സച്ചിൻ തെൻഡുൽക്കർ – ക്രിക്കറ്റ് ലോകത്തെ ഇതിഹാസം….

സച്ചിൻ രമേഷ് തെൻഡുൽക്കർ ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്. 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട്. 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.

ഏക ദിനത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ വ്യക്തിഗത സ്കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ചു പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏക ദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്. 2009 നവംബർ 5ന്‌ ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏക ദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരെ 2004-ൽ നേടിയ 248 റൺസ് ആണ്‌. മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14-ആമത്തെ വയസ്സിൽ‍ ആഭ്യന്തര ക്രിക്കറ്റിൽ മും‌ബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989 -ൽ തന്റെ പതിനാറാം വയസ്സിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്‌. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.

2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്. 2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

ചരിത്രം : മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിൺ കുടുംബത്തിലാണ്‌ സച്ചിൻ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മറാത്തി സാഹിത്യകാരൻ കൂടിയായിരുന്ന രമേഷ് ടെണ്ടുൽക്കർ, തന്റെ ഇഷ്ട സം‌ഗീത സം‌വിധായകനായ സച്ചിൻ ദേവ് ബർമ്മൻ എന്ന പേരിലെ സച്ചിൻ എന്ന നാമം തന്റെ മകനു നൽകി. ടെണ്ടുൽക്കറുടെ മൂത്ത ജ്യേഷ്ഠൻ അജിത് സച്ചിനെ ക്രിക്കറ്റ് കളിക്കാൻ പ്രോൽ‍സാഹിപ്പിച്ചിരുന്നു. അജിതിനെ കൂടാതെ സച്ചിന്‌ നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്.

പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറിൽ നിന്ന് സച്ചിൻ പഠിച്ചത്. തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ സച്ചിൻ എം.ആർ.എഫ്. പേസ് അക്കാദമിയിൽ നിന്നും പേസ് ബൗളിംഗിൽ പരിശീലനത്തിന്‌ ചേർന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന ഡെന്നിസ് ലില്ലി, സച്ചിനോട് ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.

ചെറുപ്പ കാലത്ത് സച്ചിൻ അനേകം മണിക്കൂറുകൾ പരിശീലകനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുമായിരുന്നതിനാൽ സച്ചിന് മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോൾ പരിശീലകൻ സ്റ്റമ്പിന്റെ മുകളിൽ ഒരു രൂപ നാണയം വെയ്ക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളർക്ക് ആ നാണയം സമ്മാനം നൽകുകയും ചെയ്യുമെന്ന് പറഞ്ഞു. ആ പരിശീലനത്തിനിടയിൽ ആർക്കും സച്ചിനെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ കോച്ച് ആ നാണയം സച്ചിനും നൽ‍കുമായിരുന്നു. സച്ചിൻ പറയുന്നത് അക്കാലത്ത് കിട്ടിയ 13 നാണയങ്ങൾ ആണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങൾ എന്നാണ്‌‍.

സ്കൂളിൽ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ വിനോദ് കാംബ്ലിയുമൊത്ത് സച്ചിൻ 1988-ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ, 664-റൺസ് എന്ന ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി. ആ ഇന്നിംഗ്സിൽ സച്ചിൻ 320- റൺസിൽ അധികം നേടി. അതു പോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും. 2006-ൽ ഹൈദരാബാദുകാരായ 2 സ്കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറി കടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു. 14 വയസ്സുള്ളപ്പോൾ സുനിൽ ഗവാസ്കർ താൻ ഉപയോഗിച്ച അൾട്രാ ലൈറ്റ് പാഡുകൾ സച്ചിന്‌ സമ്മാനമായി നൽകുകയുണ്ടായി. “അതെനിക്കൊരു നല്ല പ്രോൽസാഹനമായിരുന്നു” ഗവാസ്കറിന്റെ 34 -ടെസ്റ്റ് സെഞ്ച്വറികൾ എന്ന 20 വർഷം പ്രായമുള്ള റെക്കോർഡ് മറി കടന്നപ്പോൾ സച്ചിൻ ഓർത്തു.

1995-ൽ സച്ചിൻ ഗുജറാത്തി വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകൾ അഞ്ജലി എന്ന ശിശു രോഗ വിദഗ്ദ്ധയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് സാറ, അർജ്ജുൻ എന്നീ രണ്ടു മക്കൾ‍ ആണുള്ളത്. തന്റെ ഭാര്യയുടെ അമ്മയായ അന്നാബെൻ മേത്തയോടൊപ്പം സച്ചിൻ, അപ്‌നാലയ എന്ന എൻ.ജി.ഒ.യുടെ കീഴിലുള്ള 200 കുട്ടികളെ സ്പോൺസർ ചെയ്യുകയുണ്ടായി. തന്റെ സാമൂഹ്യ പ്രവർ‍ത്തനങ്ങളെ പറ്റി പറയാൻ സച്ചിന്‌ എന്നും അതൃപ്തിയായിരുന്നു. അതു തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറയാൻ ആയിരുന്നു അദ്ദേഹത്തിന്‌ ഇഷ്ടം.

15 വയസ് മാത്രം പ്രായമുള്ളപ്പോൾ സച്ചിൻ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ബോംബെ ടീമിനു വേണ്ടിയാണ്‌ കളിച്ചത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ സച്ചിൻ 100 റൺസ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനെതിരെ ആയിരുന്നു അത്. അതോടെ അദ്ദേഹം ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (15 വർഷം,232 ദിവസം).

