കുവൈറ്റ് യുദ്ധകാലത്തെ ഫ്ലൈറ്റ് യാത്രയും വേദനകളും

വിവരണം – ദയാൽ കരുണാകരൻ.

നിങ്ങൾ ഒരു ഫ്ളൈറ്റു യാത്രയിലാണ്. അതും വിദേശത്ത് നിന്നും നാട്ടിലേക്ക്. പ്രത്യേകിച്ച് 1990 ൽ ഇറാഖ് സേന കുവൈറ്റ് പിടിച്ചെടുത്തതിന് ശേഷം. അടുത്ത ആക്രമണം മിഡിൽ ഈസ്റ്റിൽ കുവൈറ്റിന്റ്റെ സഖ്യ രാഷ്ട്രമായ സൗദി അറേബ്യയിലേക്കാണെന്ന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ പ്രഖ്യാപിച്ചതിന് പിന്നാലെ. തീർച്ചയായും ഉൽക്കണ്ഠയിലായിരിക്കുമല്ലോ? ആ യാത്രയിൽ നിങ്ങൾ നിനച്ചിരിക്കാത്ത ശാരീരിക വൈഷമ്യതകൾ കൂടി വന്നുചേർന്നാലോ? നിങ്ങൾ ശരിക്കും പെട്ടു പോകില്ലേ?.

അന്ന് സൗദി അറേബ്യയുടെ പ്രധാന നഗങ്ങളായ ദമാമും റിയാദും ജദ്ദയും ഇറാഖിന്റ്റെ മിസൈൽ പരിധിയിലാണെന്നുമൊക്കെ അറബ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കാലം. തന്നെയുമല്ല നിങ്ങൾ താമസിക്കുന്നതിന്റ്റെ തൊട്ടടുത്തു തന്നെയാണ് സൗദി ഭരണകൂടം കുവൈറ്റ് രാജകുടുംബ അംഗങ്ങൾക്ക് അഭയമരുളിയിരിക്കുന്നതും. അതായത് നിങ്ങളും ഭീഷണിയുടെ നിഴലിലാണെന്ന് സാരം. അപ്പോൾ ആരായാലും തല്ക്കാലം ആ ഏരിയയിൽ നിന്നും ഒഴിവായി നില്ക്കാനെ ആഗ്രഹിക്കൂ. ആ സമയത്ത് നിങ്ങൾക്ക് അവിടെ നിന്നും ബോംബെയിലേക്ക് ഒരു യാത്ര തരമായി വന്നു. ആ യാത്ര നിങ്ങളെ അമിതമായി സന്തോഷിപ്പിക്കുന്നതായിരിക്കണമല്ലോ.

എന്നാൽ കേട്ടോളൂ. അങ്ങനെയൊരു ഫ്ളൈറ്റ് യാത്ര ഇറാഖ്- കുവൈറ്റ് യുദ്ധകാലത്ത് എനിക്കുണ്ടായി. താമസിക്കുന്ന സ്ഥലത്ത് സദ്ദാം ഹുസൈന്റ്റെ മിസൈൽ വീണു മരിക്കാതെ നാട്ടിലെത്താമെന്ന് ആശ്വസിച്ച ഒരു യാത്ര.

അക്കാലത്ത് 1991 ജനുവരി 17 ന് ഇറാഖിനെ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യസേനകൾ അന്തിമമായി നേരിടുന്നതിന് മുമ്പ്. പൊതുവെ ഗൾഫ് മേഖലയിൽ വ്യോമഗതാഗതം അത്യന്തം ഭയപ്പെടുത്തുന്ന കാര്യമായിരുന്നു. അന്ന് പേർഷ്യൻ ഗൾഫ് കടലിന്റെ മീതെ കൂടെയോ ഒമാൻ ഭാഗത്ത് അറേബ്യൻ കടലിന് മീതെ കൂടെയോ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ഫ്ളൈറ്റ് സർവ്വീസുകൾ വിലക്കുള്ള കാലമായതിനാൽ ആറ്റുനോറ്റിരുന്ന് ജോർദ്ദാനിലെ അമ്മാൻ, കെയ്റോ, ജെദ്ദ, സനാ എന്നിടങ്ങളിലൂടെയുള്ള ഏതെങ്കിലും ഫ്ളൈറ്റുകളായിരുന്നു മുംബൈയിലക്കുണ്ടായിരുന്നത്. അത്തരമൊരു ഉലകംചുറ്റു യാത്രയാണ് അന്ന് ഞാൻ നടത്തിയിയത്.

അന്ന് സൗദി അറേബ്യയിലെ എന്റെ വാസം. അൽ ബാഹ പ്രവിശ്യയിലെ Al Atawilah എന്ന അതിമനോഹരമായ ഒരു സ്ഥലത്തായിരുന്നു. നാല്പത് ഡിഗ്രിക്ക് മുകളിൽ വെയിലു പൂക്കുന്നത് കാത്തു ചെന്ന എന്നെ അള്ളാഹുവിന്റ്റെ മലക്കുകൾ എത്തിച്ചത് മലഞ്ചെരുവുകളുടെ കനിവിലേക്കായിരുന്നു. സരാവത് മലനിരകളിൽ സൂചിമഴ പോലെ മഞ്ഞു പെയ്യുന്ന, സമുദ്രനിരപ്പിൽ നിന്നും 6890 അടി ഉയരത്തിലൊരു പ്രാചീനമായ ഗ്രാമം.

