ചെകുത്താന്‍ കരടിയുടെ രൂപത്തില്‍ വിളയാടിയ ഒരു ഗ്രാമത്തിന്‍റെ കഥ…

1961.. ഫോറെസ്റ്റ് ഓഫീസർ ആയിരുന്ന നോറിൻ ഗികാൻ നാൽപ്പത്തി അഞ്ചു വർഷം മുന്നേ നടന്ന ഒരു കേസിന്റെ അന്വേഷണത്തിൽ ആണ്.. റോക്കൻ സാവോയെ മരണത്തിന്റെ താഴ് വര ആക്കി മാറ്റിയ നരഭോജിയായ ആ കരടിയെ കുറിച്ച്..തീർത്തും വിജനമായ ആ താഴ്വാരത്തേക്കാണ് നോറിൻ യാത്ര തുടങ്ങിയിരിക്കുന്നത്.നാൽപ്പതു വർഷം മുന്നേ ഒരു ഗ്രാമത്തെ മുഴുൻ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ അവനെ തേടി.അവന്റെ കഥ തേടി..

തീർത്തും വിജനമായ പ്രദേശം.. താമസക്കാർ തീരെ ഇല്ല എന്ന് തന്നെ പറയാം.. മരം കൊണ്ടു പണിതുയർത്തിയ വീടുകളിൽ എല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു.. വഴിയരികിൽ ഒന്നും ആരെയും കാണാനില്ല… കുറെ ദൂരം നടന്നതിന് ശേഷം ആളനക്കം ഉണ്ടെന്നു തോന്നിച്ച ഒരു വീട് കണ്ടെത്തി.. ആശ്വാസത്തോടെ അദ്ദേഹം ആ വാതിലിൽ മുട്ടി.. അറുപതു വയസിനു മേൽ പ്രായം തോന്നിക്കുന്ന ഒരാൾ വന്നു കതക് തുറന്നു.. നോറിൻ ഒന്ന് ചെറുതായി പുഞ്ചിരിച്ചു.. തിരിച്ചു ആ വീട്ടുകാരനും..

നോറിൻ..താൻ ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ ആണെന്നും ഒരു കാര്യം അറിയാൻ വേണ്ടി വന്നതാണ് എന്നും വീട്ടുകാരനെ അറിയിച്ചു. വീട്ടുകാരന്റെ പേര് ഹാറൂക്കി എന്നയിരുന്നു.. ഹാറൂക്കി നോറിനെ അകത്തേക്ക് ക്ഷണിച്ചു .. ഓരോ ചായയുടെ ഒപ്പം നോറിന്റെ വരവിന്റെ ഉദ്ദേശവും ചോദിച്ചു.. നോറിൻ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു.. “റോക്കസൻസാവയിലെ കരടിയെ കുറിച്ചറിയണം.”

ഹാറൂക്കിയുടെ കയ്യിലെ ചായ പാത്രം ഒന്ന് വിറച്ച പോലെ നോറിന് തോന്നി..മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരി മാറി.. കണ്ണുകളിൽ ഒരു ഭയം വന്നു നിറഞ്ഞു.. വിറക്കുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.

“നോക്കൂ നോറിൻ, ഞാൻ മറന്നു കഴിഞ്ഞ കാര്യങ്ങൾ ആണ് അതെല്ലാം..ഇനി ഒരിക്കൽ കൂടി അത് ഓർക്കാൻ ഓർക്കാൻ ഞാൻ ആഗ്രഹികുന്നില്ല.. നിങ്ങൾക്കു പോകാം.” അദേഹത്തിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.. നോറിന് കൂടുതൽ ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല.. അദ്ദേഹം ഹാറൂക്കിയോട് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി..

ഹാറൂക്കി കണ്ണുകൾ അടച്ചു പതുക്കെ കസേരയിലേക്ക് ചാഞ്ഞിരുന്നു.. നോറിൻ തിരിഞ്ഞു നടന്നു.. വാതിൽ കടക്കുന്നതിനു മുന്നേ ഹാറൂക്കിയുടെ ശബ്‌ദം അയാളെ പിടിച്ചു നിറുത്തി.. “നോറിൻ നിങ്ങൾക്കു എന്താണ് അറിയേണ്ടത്.. അവനെ കുറിച്ചാണോ.. അതോ ഞങ്ങളെ കുറിച്ചോ… ”

നോറിൻ തിരികെ വന്നു ആ കസേരയിൽ ഇരുന്നു.. “രണ്ടും.. അവനെ കുറിച്ചും.. നിങ്ങളെ കുറിച്ചും.. അവനെ കൊന്ന ആ നായാട്ടുകാരെ കുറിച്ചും.” ഹാറൂക്കി കണ്ണുകൾ തുറന്ന് നോറിനെ നോക്കി…. ഒരു ചെറു വിതുമ്പലോടെ അയാൾ സംസാരിച്ചു തുടങ്ങി

വർഷം 1915..എനിക്കന്ന് ഒരു പന്ത്രണ്ടോ പതിമൂന്നോ വയസ്സ് കാണും..ഒന്നാം ലോകമഹായുംദ്ധം നടക്കുന്ന സമയം..ജർമൻ പട്ടാളക്കാർ ആയിരുന്നു മുഖ്യ ശത്രുക്കൾ..എന്നാൽ ഞങൾ നാട്ടുകാർക്ക്‌ വേറെ ഒരു ശത്രു കൂടെ ഉണ്ടായി..ഏകദേശം എഴുന്നൂറ് പൗണ്ട് തൂക്കം ഉള്ള..ഒൻപതു അടി ഉയരമുള്ള ഒരു കരടി.. ഹാറൂക്കി..കുറച്ചു കൂടി കസേരയുടെ മുന്നിലേക്ക്‌ കയറി ഇരുന്നു..എന്നിട്ടു പറഞ്ഞു തുടങ്ങി..

