തായ്‌ലൻഡ് സീരീസ് അവസാന വീഡിയോ – ബാങ്കോക്കിലെ സഫാരി വേൾഡും മറൈൻ പാർക്കും…

അങ്ങനെ തായ്‌ലാന്‍ഡിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞങ്ങള്‍ മതിമറന്ന് ആഘോഷത്തിമിര്‍പ്പിലായിരുന്നു. അത് മുന്‍പത്തെ വീഡിയോകള്‍ കണ്ടപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ..

രാവിലെ എഴുന്നേല്‍ക്കാന്‍ ഞങ്ങള്‍ ഒരല്‍പ്പം വൈകി. ഹാരിസ് ഇക്ക നേരത്തെതന്നെ ലഗേജുകള്‍ എല്ലാം പാക്ക് ചെയ്ത് ഹോട്ടലിനു മുന്നില്‍ എത്തിയിരുന്നു. ഞങ്ങള്‍ ഹോട്ടല്‍ റൂം ചെക്ക് ഔട്ട്‌ ചെയ്തശേഷം ഹോട്ടല്‍ ലോക്കറില്‍ വെച്ചിരുന്ന പാസ്പോര്‍ട്ട് ഒക്കെയെടുത്ത്  പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങള്‍ക്കായുള്ള വണ്ടിയും എത്തിച്ചേര്‍ന്നു. ആദ്യദിവസം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മനോല എന്ന വനിതാ ഡ്രൈവറായിരുന്നു അന്ന്. പട്ടായയില്‍ നിന്നും അങ്ങനെ ഞങ്ങള്‍ ബാങ്കോക്കിലേക്ക് ചലിക്കുകയാണ്.

മനോലയുടെ ഡ്രൈവിംഗ് വളരെ സ്മൂത്ത്‌ ആയിരുന്നു. എക്സ്പ്രസ്സ് ഹൈവേയിലൂടെ  ഞങ്ങളുടെ വണ്ടി ബാങ്കോക്ക് ലക്ഷ്യമാക്കി കുതിച്ചു. ബാങ്കോക്കില്‍ സഫാരി വേള്‍ഡ് എന്ന അത്ഭുതലോകം കാണുവാനാണ് ഞങ്ങളുടെ ഇന്നത്തെ പ്ലാന്‍. 180 കി.മീ.യോളം സഞ്ചരിച്ചശേഷം ഞങ്ങള്‍ ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ എത്തിച്ചേര്‍ന്നു. മറൈന്‍ പാര്‍ക്ക് , സഫാരി വേള്‍ഡ് എന്നിങ്ങനെ രണ്ടു വിഭാഗമായിട്ടാണ് ഇവിടെ. അവിടെയെത്തിയപ്പോള്‍ പ്ലാന്‍ ചെയ്തതിലും കുറച്ച് വൈകിയതിനാല്‍ ഞങ്ങള്‍ക്ക് കുറച്ച് ഷോകള്‍ മിസ്സായി.

ടിക്കറ്റ് എടുത്തശേഷം ഞങ്ങള്‍ മറൈന്‍ പാര്‍ക്കിലേക്ക് കയറി. അവിടേക്ക് കയറിയപ്പോള്‍ത്തന്നെ എന്നെ ആകര്‍ഷിച്ച ഒന്ന് മരം കൊണ്ട് നിര്‍മ്മിച്ച ഒരാനയുടെ വലിയ രൂപമായിരുന്നു. പാര്‍ക്കില്‍ ധാരാളം സന്ദര്‍ശകര്‍ അങ്ങിങ്ങോളം നടക്കുന്നുണ്ടായിരുന്നു. കുട്ടികളുമായി വരുന്നവര്‍ക്ക് പാര്‍ക്കിലുള്ള ബേബി സിറ്റിംഗ് ട്രോളികള്‍ വളരെ ഉപകാരപ്രദമായിരുന്നു. പലതരം പരിപാടികള്‍ പാര്‍ക്കില്‍ കാണാമായിരുന്നു. അങ്ങനെ ഉച്ചഭക്ഷണത്തിന്‍റെ സമയമായി. എന്‍ട്രി ടിക്കറ്റിനൊപ്പം ഞങ്ങള്‍ ഉച്ചഭക്ഷണവും ഉള്‍പ്പെടുത്തിയിരുന്നു. പാര്‍ക്കില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഉണ്ടായിരുന്നു. അവിടെനിന്നാണ് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചത്. നല്ലൊരു ബുഫെ ആയിരുന്നു അവിടെ.

ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ മറൈന്‍ പാര്‍ക്കില്‍ രണ്ടു മണിയ്ക്കുള്ള ഡോള്‍ഫിന്‍ ഷോയ്ക്ക് പോയി. ആദ്യമായാണ്‌ ഞാന്‍ ഒരു ഡോള്‍ഫിന്‍ ഷോ നേരിട്ടു കാണുന്നത്. അവിടെ ഒരു സ്‌റ്റേജ്, നീന്തല്‍ക്കുളം, ഗ്യാലറി എന്നിവ സജ്ജമായിരുന്നു. ധാരാളം ആളുകള്‍ ഷോ കാണുവാന്‍ വന്നിരുന്നു. ട്രെയിനേഴ്‌സ് വിസില്‍ ഊതുമ്പോള്‍ ഡോള്‍ഫിനുകള്‍ സ്‌റ്റേജിന്റെ മുന്‍പില്‍ വന്നു നില്ക്കും. നിര്‍ദ്ദേശമനുസരിച്ച് ഡാന്‍സ്, പന്തുകളി, ബോള്‍പാസ്, ചാടി പന്തുതൊടല്‍, റിംഗ്കളി, സംഗീതം, റിംഗ് ചാടിപ്പിടിക്കല്‍, വായുവില്‍ വളരെ ഉയരത്തോളം ചാടല്‍ എന്നിവ അവര്‍ അനായാസേന ചെയ്തു. ഷോയുടെ അവസാനം പണം നല്‍കി ഡോള്‍ഫിനൊപ്പം ഫോട്ടോയെടുക്കുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ഇവിടെ വരുന്ന എല്ലാവരും മിസ്സ്‌ ചെയ്യാതെ കാണുന്ന ഒന്നാണ് ഡോള്‍ഫിന്‍ ഷോ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരേപോലെ ആസ്വദിക്കാം.

ഡോള്‍ഫിന്‍ ഷോയ്ക്ക് ശേഷം ഞങ്ങള്‍ പോയത് സ്‌പൈവാര്‍ (ജെയിംസ്‌ബോണ്ട് ഷോ) കാണുവാനാണ്. ശരിക്കും ഒരു ഹോളിവുഡ് ചിത്രം ലൈവായി കാണുന്ന ഒരു പ്രതീതിയാണ് ഈ ഷോ കാണുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്യുന്നത്. ഗ്യാലറിക്കു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പാറക്കെട്ടുകളിലാണ് സ്‌റ്റേജ്. എല്ലാ ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണത്. പാറയുടെ മുകളിലും താഴെയും ഉപകരണങ്ങള്‍ സജ്ജമാക്കിയിരുന്നു.

വേദിക്കു മുന്‍പില്‍ മനുഷ്യനിര്‍മിതമായ ഒരു കനാലുണ്ട്. അതില്‍ സ്പീഡ് ബോട്ടിലാണ് നടന്മാര്‍ വരുന്നത്. കമാന്‍ഡൊ ഓപ്പറേഷന്‍, സാഹസികത, വെടിവയ്പ്, റോപ്പ് ക്ലൈമ്പിങ്, ബോംബേറ്, തകര്‍ക്കല്‍ എന്നിവയുള്‍പ്പെടുന്ന പ്രദര്‍ശനങ്ങള്‍. സ്ത്രീ കഥാപാത്രങ്ങളും റോളുകള്‍ ഭംഗിയാക്കി. ബോട്ട് സ്പീഡില്‍ വരുമ്പോഴും ഗ്രണേഡ് പൊട്ടിക്കുമ്പോഴും വെള്ളം മുന്‍നിരയില്‍ ഇരിക്കുന്നവരുടെ മേല്‍ വീഴുന്നുണ്ടായിരുന്നു. പലഭാഗത്തു നിന്നും സംഭവങ്ങള്‍ നടക്കുന്നതിനാല്‍ അവയെല്ലാം പകര്‍ത്തുവാന്‍ പ്രശാന്ത് നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. നാലു വയസ്സിനു താഴെയുള്ള കുട്ടികളെ ഈ ഷോ കാണുവാന്‍ പ്രവേശിപ്പിക്കില്ല എന്ന് അവിടെ എഴുതി വെച്ചിരിക്കുന്നതായി കണ്ടു.