ആ പർവ്വതസ്ഥലിയിടെ താഴ്വരകളിലൂടെ… കൊടുവരികളിലൂടെ പോകുന്ന ഹൈവെ 15 ആണ് ആ ഗ്രാമത്തിന്റ്റെ പ്രാചീനതയെ കീറിമുറിക്കുന്നത്. സൗദി അറേബ്യയുടെ തെക്ക് കിഴക്ക് നജ്റാന്റ്റെ യെമൻ അതിർത്തിയിൽ നിന്നും തുടങ്ങി വടക്ക് പടിഞ്ഞാറ് ജോർദ്ദാനിലേക്ക് പോകുന്ന മനോഹരിയായ ഹൈവെ… അവൾ പോകുന്നതോ… സൗദിയുടെ തെക്ക് കിഴക്ക് നജ്റാനിലൂടെ… ഖമ്മീസ് മുഷൈത്തിലൂടെ… അബ്ഹയിലൂടെ… അൽ ബാഹയിലൂടെ… അൽ തായ്ഫിലൂടെ… വിശുദ്ധ നഗരികളായ മെക്കയിലൂടെ… മദീനയിലൂടെ ജോർദ്ദാനിലേക്ക്. ഏകദേശം നമ്മുടെ പശ്ചിമഘട്ടം പോലെയാണ് അറേബ്യയുടെ സരാവത് മലനിരകൾ… അത്ര നിത്യഹരിതമല്ല… കുറ്റിക്കാടുകളാണ്… പക്ഷെ എമ്പാടുമുള്ള ശിലകളിൽ ചിലതൊക്കെ ആകാശത്തേക്ക് പറക്കാൻ വെമ്പുന്ന പോലെയായിരുന്നു. ചെങ്കടലിലെ ജലകണങ്ങൾ സരാവത്തിലെ അസീർ- ഹെജാസ് മലമടക്കുകളിൽ മിക്കപ്പോഴും കോടമഞ്ഞുകൊണ്ടു പട്ടുറമാലുകൾ നെയ്തിറക്കുമായിരുന്നു.

പ്രകൃതിയുടെ അത്തരം കനിവുകളിലൂടെയൊക്കെ കടന്നു വന്ന എക്സപ്രസ് ഹൈവെ 15 നെ ഞാൻ താമസിച്ചിരുന്ന Al- Atawilah ഉം ഒട്ടും ലോഭമില്ലാതെ തന്നെയാണ് സ്വീകരിച്ചിരുന്നത്. വരണ്ട അറേബ്യൻ മണ്ണിന്റ്റെ ഇത്തിരി കനിവുകളിൽ ദേശവാസികൾ ശീതകാല പച്ചക്കറികളൊക്കെ നനച്ചു വളർത്തിയിരുന്നു… ഇടവിട്ട തുണ്ടുകളിൽ എവിടെയോ മുന്തിരികൾ വള്ളിയിട്ടിരുന്നു… ചീക്കപ്പാറ അടുക്കിയ അതിരുകളിൽ അൽ അത്വാവിലയുടെ ആദിമ ബദുക്കൾ നട്ട ഈന്തപ്പനകളും ബദാം മരങ്ങളും ഹൈവേയിലൂടെ പോകുന്ന സഞ്ചാരികളെ നോക്കി പ്രാകൃതമായ ചിരി സമ്മാനിച്ചു നിന്നിരുന്നു. ബദാമിന്റ്റെ ചില്ലകളും പൂവിട്ട മാതളനാരകവും അന്ന് എന്റ്റെ ബാൽക്കണിയിലേക്ക് വന്നിരുന്നത് മൽസരിച്ചായിരുന്നു.

ആ എക്സ്പ്രസ് ഹൈവേയുടെ കൃത്യം അരികിൽ തന്നെയായിരുന്നു ഞാൻ ജോലി ചെയ്തിരുന്നതും താമസിച്ചിരുന്നതും… ഒരു ഹോസ്പിറ്റലിൽ. ഒരു ദിവസം രാവിലെ എഴുന്നേറ്റു പുറത്തെത്തിയപ്പോൾ സിറിയക്കാരനായ ഡോക്ടർ അബ്ദുള്ള ഫത്തു പറഞ്ഞത് കഴിഞ്ഞ രാത്രിയിൽ ഇറാഖ് സേന കുവൈറ്റ് പിടിച്ചെടുത്തന്നും നമുക്ക് ഹോസ്പിറ്റലിന് മുകളിൽ ഒരു റെഡ് ക്രെസന്റ്റ് വെക്കണമെന്നുമായിരുന്നു.

അങ്ങനെ പിന്നീടുള്ള ദിവസങ്ങളിൽ ഉറങ്ങാൻ കിടക്കുന്നത് ഇറാഖ് ആക്രമണം ഭയന്നായിരുന്നു. പ്രായം ഇരുപതുകളിലോടുന്ന ഒരു പയ്യന്റെ മാനസികാവസ്ഥ നിങ്ങൾ ഓർക്കണം… അതും പരിചയക്കാർ ഒട്ടുമില്ലാത്തിടത്ത്… അന്ന് അത്വാവലയിലെ മലയാളി സ്വരങ്ങൾ 500 മീറ്റർ അകലെ താമസിച്ചു ജോലിചെയ്തിരുന്ന മൂന്നു മലയാളി ടെയ്ലർമാർ മാത്രമായിരുന്നു. എന്റ്റെ ഹോസ്പിറ്റൽ ക്വാർട്ടേഴ്സിൽ മൂന്നു ഇന്ത്യാക്കാരുണ്ടായിരുന്നെങ്കിലും അവർ ആന്ധ്ര, യുപി നിവാസികളായിരുന്നു.

പിന്നെയുള്ള പരിചിതർ ആഴ്ചയിലൊരിക്കൽ അൽ ബാഹയിൽ നിന്നും വന്നിരുന്ന രണ്ടു മലയാളി മുൻസിപ്പൽ ജീവനക്കാരായിരുന്നു. അവർ കൊണ്ടു വന്നിരുന്ന ആഴ്ചപ്പഴക്കമുള്ള മനോരമ പത്രമായിരുന്ന അന്നത്തെ എന്റെ ഒരു കേരളാ കണക്ഷൻ. പിന്നെയുള്ള ആശ്രയം വീട്ടിലേക്കുള്ള വിളികളായിരുന്നു. അന്ന് മിനിറ്റിന് 12 സൗദി റിയാലുള്ള വിളി മന:പ്രയാസം ഉണ്ടാക്കുന്നതായിരുന്നു. അന്ന് ഗൃഹാതുരത മൂക്കുമ്പോൾ ഞാൻ ഒരു സാഹസം ചെയ്യുമായിരുന്നു. എന്റ്റെ ഹോസ്പിറ്റലിന് മുമ്പിൽ എക്സ്പ്രസ് ഹൈവേയ്ക്കുമപ്പുറമുള്ള നെടുങ്കൻ മല കുറുകെ കയറിയിറങ്ങി അപ്പുറത്തെ സൗദി ടെലിഫോൺ എക്സ്ചേഞ്ചിൽ എത്തി അവിടെയുണ്ടായിരുന്ന നല്ലവനായ മലയാളി പയ്യന്റെ സഹായത്തോടെ വീട്ടിലേക്ക് ആവോളം വിളിക്കുമായിരുന്നു.