നവംബർ മാസത്തിലെ ഒരു തണുത്ത രാത്രി..കുതിരയുടെ അസാധാരണമായ കരച്ചിൽ കേട്ടാണ് ഇകേഡാ കുടുംബം ഉണർന്നത്..ജനലിലൂടെ അവർ പുറത്തേക്ക് നോക്കി..വാതിലിനു മുന്നിലായി ഒരു കരടി..തവിട്ടു നിറം..അസാധാരണമായ വണ്ണവും പൊക്കവും..തന്നെ നോക്കിയവരെ ഒന്ന് തിരിച്ചു നോക്കിയിട്ടു അവൻ പുറത്തിറങ്ങി..ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ വച്ചിരുന്ന ചോളത്തിൽ ആയിരുന്നു അവന്റെ കണ്ണുകൾ..കിട്ടുന്ന അത്രയും ചോളവും കഴിച്ചു ആരെയും ഉപദ്രവിക്കാതെ അവൻ നടന്നു നീങ്ങി..

പത്തു ദിവസങ്ങക്കു ശേഷം..കൃത്യം ആയി പറഞ്ഞാൽ നവംബർ ഇരുപതു..അവൻ പിന്നെയും പ്രത്യക്ഷപെട്ടു..നേരത്തെ ചോളം ഇരുന്ന സ്ഥലം വരെ അവൻ മണം പിടിച്ചു ചെന്നു..ഒന്നും കിട്ടാത്ത നിരാശയിൽ ആ മുറി അവൻ തകർത്തു.. വീടിനു മുന്നിൽ വന്ന്‌ ഉച്ചത്തിൽ അലറികൊണ്ട് അവൻ കാട്ടിലേക്ക് മറഞ്ഞു..കാര്യങ്ങൾ കൈ വിട്ടു തുടങ്ങിയ എന്ന് മനസിലാക്കിയ ആ കുടുംബം തന്റെ രണ്ടാമത്തെ മകനായ കാമറ്ററോയെ വരുത്തി..കൂടെ രണ്ടു (മാറ്റേകി) വേട്ടക്കാരെയും വരുത്തി..കരടികളെ വേട്ടയാടി പിടിക്കാൻ മിടുക്കരണവർ..

മൂവ്വരും രാത്രി വീടിനു കാവൽ നിന്നു..കുറച്ചു ദിവസങ്ങൾ മുന്നോട്ടു പോയി..ഒന്നും സംഭവിച്ചില്ല..ആ രാത്രി വരെ.. കൃത്യം ആയി പറഞ്ഞാൽ നവംബർ മുപ്പതു..അസാധാരണമായ ശബ്‌ദം കേട്ടാണ് കാമറ്ററോ ഉണർന്നത്.. ദൂരെ മരക്കമ്പുകൾ ഒടിയുന്ന ശബ്‌ദം കേൾക്കാം..അദ്ദേഹം തന്റെ തോക്കിൽ പിടി മുറുക്കി..ശബ്‌ദം ഉണ്ടാക്കാതെ പുറത്തിറങ്ങി..അപ്പോഴേക്കും മറ്റു രണ്ടു പേരും ഒപ്പം എത്തി കഴിഞ്ഞു..അനക്കം കേട്ട ഭാഗത്തേക്ക്‌ അവർ നീങ്ങി..കാമറ്ററോ ദൂരെ തിളങ്ങുന്ന ആ കണ്ണുകൾ കണ്ടു..മൂന്ന് പേരുടെയും തോക്കുകൾ ഒന്നിച്ചാണ് പൊട്ടിയത്..ഒരു വലിയ അലർച്ച അവർ കേട്ടു..പക്ഷെ വളരെ വേഗത്തിൽ കാട്ടിലൂടെ എന്തോ ഓടി മറയുന്നതു അവർ കണ്ടു..

കുറച്ചു ദൂരം പുറകെ ഓടിയെങ്കിലും നിരാശ ആയിരുന്നു ഫലം..വെടി കൊണ്ട് എന്ന്‌ അവർക്കു ഉറപ്പായത് പിറ്റേ ദിവസം കണ്ട ചോര തുള്ളികൾ ആണ്..അവർ ആ ചോര തുള്ളികൾ ലക്ഷ്യമാക്കി നീങ്ങി..ചെന്നെത്തിയത് മൗണ്ട് ഒനിഷികയുടെ അടിവാരത്തിലേക്കാണ്.. ശക്തമായ മഞ്ഞുകാറ്റ് കാരണം അവർ തിരച്ചിൽ നിറുത്തി..തിരികെ പൊന്നു..