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിൻ. 19 വയസുള്ളപ്പോൾ യോർക്ക്‌ഷെയറിനു വേണ്ടി കളിക്കുന്ന ആദ്യ വിദേശ കളിക്കാരനായി സച്ചിൻ. യോർക്‌ഷെയറിനായി അദ്ദേഹം 16 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ കളിക്കുകയും 46.52 ശരാശരിയിൽ 1070 റൺസ് നേടുകയും ചെയ്തു. 2008 ഏപ്രിലിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുബൈ ഇന്ത്യൻസ് ടീമിനു വേണ്ടിയാണ് സച്ചിൻ കളിച്ചത്

1989ൽ കറാച്ചിയിൽ പാകിസ്താനെതിരെ സച്ചിൻ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. കൃഷ്ണമചാരി ശ്രീകാന്ത് ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. കന്നി മത്സരത്തിൽ 15 റൺ‍സ് എടുക്കാനേ സച്ചിന് കഴിഞ്ഞുള്ളു. അര‍ങ്ങേറ്റക്കാരനായ വഖാർ യൂനുസ് അദ്ദേഹത്തെ ബൗൾഡാക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫൈസലാബാദിൽ നടന്ന ടെസ്റ്റിൽ സച്ചിൻ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു. ഡിസംബർ 18ന് നടന്ന അദ്ദേഹത്തിന്റെ ഏക ദിന മത്സര അരങ്ങേറ്റം നിരാശാജനകമായിരുന്നു. ഒരു റൺ പോലുമെടുക്കാൻ അദ്ദേഹത്തിനായില്ല. വഖാർ യൂനിസ് തന്നെയായിരുന്നു ഇവിടെയും സച്ചിന്റെ വിക്കറ്റെടുത്തത്. അതിനു ശേഷം നടന്ന ന്യൂസിലന്റ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ സച്ചിൻ 88 റൺസ് നേടി.

1990-ൽ ഓൾഡ് ട്രഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സച്ചിൻ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. 1991-92 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തോടെ അദ്ദേഹം ഒരു ലോകോത്തര ബാറ്റ്സ്മാൻ എന്ന നിലയിലേക്കുയർന്നു. സിഡ്നിയിൽ നടന്ന ടെസ്റ്റിൽ അദ്ദേഹം 148 റൺസ് നേടി. അന്ന് അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോണിനതിരേയുള്ള, സച്ചിന്റെ ആദ്യ മത്സരവുമായിരുന്നു അത്. വേഗതയേറിയ പിച്ചായ പെർത്തിൽ നടന്ന ടെസ്റ്റിലും സച്ചിൻ സെഞ്ച്വറി നേടി. ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ ഇതുവരെ 11 തവണ മാൻ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 4 തവണ മാൻ ഓഫ് ദ സീരീസുമായി.

1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റിൽ ഹോളി ദിനത്തിൽ നടന്ന ഏക ദിന മത്സരത്തിൽ സച്ചിൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളിൽ നിന്ന് 82 റൺസ് നേടാൻ അദ്ദേഹത്തിനായി. 1994 സെപ്റ്റംബർ 9-ന് ശ്രീലങ്കയിലെ കൊളംബോയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.

1996ൽ പാകിസ്താനെതിരെ ഷാർജയിൽ നടന്ന ഏക ദിന മത്സരത്തിൽ സച്ചിനും നവജ്യോത് സിങ് സിദ്ധുവും സെഞ്ച്വറികളോടെ രണ്ടാം വിക്കറ്റ് കൂട്ടു കെട്ടിൽ റെക്കോർഡ് റൺസ് നേടി. സച്ചിൻ പുറത്തായ ശേഷം ബാറ്റിങ്ങ് ക്രമത്തിൽ ക്യാപ്റ്റൻ അസറുദീനായിരുന്നു അടുത്തത്. ബാറ്റ് ചെയ്യാനാവാത്ത മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നാൽ സച്ചിന്റെ പ്രോത്സാഹനം മൂലം അസ്റുദീൻ വെറും 10 പന്തുകളിൽനിന്ന് 29 റൺസ് നേടി. ആ മത്സരത്തിൽ ഇന്ത്യൻ ടീം ആദ്യമായി ഒരു ഏക ദിനത്തിൽ 300 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. വിജയവും ഇന്ത്യക്കൊപ്പമായിരുന്നു.

1996-ലെ ലോക കപ്പിൽ (വിൽസ് കപ്പ്) 523 റൺസുമായി സച്ചിൻ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികൾ നേടിയ സച്ചിൻ തന്നെയായിരുന്നു ഏറ്റവും ഉയർന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോക കപ്പിലെ ശ്രീലങ്കക്കെതിരെ നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ച വെച്ചത് സച്ചിൻ മാത്രമാണ്. 65 റൺസുമായി സച്ചിൻ പുറത്തായതിനു ശേഷം ഇന്ത്യൻ ബാറ്റിങ്ങ് നിര തകർന്നടിഞ്ഞു. നിരാശരായ കാണികൾ അക്രമാസക്തരാവുകയും കളി നിർത്തി വെയ്ക്കുകയും ചെയ്തു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു.സ്പിന്നർമാരായ ഷെയ്ൻ വോണിനേയും ഗാവിൻ റോബെർട്സനേയും നേരിടാൻ സച്ചിൻ തയ്യാറാക്കിയ പദ്ധതി ഫലം കണ്ടു. ഇന്ത്യ പരമ്പര വിജയിച്ചു. ആ പരമ്പരയിൽ ബ്ബോഊ ബോളിങ്ങിലും സച്ചിൻ തിളങ്ങി. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആ മൽസരത്തിൽ, സച്ചിന്റെ ഏക ദിനത്തിലെ ഏറ്റവും മികച്ച് ബോളിങ്ങ് പ്രകടനവും (32 റൺസിന് 5 വിക്കറ്റ്) അതിലുൾപ്പെടുന്നു .

1998-ൽ ധാക്കയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഐ.സി.സി ക്വാർട്ടർ ഫൈനലിൽ സച്ചിന്റെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തിൽ സച്ചിൻ 128 പന്തിൽ നിന്ന് 141 റൺസും 4 വിക്കറ്റും നേടി.