പക്ഷേ ആ മലകയറ്റം ഇത്തിരി പ്രശ്നമേറിയതായിരുന്നു. ആ മലയുടെ ഒരു പകുതിയിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കളും മറു പകുതിയിൽ അറേബ്യ ബബൂൺ കുരങ്ങുകളുമായിരുന്നു ഭരണം. ബബൂണുകൾ പൗരാണിക ഈജിപ്ഷ്യൻ ദർശനപ്രകാരം വിശുദ്ധ ജന്തുക്കളായിരുന്നു. എന്തോ ആ പ്രൊഫൈൽ അറിഞ്ഞ മട്ടിലായിരുന്നു ആ ബബൂണുകൾക്ക് ശ്വാനന്മാരോടുള്ള അയിത്തം. ആ മലമ്പാതയുടെ മധ്യം കടന്നു ഇപ്പുറത്തേക്ക് വരുന്ന നായ്ക്കൾക്ക് നേരെ ബബൂണുകൾ കലാപമുയർത്തുക പതിവായിരുന്നു. ആ സമയത്ത് അവർക്ക് ഇടയിൽപ്പെടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഗുരുതരവുമായിരുന്നു. തന്നെയുമല്ല ആ മലകയറ്റം ഏകദേശം ഒരു കിലോമീറ്ററോളം വരുന്നതുമായിരുന്നു. അതുപോലെ ഇരിട്ടിയാൽ ശ്വാനന്മാർക്കും ബബൂണുകൾക്കും ഇടയിലൂടെയുള്ള മടങ്ങി വരവ് പേടിപ്പെടുത്തുന്നതായിരുന്നു.

സൗദി ടെലിഫോണിലെ എന്റെ മോഷണ വിളികൾ കേട്ടറിഞ്ഞ് പിന്നീട് ഈജിപ്ഷ്യൻ മുഹമ്മദും നഴ്സുമാരായ ഇന്ഡൊനെഷ്യൻ ഫാത്തിമയും ഫിലിപ്പിനോ കലിമയുമൊക്കെ ഊഴം പോലെ എനിക്കൊപ്പം ആ നെടുങ്കൻമല കയറി അപ്പുറത്തേക്ക് പോയി പ്രിയപ്പെട്ടവരെ വിളിച്ചാശ്വസിക്കുമായിരുന്നു. അവരെല്ലാം വളരെ പരിതാപകരമായ ചുറ്റുവട്ടങ്ങളിൽ നിന്നും വന്നവരായിരുന്നു. അന്ന് എനിക്ക് തോന്നിയിരുന്നു. അറേബ്യയിൽ എണ്ണപ്പാടങ്ങളേക്കാൾ ഏറെയുള്ളത് കണ്ണീർപ്പാടങ്ങളാണെന്ന്. ഏഷ്യക്കാരുടെയും കറുത്ത ആഫ്രിക്കക്കാരുടെയും കണ്ണീരാണ് അന്നും ഇന്നും അറേബ്യൻ നാടുകൾ.

അങ്ങനെ സരാവത് മലനിരകളിലെ എന്റെ ഏകാന്തവാസത്തിന് ഒരു ‘ബ്രേക്ക്’ പോലെയാണ് കുവൈറ്റ് യുദ്ധം വന്നതും ബോംബെ വഴിയുള്ള എന്റെ യാത്ര സംഭവിച്ചതും. അന്ന് അത്വാവല വിടാനും വയ്യ വിടാതിരിക്കാനും വയ്യാത്ത അവസ്ഥയായിരുന്നു. അത്വാവലയിൽ നിന്നും ഒരു സായാഹ്നത്തിൽ ഞാൻ റോഡു മാർഗ്ഗം 350 കിലോമീറ്ററിലേറെയുള്ള ജിദ്ദ എയർപോർട്ടിലെത്തി… രാത്രിയിൽ എപ്പോഴൊയുള്ള യെമൻ എയർവെയ്സിൽ ചുറ്റിക്കറങ്ങി ബോംബെയിലേക്ക്. ആ യുദ്ധദിവസങ്ങളിൽ അങ്ങനെയൊരു ഷെഡ്യൂൾ കിട്ടിയത് തന്നെ ഏറെ പണിപ്പെട്ടിട്ടായിരുന്നു.

ഞാൻ എയർപോർട്ട് ലോഞ്ചിൽ ഇരിക്കുമ്പോൾ. പെട്ടെന്നാണ് എനിക്ക് മൈഗ്രെയിന്റ്റെ ലക്ഷണങ്ങൾ ആരംഭിച്ചത്. അക്കാലത്ത് എന്റെ മൈഗ്രെയിൻ അറ്റാക്കുകൾ വളരെ അപൂർവ്വമായിരുന്നെങ്കിലും വരുമ്പോൾ വളരെ ‘ടിപ്പിക്കൽ’ ആയിരുന്നു. കടുത്ത തലവേദന… മനം പുരട്ടൽ… കൊടിയ ക്ഷീണം… കാല്പാദങ്ങളിൽ അസഹ്യമായ കടച്ചിൽ… ശരീരം മരവിക്കുക ഇങ്ങനെയൊക്കെ ആയിരുന്നു അസ്വസ്ഥതകൾ. പാരസെറ്റമോൾ കഴിച്ചിട്ടും വേദന മാറാത്ത അവസ്ഥ. ഇമിഗ്രെഷൻ കടമ്പയും ബോർഡിംഗ് പാസ്സുമൊക്കെ വേദന സഹിച്ചു ഒരു കണക്കിന് പൂർത്തിയാക്കി ഞാൻ ഫ്ളൈറ്റിന് അകത്ത് ഇരിപ്പുറപ്പിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഫ്ളൈറ്റ് രാത്രി ജെദ്ദയുടെ ആകാശത്തിലേക്ക് പറന്നുയർന്നു. ജെദ്ദയുടെ രാവെളിച്ചങ്ങളിൽ നിന്നും ഫ്ളൈറ്റ് ഇരുൾമാർഗ്ഗങ്ങളിലേക്ക് കയറി. പെട്ടെന്നുള്ള അവസ്ഥാ മാറ്റങ്ങൾ കാരണമാകും എന്റെ അസ്വസ്ഥതകൾ ഇരട്ടിച്ചു. ഞാൻ വളരെ ‘ഷോർട്ട് ബ്രീത്ത്’ ആയി… ശരീരം തീരെ തണുത്തു… തലവേദനയും അസഹ്യമാണ്. എനിക്ക് ഭയമേറുകയാണ്. കാരണം അക്കാലത്ത് എനിക്ക് വരുന്ന ഓരൊ മൈഗ്രെയിനുകളും എന്നെ ‘കംമ്പ്ളീറ്റ്ലി എക്സ്ഹൊസ്റ്റ്’ ചെയ്യിപ്പിക്കുന്നവയായിരുന്നു.

