)]മുഴുവന്‍ ഇന്താക്കാര്‍ക്കും ഈ നിയമത്തിന്‍റെ സംരക്ഷണം ലഭിക്കും. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനത്തേയും (പോലീസും കോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല.

ഒരു ആര്‍ടിഐ അപേക്ഷ ഫയല്‍ ചെയ്യുമ്പോള്‍, ചോദ്യങ്ങളുടെ രൂപീകരണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഒരു നേരിയ തെറ്റിദ്ധാരണയോ അവ്യക്തതയോ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പരാതി നിരസിക്കവാനുള്ള കാരണമാകാം. താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക:

അപേക്ഷ തയ്യാറാക്കുവാന്‍ വെള്ളക്കടലാസ് ഉപയോഗിക്കുക. നോട്ട് ഷീറ്റോ കോടതി മുദ്രപത്രമോ ഉപയോഗിക്കേണ്ട ആവശ്യമില്ല. വിഷയം എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യാം. ടൈപ്പ് ചെയ്യണമെന്ന് നിര്‍ബ്ബന്ധമില്ല. അപേക്ഷ സ്പഷ്ടവും, വായനയ്ക്ക് സുഗമവുമായിരിക്കണം. വിവരങ്ങള്‍ ആരായുമ്പോള്‍ പേജുകളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. ഒരു അപേക്ഷയില്‍ ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണത്തില്‍ നിബന്ധനയില്ല. എന്നിരുന്നാലും ഒരു അപേക്ഷയില്‍ പരിമിതമായ ചോദ്യങ്ങള്‍ ആരായുന്നതും അവ തമ്മില്‍ പരസ്പര ബന്ധമുണ്ടായിരിക്കുന്നതുമാണ് അഭികാമ്യം.

അവന്‍/അവള്‍ താല്പര്യപ്പെടുന്ന രീതിയില്‍ ധാരാളം ചെറു ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്. പക്ഷേ ഒറ്റ തവണയില്‍ വലിയ വിപുലമായ വിവരങ്ങള്‍ ആരായരുത്. അപേക്ഷയില്‍ എപ്പോഴും നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്തുക. നിങ്ങളുടെ പദവി രേഖപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം, ഏത് പൌരനും അറിയുവാനുള്ള അവകാശമുണ്ട്. “എന്തുകൊണ്ട്” എന്ന് നേരിട്ട് അന്വേഷിക്കുന്ന ചോദ്യങ്ങള്‍ ഒരിക്കലും ചോദിക്കരുത്. ആര്‍ടിഐ യുടെ കീഴില്‍ സംരക്ഷണമില്ലാത്തതിനാല്‍ അത് തിരസ്കരിക്കപ്പടുവാന്‍ സാധ്യതയുണ്ട്.

വിലക്കപ്പെട്ട വിവരങ്ങൾ : ഭാരതത്തിന്റെ പരമാധികാരത്തേയോ, ഐക്യത്തേയോ, സുരക്ഷയേയോ, ശാസ്ത്ര, സാമ്പത്തിക, തന്ത്രപരമായ താത്പര്യങ്ങളേയോ, ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തേയോ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളും, നിയമപരമായി ഒരു കുറ്റം ആയിത്തീരാൻ പ്രേരകമാവുന്നകാര്യങ്ങളും. കോടതികളോ, ട്രൈബ്യൂണലുകളോ, പ്രസിദ്ധീകരിക്കരുതെന്നു വിലക്കിയിട്ടുള്ളവ അല്ലെങ്കിൽ കോടതി അല‍ക്ഷ്യമാകാവുന്ന വിവരങ്ങൾ. കേന്ദ്ര-സംസ്ഥാന നിയമസഭകളുടെ വിശേഷാവകാശങ്ങളെ ബാധിക്കുന്നവ. വെളിപ്പെടുത്തപ്പെട്ടാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരശേഷിയെ ഹനിക്കുന്ന വാണിജ്യരഹസ്യങ്ങളും ബൗദ്ധികസ്വത്തും; അല്ലെങ്കിൽ അവ പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമുണ്ടായിരിക്കണം.

പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമില്ലാത്തതും ഫിഡൂഷിയറി (Fiduciary – മറ്റൊരാൾക്കായി, അയാളുടെ സ്വത്തോ, അധികാരമോ നിയപരമായി കൈവശം വയ്ക്കുന്നയാൾ”) ബന്ധങ്ങളിൽ നിന്ന് ലഭിച്ച അയാളെക്കുറിച്ചുള്ള വിവരങ്ങൾ. വിദേശ സർക്കാരുകളിൽ നിന്നു ലഭിച്ച രഹസ്യവിവരങ്ങൾ. ഒരാളുടെ ജീവനോ, ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്നതും, വിവരത്തിന്റെ പ്രഭവം വെളിപ്പെടുത്തുന്നതും, നിയമപാലനത്തിനോ സുരക്ഷക്കോ ആയി നൽകിയതും ആയ രഹസ്യ വിവരങ്ങൾ.
കുറ്റവാളികൾക്കെതിരെയുള്ള അന്യോഷണ പ്രക്രിയയെയോ അറസ്റ്റിനെയോ കുറ്റവിചാരണയേയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ. പൊതുതാത്പര്യങ്ങളുമായി ബന്ധമില്ലാത്തതും, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യ ഇടപെടലുണ്ടാക്കുന്നതുമായ കാര്യങ്ങൾ. പകർപ്പവകാശം ലംഘിച്ചേക്കാവുന്ന വിവരങ്ങൾ. വിലക്കപ്പെട്ട വിവരങ്ങളിൽ നിന്നു വേർപെടുത്താവുന്ന വിവരാംശങ്ങൾ.