‍1999-ൽ പാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിൽ ചെപ്പോക്കിൽ നടന്ന ടെസ്റ്റിൽ സച്ചിൻ സെഞ്ച്വറി നേടിയെങ്കിലും വിജയം പാകിസ്താനൊപ്പമായിരുന്നു. ആ വർഷത്തെ ലോക കപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു. അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു. എങ്കിലും, കെനിയക്കെതിരെ ബ്രിസ്റ്റളിൽ നടന്ന അടുത്ത മത്സരത്തിൽ ഒരു മിന്നൽ സെഞ്ച്വറിയുമായി സച്ചിൻ മടങ്ങിയെത്തി. വെറും 101 പന്തുകളിൽനിന്ന് 140 റൺസ് നേടി സച്ചിൻ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമർപ്പിച്ചു.

സച്ചിൻ രണ്ട് തവണ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായെങ്കിലും ആ സ്ഥാനത്ത് ശോഭിക്കാനായില്ല. വൻ പ്രതീക്ഷകളോടെയും വിശ്വാസത്തോടെയുമാണ് 1996-ൽ സച്ചിൻ ക്യാപ്റ്റനായത്. എങ്കിലും,1997 ആയപ്പോഴേക്കും ടീമിന്റെ പ്രകടനം വളരെ മോശമായി. അസ്‌ഹറുദ്ദീനു ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി. ഓസ്ട്രേലിയയിൽ നടന്ന് ടെസ്റ്റ് പരമ്പര ആതിഥേയർ 3-0 ത്തിന് തൂത്തുവാരി[45]. നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-0 എന്ന മാർജിനിൽ പരാജയപ്പെട്ടു. അതോടെ, 2000ത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജി വച്ചു. സൗരവ് ഗാംഗുലി പുതിയ ക്യാപ്റ്റനായി.

മൈക്ക് ഡെന്നീസ് സംഭവം : 2001ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മാച്ച് റഫറിയായ മൈക്ക് ഡെന്നിസ് അമിത അപ്പീലിങ്ങിന് നാല് ഇന്ത്യൻ താരങ്ങൾക്കും, ടീമിനെ നിയന്ത്രിക്കാത്തതിന് ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും പിഴ വിധിക്കുകയും പന്തിൽ കൃത്രിമം കാണിച്ചതിന് സച്ചിനെ ഒരു മത്സരത്തിൽ‌ നിന്ന് പുറത്താക്കുകയും ചെയ്തു. പോർട്ട് എലിസബത്തിലെ സേന്റ് ജോർജ് പാർക്കിൽ നടന്ന മത്സരത്തിൽ സച്ചിൻ പന്തിന്റെ സീം വൃത്തിയാക്കിയതായി സൂചിപ്പിക്കുന്ന ചിത്രങ്ങൾ ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോൾ പന്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്താൻ സാധ്യതയുണ്ട്.

 

ആ സംഭവത്തിൽ സച്ചിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മാച്ച് റഫറി മൈക്ക് ഡെന്നിസ് സച്ചിനെ ഒരു ടെസ്റ്റ് മത്സരത്തിൽ നിന്നും വിലക്കി. വംശീയതയുമായി ബന്ധപ്പെട്ട് ഈ സംഭവം ഒരു വൻ വിവാദത്തിലേക്ക് നീങ്ങി. മൈക്ക് ഡെന്നിസ് മൂന്നാം ടെസ്റ്റ് വേദിയിലേക്ക് പ്രവേശിക്കുന്നതിൽ‌ നിന്നും തടയപ്പെടുന്നതിനും ഇത് കാരണമായി. എന്നാൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ശരിയായ അന്വേഷണങ്ങൾക്ക് ശേഷം സച്ചിന്റെ വിലക്ക് മാറ്റി. പന്തിൽ കൃത്രിമം കാണിച്ചതിന് സച്ചിനും അമിത അപ്പീലിന് സേവാഗിനും വിലക്ക് പ്രഖ്യാപിച്ചത് ഇന്ത്യൻ ജനങ്ങൾക്കിടയിലും ഇന്ത്യൻ പാർലമെന്റിലും‌ വരെ വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

2003 ലോകകപ്പിൽ സച്ചിൻ 11 മത്സരങ്ങളിൽ നിന്ന് 673 റൺസ് നേടിക്കൊണ്ട് ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 1999 ലോകകപ്പിലെ ജേതാക്കളായ ഓസ്ട്രേലിയ തന്നെ അത്തവണയും കിരീടം നേടിയെങ്കിലും മാൻ ഓഫ് ദ ടൂർണമെന്റ് സച്ചിനായിരുന്നു. 2003/04 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ സമനിലയിലായ ടെസ്റ്റ് പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടി. സിഡ്നിയിൽ നടന്ന, പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു അത്. 241 റൺസ് നേടി പുറത്താകാതെനിന്ന സച്ചിൻ ഇന്ത്യയെ ആ മത്സരത്തിൽ പരാജയപ്പെടാനാവാത്ത സ്ഥാനത്തെത്തിച്ചു. അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ 60 റൺസ് നേടി പുറത്താകാതെ നിന്നു.