‘മൈഗ്രാനിൽ’ പോലുള്ള ടാബുകൾ എന്റെ കൈയിൽ ഇല്ല താനും. ഫ്ളൈറ്റിലെ പ്രഷർ വ്യത്യാസം എന്നെ ബാധിക്കുന്നതു പോലെ തോന്നി. സീറ്റ് ബെൽറ്റ് ‘അൺലോക് ടൈം’ ആയപ്പോൾ അടുത്തു വന്ന എയർ ഹോസ്റ്റസ്സിനോട് ഞാൻ എന്റെ അവസ്ഥ പറയുകയും ചില ടാബ്ലറ്റുകൾ ആവശ്യപ്പെടുകയും ചെയ്തു. പത്തു മിനിറ്റിനുള്ളിൽ മടങ്ങി വന്ന അവർ ഭവ്യതയോടുകൂടി പറഞ്ഞത് ഫ്ളൈറ്റ് ക്യാപ്റ്റൻ, എയർലൈൻ – എയർപോർട്ട് അധികാരികളുമായി സംസാരിച്ചെടുത്ത തീരുമാനം… ഫ്ളൈറ്റ് നിലത്തിറക്കുക… രോഗിയെ ജെദ്ദയിലെ ഹോസ്പിറ്റലിലേക്ക് മാറ്റുക. ഞാൻ ഞെട്ടിപ്പോയി… കഷ്പ്പെട്ടു കിട്ടിയ യാത്ര വേണ്ടെന്നു വക്കാനോ?

ഞാൻ എയർഹോസ്റ്റസ്സിനോട് ബദൽ ഓപ്ഷനുകൾ നിരത്തി. അവർ അതൊന്നും അംഗീകരിക്കാതെ നേരെ കോക്പിറ്റിന് നേരെ ധൃതിയിൽ നടന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റു എയർഹോസ്റ്റസ്സിന് പിന്നാലെ നീങ്ങി. കോക്പിറ്റ് ഡോറിൽ വച്ച് അവർ എന്റെ ഒച്ച് കേട്ടു നിന്നു. കോക്പിറ്റ് ഏരിയയിൽ യാത്രക്കാരൻ വരുന്നത് നിയമവിരുദ്ധമാണെന്നും മടങ്ങി പോകാനും വീണ്ടും പറഞ്ഞു. അതിനുള്ളിൽ ഇത്തിരി തുറന്ന ഡോറിലൂടെ ശബ്ദം കേട്ടു പുറത്തേക്കു വന്ന കോ- പൈലറ്റ് എന്നെ കണ്ടത് ഒരു എയർ ഹൈജാക്കിംഗ് താരത്തെ പോലെയാണ്. എന്റ്റെ വാക്കുകൾ കേൾക്കാതെ… വിശ്വസിക്കാതെ എന്നെ കീഴ്പ്പെടുത്താനെന്ന മട്ടിലായിരുന്നു അയാളുടെ ശരീരഭാഷ.

അപ്പോഴേക്കും അവിടേക്ക് കൂടുതൽ ക്യാബിൻ ക്രൂകളും ഒന്നു രണ്ടു യാത്രികരും എത്തിയിരുന്നു. എല്ലാവരും പകച്ചു നില്ക്കുകയാണ്. ഞാൻ അതിലും പകച്ചു നില്ക്കുകയാണ്. കാര്യങ്ങൾ ഞാൻ ചിന്തിക്കാത്ത നിലയിലേക്ക് വളർന്നിരിക്കെയാണ്. ഞാൻ എന്തു പറഞ്ഞാണ് അവരെ വിശ്വസിപ്പിക്കുന്നത്. ഒടുവിൽ ഞാൻ തൊഴുകൈയോടെ അവരോട് യാചിച്ചു… “ഞാൻ പറയുന്നത് സത്യമാണ്… ലഭ്യമെങ്കിൽ ഞാൻ ചോദിച്ച മരുന്നുകൾ തരിക… ഞാൻ ഒരു ഹോസ്പിറ്റൽ സ്റ്റാഫാണ്… എനിക്ക് അത്യാവശ്യം കാര്യങ്ങൾ ‘സെൽഫ് മാനേജ്’ ചെയ്യാനറിയുന്ന ആളാണ്… ദയവായി നിങ്ങൾ എന്നെ വിശ്വസിക്കുക.”

ആ ഘട്ടമെത്തിയപ്പോൾ അവിടേക്ക് വന്ന സഹ യാത്രക്കാരും എന്നെ പിന്തുണച്ച് സംസാരിക്കാൻ തുടങ്ങി. എന്തോ… കോ-പൈലറ്റ് അകത്തേക്ക് കയറി സംസാരിച്ചിരിക്കണം. അയാൾ മടങ്ങി വന്ന് എന്റെ ടെമ്പറേച്ചറും ബിപിയും നോക്കുന്നതിനും മറ്റും ക്രൂകളിൽ ഒരുവളോട് പറഞ്ഞു. ഒപ്പം പാസഞ്ചർ ലിസ്റ്റിലുള്ള ഏതെങ്കിലും ഡോക്ടർമാരുടെ സഹായം ലഭ്യമാക്കാനും പറഞ്ഞിട്ട് കോക്പിറ്റിലേക്ക് പോയി. ഹോ… എനിക്ക് ആശ്വാസമായി. തലവേദനയും കുറഞ്ഞ പോലെയായി.

