റോതാങ് പാസ്സ് ഇറങ്ങി മണാലി വഴി ഡൽഹി ലക്ഷ്യമാക്കി ഒരു യാത്ര

മണാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾ റോത്താങ് പാസിൽ കുറച്ചു സമയം ചെലവഴിക്കുകയുണ്ടായി. ധാരാളം സഞ്ചാരികളും അവിടെയുണ്ടായിരുന്നു. മണലിൽ നിന്നും റോത്താങ് പാസ്സിലേക്ക് ഹിമാചൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. അവിടെ വെച്ച് ഞങ്ങൾ കുറച്ചു മലയാളി സഞ്ചാരികളെ പരിചയപ്പെട്ടു. അതിനുശേഷം റോത്താങ്പാസിൽ നിന്നും ഞങ്ങൾ മണാലിയിലേക്ക് യാത്ര തുടർന്നു.

ഈ റൂട്ടിൽ ഞങ്ങൾ കണ്ടതിൽ വെച്ച് കുറച്ചെങ്കിലും മലിനീകരണം നേരിടുന്ന ഒരു പ്രദേശമായിരുന്നു റോത്താങ് പാസ്സ് ഏരിയ. കൂടുതൽ സഞ്ചാരികൾ വരുന്നതു മൂലമാണ് ഇങ്ങനെ. അവിടെ നിന്നും ഒന്നര – രണ്ടു മണിക്കൂറോളം യാത്രയുണ്ട് മണാലിയിലേക്ക്. വഴിയുടെ കണ്ടീഷൻ കാരണം ഞങ്ങളുടെ വണ്ടിയിലെല്ലാം മൊത്തം ചെളിപുരണ്ടിരുന്നു. ഒരു ആർമി കോൺവോയ് കണ്ടപ്പോൾ ഞങ്ങൾ വണ്ടി നിർത്തി അവരുടെ പിന്നാലെയായിരുന്നു പോയത്.

പോകുന്ന വഴിയിൽ പലയിടത്തും മുൻപ് മണ്ണിടിച്ചിൽ ഉണ്ടായതിന്റെ ലക്ഷണങ്ങൾ കാണാമായിരുന്നു. അതുവരെ ബ്ലോക്കുകളൊന്നും കൂടാതെ വന്നിരുന്ന ഞങ്ങൾക്ക് പിന്നീട് നല്ല ബ്ലോക്ക് ആയിരുന്നു നേരിടേണ്ടി വന്നിരുന്നത്. കുറേദൂരം ചെന്നപ്പോൾ ദൂരെയായി പാരാഗ്ലൈഡിംഗ് നടത്തുന്നതൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ഞങ്ങൾ കാഴ്ചകളൊക്കെ കണ്ടു റോത്താങ്പാസ്സ് ഇറങ്ങിക്കൊണ്ടിരുന്നു.

കുറേക്കൂടി ചെന്നതോടെ വഴിയിലെ തിരക്കുകൾ ഒഴിഞ്ഞു തുടങ്ങി. അങ്ങനെ കുറേദൂരം ഓടിക്കഴിഞ്ഞു ഞങ്ങൾ മണാലിയിൽ എത്തിച്ചേർന്നു. രാവിലെ 7 മണിയോടെ ജസ്പായിൽ നിന്നും പുറപ്പെട്ട ഞങ്ങൾ ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോൾ ആണ് മണാലിയിൽ എത്തിച്ചേർന്നത്. മണാലിയിൽ വെച്ച് പ്രവീൺ എന്ന ഞങ്ങളുടെ ഒരു സുഹൃത്തിനെ മീറ്റ് ചെയ്തു. എന്നിട്ട് ഞങ്ങളൊന്നിച്ചു ഭക്ഷണം കഴിച്ചു. മണാലിയിൽ ഒരു ദിവസമെങ്കിലും തങ്ങണം എന്നായിരുന്നു ഞങ്ങളുടെ ആദ്യപ്ലാൻ എങ്കിലും പിന്നീട് ഞങ്ങൾ അവിടെ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചു.

വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ മണലിൽ നിന്നും ഡൽഹി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. മണാലി – ഡൽഹി റൂട്ടിൽ നല്ല കട്ട ബ്ലോക്ക് ആയിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. അങ്ങനെ ബ്ലോക്കുകളെല്ലാം കടന്നു ഞങ്ങൾ യാത്ര തുടർന്നു. വഴിയുടെ ഒരു വശത്തുകൂടി താഴെ ബിയാസ് നദി ഒഴുകിക്കൊണ്ടിരുന്നു. ഞാനും എമിലും മാറിമാറി ഡ്രൈവ് ചെയ്തു ഞങ്ങൾ എട്ടു മണിക്കൂർ കൊണ്ട് ചണ്ടീഗഡ് ഭാഗത്ത് എത്തിച്ചേർന്നു. അവിടെ ഹൈവേയുടെ ഓരത്തു കണ്ട ഒരു ധാബയിൽ ഞങ്ങൾ ഭക്ഷണം കഴിക്കുവാൻ കയറി. അപ്പോഴാണ് അവിടെ താമസസൗകര്യവും ഉണ്ടെന്നു മനസ്സിലായത്. 2200 രൂപയ്ക്ക് ഒരു എസി റൂം ഞങ്ങൾക്ക് അവർ തന്നു.

എല്ലാവർക്കും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ രാത്രി ഡ്രൈവിംഗ് ഞങ്ങൾ ഒഴിവാക്കുവാനായിട്ടാണ് അന്ന് അവിടെ തങ്ങുവാൻ തീരുമാനിച്ചത്. ഹാരിസ് ഇക്ക അടുത്ത ദിവസം ഞങ്ങളോട് വിടപറയുകയാണ്. ഇക്ക അടുത്ത ദിവസം ഡൽഹിയിൽ നിന്നും നാട്ടിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് മണാലിയിൽ ഒരു ദിവസം തങ്ങാതെ ഞങ്ങൾ പെട്ടെന്ന് ഡൽഹിയിലേക്ക് യാത്രയായത്.

അങ്ങനെ ധാബയിലെ കിടിലൻ ഭക്ഷണവും കഴിച്ചു ഞങ്ങൾ റൂമിലേക്ക് പോകുകയും, നല്ല ക്ഷീണം കാരണം കിടന്നുറങ്ങുകയും ചെയ്തു. ഇനി അടുത്ത ദിവസം ഡൽഹിയിലേക്ക്…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.