കെഎസ്ആർ ടിസിയുടെ വാടക സ്‌കാനിയ ബസുകൾ MVD പിടിച്ചു; സർവ്വീസുകൾ നിലച്ചു

Representative Image

കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ ബസ്സുകൾ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. നികുതിയും ഇൻഷുറൻസും അടയ്ക്കാത്തതായി കണ്ടെത്തിയ മൂന്നു ബസ്സുകളാണ് കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത്. ഇതുമൂലം തിരുവനന്തപുരത്തു നിന്നുള്ള ബെംഗളൂരു (രണ്ടു ബസ്സുകൾ), കൊല്ലൂർ മൂകാംബിക സർവീസുകളെല്ലാം കെഎസ്ആർടിസി റദ്ദാക്കുകയും ചെയ്തു.

രണ്ടു ദിവസം മുൻപ് തമിഴ്‌നാട്ടിലെ അവിനാശിയ്ക്ക് സമീപത്തായി കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ ബസ്സുകളിൽ ഒന്ന് മറിഞ്ഞു അപകടമുണ്ടാക്കിയിരുന്നു. പത്തനംതിട്ടയിൽ നിന്നും ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന ബസ്സായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് പാടെ തകരുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ പ്രസ്തുത ബസ് നികുതി അടയ്ക്കാതെയാണ് ഓടിയിരുന്നതെന്നു മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മറ്റു ബസ്സുകളും MVD പരിശോധിക്കുകയുണ്ടായി. ഈ പരിശോധനയിലാണ് സമാന രീതിയിൽ നികുതിയടയ്ക്കാതെ ഓടിയിരുന്ന മൂന്നു വാടക സ്‌കാനിയ ബസ്സുകൾ മോട്ടോർവാഹന വകുപ്പ് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തത്. നികുതിയിനത്തിൽ ഏകദേശം 15 ലക്ഷത്തോളം രൂപ കുടിശിഖ അടയ്ക്കുവാനുണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി. ബസ്സുകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളത്.

ടോമിൻ തച്ചങ്കരി എംഡിയായിരുന്ന സമയത്ത് മുംബൈ ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നും വാടകയ്ക്ക് എടുത്തതാണ് ഈ സ്‌കാനിയ ബസ്സുകൾ. മൊത്തത്തിൽ പത്തു ബസ്സുകളാണ് വാടകയ്ക്ക് എടുത്തിരുന്നത്. ബസുകളുടെ മെയിന്റനൻസും മറ്റു ചെലവുകളുമെല്ലാം കമ്പനി നേരിട്ടായിരുന്നു നടത്തിയിരുന്നത്. കൂടാതെ ബസ് ഡ്രൈവറും കമ്പനിയുടേതു തന്നെയാണ്. കണ്ടക്ടർ മാത്രമാണ് കെഎസ്ആർടിസിയിൽ നിന്നും ഉള്ളത്. കരാർ പ്രകാരം കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എങ്കിലും നികുതിയും ഇൻഷുറൻസും അടയ്ക്കാതെ ബസ് സർവീസിനു വിട്ടുനൽകിയത് കമ്പനി വരുത്തിയ അച്ചടക്കലംഘനമാണ്. കെഎസ്ആർടിസിയുടെ ഭാഗത്തു നിന്നും ഇതൊന്നും ആരും ഉണ്ടായില്ല എന്നത് മറ്റൊരു ന്യൂനതയായി പറയപ്പെടുന്നു.

ബസ്സുകൾ പിടിച്ചെടുത്തതോടെ അന്നേദിവസം വൈകുന്നേരം തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ടിയിരുന്ന ബെംഗളൂരു, മൂകാംബിക സർവ്വീസുകൾ കെഎസ്ആർടിസിയ്ക്ക് നടത്തുവാൻ പറ്റാതെ വന്നു. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരില്‍ പലരും സ്വകാര്യ ടൂറിസ്റ്റ് ബസുകളിലാണ് പോയത്. പത്ത് സ്കാനിയ ബസുകളും പത്ത് ഇലക്ട്രിക് ബസുകളും കെഎസ്ആർടിസി സ്വകാര്യ കമ്പനിയിൽ നിന്നും വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഓരോ സ്കാനിയ ബസും ഒന്നരലക്ഷത്തിനു മുകളില്‍ നികുതി തുക നല്‍കാനുണ്ട്. ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകള്‍ പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പിടിച്ചെടുത്ത ബസ്സുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തന്നെ കിടക്കുകയാണ്. നികുതി അടച്ച ശേഷം മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്തുവെന്ന് കെഎസ്ആര്‍ടിസി, മോട്ടാര്‍വാഹന വകുപ്പിനെ അറിയിച്ചു. മികച്ച വരുമാനം ലഭിച്ചിരുന്ന ഈ ബസുകളുടെ സര്‍വീസ്‌ മുടങ്ങിയതോടെ കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി വീണ്ടും കൂടി. മുൻ സി.എം.ഡി ടോമിൻ തച്ചങ്കരി 700 ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ സിഎംഡി കൂടുതൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. 1500ലേറെ സർവ്വീസുകൾ വെട്ടിചുരുക്കിയതോടെ ശരാശരി 3500ഷെഡ്യൂളുകളാണ് ഒരു ദിവസം കെഎസ്ആർടിസി നടത്തുന്നത്. എന്നാൽ സാമ്പത്തിക ഞെരുക്കം കാരണമാണ് സർവീസുകൾ വെട്ടിചുരുക്കേണ്ടി വരുന്നതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ ന്യായം.