മികച്ച ഫോമിലായിരുന്നുവെങ്കിലും ടെന്നീസ് എൽബോ എന്ന രോഗം‌ മൂലം സച്ചിന് ഏകദേശം ഒരു വർഷത്തേക്ക് കളിയിൽ നിന്ന് മാറി നിൽക്കേണ്ടിവന്നു. 2004ൽ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന രണ്ട് ടെസ്റ്റുകളുടെ സമയത്താണ് സച്ചിന് മടങ്ങി വരാനായത്. മുംബൈ ടെസ്റ്റിൽ സച്ചിൻ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുവെങ്കിലും 2-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

2005 ഡിസംബർ 10ന് ഫിറോസ് ഷാ കോട്‌ലയിൽ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ സെഞ്ച്വറികളുടെ റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട് സച്ചിൻ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി നേടി. 2006 ഫെബ്രുവരി 6ന് പാകിസ്താനെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ 39ആം ഏക ദിന സെഞ്ച്വറി നേടി. അതിനു ശേഷം ഫെബ്രുവരി 11ന് പരമ്പരയിലെ രണ്ടാം ഏക ദിനത്തിൽ സച്ചിൻ 42 റൺസെടുത്തു. ഫെബ്രുവരി 13 ലാഹോറിലെ അപകടകാരിയായ പിച്ചിൽ 95 റൺസുമായി സച്ചിൻ ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു.

2006 മാർച്ച് 19ന് തന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്സിൽ 21 പന്തിൽനിന്ന് വെറും ഒരു റണ്ണാണ് സച്ചിൻ നേടിയത്. പുറത്തായ ശേഷം പവലിയനിലേക്ക് മടങ്ങിയ സച്ചിനെ ഒരു കൂട്ടം കാണികൾ കൂക്കി വിളിച്ചു. ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്. മൂന്ന് ടെസ്റ്റുകളുൾപ്പെട്ട ആ പരമ്പരയിൽ ഒരു അർധ സെഞ്ച്വറി പോലും നേടാൻ സച്ചിനായില്ല. സച്ചിന് ശസ്ത്രക്രിയ ആവശ്യമാണെന്ന വാർത്തകൾ പുറത്തു വന്നതോടെ അദ്ദേഹം ക്രിക്കറ്റിൽ തുടരുന്നതിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നു. തോളിലുണ്ടായ പരിക്കിനെ തുടർന്നാണ് സച്ചിൻ ശസ്ത്രക്രിയക്ക് വിധേയനായത്.

2006 മെയ് 23ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിനു ശേഷം താൻ കരീബിയൻ പര്യടനത്തിൽ നിന്ന് മാറി നിൽക്കുമെന്ന് സച്ചിൻ പ്രഖ്യാപിച്ചു. എങ്കിലും ഫോം വീണ്ടെടുക്കുന്നതിനും ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നതിനുമായി ലാഷിങ്സ് ലോക ഇലവണിനു വേണ്ടി 5 മത്സരങ്ങൾ കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മിന്നൽ പ്രകടനം നടത്തിയ സച്ചിന്റെ 5 മത്സരങ്ങളിലെ സ്കോറുകൾ യഥാക്രമം 155, 147(retired), 98, 101(retired), 105 എന്നിങ്ങനെയായിരുന്നു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ സ്ട്രൈക്ക് റേറ്റ് 100നും വളരെ മുകളിലായിരുന്നു. ഒരു അന്താരാഷ്ട്ര ടീമിനെതിരേയുള്ള തന്റെ ആദ്യ ട്വെന്റി20 മത്സരത്തിൽ സച്ചിന്റെ വെറും 21 പന്തുകളിൽ നിന്നുള്ള അർധ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്റർനാഷ്ണൽ XI ടീം വെറും 10 ഓവറുകൾ കഴിഞ്ഞപ്പോൾ 123 എന്ന ഉയർന്ന സ്കോറിലെത്തി. പാകിസ്താൻ XIന് എതിരെയായിരുന്നു ആ മത്സരം. 2006 ജൂലൈയിൽ പുനരധിവാസ പരിപാടിക്കു ശേഷം സച്ചിൻ പരിക്കിൽ നിന്ന് മോചിതനായതായി ബി.സി.സി.ഐ പ്രഖ്യാപിച്ചു. അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു.

സച്ചിന്റെ മടങ്ങി വരവ് നടന്നത് മലേഷ്യയിൽ നടന്ന ഡി.എൽ.എഫ് കപ്പിലാണ്. ആ പരമ്പരയിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ തിളങ്ങാനായത് സച്ചിന് മാത്രമാണ്. മടങ്ങി വരവിലെ ആദ്യ മത്സരത്തിൽ തന്നെ (2006 സെപ്റ്റംബർ 14ന് വെസ്റ്റ് ഇൻഡീസിനെതിരെ) സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങി വരാനാവാത്തതു പോലെ വഴുതി പോവുകയാണെന്ന് വിശ്വസിച്ച വിമർശകർക്ക് അദ്ദേഹം തന്റെ 40ആം ഏക ദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നൽകി. സച്ചിൻ പുറത്താകാതെ 141 റൺസ് നേടിയെങ്കിലും മഴ തടസ്സപ്പെടുത്തിയ കളിയിൽ ഡക്ക്‌വർത്ത്-ലൂയിസ് രീതിയിലൂടെ വെസ്റ്റ് ഇൻഡീസ് വിജയികളായി.

2007 ലോക കപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ സച്ചിന്റെ മനോഭാവത്തെ വിമർശിച്ചു. റിപ്പോർട്ടനുസരിച്ച്, ബാറ്റിങ്ങ് ക്രമത്തിൽ താഴെയായിരിക്കും സച്ചിൻ കൂടുതൽ പ്രയോജനപ്പെടുകയെന്ന് ചാപ്പൽ അഭിപ്രായപ്പെട്ടെങ്കിലും താൻ കരിയറിൽ ഭൂരിഭാഗം സമയവും ചെയ്തതു പോലെ ഇന്നിംങ്സ് ഓപ്പൺ ചെയ്യുന്നതായിരിക്കും നല്ലതെന്നായിരുന്നു സച്ചിന്റെ അഭിപ്രായം. സച്ചിന്റെ തുടർച്ചയായ പരാജയങ്ങൾ ടീമിന്റെ വിജയ സാദ്ധ്യതയ്ക്ക് തടയിടുന്നതായും ചാപ്പൽ വിശ്വസിച്ചു. ക്രിക്കറ്റിനോടുള്ള തന്റെ മനോഭാവം തെറ്റാണെന്ന് ഇതേ വരെ മറ്റൊരു പരിശീലകനും പറഞ്ഞിട്ടില്ലെന്നാണ് ചാപ്പലിന്റെ വിമർശനങ്ങൾക്ക് വളരെ അപൂർ‌വമായ വികാര പ്രകടനത്തിലൂടെ സച്ചിൻ മറുപടി പറഞ്ഞത്. 2007 ഏപ്രിൽ 7ന്, മാധ്യമങ്ങളോട് നടത്തിയ ഈ പരാമർശങ്ങൾക്ക് വിശദീകരണം ചോദിച്ചു കൊണ്ട് ബി.സി.സി.ഐ സച്ചിന് നോട്ടീസയച്ചു.

