കുഞ്ഞിൻ്റെ ചികിത്സയ്ക്ക് കരുതിയ മോതിരം പോയി; വീണ്ടെടുത്ത് പോലീസ്

അസുഖം ബാധിച്ച മകനെ ആശുപത്രിയിൽ കാണിക്കാൻ പണം കണ്ടെത്തുന്നതിനായി കയ്യിലണിഞ്ഞിരുന്ന മോതിരം പണയം വെക്കാൻ ചാവക്കാട് ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. നടത്തിത്തിനിടയിൽ വിരലിൽ നിന്നും ഊരി മോതിരം നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബിനിടയിലൂടെ അഴുക്കുചാലിലേക്ക് വീണു. ആകെ പരിഭ്രമിച്ച യുവതി അവിടെ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചു.

സ്റ്റേഷനിൽ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനി യുവതിയെ ആശ്വസിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഉടൻ തന്നെ പോലീസ് ഓഫീസർ സൌദാമിനി യുവതിയേയും കൂട്ടി മോതിരം നഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയി. അഴുക്കുചാലിനുമീതെ, കോൺക്രീറ്റ് സ്ലാബുകൾ ഇട്ട വിടവിലൂടെ സ്വർണമോതിരം നഷ്ടപ്പെട്ട സ്ഥലം പോലീസുദ്യോഗസ്ഥയ്ക്ക്‌ യുവതി കാണിച്ചു കൊടുത്തു.

ചാവക്കാട് നഗരത്തിലൂടെ പോകുന്ന ഒരു അഴുക്കുചാലായിരുന്നു അത്. അതിനുമീതെ കാൽനടക്കാർക്ക് പോകുന്നതിനുവേണ്ടി വളരെ കനത്തിലാണ് കോൺക്രീറ്റ് സ്ലാബുകൾ ഇട്ടിരിക്കുന്നത്. സ്ലാബുകൾ നീക്കി, നഷ്ടപ്പെട്ട മോതിരം കൈകൊണ്ടെടുക്കുക സാധ്യമല്ല. അതുവഴി പോയ ഒരു JCB സൌദാമിനിയുടെ ശ്രദ്ധയിൽപ്പെട്ടു. കൈകാണിച്ച് നിർത്തിച്ച ശേഷം ഡ്രൈവറോട് സഹായം അഭ്യർത്ഥിച്ചു. നല്ല മനസ്സിനുടമയായ അയാൾ ജെസിബി കൊണ്ട് സ്ലാബ് ഉയർത്തിത്തരാമെന്ന് സമ്മതിച്ചു.

അഴുക്കു നിറഞ്ഞ വെള്ളം, വല്ലാത്ത ദുർഗന്ധവും. ഒറ്റനോട്ടത്തിൽ മോതിരം അവിടെ കാണുന്നുണ്ടായിരുന്നില്ല. മോതിരം നഷ്ടപ്പെട്ട യുവതി ആകെ വിഷമിച്ചു. “നമുക്ക് വഴിയുണ്ടാക്കാം…” സൌദാമിനി യുവതിയെ ആശ്വസിപ്പിച്ചു. അവിടെ കൂടിയ ഒരാളോട് സഹായമഭ്യർത്ഥിച്ചു. അഴുക്കുചാലിൽ ഒഴുക്കുണ്ടായിരുന്നില്ല. മോതിരം വീണ ഭാഗത്ത് കെട്ടിക്കിടന്നിരുന്ന വെള്ളവും ചെളിയും ഒരു ബക്കറ്റിൽ കോരി പുറത്തെടുത്ത് സസൂക്ഷ്മം പരിശോധിച്ചു. മോതിരം കണ്ടുകിട്ടി.

നഷ്ടപ്പെട്ടു എന്നു കരുതിയ അരപ്പവൻ തൂക്കം വരുന്ന സ്വർണമോതിരം തിരിച്ചു ലഭിച്ച സന്തോഷത്തിൽ പോലീസുദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് യുവതി കരഞ്ഞു. “വിഷമിക്കേണ്ട, പോയ്കോളൂ. കുട്ടിയുടെ അസുഖം വേഗം ഭേദമാകട്ടെ.” സൗദാമിനിയുടെ സാന്ത്വനവാക്കുകൾ യുവതിക്ക് ആശ്വാസമായി.

സന്ദർഭോചിതമായ ഇടപെടലിലൂടെ യുവതിയുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ മോതിരം വീണ്ടെടുക്കാൻ അവസരമൊരുക്കിയ ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൗദാമിനിക്ക് അഭിനന്ദനങ്ങൾ.

കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.