ഷോ കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി ഫോട്ടോകള്‍ എടുത്തുകൊണ്ട് നടന്നു. ഇനി ഞങ്ങള്‍ കാണുവാന്‍ പോകുന്നത് ബേര്‍ഡ് ഷോയാണ്. അവിടെക്കുള്ള വഴിയിലൂടെ ഞങ്ങള്‍ ഓരോ കാഴ്ചകളും കണ്ടുകൊണ്ട് നടന്നു. വഴിയ്ക്കിരുവശങ്ങളിലും മൃഗങ്ങളെയൊക്കെ കാണാമായിരുന്നു. ആസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കള്‍ വരെയുണ്ട് ഇവിടെ.

അങ്ങനെ ബേര്‍ഡ് ഷോ നടക്കുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. മിനിട്ടുകള്‍ക്കകം ഷോ ആരംഭിച്ചു. വിവിധതരം പക്ഷികളുെട മാര്‍ച്ച്പാസ്റ്റ്, തത്തയുടെ പ്രകടനങ്ങള്‍, മാസ്റ്റര്‍ പറയുന്നതെല്ലാം ഏറ്റുചെല്ലാല്‍, പരുന്തിന്റെ ഇരയെ റാഞ്ചുന്ന വേഗത. തത്തയുടെ സൈക്കിള്‍ സവാരി എല്ലാം മനസിനും കണ്ണിനും കുളിരേകുന്നതായിരുന്നു. കുട്ടികള്‍ക്ക് ഈ ഷോ നമ്മളേക്കാള്‍ നന്നായി ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ബേര്‍ഡ് ഷോയൊക്കെ കണ്ടുകഴിഞ്ഞശേഷം ഞങ്ങള്‍ മറൈന്‍ പാര്‍ക്കില്‍ നിന്നും സഫാരി വേള്‍ഡിലേക്ക് നീങ്ങി. നമ്മുടെ വണ്ടിയില്‍ത്തന്നെ സഫാരി പാര്‍ക്കിലൂടെ പോകാവുന്നതാണ്.  ശരിക്കും ഒരു കാട്ടില്‍ക്കൂടി സഞ്ചരിക്കുന്ന പ്രതീതി. മൃഗങ്ങള്‍ പുറത്തും ഞങ്ങള്‍ വണ്ടികളുമായി യാത്ര തുടങ്ങി. അകത്തേയ്ക്ക് പോകുന്ന വഴി പല സ്ഥലത്തും ഇലക്ട്രിക് ഗേറ്റുകള്‍ കടന്നു വേണം പോകുവാന്‍ . റോഡിനു രണ്ടു വശത്തും പല മൃഗങ്ങളെയും കാണുവാന്‍ സാധിച്ചു. കൂട്ടമായി വിശ്രമിക്കുന്ന കടുവകള്‍ , മരച്ചുവട്ടില്‍ കുടുംബമായി കിടക്കുന്ന സിംഹക്കൂട്ടങ്ങള്‍ , വയറ്റത്തടിച്ചുകൊണ്ട് നടക്കുന്ന കരടി, മരങ്ങളില്‍ ചാടി ചാടി പോകുന്ന കുരങ്ങുകളും , മയിലുകളും , പക്ഷികളും ,കൂട്ടമായി നടന്നു നീങ്ങുന്ന മാനുകളും എന്നു വേണ്ട എല്ലാ മൃഗങ്ങളെയും പക്ഷികളെയും അവിടെ കാണാമായിരുന്നു .യാതൊരു കാരണവശാലും വാഹനത്തില്‍ നിന്നും ഇറങ്ങുകയോ ഗ്ലാസ്സ് താഴ്ത്തുകയോ ചെയ്യരുതെന്ന് പ്രത്യേകം മുന്നറിയിപ്പുണ്ടായിരുന്നു. പെലിക്കന്‍ പക്ഷികള്‍, തത്തകള്‍, ജിറാഫ്, മാന്‍,സീബ്ര, പുലി, സിംഹം,കടുവ,ഹിപ്പോ, കാണ്ടാമൃഗം, കരടി തുടങ്ങി എല്ലാത്തരം മൃഗങ്ങളെയും ഞങ്ങള്‍ അവിടെ അടുത്തു കണ്ടു. വന്യമൃഗങ്ങള്‍ വസിക്കുന്ന പാര്‍ക്കിലൂടെയുള്ള ഈ വാഹനയാത്ര ഒരു ജംഗിള്‍ സഫാരിയായി കണക്കാക്കാവുന്നതാണ്.

