സേലം NH79 ലെ ടാങ്കറുകൾക്കും ട്രെയിലറുകൾക്കുമിടയിലെ നിമിഷങ്ങൾ

വിവരണം – ദയാൽ കരുണാകരൻ.

തമിഴ്നാട് സേലത്തു വച്ച് NH 79 ൽ അപ്രതീക്ഷിതമായാണ് ഞാൻ രണ്ടുവരി പാതയിൽ നിന്നും നാലുവരി പാതയിലേക്ക് എടുത്തെറിയപ്പെട്ടതു പോലെ വന്നുചാടിയത്. ഇതിന് തൊട്ടു മുമ്പുള്ള നിമിഷങ്ങളിൽ പൊടുന്നനെ ഒരു ടാങ്കർ ലോറി എന്തോ കലാപത്തിന് വരുന്നതുപോലെ ഹോൺ മുഴക്കി എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. എന്റെ കാർ ആ നാലുവരി പാതയിലേക്ക് കയറുമ്പോൾ ഏറ്റവും ഇടതു ട്രാക്കിലൂടെ രണ്ടിലധികം ട്രെയിലറുകൾ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഏറ്റവും മുമ്പിൽ പോകുന്ന ട്രെയിലർ വലതു വശത്തേക്ക് ഇത്തിരി പിടിച്ചു പോകുന്നതിനാൽ എനിക്ക് വേഗത്തിൽ മുന്നോട്ടു പോയി ഇടത് ട്രാക്കിലേക്ക് മാറി പിന്നിൽ ഹോൺ മുഴക്കി ബഹളം വക്കുന്ന ടാങ്കറിനെ ഓവർടേക്ക് അനുവദിക്കാനാവാത്ത അവസ്ഥയായിരുന്നു അപ്പോഴുണ്ടായിരുന്നത്.

എന്റെ മനോഗതി പിന്നാലെ വരുന്ന ടാങ്കർ ഡ്രൈവർക്ക് അറിയില്ലല്ലോ. അയാൾ കോപാവേശത്തോടെ നിരന്തരമായി ഹോണിലൂടെ എന്നെ ഉച്ചത്തിൽ ശകാരിച്ചു കൊണ്ടിരുന്നു. എനിക്ക് വേഗത്തിൽ മുന്നോട്ടു പോകാനും വയ്യ, വേഗത കുറച്ചു ഇടതു വശം പോകുന്ന ട്രെയിലറുകൾക്ക് പിന്നിലേക്ക് ഒതുങ്ങാനുമാകാത്ത അവസ്ഥ. പിന്നാലെ വരുന്നവൻ എന്റെ കാറിനെ മുട്ടിമുട്ടിയില്ലായെന്ന കലിപ്പ് അവസ്ഥയിലായിരുന്നു കാര്യങ്ങൾ.

ഈ അവസ്ഥയിലും ഞങ്ങളുടെ വേഗത ശരാശരി 70 – 80 ൽ ആയിരിക്കണം. അങ്ങനെ വേഗത കൂടിയും കുറഞ്ഞുമായി എന്റെ സംഘർഷ യാത്ര തുടരുകയാണ്. കുറച്ചു മീറ്ററുകൾ കൂടി ഓടിക്കഴിഞ്ഞപ്പോൾ വലതു ഭാഗത്ത് നിന്നും NH 179A യിൽ നിന്നും ഒരു പെട്രോൾ ടാങ്കറും ഞാൻ സഞ്ചരിക്കുന്ന പാതയിലേക്ക്. ഒരു അത്യാഹിതം പോലെ ഹോൺ മുഴക്കി വന്നു കയറി. അക്ഷരാർത്ഥത്തിൽ ഞാൻ ഇടതു ചേർന്ന് പോകുന്ന ട്രെയിലറുകൾക്കും വന്നു കയറിയ പെട്രോൾ ടാങ്കറിനുമിടയിലായി. ഇപ്പോഴും മൊത്തത്തിൽ എല്ലാ വാഹനങ്ങളുടെയും വേഗത ശരാശരി 60 ന് മീതെയായിരുന്നു.