തങ്ങളുടെ തോക്കിൽ നിന്നും വെടി കിട്ടിയ വേദനയിൽ ഇനി അവൻ വരില്ല എന്ന്‌ അവർ ഉറച്ചു വിശ്വസിച്ചു..ഇകേഡാ കുടുംബവും ജനങ്ങളും സന്തോഷത്തിലായി.. വേട്ടക്കാർക്കു പ്രിത്യേക സമ്മാനങ്ങളും പണവും നൽകി യാത്രയാക്കി..

സന്തോഷം അധികം നീണ്ടില്ലാ..അവൻ തന്റെ നര നായാട്ടു തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു.. ഇത്രയും പറഞ്ഞു ഹാറൂക്കി കണ്ണുകൾ ഇറുക്കി അടച്ചു..ഇനി പറയാനുള്ള സംഭവങ്ങൾക്കു കരുത്താർജിക്കുന്ന പോലെ..

വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കുറച്ചു ദിവസങ്ങൾ മുന്നോട്ടു പോയി..ഗ്രാമത്തിലെ പകലുകൾ സാധാരണ പോലെ ആയി..രാത്രി മാത്രം ഗ്രാമീണർ കാവൽ നിന്നു..പകൽ അവൻ അക്രിമിക്കല്ല എന്ന ധാരണയിൽ ആയിരുന്നു ഗ്രാമവാസികൾ..എന്നാൽ..അന്ന്..

ഡിസംബർ ഒൻപതു..രാവിലെ ഒരു പത്തുമണി കഴിഞ്ഞു കാണും..ഓട്ട കുടുംബം ആയിരുന്നു അവന്റെ ലക്ഷ്യം..ആ വീട്ടിൽ അന്ന് ആറു മാസം പ്രായം ഉള്ള ഒരു കുഞ്ഞും കുഞ്ഞിനെ നോക്കാൻ വന്ന ആയയും മാത്രം..അവളുടെ പേര് അബെ മായു എന്നായിരുന്നു..

മായു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് പുറത്തു നിന്നും ഓടി എത്തിയത് കണ്ട കാഴ്ച അതി ഭീകരം ആയിരുന്നു..ഒരു കാലുകൊണ്ട് കുഞ്ഞിനെ ചവുട്ടി പിടിച്ചു തല കടിച്ചു പറിക്കുന്നതാണ് കണ്ടത്..മായു കയ്യിൽ കിട്ടിയ വടികഷണവും കൊണ്ട് അവനെ ആക്രമിച്ചു..കുഞ്ഞിന്റെ തല കടിച്ചെടുത്ത ശേഷം അവൻ മായുവിനു നേരെ തിരിഞ്ഞു..മായു പുറത്തേക്കോടി..പുറകെ അവനും..ഒരു നിമിഷ നേരം മതിയായിരുന്നു അവനു അവളുടെ അടുത്തെത്താൻ..ഒരു പൂ പറിക്കുന്ന ലാഘവത്തിടെ അവൻ അവളെയും കൊണ്ട് കാട്ടിലേക്ക് മറഞ്ഞു..

കുറച്ചു കഴിഞ്ഞാണ് ഓട്ട കുടുംബം തിരുച്ചു വരുന്നത്..വാതിൽ തുറന്ന് കിടന്നിരുന്നു..എങ്ങും ചോര പാടുകൾ..മുറിയിൽ തലയില്ലാത്ത ആ കുഞ്ഞിന്റെ ജഡം…മായുവിനെ വലിച്ചിഴച്ചു കൊണ്ടുപോയ പാട്…കേട്ടറിഞ്ഞവർ ആ വീട്ടിലേക്കു ഓടിയെത്തി.. ഗ്രാമീണർ ഒത്തു കൂടി..അവർ ഒരു പതിനഞ്ചു പേരുടെ കൂട്ടം ഉണ്ടാക്കി..അവനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ..

ഡിസംബർ 10 രാവിലേ ഈ പതിനഞ്ചു പേരും അവനെ അന്വേഷിച്ചിറങ്ങി..അഞ്ചു പേരടങ്ങുന്ന മൂന്ന് കൂട്ടമായി തിരിഞ്ഞു..അവർ കാടിനുള്ളിലേക്ക് കയറി..അധികം പോകേണ്ടി വന്നില്ല..അതിനു മുന്നേ അവൻ അവരുടെ മുന്നിൽ പ്രത്യക്ഷപെട്ടു.. വളരെ ശാന്തമായി അവരെ നോക്കി..അവന്റെ മുഖം മുഴുവൻ ചോരയിൽ കുളിച്ചിരുന്നു..നിമിഷങ്ങക്കുളിൽ അഞ്ചുപേരും ഒന്നിച്ചു നിറയൊഴിച്ചു..ഒരാളുടെ വെടി മാത്രമേ ലക്ഷ്യത്തിൽ കൊണ്ടോള്ളൂ..മിന്നൽ വേഗത്തിൽ അവൻ മരങ്ങൾ തിങ്ങി നിറഞ്ഞ കാടിനുള്ളിൽ മറഞ്ഞു..

