പരമ്പരാഗത പാതയിലൂടെ ശബരിമല യാത്ര; ഒരു യാത്രാ വിവരണം

വിവരണം – പ്രേം സന്തോഷ്.

ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു.

വീട്ടിൽ നിന്നും രാവിലെ 8 മണിയോട് കൂടി കെട്ടുനിറച്ചു തുടങ്ങി യാത്ര KSRTC ബസിൽ അവസാനിച്ചത് എരുമേലിയിൽ ആണ്. ഉദയനൻ എന്ന കാട്ടുകൊള്ളക്കാരന്റെ ഓരോ കോട്ടകളും കീഴടക്കികൊണ്ട് അയ്യപ്പനും പടയാളികളും മുന്നേറിയ അതേ പാതയിലൂടെ. ചരിത്രത്തിലെ ആ പടയോട്ടത്തിന്റെ പാത തന്നെയാണ് ഇന്നത്തെ ശബരിമല തീർത്ഥാടനത്തിന്റെ പരമ്പരാഗത കാനന പാതയും.

പണ്ട് കാലങ്ങളിൽ സൈന്യം പടയോട്ടം നടത്തുമ്പോൾ ഇടയ്ക്കു വിശ്രമിക്കുന്ന സങ്കേതങ്ങളെ താവളങ്ങൾ എന്നാണു പറഞ്ഞിരുന്നത്. എരുമേലിയിൽ നിന്നും കരിമലവഴി ശബരിമലയിലേക്ക് നീളുന്ന കാനന പാതയിലെ ഓരോ ഇടവിശ്രമസങ്കേതങ്ങളെയും ഇന്നും ഇടത്താവളങ്ങൾ എന്ന് വിളിക്കുന്നത് ചരിത്രത്തിലെ ആ വലിയപടയോട്ടത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് എന്ന് വ്യക്തമാണ്. എരുമേലിയിൽ ആണ് പേട്ടതുള്ളൽ.

പേട്ടതുള്ളലിനു കടയിൽ നിന്നും ചായങ്ങൾ കിട്ടും. അവ ദേഹത്തു പൂശണം. ഗദ, വാൾ, പച്ചില കൊളുന്ത് തുടങ്ങി എല്ലാസാധനങ്ങളും കടയിൽ കിട്ടും. മഹിഷിയുടെ ജഡം എന്ന സങ്കൽപത്തിൽ പച്ചക്കറികൾ കരിമ്പടത്തിൽ പൊതിഞ്ഞ് കമ്പിൽ കെട്ടി രണ്ടു പേർ എടുക്കണം. മേളത്തിന്റെ അകമ്പടിയോടെ വേണം പേട്ടതുള്ളൽ. കൊച്ചമ്പലത്തിൽ നിന്നാണ് പേട്ട തുള്ളൽ ആരംഭിക്കുന്നത്.

ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് റോഡിന് എതിർവശത്തുള്ള വാവരു പള്ളിയിൽ കയറി പ്രദക്ഷിണംവച്ച് കാണിക്കയിട്ടു വാവരു സ്വാമിയെ പ്രാർഥിച്ച് ഇറങ്ങി നേരെ വലിയമ്പലത്തിലേക്ക്. അവിടെ പ്രദിക്ഷിണം വച്ചാണു പേട്ടതുള്ളൽ പൂർത്തിയാക്കുക. വലിയമ്പലത്തിൽ ശക്തിക്കൊത്ത വഴിപാടും നടത്തണം. പേട്ടതുള്ളിക്കഴിഞ്ഞാൽ കുളിച്ച് ദേഹത്തെ ചായം കളയണം. വലിയമ്പലത്തിനു മുന്നിലെ തോട്ടിൽ കുളിക്കാം.

എരുമേലിയിൽ കൊച്ചമ്പലത്തിലും വലിയമ്പലത്തിലും വാവര് സ്വാമിയെയും തൊഴുത് ഉച്ചക്ക് കാനന പാത ലക്ഷ്യമാക്കി നടന്നു തുടങ്ങി ഏകദേശം 3 കിലോ മീറ്റർ നടന്നു നീങ്ങുമ്പോൾ എത്തി ചേരുന്ന പ്രദേശമാണ് പേരൂർത്തോട്. ഉദയനന്റെ രണ്ടാമത്തെ ശക്തമായ കോട്ട സ്ഥലം. കാടിനേയും നാടിനെയും വേർതിരിക്കുന്ന പേരൂർത്തോട്.

