കെഎസ്ആർടിസി ബസ്സിനുള്ളിലെ സീറ്റ് തർക്കം; ലൈവ് വീഡിയോ ഇട്ട യുവാവിനു പറയുവാനുള്ളത്….

കെഎസ്ആർടിസി ബസ്സിലെ ജനറൽ സീറ്റിൽ യാത്രക്കാരിയുടെ അടുത്ത് ഭിന്നശേഷിക്കാരനായ യുവാവ് ഇരുന്നതിനെച്ചൊല്ലിയുണ്ടായ പുകില് ആരും മറന്നു കാണില്ലല്ലോ. സ്ത്രീയെന്ന പരിഗണന ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ച യാത്രക്കാരിയ്ക്ക് വിനയായത് കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീകളടക്കമുള്ളവരുടെ വിമർശനങ്ങൾ അടങ്ങിയ ആ ഒരു ലൈവ് വീഡിയോ ആയിരുന്നു. ആ വീഡിയോ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ആ പാവം ചെറുപ്പക്കാരന്റെ ജീവിതം കരിനിഴൽ വീണ അവസ്ഥയിൽ ആയേനെ.

അമ്പലപ്പുഴ സ്വദേശിയും പൊതുപ്രവർത്തകനുമായ മുരളീകൃഷ്ണൻ എന്ന യുവാവായിരുന്നു ആ ലൈവ് വീഡിയോയിലൂടെ സത്യം പുറംലോകത്തെ അറിയിച്ചത്. വീഡിയോ വൈറലായതോടെ കുറ്റാരോപിതനായ യുവാവിനു നീതി ലഭിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് വീഡിയോ ലൈവ് ഇട്ട മുരളീകൃഷ്ണൻ വീഡിയോ എടുക്കേണ്ടി വന്നതു മുതൽ യുവാവിന് നീതി ലഭിച്ചതു വരെയുള്ള കാര്യങ്ങൾ ഫേസ്‌ബുക്കിൽ കഴിഞ്ഞയിടയ്ക്ക് പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ പോസ്റ്റ് ഇങ്ങനെ…

“ഞാൻ അന്ന് ഹരിപ്പാട് ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ ഉണ്ടായ ഒരു സംഭവം ലൈവ് ചെയ്തിരുന്നു. ബസിൽ ജനറൽ സീറ്റിൽ ഇരുന്ന യുവതിയുടെ അടുത്ത് സീറ്റ് ഒഴിവു വന്നതിനെ തുടർന്ന് ഒരു ചെറുപ്പക്കാരൻ അവിടെ ഇരിക്കാൻ ശ്രമിക്കുകയും യുവതി അത് ഇഷ്ടപ്പെടാതെ അയാളോട് കയർക്കുകയും തുടർന്ന് ITB ( ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ) പോലീസുകാരനായ ഭർത്താവിനെ വിളിച്ചു വരുത്തി കായംകുളത്തു വച്ച് ബസ് തടയാൻ ശ്രമിക്കുകയും അതിനു കഴിയാതെ കായംകുളം – ഹരിപ്പാട് പോലീസിന്റെ സഹായത്തോടെ അയാളെ ഹരിപ്പാട് ബസ്സ്റ്റാൻഡിൽ ബസ് തടഞ്ഞു കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയുമാണ് ഉണ്ടായത്.

ഇതിനെ തുടർന്നുള്ള ബഹളം കേട്ട് ബസ്സിൽ ഉണ്ടായിരുന്നവരോടും കുറ്റാരോപിതനായ യുവാവിനോടും വിവരം തിരക്കിയതിൽ യുവാവ് കുറേനാൾ മുമ്പ് ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണതിനെ തുടർന്ന് കാൽ മുട്ട് തകർന്നു ചികിത്സയ്ക്കു വിധേയനായ ആളാണെന്നും കൂടുതൽ സമയം നിൽക്കുമ്പോൾ മുട്ടുവേദന ഉണ്ടാകുന്നതുകൊണ്ടാണ് ജനറൽ സീറ്റിൽ യുവതിയുടെ അടുത്ത് ഒഴിവുവന്നപ്പോൾ അവിടെ ഇരുന്നതെന്നും മറ്റൊരു തെറ്റും ചെയ്തിട്ടില്ല എന്നും അറിഞ്ഞു. ഒപ്പം ബസ് യാത്രക്കാരായ അമ്മമാരുൾപ്പെടെയുള്ള ആളുകൾ ആ യുവാവ് തെറ്റൊന്നും ചെയ്തില്ല എന്നും സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരപരാധിയായ ഒരു യുവാവ് ചെയ്യാത്ത തെറ്റിന് മാനഹാനിയും ശിക്ഷയും അനുഭവിക്കരുത് എന്ന വിചാരത്തോടെയാണ് ആ വീഡിയോ ചെയ്തത്.

തുടർന്ന് സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഇതു ഏറ്റെടുക്കുകയും നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ക്രൂശിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുകയുമുണ്ടായി. എന്റെ അറിവിൽ ഏതാണ്ട് ഒരു കോടിയിൽ പരം ആളുകൾ ആ വീഡിയോ കണ്ടു കഴിഞ്ഞു. ആ വിഡിയോ അധികാരികളുടെ മുന്നിൽ എത്തിയെന്റെ ഫലമായി ആ ചെറുപ്പക്കാരന് നീതി ലഭിച്ചു. ഒരുപാടു പേർ എന്നെ വിളിച്ചു അഭിനന്ദിക്കുകയുമുണ്ടായി…..

ഒരു ചെറുപ്പക്കാരൻ തന്റെ സമീപത്തിരുന്നാൽ തന്നെ ഉപദ്രവിക്കാൻ സാധ്യതയുണ്ട് എന്ന യുവതിയുടെ മുൻവിധിയാണ് ഇങ്ങനെ ഒരു പരാതിയ്ക്ക് ഇടയാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അതുമൂലം ആ ചെറുപ്പക്കാരന് ഉണ്ടാകാവുന്ന മാനഹാനിയെക്കുറിച്ചോ ചെയ്യാത്ത തെറ്റിന് അനുഭവിക്കേണ്ടി വരുന്ന ശിക്ഷയെ കുറിച്ചോ യുവതി ചിന്തിച്ചില്ല.

ഞാൻ എന്റെ അമ്മമാരോടും സഹോദരിമാരോടും ഒന്ന് പറയാൻ ആഗ്രഹിക്കുന്നു. ഒരു പുരുഷൻ തന്നെ ശല്യം ചെയ്താൽ അതിൽ പരാതിപ്പെടാൻ എന്റെ ഈ വീഡിയോ യാതൊരു കാരണവശാലും ഒരു തടസ്സമാകരുത്. എന്നാൽ ഒരു പുരുഷന്റെ അടുത്തിരുന്നു യാത്രചെയ്താൽ അയാൾ തന്നെ ശല്യം ചെയ്യും എന്ന മുൻവിധി വേണ്ട.. ഞാൻ സ്ത്രീപക്ഷ നിലപാടുകളോട് അനുഭാവമുള്ള സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു പൊതുപ്രവർത്തകനാണ്. എന്റെ ഈ വീഡിയോ ഏറ്റെടുത്ത ഉപദേശങ്ങൾ / നിർദ്ദേശങ്ങൾ / അഭിനന്ദനങ്ങൾ നൽകിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. എന്ന് – മുരളീകൃഷ്ണൻ എം പി.”