പിന്നീടുള്ള യാത്രയിൽ ആ ആകാശ സോദരിമാരുടെ ഒരു കണ്ണ് എപ്പോഴും എന്റെ കാര്യങ്ങളിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വേദന ശമിച്ചുതുടങ്ങി. ഇതിനിടയിൽ ഒരു എയർഹോസ്റ്റസ് ചേച്ചി അന്നപാനീയങ്ങൾ കൊണ്ടു എന്റെ വയറ് നിറക്കാൻ തുടങ്ങിയിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും അവർ ഓരോന്നും കൊണ്ടു തരും. അവർ പോകുമ്പോൾ ഞാൻ അവ പെറുക്കി അടുത്തിരുന്ന പാകിസ്ഥാനിക്ക് കൊടുക്കുമായിരുന്നു. അവന് യെമനിലെ ‘സനാ’യിൽ നിന്നും വേറെ ഫ്ളൈറ്റിൽ കറാച്ചിയിലേക്ക് പോകാനുള്ളതാണെന്ന് പറഞ്ഞു. അങ്ങനെ അവനുമായി കൂടുതൽ സംസാരിക്കാനിടവന്നു. അവന്റെ കഥകൾ കേട്ടതോടെ എന്റെ മൈഗ്രെയിൻ പൂർണ്ണമായും പോയതുപോലെയായി.

മഹമൂദ് അബ്ദുള്ള… മയക്കുമരുന്നു കേസിൽ പത്തുവർഷം സൗദി ജയിലിൽ കിടന്നു മോചിതനായി കയറ്റി വിടപ്പെട്ട ആളായിരുന്നു അവൻ. ചെമ്പൻമുടിയും നീലക്കണ്ണുമുള്ള മെലിഞ്ഞു നീണ്ടവൻ. കണ്ണുകൾക്ക് ചുറ്റും മരുഭൂമികൾ പോലെ നിറം വറ്റിക്കിടന്നിരുന്നു. അവൻ അനുഭവിച്ച പീഡകൾ എഴുതി കൂട്ടിയിരുന്നെങ്കിൽ എഴുത്താണി പോലും കണ്ണീരിൽ ദ്രവിച്ചു പോകുമായിരുന്നു.

ഞാൻ ചോദിച്ചു “നീ എന്തിനാണ് മയക്കുമരുന്നു കടത്തിയത്?” “എന്റെ നാടുവിട്ടു എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ വേണ്ടി. ഒറ്റ പ്രാവശ്യം വിജയിച്ചാൽ മതിയായിരുന്നു” അവൻ നെഞ്ചു തൊട്ടു പറഞ്ഞു. “നീ എങ്ങനെ ഇത്രയും സഹിച്ചു ജയിലിൽ ജീവിച്ചു?”അതിനുള്ള മറുപടി ചിരിച്ചാണ് അവൻ പറഞ്ഞത്. “ഇത്രയും കാലം ജീവനോട് ഉണ്ടായിരുന്നതിന് സൗദി സർക്കാരിനോടാണ് ഞാൻ നന്ദി പറയേണ്ടത്.”

ഞാൻ അതിശയിച്ചുപോയി. ഈ ചെങ്ങാതി എന്താണ് പറയുന്നത്. അവൻ ഉറപ്പിച്ചു പറഞ്ഞു. ” ഞാൻ അന്ന് മയക്കുമരുന്നുമായി സൗദി പോലീസിന്റ്റെ പിടിയിൽ പെട്ടില്ലായിരുന്നെങ്കിൽ വിസ തീരുമ്പോൾ ഞാൻ മടങ്ങി പോകുമായിരുന്നു പെഷവാറിലേക്ക്. അവിടെ നിന്നും എന്റെ രാജ്യത്തേക്ക്. അവിടെ എത്തിയാൽ പിന്നെ മടങ്ങി വരവ് ജീവനോടെ ഉണ്ടെങ്കിലല്ലേ… ”

“അപ്പോൾ നിന്റ്റെ രാജ്യം” ഞാൻ ചോദിച്ചു. “അഫ്ഗാനിസ്ഥാൻ… സദിക്… ഇപ്പോൾ ഞാൻ ജീവനോടെ ഉണ്ടല്ലോ… അത് ഞാൻ സൗദി ജയിലിൽ കിടന്നതു കൊണ്ടാണ്… ” അവൻ അത് പറഞ്ഞത് സന്തോഷത്തോടെയായിരുന്നു. “പിന്നെ നീ എന്തിന് പാകിസ്ഥാനി ആണെന്ന് പറയുന്നു?” എന്റ്റെ ചോദ്യത്തിന് അവന്റെ മറുപടി ഇതായിരുന്നു – “അഫ്ഗാനിസ്ഥാനി ആണെങ്കിൽ ഒരു അറബി രാജ്യത്തും പണി കിട്ടില്ല.”

1973 മുതലുള്ള അഫ്ഗാനിസ്ഥാന്റ്റെ അവസ്ഥ അതായിരുന്നു. ഭരണാധികാരികളുടെ കൊല്ലപ്പെടലുകൾ, അട്ടിമറികൾ, 89 ൽ തുടങ്ങിയ ആഭ്യന്തരയുദ്ധങ്ങൾ… ഇന്ന് കാണുന്നവനെ നാളെ കാണാമെന്ന് ഒരു അഫ്ഗാനിക്കും അക്കാലത്ത് തീർച്ചയുമില്ലായിരുന്നു. ഒരു കാലൊ കൈയോ കണ്ണോ പോകാത്ത ആളുകൾ തന്നെ അഫ്ഗാനിൽ കുറവായിരുന്നു. പാകിസ്ഥാനിലെ പെഷവാറിന് തൊട്ടടുത്ത് അതിർത്തി അഫ്ഗാനിൽ, കാബൂൾ നദിക്കരികിലെ മലനിരകളിലായിരുന്നു അവന്റെ കുടുംബം താമസിച്ചിരുന്നത്. മഹമൂദ് അബ്ദുള്ളയുടെ കുടുംബത്തിൽ ജീവനോടെ ആരെങ്കിലും മിച്ചമുണ്ടോയെന്ന് പോലും അവന് അപ്പോൾ തിട്ടമില്ലായിരുന്നു. അത് പറയുമ്പോഴുള്ള അവന്റെ വിഷാദം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. വേരറ്റു പോകുന്ന പുൽച്ചെടിയുടെ ദുഖം പോലെ അത് അവന്റെ മുഖത്ത് കിടന്നു. എന്റ്റെ തലവേദനയൊക്കെ എവിടെയൊ പോയിമറഞ്ഞിരിന്നു.