പേരൂർതോടിൽ നിന്നും കാനന മാർഗത്തിലേക്ക് നീളുന്ന പാത കേറിചെല്ലുന്നതു ഇരുമ്പൂന്നിക്കരയിലാണ്. അയ്യപ്പനും പടയാളികളും വില്ലും ശരവും വാളുകളും ഊന്നിവച്ചു വിശ്രമിച്ച സ്ഥലമാണിതെന്നാണ് പറയുന്നത് ഈ സ്ഥലത്തിന്റെ വിളിപ്പേര് കൊണ്ട് തന്നെയാണ്. ഇവിടെ ശിവ ക്ഷേത്രവും സുബ്രമണ്യ സ്വാമിയുടെ ക്ഷേത്രവും ഉണ്ട്.

ഇരുമ്പൂന്നിക്കര ഇടത്താവളത്തിൽ നിന്നും വീണ്ടും മുന്നോട്ടേക്കുള്ള ഇടവഴി കോയിക്കൽകാവിലേക്കു നീളുന്നതാണ്. വനദുർഗാ സങ്കൽപത്തിൽ ഒരു ബാലഭദ്രകാളി ക്ഷേത്ര നമുക്കിവിടെ കാണാനാകും. കോയിക്കകാവ് ഫോറസ്‌റ്റ് ചെക്ക്പോസ്‌റ്റ് കടന്നുവേണം കാട്ടിലേക്കു കയറാൻ. ഇവിടം മുതൽ തേക്കു വളർന്നു നിൽക്കുന്ന തേക്കിൻ കാടുകൾ ആണ്.

ചെക്ക് പോസ്റ്റിൽ നിന്നും ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് കാളകെട്ടിയിൽ ആണ് ഇവിടെ മഹാദേവക്ഷേത്രവും കാളയെ കെട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ആഞ്ഞിലിയുമുണ്ട്. അയ്യപ്പന്റെ അവതാരോദ്ദേശമായ മഹിഷീ നിഗ്രഹം ശിവ പാർവതിമാർ ഇവിടെയിരുന്നാണു വീക്ഷിച്ചതെന്നാണ് ഐതിഹ്യം.

10 മിനിറ്റുകൂടി യാത്ര ചെയ്‌താൽ അഴുതയിലെത്തും. അഴുതയിൽ മുങ്ങി കല്ലെടുത്തു വേണം മേടു കയറാനെന്നാണു ആചാരം. നല്ല തണുത്ത വെള്ളം ആണ് അഴുതയിൽ. അഴുതയിലെ കുളി അതുവരെയുള്ള യാത്രയുടെ ഷീണം അകറ്റി കളഞ്ഞു. അഴുതയിൽ ഒട്ടേറെ കടകള്‍ മിക്കതും വിരിവെയ്ക്കാനും വിശ്രമിക്കാനും സൗകര്യത്തോടെ.

ഇനി അഴുതമേട് കയറ്റമാണ് പാപ പുണ്ണ്യങ്ങളുട ഏറ്റക്കുറച്ചിൽ അഴുതമേട് കേറുമ്പോൾ അറിയാം എന്നാണ് പഴമക്കാർ പറയുന്നത്. കുത്തനെയുള്ള കയറ്റം കയറിയുള്ള യാത്രയാണ് ഒരു മണിക്കൂറോളം വേണ്ടിവരും മുകളിലെത്താൻ. വനത്തിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാത. മണ്ണിലുയർന്നു നിൽക്കുന്ന മരങ്ങളുടെ വേരുകളും വലിയ പാറക്കല്ലുകളുമാണു ചവിട്ടിക്കയറാനുള്ള വഴി. ഇടയ്‌ക്കിടെ പാറക്കെട്ടുകളിലിരുന്നു വിശ്രമിക്കാം. വൻമരങ്ങളെ തഴുകിവരുന്ന കാറ്റ് ക്ഷീണമകറ്റും.