2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യൻ ടീമും സച്ചിനും വളരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഗ്രെഗ് ചാപ്പൽ ബാറ്റിങ്ങ് ക്രമത്തിൽ താഴോട്ടാക്കിയ സച്ചിന്റെ സ്കോറുകൾ 7 (ബംഗ്ലാദേശിനെതിരെ), 57* (ബെർമുഡക്കെതിരെ), 0 (ശ്രീലങ്കക്കെതിരെ) എന്നിങ്ങനെയായിരുന്നു. അതിന്റെ ഫലമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും അപ്പോഴത്തെ ഇന്ത്യൻ കോച്ചായ ഗ്രെഗ് ചാപ്പലിന്റെ സഹോദരനുമായ ഇയാൻ ചാപ്പൽ സച്ചിൻ വിരമിക്കണമെന്ന് മുംബൈയിലെ ഒരു മദ്ധ്യാഹ്ന പത്രത്തിലെ തന്റെ പംക്തിയിൽ എഴുതി.

അതിനു ശേഷം നടന്ന ബംഗ്ലാദേശ് പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ മാൻ ഓഫ് ദ സീരീസായി. ഏക ദിന പരമ്പരയിൽ നിന്നും സച്ചിൻ ഒഴിവാക്കപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഫ്യൂച്ചർ കപ്പിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സച്ചിൻ 90ന് മുകളിൽ റൺസ് നേടി. 66 റൺസ് ശരാശരിയോടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുത്ത സച്ചിൻ തന്നെയായിരുന്നു മാൻ ഓഫ് ദ സീരീസ് പുരസ്കാരം.

2007 ജൂലൈ 28ന് ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമിൽ നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം സച്ചിൻ 11000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി.. അതിനു തുടർച്ചയായി ഇംഗ്ലണ്ടിനെതിരെ തന്നെ നടന്ന ഏക ദിന പരമ്പരയിൽ സച്ചിൻ 53.4 എന്ന ശരാശരിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്തു. 2007 ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏക ദിന പരമ്പരയിലും 278 റൺസോടെ സച്ചിൻ ഇന്ത്യയുടെ ഉയർന്ന സ്കോററായി. ഒരു ബൗളർ അല്ലെങ്കിലും മീഡിയം പേസ്, ലെഗ് സ്പിൻ, ഓഫ് സ്പിൻ തുടങ്ങിയ എല്ലാ രീതിയിലും സച്ചിൻ അനായാസം പന്തെറിയുമായിരുന്നു. എതിർ ടീമിലെ ബാറ്റ്സ്മാൻ‌മാർ ഒരു വലിയ ഇന്നിം‌ഗ്‌സ് പടുത്തുയർത്തുമ്പോൾ ആ കൂട്ടു കെട്ട് പൊളിക്കാൻ മിക്കവാറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാർ സച്ചിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. സച്ചിന്റെ മികച്ച ബൗളിംഗ്‌ മൂലം ഇന്ത്യ ചില മൽസരങ്ങളിൽ ജയിച്ചിട്ടുമുണ്ട്.

2007ൽ 90 റൺസിനും 100 റൺസിനുമിടയിൽ സച്ചിൻ 7 തവണ പുറത്തായി. അതിൽ 3 തവണ 99 റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിൽ സച്ചിൻ 90-100 റൺസിനിടയിൽ 23 തവണയാണ് പുറത്താക്കപ്പെട്ടിട്ടുള്ളത്. 2007 നവംബർ 28ന് പാകിസ്ഥാനെതിരെ മൊഹാലിയിൽ നടന്ന ഏക ദിന മത്സരത്തിൽ 99 റൺസിൽ നിൽക്കുമ്പോൾ ഉമർ ഗുലിന്റെ ബൗളിങ്ങിൽ കമ്രാൻ അക്മലിന് ക്യാച്ച് കൊടുത്തു കൊണ്ട് സച്ചിൻ പുറത്തായി. ആ പരമ്പരയിലെ നാലാം മത്സരത്തിൽ 97 റൺസുമായി നിൽക്കുമ്പോൾ ഉമർ ഗുലിന്റെ തന്നെ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ടു കൊണ്ട് സച്ചിൻ മറ്റൊരു സെഞ്ച്വറിയും നഷ്ടമാക്കി.