മായുവിന്റെ ശവശരീരത്തിനായുള്ള തിരച്ചിൽ തുടങ്ങി..കുറച്ചു ദൂരെ മാറി മഞ്ഞു ഒരു കുന്നു പോലെ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു..അവർ അതിനടുത്തെത്തി..മഞ്ഞു മാറ്റി നോക്കി..മായുവിന്റെ തലയും ഒരു കാലും മാത്രം ബാക്കി..ബാക്കി എല്ലാം അവൻ തിന്നു തീർത്തിരുന്നു..ആരോടോ പക തീർക്കുന്ന പോലെ..

അവർ ഓട്ട കുടുംബത്തിന്റെ വീട്ടിലേക്കു തിരിച്ചെത്തി..കാരണം ഒരിക്കൽ ചോരയുടെ രുചി അറിഞ്ഞ അവൻ അവിടെ തന്നെ തിരിച്ചെത്തും എന്ന് അവർക്കു അറിയാമായിരുന്നു..ഗ്രാമീണർ തോക്കും മറ്റും ആയി അവനെ നേരിടാൻ ഒരുങ്ങി കഴിഞ്ഞിരുന്നു..

ഓട്ട കുടുംബവീടിനു അടുത്തായിരുന്നു മിയൂകെ എന്ന കുടുംബം താമസിച്ചിരുന്നത്..അവിടെ കവലിനായി ഒരു അൻപതു ആളുകളെ നിറുത്തിയിരുന്നു..ഇന്ന് എന്തായാലും അവൻ ഓട്ടയുടെ കുടുമ്പത്തിൽ എത്തും ഇന്ന് ഉറപ്പായതിനാൽ ഒരു കാവൽക്കാരനെ മാത്രം നിറുത്തി ബാക്കി ഉള്ളവരെ അങ്ങോട്ട്‌ വിളിപ്പിച്ചു..

ഏകദേശം ഒരു നൂറു ഗ്രാമീണർ ഓട്ട കുടുംബ വീട്ടിൽ നിലയുറപ്പിച്ചിരുന്നു..കുറച്ചു നേരത്തിനു ശേഷം അവന്റെ മുരൾച്ച അവർ കേട്ടു..പതുക്കെ വീടിനു മുകളിൽ അവൻ പ്രത്യക്ഷപെട്ടു…നിമിഷ നേരം കൊണ്ട് അവൻ മറയുകയും ചയ്തു..ആളുകൾ അവനെ അന്വേഷിച്ചു കാടു കയറി..എന്നാൽ അവന്റെ ഇര മറ്റൊരു വീട് ആയിരുന്നു.. “മിയൂകെ കുടുംബം.”

ഹാറൂക്കി തന്റെ സംസാരം നിറുത്തി..ചായ പാത്രത്തിലേക്ക് ചായ പകർന്നു..നോറിനെ ഒന്ന് നോക്കി..നോറിന്റെ മുഖത്തു രക്തമയം തീരെ ഇല്ല..അയാൾ നോറിന്റെ നേരെ ചായ നീട്ടി..അത് വാങ്ങുന്ന നോറിന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.. “എന്ത് പറ്റി” ചായ വാങ്ങി മുഖത്തു ഒരു പുഞ്ചിരി വരുത്തി.. “എന്ത് കൊണ്ട് അതിനെ കാട്ടിൽ കയറി കൊല്ലാൻ പറ്റാത്തത്”?

ചായ ഒന്ന് രുചിച്ച ശേഷം ഹാറൂക്കി മറുപടി പറഞ്ഞു. “മഞ്ഞുകാലം ആയിരുന്നു..ശക്തമായ കാറ്റും..പിന്നെ കാലടികൾ പിന്തുടരാൻ കഴിയുമായിരുന്നില്ല..ഓരോന്നിനും ഓരോ നിയോഗം ഉണ്ടല്ലോ.. അവനെ കൊല്ലാനുള്ള നിയോഗം വേറെ ഒരാൾക്കായിരുന്നു..സമയം ആവുബോൾ അവൻ വരും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.”

ചായ കുടിച്ച ശേഷം നോറിൻ കസേരയിൽ ചാഞ്ഞിരുന്നു..എന്നിട്ട് ആകാംഷയോടെ ചോദിച്ചു “മയൂകെ കുടുംബത്തിന് എന്ത് സംഭവിച്ചു” ഹാറൂക്കി കണ്ണുകൾ അടച്ചു കസേരയിലേക്ക് ഒന്നുകൂടെ ചാഞ്ഞിരുന്നു..തന്റെ സംസാരം തുടർന്നു

അന്ന് അവിടെ യോയോ എന്ന സ്ത്രീയും അവളുടെ നാലു കുട്ടികളും പിന്നെ അടുത്ത വീട്ടിലെ ഗർഭണിയായ ഒരു സ്ത്രീയും മാത്രം ആണ് ഉണ്ടായിരുന്നത്..പിന്നെ ഓടോ എന്നെ അംഗരക്ഷകനും..