അഴുതമേട് കയറി ചെല്ലുന്നതു കല്ലിടാം കുന്നിലേക്കാണ്. അവിടെ അഴുതയിൽ നിന്നെടുത്ത ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞുകിടക്കുന്നതു കാണാം. എല്ലാം അയ്യപ്പന്മാർ ഇട്ടു പുണ്യം നേടിയവ. ഞങ്ങളുടെ ഇന്നത്തെ വിശ്രമം ഇവിടെയാണ് ഇപ്പം വന്നയമൃഗങ്ങളുടെ ഭീക്ഷണി കാരണം പരമ്പരാഗത പാതയിൽ വയികിട്ടു 5മണിക്ക് ശേഷം ആരെയും നടന്നു പോകാൻ അനുവദിക്കുന്നില്ല. എല്ലാവരും കൂടി ഞങ്ങൾ അന്ന് അവിടെ ചെറിയ ഒരു ഭജന ഒക്കെ നടത്തി വിശ്രമിച്ചു.

കല്ലിടാം കുന്നിലെ രാത്രി വിശ്രമത്തിനു ശേഷം അതിരാവിലെ അവിടെ നിന്ന് യാത്ര തുടങ്ങി. അരമണിക്കുർ യാത്ര അവസാനിക്കുന്നത് ഉദയൻന്റെ മറ്റൊരു കോട്ടയായ ഇഞ്ചിപ്പാറ കോട്ടയിൽ ആണ്. ഇവിടെ കോട്ട കാക്കാൻ ഉടുമ്പറ വില്ലന്റെയും അയ്യപ്പന്റേയും പ്രതിഷ്ട്ടകൾ ഉണ്ട്.

ഇഞ്ചപ്പാറക്കോട്ടയിൽ നിന്ന് അര മണിക്കൂർ ഇറക്കം ഇറങ്ങിയാൽ മുക്കുഴിയിലെത്തും. ഇത് ഇടത്താവളമാണ്. ഇവിടെ ഒരു ദേവീ ക്ഷേത്രമുണ്ട്. മുക്കുഴി ദേവിയെ പ്രാർഥിച്ചുവേണം ഇനിയുള്ള യാത്ര. പമ്പയിലെത്തിച്ചേരാൻ ഏഴു മണിക്കൂറോളം നീണ്ട യാത്രയുണ്ട്. ഞങ്ങളുടെ ഇന്നത്തെ പ്രഭാത ഭക്ഷണം ഇവിടെ നിന്ന് കഴിഞ്ഞു.

സൂര്യപ്രകാശം പോലും വീഴാൻ മടിക്കുന്ന കാട്ടിലെ ഒറ്റയടിപാതയിലൂടെ മാത്രമാണു യാത്ര. സംഘങ്ങളായി പോകുന്ന അയ്യപ്പന്മാരുടെ ശരണം വിളികൾ കാട്ടിൽ എവിടെയൊക്കെയോ മാറ്റൊലി കൊള്ളുന്നു. എല്ലാം അയ്യപ്പനിൽ സമർപ്പിച്ചു കൊണ്ടുള്ള ഈ യാത്ര തന്നെ ഭക്‌തിയുടെ പരമകോടിയാണ്. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും മാത്രമുള്ള വഴിയാണിത്.

മലയുടെ ചരിവുകളിലും താഴ്‌വാരങ്ങളിലും ചെറിയ നീരൊഴുക്ക് ധാരാളമായി ഉണ്ട്. ഇവിടെ കാലും മുഖവും ഒന്നു കഴുകുമ്പോൾ ക്ഷീണം പമ്പ കടക്കും. ആനകൂട്ടങ്ങളുടെ സാന്നിധ്യം എവിടെയോ ഉണ്ടെന്നു ബോധ്യപ്പെടുത്താനായി വഴിയിൽ എല്ലായിടത്തും പിണ്ടം. മുക്കുഴിയിൽ നിന്ന് മൂന്നു മണിക്കൂർ നടന്നാൽ പുതുശ്ശേരിയാറിന്റെ കരയിലാണെത്തുക. ഇത് ഒരു ഇടത്താവളമാണ്.