ഞാൻ അവനോട് ചോദിച്ചു “ഇനി എന്താണ് നിന്റ്റെ പ്ളാൻ?” മറുപടി പെട്ടെന്നായിരുന്നു. “പെഷവാറിലത്തണം. പിന്നെ അഫ്ഗാനിലേക്ക് പോകണം. ആരെങ്കിലും ബന്ധുക്കൾ ജീവനോടുണ്ടെങ്കിൽ തേടിപ്പിടിക്കണം. ഇല്ലെങ്കിൽ…” അവൻ സെക്കന്റ്റുകൾ നിശ്ശബ്ദനായിരുന്നു. “എന്തായാലും അഫ്ഗാനിൽ ജീവിക്കാനാവില്ല. മരണം നൂറുശതമാനം ഉറപ്പാണ്. അതിലും ഭേദം വീണ്ടും ഒരിക്കൽ കൂടി മയക്കുമരുന്നു കടത്തുന്നതാണ്. മരണസാദ്ധ്യത നുസ് -നുസ് (ഫിഫ്റ്റി -ഫിഫ്റ്റി) ആണല്ലോ” ഒരു ചെറുചിരിയോടെ അവൻ തുടർന്നു. ” പക്ഷെ ഇനിയും അതിനുള്ള കരുത്ത് ശരീരത്തിനുണ്ടോ എന്നറിയില്ല…”

സൗദി ജയിലിൽ ഇരുട്ടുമുറിയിലും നിവർന്നു നില്ക്കാൻ പറ്റാത്ത ചേംബറുകളിലുമൊക്കെയാണ് ദീർഘകാലമായി അവനെ തളച്ചിട്ടിരുന്നത്. ആദ്യമൊക്കെ ദിവസവും ഐസ് ബ്ളോക്കിൽ കയറ്റി കടത്തുമായിരിന്നു. ഹൃദയം മരവിച്ചു നിലക്കുമോ എന്ന് തോന്നിയിരുന്നു. കൂട്ടത്തിൽ കൊടിയ മർദ്ദനവും. പക്ഷെ അവൻ ഒരിക്കൽ പോലും മയക്കുമരുന്നു കടത്തിയ കുറ്റം ഏറ്റുപറഞ്ഞില്ല. പോലീസിന്റ്റെ തെളിവുകൾ ദുർബ്ബലവുമായിപ്പോയി. അങ്ങനെയാണ് ഒടുവിൽ അവൻ രക്ഷപ്പെട്ടത്.

യെമനിലെ ‘സനാ’യിൽ ഇറങ്ങുന്നതിന് മുമ്പ് അവൻ എന്നോട് പറഞ്ഞത് എന്റെയും അവന്റ്റെയും പൂർവ്വികർ ഒന്നാണെന്നാണ്. ഞാൻ അതിശയിച്ചു പോയി. ഒരു മയക്കുമരുന്നു പ്രതിയുടെ ചരിത്ര ബോധം. അത് അവൻ എന്നെ പഠിപ്പിക്കുക കൂടി ചെയ്തു. പൗരാണിക ഇന്ത്യയുടെ മഹാജനപഥങ്ങളിലൊന്നെന്ന് പറയുന്ന ഗാന്ധാര ദേശത്തിന്റെ പുത്രരാണ് അവനും അവന്റെ പിതാമഹന്മാരുമെന്ന്. അഫ്ഗാനിസ്ഥാനിലെ കാബൂളിന് കിഴക്കുള്ള അഫ്ഗാൻ ദേശങ്ങളും പാകിസ്ഥാനിലെ പെഷവാറും പരിസരങ്ങളും ചേർന്നതാണ് പഴയ ഗാന്ധാരം. രാമായണം ഉത്തരകാണ്ഡപ്രകാരം രാമസോദരനായ ഭരതന്റ്റെ മകനായ ‘പുഷ്ക്കല’യാണ് ഗാന്ധാര ദേശത്തിന്റെ തലസ്ഥാനമായ പുഷ്കലാവതി (Charsadda) സ്ഥാപിച്ചിരിക്കുന്നത്. മതസ്പർദ്ധകൊണ്ടു ബുദ്ധികെട്ടുപോയവരുടെ ഇന്നത്തെ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിന്ന് നോക്കുമ്പോൾ 90 ലെ ആ അഫ്ഗാനിയുടെ വേരുകൾ ചികഞ്ഞുള്ള ഒരുമ പറച്ചിലിന് തങ്കത്തിളക്കമാണ്.

സനായിൽ നിന്നും അഫ്ഗാനി ഇരുന്ന സീറ്റിലേക്ക് വന്നത് ഒരു ഇംഗ്ലീഷുകാരിയായിരുന്നു. ഒരു മദ്ധ്യവയസ്ക. ഔപചാരിക പരിചയപ്പെടലിൽ ബോംബെയിലേക്കാണെന്ന് അവർ പറഞ്ഞു. അപ്പോൾ തന്നെ അവർ ഉറക്കത്തിലുമായി. സനാ കഴിഞ്ഞപ്പോൾ ഫ്ളൈറ്റ് അറബിക്കടലിന് മീതെയായി പറക്കൽ. അന്നത്തെ ഒരു വർത്തമാന പ്രകാരം ആ സമുദ്ര പറക്കലിൽ സദ്ദാമിന്റ്റെ മിസൈലുകളെ ഭയക്കണമെന്നതായിരുന്നു. ഹോസ്പിറ്റലിലെ എന്റ്റെ സുഹൃത്തിയിരുന്ന ഡോ അബ്ദുള്ള ഫത്തുവും ഈജിപ്ഷ്യൻ മുഹമ്മദും കൂടി അറബി കവടി നിരത്തി പ്രവചിച്ചതും അറബിക്കടലിന് മീതെ ഒരു ഗ്രഹണം കാണുന്നുവെന്നും ദൈവവിളി കൊണ്ടു എല്ലാം ഒഴിഞ്ഞു പോകുമെന്നുമായിരുന്നു. എന്ത് കുന്തമെന്തെങ്കിലും വരട്ടെ എന്ന മട്ടിൽ ഞാനും പതിയെ ഉറക്കമായി.

അങ്ങനെ എത്ര നേരം ഉറങ്ങിയെന്നറിയില്ല. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയില്ല. വയറിന്റ്റെ വലതു ഭാഗത്ത് താഴെ അതികഠിനമായ ഒരു വേദന. ഇരുന്ന ഇരുപ്പ് അനങ്ങാൻ പറ്റുന്നില്ല. വയറുവേദന തന്നെ. കാത്തിരുന്നു. കുറയുന്ന മട്ടില്ല. പക്കൽ മരുന്നുമില്ല. ഹോസ്റ്റസ്സുകളോട് ചോദിക്കാനും വയ്യ, പേടിയാണ്. ഫ്ളൈറ്റ് ‘സനാ’യിലേക്ക് ഗ്രൗണ്ട് ചെയ്ത് എടുത്ത് പുറത്തേക്ക് കളഞ്ഞെങ്കിലോ?