സമയം വൈകിയിരിക്കുന്നു..യോയോ തന്റെ കുട്ടിയെ ചുമലിൽ കെട്ടിവച്ചു ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു..കുറച്ചു മാറി ജനലിനു അടുത്തായി എന്തോ മുരളുന്ന ശബ്‌ദം..എന്താണ് എന്ന് നോക്കുന്നതിനു മുന്നേ ജനാല ചില്ലുകൾ തകർത്തു അവൻ അകത്തു കയറി യോയോയെ ആക്രമിച്ചു..അവൻ കൈ നീട്ടി അവളുടെ മുത്തുകത്തു ആഞ്ഞടിച്ചു..കൂർത്ത നഖങ്ങൾ അവളുടെ കുട്ടിയുടെ പുറത്ത് തറച്ചത് അവൾ അറിഞ്ഞു..ശബ്‌ദം കേട്ടു ഓടോ എന്ന അംഗരക്ഷകൻ പാഞ്ഞെത്തി..അമ്മയെയും കുഞ്ഞിനേയും വിട്ടു അവൻ ഓടോക്ക് എതിരെ തിരിഞ്ഞു..അയാൾക്ക്‌ തോക്ക് എടുക്കാൻ ഉള്ള സമയം പോലും കിട്ടിയില്ല..അതിനു മുന്നേ അവന്റെ കൈ അയാളുടെ വലത്തേ തുടയിൽ ആഴ്ന്നിറങ്ങി..ആ കയ്യിൽ കോർത്തു അയാളെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു..ഇത്രയും സമയം മതിയായായിരുന്നു അവൾക്കും കുഞ്ഞിനും രക്ഷപെടാൻ..ഓടോ ഒരു കസേരക്ക് പുറകിൽ അഭയം പ്രാപിച്ചു..

അവൻ പിന്നെയും വീട്ടിൽ മണം പിടിച്ചു നടന്നു..ഉറങ്ങി കിടന്ന ആ രണ്ടു കുട്ടികളെയും അവൻ കടിച്ചു കീറി..പേടിച്ചു ഒളിച്ച പൂർണ ഗർഭണിയായ ആ സ്ത്രീയെ അവൻ പുറത്തേക്ക് വലിച്ചിട്ടു..എന്റെ വയറിൽ തൊടരുത് എന്ന് ആ സ്ത്രീ കരയുന്നുണ്ടായിരുന്നു…അവളുടെ കഴുത്തിൽ മാത്രം കടിച്ചു കയ്യുടെ പകുതി ഭക്ഷിച്ച ശേഷം അവൻ കാട്ടിലേക്ക് മറഞ്ഞു..

ഓടോ അവിടെ നിന്നും ഇറങ്ങി ഒരു തരത്തിൽ ഗ്രാമീണരുടെ അടുത്തെത്തി..കാര്യം കേട്ട അവർ ആ വീട്ടിലേക്ക് ഓടി..പുറത്ത് ഗർഭണിയായ ആ സ്ത്രീ കിടപ്പുണ്ടായിരുന്നു..അവളുടെ ജീവൻ പോയെങ്കിലും വയറിനുള്ളിലെ ആ തുടിപ്പ് അവസാനിച്ചിരുന്നില്ല..ആ ഇടിപ്പ്‌ നേർത്തു നേർത്തു ഇല്ലാതാവുന്നത് അവർ അറിഞ്ഞു..

ഗ്രാമീണർ അകത്തു നിന്നും എന്തോ ഒരു ശബ്‌ദം കേട്ടു..അതേ അവൻ അകത്തു തന്നെ ഉണ്ട്..ഭൂരിപക്ഷം പേരും വീട് കത്തിക്കാൻ ഉള്ള അഭിപ്രായത്തിൽ ഉറച്ചു നിന്നു..ഇനിയും വീടിനുള്ളിൽ ജീവനോടെ ആരെങ്കിലും ഉണ്ടോ എന്ന കാര്യം അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു..വീടിനു ചുറ്റും ആയുധങ്ങളും മറ്റും ആയി അവർ നില ഉറപ്പിച്ചു..വലതു വശത്തെ ജനാല തകർത്തു രണ്ടു പേരെ തട്ടി തെറിപ്പിച്ചു പിന്നെയും അവൻ കാട്ടിൽ മറഞ്ഞു..

ഭയം എന്തെന്ന് ഞങൾ അറിഞ്ഞു തുടങ്ങി..ഇനി ആരും അവന്റെ ഇര ആവരുത് എന്ന് ഞങൾ ഉറപ്പിച്ചു..എല്ലാവരും ഒരു സ്കൂളിൽ അഭയം പ്രാപിച്ചു..അവനെ അങ്ങിനെ കൊല്ലും എന്ന ആലോചനയിൽ ആയി എല്ലാവരും..എല്ലാവരും ഒരു പേരിൽ ഉറച്ചു നിന്നു.. യമാമോട്ടോ ഹെയ്ക്കിച്ചി..ഒരു കള്ളുകുടിയൻ ആയ ആ വേട്ടക്കാരൻ..അവനെ കൊണ്ടുവരാൻ ഗ്രാമത്തിൽ നിന്നും രണ്ടു പേർ യാത്രയായി..