ഇനിയുള്ള യാത്ര കരിമല ലക്ഷ്യമാക്കിയാണ്. പുതുശേരിയിൽ നിന്നുള്ള യാത്ര കരിമലക്കു മുൻപ് എത്തുന്നത് കരിയിലാം തോട്ടിലാണ്. ചെറിയ കാട്ടരുവിയും തീർഥാടനപാതയിലെ ആചാരമനുഷ്‌ഠിക്കാനുള്ളതാണെന്നത് അവിശ്വസനീയമായി തോന്നാം. തോടു കടക്കുന്നതിനു മുൻപ് ഒരു കരിയില കയ്യിലെടുക്കണം. ഇതുമായി തോടു കടന്നശേഷം കരിയില കരയ്‌ക്ക് ഇട്ട് അതിൽ കാൽ ചവുട്ടി വേണം കടക്കാൻ. കരിയിലയിൽ നിന്നും കാലെടുത്തു വയ്‌ക്കുന്നതു കരിമലയിലേക്കാണ്.

കരിമല കയറ്റം കഠിനം എന്റെഅയ്യപ്പാ. ഏഴു തട്ടുള്ള കരിമല. ഒരു മലയിൽ നിന്നും കയറുന്നത് അടുത്ത മലയിലേക്ക്. ഒറ്റയടിപാതയിലൂടെയാണ് ഓരോ മലയും കീഴടക്കേണ്ടത്. കാടിന്റെ ഗാംഭീര്യവും അനന്തതയും അനുഭവിച്ചറിയുന്നത് കരിമലയിലാണ്. എവിടെയും ഇരുണ്ട പച്ച. കാടിന്റെ മേലാപ്പു മാത്രം. ഇലകളൊഴിഞ്ഞ ഭാഗത്തുകൂടി ആകാശം കാണാം. സൂര്യരശ്‌മി എത്താൻ മടിക്കുന്ന സ്‌ഥലമാണിത്. രണ്ടു മണിക്കൂർ നടന്നാൽ കരിമലമുകളിലെത്തും. ഇവിടെയാണ് തീർഥക്കുളം. രണ്ടാൾ മാത്രം താഴ്‌ചയുള്ള കിണറ്റിൽ വെള്ളം എന്നും ഒരേ അളവിൽ കാണുമെന്നതാണ് പ്രത്യേകത.

കരിമല മുകളിൽ എപ്പോൾ എത്തുന്നവർക്കും അയ്യപ്പ സേവാസംഘത്തിന്റെ ക്യാംപിൽ സൗജന്യമായി ചൂടുകഞ്ഞി കിട്ടും. അതു കുടിച്ചു കഴിയുമ്പോഴേ കയറ്റത്തിന്റെ ക്ഷീണം മുഴുവൻ അലിഞ്ഞു പോകും.

കരിമല ഇറക്കം അതിലും കഠിനം എന്റെ അയ്യപ്പാ. ഏഴു തട്ടായിട്ടാണു കയറിയതെങ്കിൽ ഇറങ്ങേണ്ടത് ഒറ്റതട്ടിലൂടെയാണ്. അതി കഠിനമായ ഇറക്കമാണ്. രണ്ടു മണിക്കൂർ ഇറങ്ങിയാൽ പമ്പാനദീതീരത്തെത്തും. കരിമല ഇറങ്ങി ചെല്ലുന്നത് വലിയാനവട്ടത്തേക്ക്. പമ്പ പോലെ വിശാലമാണ്. ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇവിടെ തങ്ങുന്നത്. മകരവിളക്കിനാണ് ഏറ്റവും വലിയ തിരക്ക്.

ചെറിയ കയറ്റവും ഇറക്കവും കഴിഞ്ഞ് നേരെ എത്തുന്നത് ചെറിയാനവട്ടത്തേക്കാണ്. വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. നദിക്കരയിലൂടെ വീണ്ടും അൽപ്പം നടന്നാൽ പമ്പയിലെത്തും.

ഏകദേശം നാലു മാണിയോട് കൂടി പമ്പയിൽ എത്തി. പ്രളയം തകർത്ത പമ്പ പാടെ മാറിയിരിക്കുന്നു. ഒരുപാട് മണൽ തിട്ടകൾ പമ്പയില്‍ നൂറുകണക്കിന് ഭക്തര്‍ കുളിക്കുന്നു. ഗണപതിയുടെ കീഴെ ചവിട്ടുപടിയില്‍ കര്‍പ്പൂരം കത്തിച്ച് ധ്യാനമിഴികളുമായി പതിനായിരങ്ങള്‍ മേലോട്ട് നോക്കുന്നു. ഇനി കയറാനുള്ളത് നീലിമല മാത്രം.