അടുത്തിരിക്കുന്നത് വനിത ആയതിനാൽ എന്തെങ്കിലും ആന്റ്റി സ്പാസ്മോഡിക് കാണുമെന്ന ധാരണയിൽ ചോദിച്ചു. ഭാഗ്യം. അവർ ക്യാബിൻ ബാഗിൽ നിന്നും അന്റാസിഡ് കൂടി എടുത്തു തന്നു. അതൊക്കെ കഴിച്ചിട്ടും വേദന കുറയുന്നില്ല. വേദന അങ്ങനെ നില്ക്കുകയാണ്. മൊട്ടയടിച്ചവന്റ്റെ തലയിൽ കല്ലുമഴ എന്നപോലെയായി കാര്യങ്ങൾ. എന്റ്റെ മൈഗ്രെയിൻ തിരക്കാൻ വന്ന എയർഹോസ്റ്റസ് ചേച്ചിക്ക് കുഴപ്പമൊന്നുമില്ലായെന്ന് പറഞ്ഞത് അത്രക്ക് അങ്ങോട്ടു വിശ്വാസം വരാത്തപോലെ. ഗൂഢമായൊരു ചിരിയുമായാണ് മടങ്ങിപോയത്. ചെക്കൻ പേടിച്ചു മിണ്ടാതിരിക്കെയാണെന്ന മുട്ടിൽ.

ബോംബെയിൽ എത്താൻ അപ്പോഴും ഏകദേശം മൂന്നു മണിക്കൂറുകളുടെ ദൈർഘ്യമുണ്ടായിരുന്നു. അറബിക്കടൽ കടക്കൽ ഇറാഖ് സന്നാഹങ്ങളെ പരിഗണിച്ചുമായിരിക്കുമെന്ന് ജിദ്ദയിൽ വച്ചുതന്നെ ചില യാത്രക്കാർ പറഞ്ഞിരുന്നു. സുരക്ഷിതമല്ലെങ്കിൽ ഫ്ളൈറ്റ് സൗകര്യമുള്ളിടത്തേക്ക് മടങ്ങുമെന്നൊക്കെ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. അത്തരം ചിന്തകളൊക്കെ എന്നെ അലട്ടാൻ തുടങ്ങി. മൈഗ്രെയിൻ കൊണ്ടുതന്നെ ഞാൻ നന്നേ ക്ഷീണിതനായിരുന്നു. കൂട്ടത്തിൽ വയറുവേദനയും. ഒന്നു ഞരങ്ങാൻ പോലുമാകാത്ത അവസ്ഥയും.

ഞാൻ ആകെ പരിഭ്രാന്തനായി ഇരിക്കുകയാണ്. ഇരിപ്പുറക്കുന്നില്ല. അടുത്തിരിക്കുന്നത് ഒരു സ്ത്രീയാണ്. കൂടുതൽ ഇരുന്ന് ഞെളിപിരി കൊള്ളുന്നത് അവരെ സംശയാലുവാക്കിയെങ്കിലോ. എങ്കിലും ഇടക്കിടെ ഞാൻ വളരെ പതിയെ എഴുന്നേറ്റു നില്ക്കും. അങ്ങനെ നിലക്കുമ്പോൾ എയർഹോസ്റ്റസുകൾ ആരെങ്കിലും ശ്രദ്ധിക്കും. അപ്പോൾ വളരെ കൂളാണെന്ന മട്ടിൽ ഇരിക്കാൻ ശ്രമിക്കും. അങ്ങനെ അഭിനയവും വേദനയും തുടർന്നു.

ഒടുവിൽ അടുത്തിരുന്ന മധ്യവയസ്ക എന്റെ വയറുവേദന മാറിയില്ലേ എന്ന് ചോദിച്ചു കൊണ്ടു എന്റെ അസ്വസ്ഥതയിലേക്ക് ഇടപെട്ടു. വയറുവേദന തുടരുന്ന കാര്യവും മുമ്പ് നടന്ന മൈഗ്രെയിൻ സംഭവങ്ങളും ഞാൻ പറഞ്ഞു. കാര്യങ്ങൾ മനസ്സിലായ അവർ അപ്പോഴത്തെ എന്റെ അവസ്ഥ എന്നെ അറ്റൻഡ് ചെയ്തുകൊണ്ടിരുന്ന എയർഹോസ്റ്റസിനെ അറിയിച്ചു. അവർ വിവരം ക്യാപ്റ്റനുമായി ആലോചിച്ച് ചെയ്യാമെന്ന് പറഞ്ഞു പോയി. ഞാൻ വീണ്ടും ഉൽക്കണ്ഠയിലായി.

ഇതിനിടയിൽ ഫ്ളൈറ്റിലും എന്തൊക്കെയോ ജാഗ്രതകൾ അരങ്ങേറുന്നുണ്ട്. ആ സമയത്ത് എയർഹോസ്റ്റസുകൾ മൊത്തത്തിൽ പാസഞ്ചേഴ്സിന്റ്റെ ഏരിയയിലേക്ക് വരുന്നുണ്ട്. മനസ്സിലാക്കിയിടത്തോളം അത് അറബിക്കടലിലെ ഇറാഖിന്റ്റെ എന്തൊക്കെയോ നാവിക നീക്കങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. അന്ന് സദ്ദാമിനെ ലോകത്തിന് അജ്ഞാതമായ യുദ്ധവീര്യങ്ങളൊക്കെയുള്ള രാജ്യമായിട്ടാണ് പെണ്റ്റഗൺ പോലും ചിത്രീകരിച്ചിരുന്നത്. അക്കാരണത്താൽ സിവിൽ ഫ്ളൈറ്റുകൾക്ക് പോലും സഖ്യസേനയുടെ നിരീക്ഷണത്തിലും നിർദ്ദേശത്തിലുമാണ് പറക്കേണ്ടിയിരുന്നത്. അതിന് അനൃസൃതമായ പ്രോട്ടോക്കോളിലായിരുന്നു ഞങ്ങളുടെ ഫ്ളൈറ്റും പൊക്കൊണ്ടിരുന്നത്. ചില അനൗൺസ്മെന്റ്റുകളൊക്കെ നടക്കുന്നുണ്ട്. അതൊക്കെ എന്റെ ഉത്കണ്ഠ കൂട്ടുന്നവയായിരുന്നു.