2007-08ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മികച്ച ഫോമിലായിരുന്ന സച്ചിൻ 4 ടെസ്റ്റുകളിൽ നിന്ന് 493 റൺസുമായി ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടി. പക്ഷെ രണ്ടാം ഇന്നിംങ്സുകളിൽ സച്ചിൻ തുടർച്ചയായി പരാജയപ്പെട്ടു. മെൽബണിലെ എം.സി.ജിയിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സച്ചിൻ 62 റൺസ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ 337 റൺസിന്റെ കനത്ത വിജയം തടയാനായില്ല. സിഡ്നിയിൽ പുതു വത്സരത്തിൽ നടന്ന വിവാദപരമായ ടെസ്റ്റിൽ സച്ചിൻ 154 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. എസ്.സി.ജി.യിലെ സച്ചിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു അത്. 221.33 ആണ് ആ സ്റ്റേഡിയത്തിലെ സച്ചിന്റെ ശരാശരി. പെർത്തിലെ വാക്കയിൽ നടന്ന മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 330 റൺസിൽ 71 റൺസുമായി സച്ചിൻ മുഖ്യ പങ്കു വഹിച്ചു. സച്ചിനെ പുറത്താക്കിയ എൽ.ബി.ഡബ്ലിയു തീരുമാനം സംശയാസ്പദമാണെന്ന് പിന്നീട് തെളിഞ്ഞു. ഓസ്ട്രേലിയയുടെ, തുടർച്ചയായ 17ആം ടെസ്റ്റ് വിജയമെന്ന റെക്കോർഡിന് തടയിട്ടു കൊണ്ട് ഇന്ത്യ വാക്കയിൽ വിജയിച്ചു. സമനിലയിൽ അവസാനിച്ച അഡലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 153 റൺസെടുത്ത സച്ചിൻ മാൻ ഓഫ് ദ മാച്ചായി.

ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകളുമായി നടന്ന കോമൺ‌വെൽത്ത് ബാങ്ക് ത്രിരാഷ്ട്ര ടൂർണമെന്റിൽ സച്ചിൻ ഏക ദിനത്തിൽ 16000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 2008 ഫെബ്രുവരി 5ന് ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലാണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത്. സി.ബി സീരീസിൽ ആദ്യ മത്സരങ്ങളിൽ മികച്ച തുടക്കം നേടാനായെങ്കിലും വൻ സ്കോറുകൾ നേടാൻ സച്ചിനായില്ല. 10,35,44,32 എന്നിങ്ങനെയായിരുന്നു ആദ്യ മത്സരങ്ങളിൽ സച്ചിന്റെ സ്കോറുകൾ. ടൂർണമെന്റിന്റെ ഇടയിൽ വച്ച് ഫോം നഷ്ടമായെങ്കിലും ഇന്ത്യക്ക് വിജയം അനിവാര്യമായ മത്സരത്തിൽ സച്ചിൻ ശക്തമായ തിരിച്ചു വരവ് നടത്തി. ശ്രീലങ്കക്കെതിരെ ഹോബർട്ടിൽ നടന്ന മത്സരത്തിൽ സച്ചിൻ വെറും 54 പന്തുകളിൽ നിന്ന് 63 റൺസ് നേടി. ആദ്യ ഫൈനലിൽ 117ഉം രണ്ടാം ഫൈനലിൽ 91ഉം റൺസ് നേടിക്കൊണ്ട് ഇന്ത്യയുടെ ടൂർണമെന്റ് വിജയത്തിൽ സച്ചിൻ നിർണായക പങ്ക് വഹിച്ചു.

ഡിസംബർ 23, 2012നു ഏക ദിന മത്സരങ്ങളിൽ നിന്ന് വിരമിച്ചതായി സച്ചിൻ പ്രഖ്യാപിച്ചു. പിന്നീട് നവംബർ 17, 2013നു വെസ്റ്റ്ഇൻഡീസിനെതിരെ നടന്ന തന്റെ ഇരുന്നൂറാം ടെസ്റ്റ്‌ പൂർത്തിയാക്കി സച്ചിൻ ടെസ്റ്റിൽ നിന്നും വിരമിച്ചു. ഇന്ത്യൻ ജനതയെ ഏറെ വൈകാരികമായി ബാധിച്ചു സച്ചിന്റെ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ. സച്ചിൻറെ വിടവാങ്ങൽ പ്രസംഗത്തിന്റെ പൂർണ രൂപം താഴെ:

“സുഹൃത്തുക്കളെ ശാന്തരാവുക… നിങ്ങളെന്നെ കൂടുതൽ വികാരഭരിതനാക്കുകയാണ്. എന്റെ വർണശബളമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാൻ പ്രയാസം. ഒരുപാടുപരെ നന്ദിയോടെ സ്മരിക്കുകയാണ് ഞാൻ . ആദ്യം 1999ൽ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ അച്ഛൻ തന്നെ. അച്ഛന്റെ മാർഗനിർദ്ദേശം ഇല്ലായിരുന്നെങ്കിൽ ഇന്നിങ്ങനെ നിങ്ങളുടെ മുന്നിൽ എനിക്കു നിൽക്കാൻ കഴിയുമായിരുന്നില്ല. സ്വപ്‌നങ്ങളെ തേടിപ്പോകാൻ എന്നെ പ്രേരിപ്പിച്ചത് അച്ഛനാണ്. ലക്ഷ്യം എത്ര വിഷമകരമാണെങ്കിലും അത് കൈവരിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അച്ഛന്റെ അഭാവം ഇന്നു ഞാൻ ശരിക്കും അനുഭവിക്കുന്നു. പിന്നെ അമ്മ. എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാൻ . കളിച്ചു തുടങ്ങിയ കാലം മുതൽ അമ്മ എനിക്കു വേണ്ടി പ്രാർഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ നാലു വർഷം ഞാൻ എന്റെ അമ്മാവനൊപ്പമായിരുന്നു താമസം. സ്വന്തം മകനെപ്പോലെയാണ് അമ്മാവനും അമ്മായിയും എന്നെ കണക്കാക്കിയത്. അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ആളായിരുന്നു എന്റെ മൂത്ത സഹോദരൻ നിഥിൻ . പക്ഷേ ഏട്ടൻ പറയുമായിരുന്നു-എനിക്കറിയാം.