പിന്നീടുള്ള നിമിഷങ്ങളിൽ എല്ലാവരുടെയും വേഗത വർദ്ധിക്കുന്നതല്ലാതെ കുറയുന്ന മട്ടില്ലായിരുന്നു. ഇടതു ഭാഗത്തെ ട്രെയിലറുകൾ വന്ന വേഗതയിൽ തന്നെ പോകുന്നു. എന്റെ പിന്നിലെ പെട്രോൾ ടാങ്കർ വർദ്ധിതവീര്യനായി ഹോണടിച്ച് മുട്ടിമുട്ടിയില്ലാ പാകത്തിൽ പിന്നാലെ. വലതു ഭാഗത്ത് നിന്നും വന്നു കയറിയ ടാങ്കർ എന്നെ പരമാവധി ഞെരുക്കി കൊണ്ടു വേഗത്തിൽ മുന്നോട്ട്. എന്റെ ചങ്കിടുപ്പ് കൂടുകയാണ്. കണ്ണിന്റെ കൃഷ്ണമണികൾ കൃത്യം മുന്നിലേക്ക്. അര സെക്കന്റ് നോട്ടം പിന്നിലേക്ക്. അപ്പോൾ മുന്നിലെ കാര്യങ്ങൾ പിടിവിട്ടു പോകുമോയെന്ന ആധിയുമുണ്ട്. മുന്നോട്ടു തുറിച്ചിരിക്കുന്ന കൃഷ്ണമണിയുടെ പാളിയ നോട്ടങ്ങൾ ഇടതുവലതു ഭാഗങ്ങളിലെ ട്രെയിലർ – ടാങ്കർ ദൃശ്യങ്ങളെ എനിക്ക് പരോക്ഷമായി തരുന്നുമുണ്ട്. ഞാൻ കൃത്യമായി നുലുപിടിച്ച പോലെ ഒരു ഇടനാഴിയിലൂടെയാണ് ഇപ്പോൾ പോകുന്നത്. അണുവിട തെറ്റിയാൽ ട്രെയിലറുകൾക്കും ടാങ്കറുകൾക്കുമിടയിൽ ഞങ്ങളുടെ കാർ ചതഞ്ഞമരും. ഈ അവസ്ഥയിൽ ഞാൻ കുറച്ചധികം സെക്കന്റ്റുകൾ തീ തിന്നു പോകുകയാണ്.

ഇവിടെ നിങ്ങൾ അറിയേണ്ട സുപ്രധാനമായ കാര്യം, പിന്നാലെ ഹോണടിച്ച് വരുന്ന ടാങ്കറും വലതു വശത്തു നിന്നും വന്നുകയറിയ ടാങ്കറും ചെറിയ വണ്ടികളോളുള്ള മര്യാദകേടുകളൊ കുസൃതികളൊ കലിപ്പുകളൊ ആണ് കാട്ടുന്നത്. ട്രെയിലറുകൾക്കാകട്ടെ ചെറിയ വണ്ടികളുടെ അവസ്ഥയൊന്നും, അതായത് ഞാൻ പെട്ടിരിക്കുന്ന അവസ്ഥയൊന്നും അറിയേണ്ട കാര്യമില്ലായെന്ന മട്ടിലാണ് പോക്ക്. കേരളം വിട്ടുള്ള നാഷണൽ ഹൈവെകളിൽ ട്രെയിലറുകളുടെ പതിവും ഇതാണ്.

ട്രെയിലറുകൾക്കും ടാങ്കറുകൾക്കുമിടയിലെ എന്റെ കണ്ണിമചിമ്മാതെയുള്ള ഓട്ടമൊന്നും എന്റെ വൈഫിനൊ മക്കൾക്കോ അറിയില്ല. ഞാൻ അവരെക്കൂടി ഭയപ്പെടുത്തണ്ടായെന്നു കരുതി മിണ്ടാനും പോയില്ല. ആസന്നമായ ഒരു ഞെരിഞ്ഞമരൽ… കാർ ട്രെയിലറിന് അടിയിലേക്ക് കയറുന്ന രംഗങ്ങൾ… എല്ലാം എന്റെ മനസ്സിലേക്ക് വരുന്നുണ്ട്. കൂടുതൽ വ്യക്തതയോടെ ചിന്തിക്കാനുള്ള സമയ ബാഹുല്യമൊന്നുമില്ലായിരുന്നു അപ്പോൾ. കാരണം ഈ സംഭവങ്ങൾ അരങ്ങേറുന്നത് NH79 ലെ ഏതാനും മീറ്റർ ദൂരത്തിലും കഷ്ടിച്ച് മൂന്നു നാല് മിനിട്ട് സമയത്തിനുള്ളിലുമാണ്.