എന്റ്റെ ശരീരമാകെ മരവിച്ചപോലെയുണ്ട്. എയർഹോസ്റ്റസ് ചേച്ചി പാസഞ്ചർ ലിസ്റ്റിലുള്ള ഒരു ഹിന്ദി ഡോക്ടറുമായി വന്നു. അദ്ദേഹം എന്നെ പരിശോധിച്ചു പറഞ്ഞത് അപ്പെൻഡിസൈറ്റിസ് സാദ്ധ്യത എന്നായിരുന്നു. ഗുരുതരമാണ്. ബോംബെയിൽ ഇറങ്ങിയാൽ ഉടനെ തന്നെ സർജ്ജറി നടത്തണമെന്നും പറഞ്ഞു. താമസിച്ചാൽ മരണം വരെ സംഭവിക്കുമെന്നും പറഞ്ഞു. ആവക കാര്യങ്ങൾ എനിക്കും അറിവുള്ളതാണ്. അന്നത്തെ അവസ്ഥയിൽ, ആ പ്രായത്തിൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

പ്രായം ഇരുപത്തിനാലുണ്ടെങ്കിലും അന്ന് എനിക്ക് മേൽമീശ മുളച്ചുപൊന്തി വരുന്നതേയുള്ളൂ. ആകെ പത്ത് രോമമില്ലാത്ത ഊശാൻതാടി. കാഴ്ചയിലെ പ്രായം പതിനെട്ട്… പത്തൊമ്പത്… അത്രേ തോന്നൂ. ചെക്കന്റ്റെ ഉത്കണ്ഠകളൊക്കെ മനസ്സിലാക്കി എന്റെ സഹയാത്രികർ എനിക്ക് ധൈര്യം തരുന്നുണ്ട്. പ്രത്യേകിച്ച് അടുത്തിരിക്കുന്ന മധ്യവയസ്ക. എന്റ്റെ അസ്വസ്ഥതകൾ ഇടക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. അവരെന്നെ ഒരു അനിയനെ പോലെയാണ് കണ്ടത്.

അങ്ങനെ തലവേദനയിലൂടെ, ‘അപെൻഡിക്സ് റപ്ചർ’ പേടിയിലൂടെ, എയർലൈൻസിന്റെ ‘ഫോർസ്ഡ് എക്സിറ്റ്’ ഭയത്തിലൂടെ, അറബിക്കടലിന് മീതെ സദ്ദാമിന്റ്റെ മിസൈൽ പ്രഹര പേടിയിലൂടെ അന്ന് ഞാൻ കടന്നുപോയത് ഏറെ മണിക്കൂറുകളായിരുന്നു. അന്ന് അനുഭവിച്ച നോവുകൾ… മനോവേദന ഉൾപ്പെടെ അളന്നിരുന്നെങ്കിൽ നല്ലൊരു ‘ഡെൽ’ യൂണിറ്റു വരുമായിരുന്നു. പിന്നെ എപ്പോഴൊ വേദനാനന്തര സുഷുപ്തിയിലേക്ക് നീങ്ങി. സ്വപ്നങ്ങൾ കൊണ്ടു വേദനകളെ വരിഞ്ഞുമുറുക്കി.

പിന്നെ ഫ്ളൈറ്റു ബോംബെയിലെത്തിയപ്പോഴാണ് ഞാൻ ഉണർത്തപ്പെടുന്നത്. എനിക്ക് ലോഞ്ചിലേക്ക് പോകുവാൻ വീൽ ചെയർ വരെ ക്യാബിൻ ക്രൂകൾ ക്രമീകരിച്ചിരുന്നു. അങ്ങനെ ഞാൻ എയർപോർട്ടിൽ നിന്നും ഫോൺ വിളിച്ച് ബോംബെ ഡോംബിവിലിയിലുള്ള എന്റെ സഹോദരിയെയും ഭർത്താവിനെയും അറിയിച്ചു. അന്ന് എന്റെ സഹോദരീ ഭർത്താവ് നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ എംഡിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അതിനാൽ ഉടൻ തന്നെ എന്നെ ഹിന്ദുജ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു. അവിടെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. ബോംബെയിൽ ശസ്ത്രക്രിയ ചെയ്യില്ലെന്നും ചെയ്യുന്നെങ്കിൽ കേരളത്തിലേ ചെയ്യൂ എന്നും ഞാൻ വാശിപിടിച്ചു. ഒടുവിൽ ഞാൻ എഴുതിക്കൊടുത്ത റിസ്ക് സ്റ്റേറ്റുമെന്റ്റിൽ അവർ എന്നെ അഞ്ചു ദിസത്തോളം കിടത്തി ചികിത്സിച്ചു.

ബോംബെയിൽ ശസ്ത്രക്രിയ ചെയ്താൽ എയ്ഡ്സ് പകരാനുള്ള ഭയമാണ് അന്ന് ഞാൻ സഹോദരിയോടും ഭർത്താവിനോടും പറഞ്ഞത്. അന്നത്തെ ബോംബെയുടെ സാഹചര്യം അതായിരുന്നു. ഇന്നത്തെ കൊറോണ പോലെ അന്ന് ‘എയ്ഡ്സ്’ എന്ന് കേട്ടാൽ ജനം ഭയപ്പെടുന്ന കാലമായിരുന്നു.

സത്യത്തിൽ എന്റെ വിഷയം ശസ്ത്രക്രിയാ ഭയമായിരുന്നു. അന്നും ഇന്നും എനിക്ക് സർജിക്കൽ ബ്ളെയ്ഡിനെ ഭയമാണ്. എന്തിന് പറയുന്നു, വെറും ‘നീഡിൽ പ്രിക്കി’നെ പോലും എനിക്ക് ഭയമാണ്. പക്ഷെ മാർഗ്ഗമധ്യെ ഒരാൾ വടിവാളുമായി നിന്നാൽ എനിക്കൊട്ടു ഭയവുമില്ല… ഞാൻ ആ വഴിയേ തന്നെ പോകുകയും ചെയ്യും. പക്ഷെ കുഞ്ഞൻ സൂചികളെയും സർജിക്കൽ ബ്ളെയിഡുകളെയും എനിക്ക് ഇന്നും ഭയമാണ്.