ഇറാഖിലെ സദ്ദാം ഹുസ്സൈൻ്റെ പേരിൽ കേരളത്തിൽ ഒരു ബീച്ച്…

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു മത്സ്യബന്ധന ഗ്രാമമാണ് സദ്ദാം ബീച്ച്. പുത്തൻകടപ്പുറത്തിനും പരപ്പനങ്ങാടിയിലെ കെട്ടുങ്ങലിനും ഇടയിൽ 2 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ മേഖലയാണ് ഇത്. 1991-ലെ ഗൾഫ്‌ യുദ്ധകാലത്തെ അനുകൂലിച്ച് മുൻ ഇറാഖ് ഏകാധിപതി സദ്ദാം ഹുസ്സൈന്റെ പേരാണ് ഗ്രാമത്തിനു നൽകിയിരിക്കുന്നത്.

മീൻ പിടിക്കുന്ന സ്ഥലങ്ങൾക്കടുത്തായി സ്ഥിതിചെയ്യുന്നതും പ്രധാനമായി മത്സ്യബന്ധനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നതുമായ ജനങ്ങൾ അധിവസിക്കുന്ന ഗ്രാമത്തെയാണ് മത്സ്യബന്ധനഗ്രാമം എന്നു വിളിക്കുന്നത്. കടലിനടുത്തായാണ് ഇത്തരം ഗ്രാമങ്ങൾ സാധാരണ കാണുന്നത്. വലിയ തടാകങ്ങൾക്കടുത്തും ഇത്തരം ഗ്രാമങ്ങളുണ്ടാകാറുണ്ട്. 356,000 കിലോമീറ്റർ വരുന്ന ലോകത്തെ കടൽത്തീരത്ത് ഇത്തരം ധാരാളം ഗ്രാമങ്ങളുണ്ട്. ആധുനികശിലായുഗം മുതൽ ഇത്തരം ഗ്രാമങ്ങൾ നിലവിലുണ്ടായിരുന്നു. മിക്ക ഗ്രാമങ്ങ‌ളും പരമ്പരാഗത രീതികളാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്‌ അധിനിവേശ ശക്തികൾക്കെതിരെ പോരാട്ടം നയിച്ച ടിപ്പു സുൽത്താന്റെ പേരായിരുന്നു ഈ ഗ്രാമത്തിനു നൽകിയിരുന്നത്, ടിപ്പു സുൽത്താൻ ബീച്ച്.  1991-ലെ ഗൾഫ്‌ യുദ്ധം മുതൽ ഇറാഖ് നേതാവ് സദ്ദാം ഹുസ്സൈനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സദ്ദാം ബീച്ച് എന്ന പേര് നൽകാൻ ഗ്രാമവാസികൾ തീരുമാനിച്ചു. ഗ്രാമവാസികൾ സദ്ദാം ഹുസ്സൈന്റെ അമേരിക്ക വിരുദ്ധ നിലപാടുകളിൽ താൽപര്യം കാണിച്ചു.

സദ്ദാം ബീച്ച് എന്നറിയപ്പെടുന്ന തീരമേഖല ശ്രദ്ധിക്കപ്പെട്ടത് ഇറാഖ് നേതാവിന്റെ പേര് നൽകിയതിനു ശേഷമാണ്. അന്നു മുതൽ സദ്ദാം ഹുസ്സൈന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളെക്കുറിച്ച് അവർ സംസാരിക്കുമായിരുന്നു. അമേരിക്കയുടെ നേതൃതത്തിൽ നടന്ന ഇറാഖ് അധിനിവേശത്തെ ശക്തമായ രീതിയിൽ ഗ്രാമം എതിർത്തു. ബാഗ്ദാദ് അധിനിവേശ കാലത്ത് ഗ്രാമത്തിൽ അനവധി അമേരിക്ക, ബ്രിട്ടീഷ്‌ വിരുദ്ധ പ്രകടനങ്ങൾ നടന്നു. ഈ രാജ്യങ്ങളിൽ നിർമിച്ച സാധനങ്ങൾ ബഹിഷ്ക്കരിക്കുകയും അവ കടലിൽ എറിയുകയും ചെയ്തു. സദ്ദാം ബീച്ച് ഗ്രാമത്തിലെ ഗൾഫിൽ ജോലിചെയ്യുന്ന പലർക്കും യുദ്ധം കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരേണ്ടി വന്നു, ഇത് രോഷം വർധിപ്പിച്ചു. സദ്ദാം ഹുസ്സൈന്റെ വലിയ കട്ട്‌ഔട്ടുകളും ഇറാഖ് പതാകകളും ഗ്രാമത്തിലെ വഴിയോരങ്ങളിൽ ഉയർന്നു.

2006 നവംബറിൽ സദ്ദാം ഹുസ്സൈനെ തൂക്കിക്കൊല്ലാനുള്ള ഉത്തരവ് വന്നപ്പോൾ ഗ്രാമവാസികൾ പ്രധിഷേധ റാലി നടത്തുകയും അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ഡബ്ല്യൂ ബുഷിനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേർ റാലിയിൽ പങ്കെടുത്തു.

2006 ഡിസംബർ 30-നു സദ്ദാം ഹുസ്സൈന്റെ വധശിക്ഷ നടപ്പാക്കിയതിനു പിന്നാലെ രോഷാകുലരായ സദ്ദാം ബീച്ച് നിവാസികൾ ബീച്ചിൽ ഒത്തുചേരുകയും യുഎസ് പ്രസിഡന്റ്‌ ജോർജ് ഡബ്ല്യൂ ബുഷിനെ ക്രൂരൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സദ്ദാം ബീച്ച് ഗ്രാമം മുസ്ലിം ഭൂരിപക്ഷ ഗ്രാമമാണ്. വളരെ കുറച്ച് ഹിന്ദു കുടുംബങ്ങളേ ഗ്രാമത്തിൽ ഉള്ളൂ. അതുകൊണ്ട്തന്നെ മുസ്ലിം പരമ്പരാഗത സംസ്കാരമാണ് ഗ്രാമത്തിലുള്ളത്. ദഫ്മുട്ട്, കോൽക്കളി, അറവനമുട്ട് എന്നിവയാണ് സാധാരണയായ നാടോടി കലകൾ.

കടപ്പാട് – വിക്കിപീഡിയ.