ബസ്സുകളിൽ കാണപ്പെടുന്ന ‘പ്രകാശ്’ എന്ന എഴുത്തിനു പിന്നിലെ യാഥാർഥ്യം

ടൂറിസ്റ്റു ബസ്സുകൾ എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് പണ്ടുമുതലേ ഒരു സങ്കൽപ്പമൊക്കെയുണ്ട്. ഇരുവശത്തും ഷട്ടറുകൾക്ക് പകരം ഗ്ലാസ്സിട്ട വിൻഡോകൾ, അതിനു മുകളിലും ഗ്ളാസ് കൊണ്ടുള്ള ചതുരാകൃതിയിലുള്ള ചെറിയ വിൻഡോ, കുഷ്യനുകളുള്ള സീറ്റ്, സിനിമ കാണുവാൻ ടിവി, മ്യൂസിക് സിസ്റ്റം, പല വർണങ്ങളിലുള്ള ലൈറ്റുകൾ അങ്ങനെ പോകുന്നു ടൂറിസ്റ്റ് ബസ്സുകളെ പണ്ട് നമ്മൾ തിരിച്ചറിയുവാൻ ഉപയോഗിച്ചിരുന്ന ഘടകങ്ങൾ.

പണ്ടു മുതൽക്കേ ടൂറിസ്റ്റ് – പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ബസ്സുകളുടെ മുന്നിൽ കാണുന്ന ഒരു പേരുണ്ട് – പ്രകാശ്. എന്താണ് ഈ പ്രകാശ് എന്നെഴുതിയിരിക്കുന്നതെന്നു സംശയമുള്ളവർ ഇന്നും നമുക്കിടയിൽ കാണും. തെന്നിന്ത്യയിലെ ഏറ്റവും പേരുകേട്ട ബസ് ബോഡി നിർമ്മാതാക്കളായ പ്രകാശ് നിർമ്മിച്ച ബസ്സുകളുടെ മുന്നിലാണ് ഇത്തരത്തിൽ പ്രകാശ് എന്ന പേര് കാണുന്നത്. 45 – 50 സീറ്റ് ബസ്സുകളുടെ ഷാസി വാങ്ങി സ്വന്തമായി ബോഡി കെട്ടി നിരത്തിലിറക്കുന്ന നിരവധി ബോഡി വർക്ക്ഷോപ്പുകൾ ഇന്നുണ്ട്. എന്നാൽ പ്രകാശിന്റെ പേരും പെരുമയും കടത്തിവെട്ടാൻ പോന്ന തരത്തിൽ വിപ്ലവമുണ്ടാക്കുവാൻ ആർക്കും കാര്യമായി സാധിച്ചിട്ടില്ലെന്നതാണ് സത്യം.

1968 ൽ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസ് (SMK) എന്ന പേരിലാണ് പ്രകാശിന്റെ തുടക്കം. അന്ന് സൗത്ത് ഇന്ത്യയിൽ ഇതേപോലെ ബസ്സുകൾക്ക് ബോഡി പണിയുന്ന വർക്ക്ഷോപ്പുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കണ്ണപ്പയുടെ ബസ്സുകൾ വളരെ പെട്ടെന്ന് പ്രശസ്തി നേടി. പക്ഷെ ഉടമയ്ക്ക് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനി വിൽക്കുവാൻ തീരുമാനമായി. ഒടുവിൽ പ്രകാശ് നാരംഗിന്റെ ഉടമസ്ഥതയിലുള്ള ‘പ്രകാശ് റോഡ് ലൈൻസ്’ എന്ന കമ്പനി 1975 ൽ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസിനെ ഏറ്റെടുത്തു. കമ്പനി പ്രകാശ് ഏറ്റെടുത്തെങ്കിലും SMK (S.M. Kannappa) എന്ന ബ്രാൻഡ് നെയിം അവർ തുടർന്നു പോരുകയായിരുന്നു. അന്ന് ബസ് വ്യവസായ രംഗത്ത് മികച്ച പേരുണ്ടായിരുന്ന SMK യുടെ മൂല്യം മനസ്സിലാക്കിയായിരുന്നിരിക്കണം അവർ അതേ ബ്രാൻഡ് നെയിം ഉപയോഗിച്ചുകൊണ്ടു തന്നെ മുന്നോട്ടു പോകുവാൻ തീരുമാനിച്ചത്.