നീയെന്ത് ചെയ്താലും അതിനുവേണ്ടി നൂറു ശതമാനവും പരിശ്രമിക്കുമെന്ന്. എന്റെ സഹോദരി സവിതയാണ് എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഇന്നും ഞാൻ ബാറ്റ് ചെയ്യുമ്പോൾ അവർ ഉപവാസമിരിക്കും. മറ്റൊരു സഹോദരനായ അജിത്തും ഞാനും ഒരുപോലെ ക്രിക്കറ്റ് സ്വപ്‌നം കണ്ടു ജീവിച്ചവരാണ്. എനിക്കുവേണ്ടി സ്വന്തം കരിയർ ത്യജിച്ചയാളാണ് അദ്ദേഹം. അചരേക്കറുടെ അടുക്കലേയ്ക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസം രാത്രി പോലും എന്നെ വിളിച്ച് എന്റെ പുറത്താകലിനെ കുറിച്ച് ചർച്ച ചെയ്തു. കളിക്കാതിരുക്കുമ്പോഴും ഞങ്ങൾ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചാണ് ചർച്ച ചെയ്യാറുള്ളത്. ഇതൊന്നുമില്ലായിരുന്നെങ്കിൽ ഞാൻ ഒരു സാധാരണ ക്രിക്കറ്റർ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ൽ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടർ എന്ന നിലയിൽ ഒരു വലിയ കരിയർ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റിൽ തുടരാൻ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഞാൻ പറഞ്ഞ എല്ലാ വിഡ്ഢിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്‌നങ്ങൾ- സാറയും അർജുനും.

അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാൻ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വർഷമായി നിങ്ങൾക്കൊപ്പം വേണ്ടത്ര സമയം ചിലവിടാൻ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വർഷം നിങ്ങൾക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാൻ ഉറപ്പു തരുന്നു.

പിന്നെ എന്റെ ഭാര്യയുടെ അച്ഛനമ്മമാർ . അവരുമായി ഒരുപാട് കാര്യങ്ങൾ ഞാൻ ചർച്ച ചെയ്യാറുണ്ട്. അവർ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാൻ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വർഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നൽകിയത്. ഞാൻ സമ്മർദത്തിലായപ്പോഴെല്ലാം അവർ എനിക്കൊപ്പം നിന്നു. ഞാൻ പരിക്കിന്റെ പിടിയിലായപ്പോൾ പുലർച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാൻ അവർ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവർക്കും നന്ദി.

പതിനൊന്ന് വയസ്സുള്ളപ്പോഴാണ് എന്റെ കരിയർ ആരംഭിച്ചത്. അചരേക്കൾ സാറിനെ ഗ്യാലറിയിൽ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറിൽ യാത്ര ചെയ്ത് ദിവസവും രണ്ടു മത്സരങ്ങൾ വരെ കളിച്ച കാലമുണ്ടായിരുന്നു. ഞാൻ കളിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം എല്ലായിടത്തും എന്നെ നേരിട്ടു കൊണ്ടുപോയി. ഞാൻ അമിതാത്മവിശ്വാസത്തിന്റെ പിടിയിലാവാതിരിക്കാൻ ഒരിക്കൽപ്പോലും നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല എന്നതാണ് രസകരം. സർ, ഞാൻ കളിക്കാത്തതിനാൽ ഇനി എന്തു ഭാഗ്യപരീക്ഷണത്തിനും മുതിരാം.

മുംബൈയിലാണ് എന്റെ കരിയർ ആരംഭിച്ചത്. പുലർച്ചെ നാലു മണിക്ക് ന്യൂസീലൻഡിൽ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയിൽ കളിച്ചത് ഓർമയുണ്ട്. അരങ്ങേറ്റം മുതൽ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നൽകിയത്. എല്ലാ സെലക്ടർമാരോടും നന്ദിയുണ്ട്.

എനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയുമെല്ലാം നിങ്ങൾ എപ്പോഴും എനിക്കൊപ്പം തന്നെ നിലകൊണ്ടു. നന്ദി, എനിക്കൊപ്പം കളിച്ച എല്ലാ മുതിർന്ന കളിക്കാർക്കും. ഇപ്പോൾ ഇവിടെയില്ലാത്ത രാഹുൽ , വി.വി.എസ്, സൗരവ്, അനിൽ തുടങ്ങിയവരെയെല്ലാം ഇപ്പോൾ സ്‌ക്രീനിൽ കാണാം.

എല്ലാ പരിശീലകരെയും എന്റെ നന്ദി അറിയിക്കുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽ നമ്മളെല്ലാം അഭിമാനിക്കുന്നു. തുടർന്നും അഭിമാനത്തോടെ തന്നെ രാഷ്ട്രത്തെ സേവിക്കാനാവുമെന്നാണ് പ്രതീക്ഷ. യഥാർഥ സത്തയിൽ തന്നെ നിങ്ങൾ ഈ രാജ്യത്തെ സേവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നായിരുന്നു എം.എസ്. എനിക്ക് ഇരുന്നൂറാം ടെസ്റ്റ് തൊപ്പി സമ്മാനിച്ചപ്പോൾ ഞാൻ പറഞ്ഞത്.

എന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയ ഡോക്ടർമാരോട് നന്ദി പറഞ്ഞില്ലെങ്കിൽ അതൊരു വലിയ വീഴ്ചയായിരിക്കും. എന്റെ പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് പാതി രാത്രി വരെയിരുന്ന് ചികിത്സിച്ചിട്ടുണ്ട് അവർ .

എന്റെ സുഹൃത്ത് അന്തരിച്ച മാർക്ക് മസ്‌കരേനസിന്റെ അഭാവം ഞാൻ അനുഭവിക്കുന്നു. മാർക്കിന്റെ ജോലി തുടർന്നും നിർവഹിച്ച ഇപ്പോഴത്തെ മാർക്കറ്റിങ് ടീമായ ഡബ്ല്യു. എസ്.ജിയോടും എന്റെ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ പതിനാലു വർഷമായി എനിക്കൊപ്പം ചേർന്നു പ്രവർത്തിച്ച ഒരാളാണ് വിനയ് നായിഡു.