വരുന്നത് വരട്ടെയെന്ന് ഞാനും കരുതി. മറിച്ച് സംഭ്രമങ്ങൾ കാട്ടിയിട്ട് പ്രയോജനവുമില്ലല്ലോ. പകരം ഞാൻ അപ്പോൾ ശ്രമിച്ചത് ഇടതു ഭാഗത്തെ ട്രെയിലറുകൾക്കും വലതു ഭാഗത്തെ അഹങ്കാരിയായ പെട്രോൾ ടാങ്കറിനുമിടയിൽ നൂലുപിടിച്ച് പരമാവധി വേഗതയാർജ്ജിക്കുക എന്നതു മാത്രമായിരുന്നു. എന്തായാലും എന്റെ കാറിന് 130 കി.മീറ്ററിന് മേൽ വേഗത പ്രാപിക്കാൻ പറ്റുമെന്നറിയാം. ഭയക്കാനുള്ളത് ആ സമയത്ത് സ്റ്റിയറിംഗിന് ചെറിയൊരു ജെർക്കിംഗ് വരുമെന്നതാണ്. ചെറിയ ജെർക്കിംഗ് പോലും ഞാൻ അകപ്പെട്ട പത്മവ്യൂഹത്തിൽ താങ്ങാൻ പറ്റുന്നതല്ലെന്നുമറിയാം.

ഞാൻ കണ്ണുകൾ ഇമവെട്ടാതെ നിർത്തി, ആക്സിലേറ്റർ പതിയെ ചവിട്ടി. സ്പീഡോമീറ്റർ 70… 80… 90… 100…അങ്ങനെ ഉയർന്നു. ഞാൻ ഒന്നാമത്തെയും രണ്ടാമത്തെയും ട്രെയിലറുകളെ മറികടന്നു. ഏറ്റവും മുന്നിലെ ട്രെയിലറിനെ കടക്കാൻ പറ്റുമോയെന്ന ആശങ്ക എന്നിൽ ശക്തമായി. കാരണം ആ ട്രെയിലർ ഇത്തിരി വലതു പിടിച്ചാണ് പോകുന്നത്. എന്റെ ഹോണടികളൊന്നും ആ ട്രെയിലറിന്റ്റെ ക്യാബിനിലെത്തുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എങ്കിലും ഞാൻ ഇതിനിടയിൽ ഹോണടിച്ച് കൊണ്ടേയിരുന്നു.

ഞാൻ ഏകദേശം മുന്നിലെ ട്രെയിലറിന്റ്റെ ക്യാബിൻ വിന്ഡൊ കടന്നു. വലതു വശത്തെ പെട്രോൾ ടാങ്കർ എനിക്ക് അല്പം പിന്നിലായി. ഈ സമയത്ത് ആ ട്രെയിലർ ഡ്രൈവർ എന്നെ കണ്ടു കാണണം. അയാൾ ട്രെയിലറിന്റ്റെ വേഗത ഇത്തിരി കുറച്ചത് എനിക്ക് മനസ്സിലായി. സത്യത്തിൽ അയാളുടെ വേഗത കുറക്കൽ ഒരാശ്വാസമായിരുന്നു. ചില നേരങ്ങളിൽ ചിലർക്കായി ചില യാദൃക്ഛികതകൾ സംഭവിക്കാമല്ലോ. ഞാൻ അപ്പോൾ എന്റെ വേഗത 100 ന് മുകളിലേക്ക് വർദ്ധിപ്പിച്ച് ട്രെയിലറുകൾക്ക് മുമ്പിലേക്ക്, അതായത് ഏറ്റവും ഇടതു ട്രാക്കിലേക്ക് ഒരു ചാട്ടുളി പോലെ കയറി സുരക്ഷിതനായി. എന്നിട്ട് വേഗത്തിൽ കടന്നു കയറി മുന്നോട്ടു പോയി. ഭാഗ്യത്തിന് ഇടതു ട്രാക്കിൽ ഇഴയാൻ മറ്റു വാഹനങ്ങളുമില്ലായിരുന്നു.

കാര്യങ്ങൾ നിയന്ത്രണത്തിലായി കഴിഞ്ഞപ്പോൾ ഞാൻ ട്രെയിലറുകളുടെ വേഗതയിലേക്കു താണു. ഏകദേശം 70-60 കി.മീ. അപ്പോഴേക്കും എന്റെ വലത് വശത്തെ പെട്രോൾ ടാങ്കർ എന്നെ കടന്നു മുന്നോട്ടു പോയി. അതിലെ ക്ളീനർ എന്നെ ഒരു ഫലിതം പോലെ നോക്കി. അവർക്ക് എന്റെ മരണവെപ്രാളങ്ങൾ അറിയേണ്ട ആവശ്യമില്ലല്ലോ. അതിന് പിന്നാലെ കലിപ്പ് ടാങ്കറും കടന്നു പോയി. അതിലെ ക്ളീനറാകട്ടെ ഇടതുകൈ ചൂണ്ടി കുലുക്കി എനിക്ക് വാണിംഗും തന്നു പോയി. എന്തോ ഞാൻ വലിയ അപരാധം ചെയ്ത മാതിരി. അയാൾ ഹോണടിച്ചപ്പോൾ പൊടുന്നനെ ഞാൻ കണ്ണടച്ച് ഓവർടേക്ക് അനുവദിച്ചില്ലല്ലോ!