അടുത്ത ഗ്രാമത്തിൽ അവർ എത്തി..കുറെ അന്വേഷണത്തിനൊടുവിൽ അവർ യമാമോട്ടോ ഹെയ്ക്കിച്ചിയെ കണ്ടത്തി..ഒരു മുഴു കുടിയൻ..തന്റെ തോക്കു പോലും പണയം വച്ചാണ് അയാൾ കുടിച്ചിരുന്നത്..അയാളോട് ആ കരടിയെ കുറിച്ചു പറഞ്ഞു..ആദ്യം കേൾക്കാൻ കൂട്ടാക്കിയില്ല എങ്കിലും അവന്റെ ശരീര ഘടന പറഞ്ഞപ്പോൾ അയാൾ അവരെ ഒന്ന് തുറിച്ചു നോക്കി…

പെട്ടന്ന് അയാൾ ചാടി എഴുനേറ്റു ഉച്ചത്തിൽ അലറി… “കസഗേക്ക്” സൂക്ഷിക്കണം.. അവന്റെ തോളെല്ലിൽ ഒരു വലിയ മുറിവുണ്ട്..എന്റെ സമ്മാനം ആണ് അത്.. സൂക്ഷിക്കണം..നിങ്ങളുടെ ഗ്രാമം പൂർണമായി ഇല്ലാതാക്കാൻ അവനു ദിവസങ്ങൾ മാത്രം മതി..

ഹാറൂക്കി കസേരയിൽ നിന്നും എഴുനേറ്റു പതുകെ മുറിയിൽ നടക്കാൻ തുടങ്ങി..നോറിൻ അയാളെ തന്നെ ശ്രദിച്ചിരിക്കുകയായിരുന്നു.. ഹാറൂക്കി തന്റെ വലിപ്പു തുറന്ന് ഒരു ചുരുട്ടിന്‌ തീ കൊളുത്തി.. എന്നിട്ട് നോറിനെ നേരെ ഒരണ്ണം നീട്ടി..

“വേണ്ട ശീലമില്ല..പറയൂ പിന്നെ എന്ത് സംഭവിച്ചു.” ഹാറൂക്കി ഒരു പുക ആഞ്ഞു വലിച്ചു പറയാൻ തുടങ്ങി..

ഞങ്ങൾ ആരും അന്ന് വീടുകളിൽ പോയില്ല..എല്ലാവരും ആ സ്കൂളിൽ ആണ് ഉറങ്ങിയത്..പിറ്റേന്ന് നേരം വെളുത്തപ്പോൾ പല വീടുകളും അക്രമിക്കപ്പെട്ടിരുന്നു..കാര്യങ്ങൾ കൂടുതൽ മോശമാവുകയാണ്…വേട്ടക്കാരനായ യമാമോട്ടോയെ വിളിക്കാൻ പോയവർ തിരിച്ചെത്തി..അയാൾ വരും എപ്പോഴെന്നു അറിയില്ല..വരും എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്..പോലീസിലും വിവരം അറിയിച്ചിട്ടുണ്ട്.

അവിടത്തെ ചീഫ് ഇൻസ്‌പെക്ടർ ആയിരുന്ന സുഗ ആണ് ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്..അദ്ദേഹം ആദ്യം തന്നെ ഒരു സ്‌നൈപ്പർ ടീം ഉണ്ടാക്കി..കൂടാതെ വേറെ ഒരു ഇരുപതു പേരും..അവരുമായി അദ്ദേഹം ഗ്രാമ ത്തിലേക്ക് തിരിച്ചു..രാത്രിയോടെ അവർ ഗ്രാമത്തിലെത്തി..എല്ലാവരും കൂടി അന്ന് രാത്രി ഒത്തു കൂടി..മേയർ ഉൾപ്പടെ..എല്ലാവരോടും ആയി സുഗ പറഞ്ഞു

“അവനെ കാട്ടിലേക്ക് അന്വേഷിച്ചു പോകുന്നത് മണ്ടത്തരം ആണ്..അവനെ ഇവിടെ വരുത്തിക്കണം..അതിനു ഒരു വഴിയേ ഒള്ളു..അവൻ കൊന്ന ആളുകളുടെ ശവശരീരങ്ങൾ ഓടോയുടെ വീട്ടിൽ ഉപേക്ഷിക്കുക..അവൻ വരും ഉറപ്പ്..”

ആദ്യം എല്ലാവരും എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു..അങ്ങിനെ ശവശരീരങ്ങൾ ആ വീട്ടിൽ എത്തിച്ചു..അവനായി അവർ കാത്തിരുന്നു..എന്നാൽ അവൻ വന്നില്ല എന്ന് മാത്രം അല്ലാ..അടുത്ത ഗ്രാമത്തിലെ ഒരു വീട്ടിൽ അവൻ എത്തിയതായി റിപ്പോർട്ടും കിട്ടി..സുഖക്കു കാര്യങ്ങൾ കൈ വിട്ടു പോയി തുടങ്ങി എന്ന് മനസിലായി..അവനെ ഇവിടെ വരുത്തുന്ന കാര്യം നടക്കില്ല..അവനെ അന്വേഷിച്ചു പോകുന്നതാണ് നല്ലത്..പക്ഷെ എങ്ങിനെ..എങ്ങോട്ട്..