സ്‌കൂൾ കാലം തൊട്ട് ഇന്നുവരെ മാധ്യമങ്ങൾ എനിക്കും വലിയ പിന്തുണയാണ് നൽകിയത്. എന്റെ കരിയറിലെ അസുലഭാവസരങ്ങൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർമാരോടും നന്ദിയുണ്ട്.

പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. എങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേർന്ന എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുകയാണ്. എന്റെ ആരാധകരെയും ഞാൻ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്. അവസാനശ്വാസം വരെ സച്ചിൻ, സച്ചിൻ എന്ന ആരവും എന്റെയുള്ളിൽ ഇരമ്പിക്കൊണ്ടേയിരിക്കും.”

തന്റെ രണ്ടാം മത്സരത്തിൽ അർധസെഞ്ച്വറിയും 17ആം വയസിൽ ആദ്യ സെഞ്ച്വറിയും നേടിയ സച്ചിന്റെ സ്ഥിരതയുള്ള പ്രകടനം ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെ നൽകി. സച്ചിൻ സ്ഥിരമായി സെഞ്ച്വറികൾ നേടിയ ഓസ്ട്രേലിയയിലും അദ്ദേഹത്തിന് അനേകം ആരാധകരുണ്ടായി. സച്ചിന്റെ ആരാധകരുടെ പ്രശസ്തമായ ഒരു വാചകമുണ്ട്- “ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിൻ എന്റെ ദൈവവും” . ജന്മസ്ഥലമായ മുംബൈയിൽ ആരാധകർ പലപ്പോഴും സച്ചിന്റെ സ്വകാര്യജീവിതത്തിന് തടസമാകാറുണ്ട്. “വിഗ്ഗ് ധരിച്ച് പുറത്ത് പോകേണ്ടിയും രാത്രി മാത്രം സിനിമ കാണാൻ പറ്റുന്നതുമായ” സച്ചിന്റെ ജീവിതശൈലിക്ക് സമാനമായൊന്നിനോട് തനിക്ക് യോജിച്ച് പോകാനാവില്ലെന്ന് ഇയാൻ ചാപ്പൽ പറഞ്ഞിട്ടുണ്ട്. സമാധാനത്തിനും ശാന്തതയ്ക്കും‌ വേണ്ടി താൻ പലപ്പോഴും രാത്രിസമയത്ത് മുംബൈ നഗരത്തിലൂടെ സഞ്ചരിക്കാറുണ്ടെന്ന് ടിം ഷെറിഡനുമായുള്ള ഒരു അഭിമുഖത്തിൽ സച്ചിൻ പറഞ്ഞിട്ടുണ്ട്.

ക്രിക്കറ്റിലൂടെ സച്ചിനുണ്ടായ പ്രസിദ്ധി മൂലം ലാഭമുണ്ടാക്കുന്ന പല വ്യവസായ സം‌രംഭങ്ങളിലും സച്ചിൻ പങ്കാളിയായി. ലോക ക്രിക്കറ്റിൽ ഏറ്റവുമധികം സ്പോൺസർഷിപ്പുള്ള കളിക്കാരൻ സച്ചിൻ ആണ്‌. 1995-ൽ വേൾഡ്ടെലുമായി 5 വർഷത്തേക്ക് 30 കോടി രൂപക്കുണ്ടാക്കിയ കരാറിലൂടെ അക്കാലത്ത് സച്ചിൻ ഏറ്റവും കൂടുതൽ കരാറു തുക ഒപ്പിട്ട കളിക്കാരൻ ആയി സച്ചിൻ മാറിയിരുന്നു. വേൾഡ്ടെലുമായി 2001-ൽ ഉണ്ടാക്കിയ കരാർ 5 വർഷത്തേക്ക് 80 കോടി രൂപക്കായിരുന്നു. 2006-ൽ സാച്ചി ആന്റ് സാച്ചിയുടെ ഐക്കോണിക്സുമായി 3 വർഷത്തേക്ക് 180 കോടി രൂപക്കാണ്‌ സച്ചിൻ ഒപ്പിട്ടത്.

ക്രിക്കറ്റിലൂടെ ലഭിച്ച പ്രസിദ്ധിയിലൂടെ സച്ചിൻ 2 ഭക്ഷണശാലകൾ ആരംഭിച്ചു.ടെണ്ടുൽക്കേർസ് എന്ന പേരിൽ കൊളാബയിലും, മുംബൈയിലും ), സച്ചിൻസ് എന്ന പേരിൽ മുലുണ്ടിലും മുംബൈയിലും, ബാംഗ്ലൂരിലും. മാർസ് റെസ്റ്റോറന്റ് ഉടമ സഞ്ജയ് നരാംഗുമായി ചേർന്നാണ്‌ സച്ചിൻ ഈ റെസ്റ്റോറന്റുകളുടെ ഉടമസ്ഥത പങ്കു വെക്കുന്നത്.

2014-ൽ ഇന്ത്യയിലാരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ‍ സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമുമുണ്ടായിരുന്നു. കൊച്ചി ഹോംഗ്രൗണ്ടായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യെ ആണ് വീഡിയോകോൺ ഗ്രൂപ്പിനൊപ്പം സച്ചിൻ സ്വന്തമാക്കിയത്. സച്ചിന്റെ വിളിപ്പേരായ മാസ്റ്റർ ബ്ലാസ്റ്ററിനോടു ബന്ധപ്പെടുത്തിയാണ് ടീമിനു പേരിട്ടത്. ആദ്യ ടൂർണമെന്റിൽ തന്നെ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനും സച്ചിൻ ഗാലറിയിലെത്തിയിരുന്നു.

കടപ്പാട് – വിക്കിപീഡിയ.