സഫാരി വേള്‍ഡ് മുഴുവന്‍ ചുറ്റിസഞ്ചരിച്ച ശേഷം ഞങ്ങള്‍ പുറത്തേക്ക് കടന്നു. അപ്പോഴേക്കും സമയം വൈകുന്നേരമായിരുന്നു. സൂര്യനൊക്കെ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. അങ്ങനെ സംഭവബഹുലമായ ഞങ്ങളുടെ തായ്ലാന്‍ഡ് ട്രിപ്പ് ഇന്നിതാ ഇവിടെ തീരുകയാണ്. ഇന്നു രാത്രിയുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ഞങ്ങള്‍ കൊച്ചിയിലേക്ക് തിരിക്കും. മടക്കയാത്രയില്‍ ഒപ്പം ഹാരിസ് ഇക്കയും ഉണ്ടായിരുന്നു. ഡ്രൈവര്‍ മനോല ഞങ്ങളെ ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. മനോലയോട് യാത്രപറഞ്ഞ ശേഷം ഞങ്ങള്‍ എയര്‍പോര്‍ട്ടിനുള്ളിലേക്ക് കയറി. ചെക്ക് ഇന്‍ പരിപാടികള്‍ക്ക് ശേഷം ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഭക്ഷണം കഴിക്കുകയും ചെറിയ രീതിയില്‍ ഷോപ്പിംഗ് നടത്തുകയും ചെയ്തു.

വിമാനത്തിലേക്കുള്ള ബോര്‍ഡിംഗ് ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ വരിവരിയായി വിമാനത്തിനുള്ളിലേക്ക് കയറി. കൊച്ചിയില്‍ നിന്നും ഇവിടേക്ക് വരുമ്പോള്‍ ഉണ്ടായിരുന്നവരൊക്കെ തന്നെയായിരുന്നു മടക്കയാത്രയിലും ഉണ്ടായിരുന്നത്. ചിലരെല്ലാം നോക്കി ചിരിച്ച് പരിചയം പുതുക്കി. ബോര്‍ഡിംഗ് പൂര്‍ത്തിയായപ്പോള്‍ ഞങ്ങളെയും വഹിച്ചുകൊണ്ട് എയര്‍ ഏഷ്യ വിമാനം ബാങ്കോക്കില്‍ നിന്നും കൊച്ചി ലക്ഷ്യമാക്കി പറന്നു… താഴെ ബാങ്കോക്ക് നഗരത്തിന്‍റെ രാത്രിക്കാഴ്ചകള്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു… പതിയെ ഞങ്ങളെല്ലാം ഉറക്കത്തിലേക്ക് ചാഞ്ഞു… നാളെ മുതല്‍ ഇനി സ്വന്തം നാട്ടില്‍ പഴയപോലെ തന്നെ…

തായ്‌ലൻഡ് പാക്കേജിനായി നിങ്ങള്‍ക്ക് ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800