അന്ന് എല്ലാവരും കൂടിയിരിക്കുമ്പോൾ ദൂരെ നിന്നും ഒരാൾ വരുന്നത് കണ്ടു..അടി കുഴഞ്ഞു..നടക്കാൻ പോലും വയ്യാതെ..ആരും പുറത്തിറങ്ങാത്ത ആ രാത്രിൽ അതും ഒറ്റയ്ക്ക്..എല്ലാവരും അയാളുടെ അടുത്തേക്കെത്തി..അത് മറ്റാരും ആയിരുന്നില്ല..യമാമോട്ടോ ഹെയ്ക്കിച്ചി..കള്ളുകുടിയൻ ആയ വേട്ടക്കാരൻ..കുഴഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു

“അവൻ നിങ്ങളെ അന്വേഷിച്ചു വരും എന്ന് വിചാരിക്കണ്ട..നമ്മളേലും ബുദ്ധി ഉണ്ട് അവനെ..അവനെ അവന്റെ മാളത്തിൽ പോയി കൊല്ലണം..അതും നാളെ തന്നെ..ഇല്ലങ്കിൽ ഇവിടെ ആവർത്തിച്ചത് അടുത്ത ഗ്രാമങ്ങളിലും തുടരും”

സുഗയും അത് ശരി വച്ചു.. “എന്റെ മുഴുവൻ ആളുകളും നിങ്ങളുടെ കൂടെ ഉണ്ടാവും” യമാമോട്ടോ ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു. “വേണ്ട..എനിക്കുള്ളവരെ ഞാൻ കണ്ടെത്തിക്കോളാം..നിങ്ങളുടെ വഴി നിങ്ങൾ നോക്കിക്കോളൂ” ഇത്രയും പറഞ്ഞ് അയാൾ ഇരുളിലേക്ക് നടന്നു നീങ്ങി..

ഡിസംബർ പതിനാലു..അവർ രണ്ടു കൂട്ടരും അവനെ അന്വേഷിച്ചു ഇറങ്ങുന്ന ആ ദിവസം..സുഗയുടെ പോലീസ് സേനയും യമാമോട്ടോയും കൂടെ മൂന്ന് നാട്ടുകാരും.. അതിൽ ഒരാൾ നേരത്തെ മരണപെട്ട ആ ഗർഭണിയുടെ ഭർത്താവും.. യമാമോട്ടോക്കറിയാം ചെറിയ കൂട്ടം ആണ് ഇപ്പോഴും നല്ലത്..വേഗത കൂടും.. ആശയവിനിമയം എളുപ്പമാകും..

കാടു കടന്നു വേണം മലനിരകളിൽ എത്താൻ.. അതും മഞ്ഞു വീണ വഴികൾ..നടക്കാൻ തന്നെ ദുഷ്‌കരം…ഓരോ ചുവടും ശ്രദ്ധയോടെ വേണം..അവൻ എവിടെ നിന്നും വരുമെന്നോ അവിടേക്കു പോകുമെന്നോ ആർക്കും അറിയില്ല..കുറെ ദൂരം അവർ നടന്നു..ഇടക്ക് വഴി രണ്ടായി പിരിയുന്നു..യമാമോട്ടോ വലതു വശത്തേക്കുള്ള വഴിയേ നടന്നു..കുറച്ചു ദൂരം നടന്നപ്പോൾ യമാമോട്ടോ കൈ കൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ചു..അവിടെ ചില സ്ഥലങ്ങളിൽ ചോര തുള്ളികൾ.. അതും ലക്ഷ്യമാക്കി അവർ നീങ്ങി..കൂട്ടത്തിൽ ഒരാൾക്ക് ആ സ്ഥലം നല്ലത് പോലെ അറിയാമായിരുന്നു. ആ വഴി അവസാനിക്കുന്നത് ഒരു മലമുകളിൽ ആണ്..എവിടെ ഒരു ഓക്ക് മരം നിൽപ്പുണ്ട്.. ഇത്രയും കേട്ടപ്പോൾ യമാമോട്ടോ ഉറപ്പിച്ചു..അവൻ അവിടെ കാണും..ആ മരത്തിനു മേലെയോ അല്ലങ്കിൽ അതിനു താഴെയോ..

അവർ നടന്നു ചെകുത്തായ ആ പാറക്ക് അടുത്തെത്തി..ഓക്ക് മരം കാണാം..യമാമോട്ടോ കുറച്ചൂടെ അടുത്തേക്ക് നീങ്ങി..മരത്തിനു മറുവശത്തായി അവൻ ഉണ്ട്..മൂന്ന് പേരെ ഈ വഴിക്കു കാവൽ നിറുത്തി അയാൾ മറു വശത്തേക്ക് നീങ്ങി..യമാമോട്ടോക്ക് ഒരു കാര്യം അറിയുമായിരുന്നു..ആദ്യ വെടി അവന്റെ ഹൃദയത്തിൽ തന്നെ കൊള്ളണം..