എന്നാൽ വർഷങ്ങൾക്ക് ശേഷം നിരവധി പ്രശ്നങ്ങളെ കണ്ണപ്പ ഓട്ടോമൊബൈൽസിനു (പ്രകാശ്) നേരിടേണ്ടി വന്നു. തൊഴിൽ തർക്കവും മറ്റും മൂലം 1987 ൽ കണ്ണപ്പ ഓട്ടോമൊബൈൽസ് ഒരു വർഷത്തോളം പൂട്ടിയിടേണ്ട ഗതി വരികയുണ്ടായി. ഒടുവിൽ ഒരു വർഷത്തിനു ശേഷം 1988 ൽ മികച്ച പ്രൊഫഷണലുകളെയും കൂടെക്കൂട്ടി കമ്പനി വീണ്ടും പ്രവർത്തനമാരംഭിച്ചു. പിന്നീട് തകർച്ചയിൽ നിന്നും പ്രകാശ് കുതിച്ചുയരുന്ന കാഴ്ചയാണ് കാണുവാനായത്. മികച്ച മാനേജ്‌മെന്റും ടെക്‌നോളജിയെ കൈപ്പിടിയിൽ വെച്ചുകൊണ്ടുള്ള പ്രവർത്തനമികവുമെല്ലാം പ്രകാശിനെ ഉന്നതിയിലേക്ക് എത്തിച്ചു. തൊഴിലാളികളുടെ കൂലിത്തർക്കം പരിഹരിക്കുകയും ഒപ്പം തന്നെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം ഓട്ടോമേറ്റഡ് ആക്കുകയും ചെയ്തു.

തൊണ്ണൂറുകളിൽ ലക്ഷ്വറി കോച്ചുകളുടെ നിർമ്മാണവും തുടങ്ങിവെച്ച പ്രകാശ് ഇന്ന് ഇന്ത്യയിലെത്തന്നെ മികച്ച ബസ് നിർമ്മാതാക്കളിൽ ഒന്നായി മാറിയിരിക്കുന്നു. കാലങ്ങൾക്കനുസരിച്ച് ബസ്സുകളുടെ രൂപത്തിലും ഭാവത്തിലുമെല്ലാം പ്രകാശ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രകാശ് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ബെംഗളൂരുവിലെ ലാൽ ബാഗിന് എതിർവശത്തായാണ്. കൂടാതെ പീനിയയിലും മാന്ധ്യയിലും രണ്ടു യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് എട്ടേക്കറോളം വരുന്ന പ്രകാശ് പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നും ഒരു മാസം ശരാശരി മുന്നൂറോളം ബസ്സുകൾ പുറത്തിറങ്ങുന്നുണ്ട്. കമ്പനിയുടെ തുടക്കം മുതലേ മൂന്നു കാര്യങ്ങളിലാണ് പ്രകാശ് വിട്ടുവീഴ്ചകൾ ചെയ്യാത്തത് – Safety, Comfort, and Luxury.

ഒരു വണ്ടിയുടെ ഡെലിവറിയോടെ കസ്റ്റമറുമായുള്ള ബന്ധം അവസാനിക്കുകയല്ല, മറിച്ച് ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് പ്രകാശ് നമുക്ക് മനസ്സിലാക്കിത്തരുന്നു. നിശ്ചിത കാലയളവിൽ തങ്ങൾ വിറ്റ വാഹനത്തിന്റെ പ്രവർത്തന മികവ് കമ്പനി പ്രതിനിധികൾ പരിശോധിച്ച് 0% പരാതി ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത് എന്നാണു കമ്പനി അവകാശപ്പെടുന്നത്.

ഇന്ന് കേരളത്തിലെ 75 ശതമാനത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസ്സുകളും എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസ് ‘പ്രകാശ്’ എന്ന പേരിൽ നിർമിക്കുന്ന ബോഡിയാണ് ഉപയോഗിക്കുന്നത്. നല്ല ഭംഗിയും ഫിനിഷിംഗുമുള്ള അവരുടെ ബോഡി നിർമ്മാണ രീതികൾ മറ്റു നിർമാതാക്കൾ മാതൃകയാക്കേണ്ടി വന്നത് പ്രകാശിൻ്റെ സ്വീകാര്യതയാണ് വെളിവാക്കുന്നത്. സ്വകാര്യ ബസ്സുകൾ മുതൽ സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സുകൾ വരെ ഇന്ന് പ്രകാശ് ബോഡിയുമായി സർവ്വീസ് നടത്തുന്നുണ്ട്. ആർക്കും എത്തിപ്പിടിക്കാനാവാത്ത ബ്രാൻഡ് നെയിമും പ്രശസ്തിയും നേടി പ്രകാശിന്റെ അഥവാ എസ്.എം. കണ്ണപ്പയുടെ ജൈത്രയാത്ര തുടരുന്നു…