പക്ഷെ അപ്പോൾ എന്റെ മനസ്സ് അല്പം പോലും പകയില്ലാത്തതായിരുന്നു. വികലമായ മനസ്സുള്ള രണ്ടു ഡ്രൈവർമാർ കാണിച്ച അവിവേകങ്ങളെ അപായരഹിതമായി കടന്നു പോയതിലുള്ള സന്തോഷമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞത്. സാധാരണ ഗതിയിൽ നാഷണൽ പെർമിറ്റ് വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാർ ക്ഷമാശീലരും വിവേകികളുമാണ്. എന്നിട്ടും ഈ ടാങ്കർ ഡ്രൈവർമാർ എന്താണ് ഇങ്ങനെയായിപ്പോയത്? എത്ര അവിവേക ജന്മങ്ങൾ…

ഇന്നു നീ, നാളെ ഞാൻ എന്ന് തിരുത്തി വായിക്കാൻ കഴിയാത്തവരെ നിരത്തുകൾ വലിയ പാഠങ്ങൾ പഠിപ്പിക്കുമ്പോഴേക്കും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞിരിക്കും. കാരണം സംഭവിക്കുന്ന അപകടങ്ങളിലും മരണങ്ങളിലും പിന്നെ റീടേക്കുകൾ സാധ്യമല്ല. പ്രത്യേകിച്ച് ഇന്നത്തെ നിരത്തുകൾ വേഗങ്ങളുടെ വേദികളാണ്. നിരത്തുകളുടെ വിധി കർത്താക്കൾ അഹന്തയുടെയും അവിവേകത്തിന്റ്റെയും തമ്പുരാക്കന്മാരല്ല മറിച്ച് യാദൃക്ഛികതകളാണ്. യാദൃക്ഛികതകളുടെ തമ്പുരാക്കന്മാർ സമയവുമാണ്. റോഡിന് റോഡിന്റ്റെ നിയമം. കാടിന് കാടിന്റ്റെ നിയമം. കടലിന് കടലിന്റ്റെ നിയമം.

ഇത് ഒരു ഡിസംബർ 31 ന് പോണ്ടിച്ചേരിയിൽ നിന്നും ഊട്ടിയിലേക്ക് ന്യൂഇയർ ആഘോഷിക്കുന്നതിന് പോകുമ്പോൾ സേലത്തു വച്ചു സംഭവിച്ചതാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും വേഗവും തിരക്കുള്ള പാതകളാണ് ചെന്നൈ – സേലം- കോയമ്പത്തൂർ, സേലം- ബാംഗ്ലൂർ എന്നിവ. ബാംഗ്ലൂർ – ബോംബെ, ബാംഗ്ലൂർ – ഹൈദരാബാദ് പാതകൾ താരതമ്യേന ഭേദമാണ്. സേലം – ബാംഗ്ലൂർ പാതയിലെ വിഷയം സർവ്വരും വേഗത്തിൽ പോകുന്നതിനാൽ ഓവർടേക്കിംഗ് കഠിനമാണ്. അതിനാൽ അപകട സാധ്യതയും കൂടുതലാണ്.

അന്ന് 427 കി.മീ ഏകദേശം 9 – 10 മണിക്കൂർ കൊണ്ട് ഓടി ഊട്ടിയിലെത്തേണ്ട ലക്ഷ്യവുമുണ്ടായിരുന്നു എനിക്ക്. ന്യൂഇയർ ആഘോഷിക്കുന്നതിന് ദക്ഷിണേന്ത്യയിൽ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ പോണ്ടിച്ചേരിയുടെ ഫ്രഞ്ച് താളമേളങ്ങളിൽ നിന്നും എന്തിന് ഊട്ടിയുടെ ന്യൂഇയർ ആഘോഷ കുറവുകളിലേക്ക് വന്നെന്നു ആരും ചോദിക്കല്ലേ. അത് എന്റെ ഒരു ചെറിയ മണ്ടത്തരവും ന്യൂഇയർ രാവിൽ തണുത്തു വിറക്കുന്ന ഊട്ടിയോടുള്ള ഒരു ഇഷ്ടവും മാത്രം.

ഇതിൽ വാസ്തവം അല്ലാത്ത ഒന്നും എഴുതിയിട്ടില്ല. അന്യസംസ്ഥാനങ്ങളിൽ വാഹനമോടിച്ച് സഞ്ചരിക്കുന്ന സുഹൃത്തുക്കളുടെ ശ്രദ്ധയിൽ ഈ സംഭവം വരണമെന്ന സദുദ്ദേശം മാത്രമാണുള്ളത്. ദയവായി ഗൗരവമായ വിമർശനങ്ങളും അഭിപ്രായങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.