ഇപ്പോൾ അവനും ആയുള്ള അകലം വെറും ഇരുപതു മീറ്റർ മാത്രം..യമാമോട്ടോ തന്റെ തോക്കിൽ മുറുകെ പിടിച്ചു..ലക്ഷ്യം വെക്കുന്നതിനു മുന്നേ അവൻ ഒന്ന് എഴുനേറ്റു..അവന്റെ കണ്ണുകൾ യമാമോട്ടോയുടെ കണ്ണുകളിൽ ഉടക്കി..അവൻ ഇരുകാലുകളും നിവർന്നു നിന്ന് ഉച്ചത്തിൽ അലറി..ആ സമയം മതിയായിരുന്നു അയാൾക്ക്‌..ആദ്യ വെടി തന്നെ ലക്ഷ്യം തെറ്റാതെ അവന്റെ ഹൃദയത്തിൽ തന്നെ..അവൻ ഒന്ന് കുനിഞ്ഞു..രണ്ടടി മുന്നോട്ടു വച്ചു..അപ്പോഴേക്കും യമാമോട്ടോയുടെ തോക്കു ഒന്നുടെ ശബ്‌ദിച്ചിരുന്നു..അത് അവന്റെ തലക്കു തന്നെ ആയിരുന്നു..ഒരു ശബ്‌ദം പോലും ഇല്ലാതെ അവൻ വീണു..

നാലു പേരും അവന്റെ അടുത്തെത്തി..മരണം ഉറപ്പിക്കാനായി അയാൾ അവന്റെ ഹൃദയത്തിൽ തോക്കു മുട്ടിച്ചു ഒന്നുടെ കാഞ്ചി വലിച്ചു..അതിന്റെ മാറ്റൊലി താഴ് വാരത്തിൽ മുഴങ്ങി കേട്ടു…ഗ്രാമത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ കസഗേക്ക് അതോടെ തീർന്നു..

ഹാറൂക്കി ചുരുട്ട് കുത്തി കിടത്തി..എന്നിട്ട് തുടർന്നു. കുതിരകളിൽ കെട്ടി വലിച്ചാണ് അവനെ ഗ്രാമത്തിലേക്ക് എത്തിച്ചത്..750 പൗണ്ട് ഭാരവും ഒൻപതു അടി പൊക്കവും ഉണ്ടായിരുന്നു അവനു..ഞങൾ കുട്ടികൾ അവനെ ചവുട്ടി വരെ നോക്കി..അവന്റെ രോമവും മറ്റു ഈ അടുത്ത കാലം വരെ സൂക്ഷിച്ചിരുന്നു..എപ്പോഴോ അത് മോക്ഷണം പോയി.പലരും ഗ്രാമം വിട്ടു പോകാൻ തുടങ്ങിയിരുന്നു..ഇനിയും ഇങ്ങനെ ഉണ്ടാവുമോ എന്ന് ഭയന്ന്..

നോറാൻ കസേരയിൽ നിന്നും എഴുനേറ്റു ഹാറൂക്കിയുടെ അടുത്തെത്തി.. “അതിൽ ഉണ്ടായിരുന്ന ആരെങ്കിലും ജീവനോടെ ഉണ്ടോ” ഹാറൂക്കി നോറിനെ ഒന്ന് നോക്കി.. “അതിനെ കൊല്ലാൻ പങ്കെടുത്തവരോ..അതിന്റെ ഇരയായ ആളുകളോ ഇന്ന് ജീവിച്ചിരിപ്പില്ല..ഒരാളോഴിച്ചു”. നോറിൻ ഹാറൂക്കിയെ ഒന്ന് നോക്കി..

ഹാറൂക്കി തുടർന്നു.. “മയൂകെ കുടുംബത്തിലെ യോയോ എന്ന സ്ത്രീയെയും നാലു കുട്ടികളെയും നിങ്ങൾ ഓർക്കുന്നുണ്ടോ..” നോറിൻ പറഞ്ഞ് “ഉണ്ട്..മൂന്ന് പേർ മരിച്ചു.. അപ്പോൾ നാലാമൻ”

ഹാറൂക്കി ഒന്ന് ചിരിച്ചുകൊണ്ട് അടുത്ത ചുരുട്ടിന്‌ തീ കൊളുത്തി… “ഞാൻ ഹാറുകി മയൂകെ.” നോറിൻ അദ്ദേഹത്തോട് യാത്ര പറഞ്ഞ് അവിടെ നിന്നറങ്ങി..ആ കഥ മുഴുവനും മനസ്സിൽ പകർത്തി അയാൾ നടന്നു നീങ്ങി..

(ഇതു ഒരു നടന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തി എഴുതി ഉണ്ടാക്കിയതാണ്.. ഇതിലെ കഥാപാത്രങ്ങൾ ഒന്നും സങ്കല്പികമല്ല.. ഈ നടന്ന സംഭവത്തിൽ എഴുത്തുകാരന്റെ കുറച്ചു ഭാവന കൂടി ചേർത്തിട്ടുണ്ട് എന്ന് മാത്രം)

വിവരണം – അജോ ജോർജ്.