ദിശയറിയാതെ ഒഴുകുന്ന പുഴപോലെ ലോറിക്കാരുടെ ജീവിതം

എഴുത്ത് – ശബരി വർക്കല.

ദിശ അറിയാതെ ഒഴുകുന്ന പുഴപോലെയാണ് ലോറിക്കാരുടെ ജീവിതം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോൾ നേരെ, മറ്റു ചിലപ്പോൾ കൈ വഴികളിലൂടെ… അങ്ങനെ ഇരു കരകളും തമ്മിൽ കൂട്ടിമുട്ടിക്കാൻ അവർ പ്രയാസപ്പെടുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ.

ഒഴുക്ക് എപ്പോഴാണ് നിലക്കുക എന്ന് പറയാൻ കഴിയില്ല. ഈ കൊറോണ കാലത്തു നമ്മൾ അത് നേരിട്ട് കണ്ടതാണ്. പിന്നെ വീണിടം വിഷ്ണുലോകം ആക്കുന്ന അവരുടെ മനസാണ് “മാസ്സ്”. അത് തന്നെയാണ് ആ ഒഴുക്കിനു അവരെ നയിക്കുന്നതും. ഒരു ലോറി ഡ്രൈവറെ സംബന്ധിച്ചടുത്തോളം അവൻ്റെ ആദ്യത്തെ വീടും കുടുംബവും പോലും ആ വാഹനം ആണ്. കാരണം ജീവിതത്തിന്റെ മുക്കാൽ ഭാഗവും ചിലവഴിക്കുന്നത് ആ ചക്രങ്ങളുടെ മുകളിൽ. ആട്ടുകല്ല്, അരപ്പ് കല്ല്, അടുപ്പ്, കട്ടിൽ, അടുക്കള, കിടപ്പു മുറി, അലക്കു കല്ല് എല്ലാം അടങ്ങുന്ന സഞ്ചരിച്ചു കൊണ്ടിരിക്കൂന്ന ഒരു കൊച്ചു കൂടാരത്തിൽ ആണ് അവൻ്റെ സ്വപ്നങ്ങൾ മുഴുവനും.

നമുക്കറിയാം നമ്മുടെ അച്ഛൻ എവിടേക്കെങ്കിലും ഒരു ദൂര യാത്ര കഴിഞ്ഞു വന്നാൽ ആദ്യം തിരയുക കുട്ടികളെ ആയിരിക്കും. എന്നാൽ ദീർഘ ദൂരം യാത്ര ചെയ്‌യുന്ന ലോറി ഡ്രൈവർമാർ എവിടെയെങ്കിലും ഒരു പത്തു മിനിട്ടു ക്ഷീണം അകറ്റാൻ നിർത്തിയാൽ നാലു വശവും അവർ ആദ്യം തിരയുക മക്കളെ പോലെ വാത്സല്യത്തോടെ കാണുന്ന ആ ചക്രങ്ങളെ ആയിരിക്കും. അവരെ ഒന്ന് തൊട്ടും തലോടിയും പരിചരിച്ച ശേഷമാണ് ആ ചായകുടിയ്ക്കു പോലും മുതിരുന്നത്.

ഈ മഹാമാരിയുടെ കാലത്തു സ്വന്തം ജീവന് വേണ്ടി സാമൂഹിക അകലം പാലിച്ചു എല്ലാരും വീടുകളിൽ കഴിഞ്ഞപ്പോഴും, നമുക്കുള്ള ഭക്ഷ്യ സാധനങ്ങൾക്ക് ഒരു കുറവും വരുത്താതെ അകലങ്ങളിലേക്ക് പോയി മറഞ്ഞ, ഞങ്ങൾ ഉറങ്ങുമ്പോൾ ഉറങ്ങാതിരുന്ന കൂട്ടുകാരെ നിങ്ങൾക്കു ഒരായിരം നന്ദി.

ഇനി വഴിയിൽ ലോറിക്കാരെ കാണുമ്പോൾ പുച്ഛത്തോടെ നോക്കാതിരിക്കുക. അവഗണിക്കാതിരിക്കുക. ഓവർടേക്ക് ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞു അവരെ ചീത്തപറയാനോ ആക്രമിക്കാനോ മുതിരാതിരിക്കുക.