ജപ്‌തി ചെയ്ത തമിഴ്‌നാട് ഡീലക്സ് ബസ്സിന് കൊല്ലം പോലീസ് സ്റ്റേഷനിൽ വിശ്രമം

കൊല്ലം പോലീസ് സ്റ്റേഷനിൽ ഒരു അതിഥിയുണ്ട്. അദ്ദേഹം അവിടെയെത്തിച്ചേർന്നിട്ട് ഇപ്പോൾ എട്ടു മാസത്തോളമായി. ആള് എന്നുകേൾക്കുമ്പോൾ ഏതെങ്കിലും പിടികിട്ടാപ്പുള്ളിയോ മറ്റോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ആളൊരു ബസ്സാണ്. തമിഴ്‌നാട് സർക്കാരിൻ്റെ പുതിയ SETC അൾട്രാ ഡീലക്‌സ് ബസ്. ഒരു അപകടവുമായി ബന്ധപ്പെട്ട് കേരള ജപ്തി ചെയ്തതാണ് ഈ ബസ്. ഫെബ്രുവരിയിലായിരുന്നു ജപ്തിയെങ്കിലും കോവിഡും ലോക്ക്ഡൗണും ഒക്കെ വന്നതോടെ മാസങ്ങളായി ബസ് കൊല്ലം പോലീസ് സ്റ്റേഷനിൽ വിശ്രമത്തിലാണ്.

2013 മാർച്ച് 24 നു അർദ്ധരാത്രി തൂത്തുക്കുടി – എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന TN 01 9571 എന്ന ബസ് നീണ്ടകരയിൽ വെച്ചു കാറുമായി കൂട്ടിയിടിക്കുകയും, കാറിലുണ്ടായിരുന്ന വിപിൻ കുമാർ എന്ന യുവാവ് മരണപ്പെടുകയും, കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട്, മരണമടഞ്ഞ വിപിൻ്റെ ബന്ധുക്കൾ SETC എംഡിയെ പ്രതിചേർത്ത് നഷ്ടപരിഹാരകേസ് ഫയൽ ചെയ്തു.

ഈ കേസിന്മേൽ 2019 ൽ നഷ്ടപരിഹാരമനുവദിച്ചുകൊണ്ട് കോടതി വിധി വന്നു. വിപിൻ്റെ ആശ്രിതർക്കും പരിക്കേറ്റ മറ്റു മൂന്നു പേർക്കുമായി നഷ്ടപരിഹാരത്തുക അനുവദിച്ചു. എന്നാൽ ഈ വിധിയുടെ അടിസ്ഥാനത്തിൽ SETC പണം നൽകിയില്ല. ഇതിൻ്റെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 11 നു കൊല്ലത്ത് എത്തിയ SETC യുടെ പുതിയ അൾട്രാ ഡീലക്സ് ബസ് കോടതി ജപ്തി ചെയ്യുകയാണുണ്ടായത്.

നഷ്ടപരിഹാരത്തുക കെട്ടിവെക്കാനുള്ള തീയതി കഴിഞ്ഞതിനാൽ അടുത്ത നടപടി എന്ന നിലയിൽ ഈ ബസ് ലേലം ചെയ്യുവാനാണ് നീക്കം. എന്നാൽ വൈകാതെ തന്നെ കൊറോണ പ്രശ്‍നങ്ങളും ലോക്ക്ഡൗണും ഒക്കെ ആയതോടുകൂടി ബസ് വെയിലും മഴയും കൊണ്ട് പോലീസ് സ്റ്റേഷൻ വളപ്പിൽത്തന്നെ കിടക്കുന്നു. ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ഈ ബസ് ലേലം ചെയ്ത് നഷ്ടപരിഹാരത്തുക മരിച്ചയാളുടെ ബന്ധുക്കൾക്ക് നൽകും. എന്നാൽ ഉടനെത്തന്നെ നഷ്ടപരിഹാരത്തുക കെട്ടിവെക്കുമെന്നാണ് SETC എംഡിയോട് അന്വേഷിച്ചപ്പോൾ അറിഞ്ഞത്.

ഇത് ആദ്യമായിട്ടല്ല കേരളം തമിഴ്‌നാട് ബസ് ജപ്തി ചെയ്യുന്നത്. രണ്ടു വർഷം മുൻപ് ചെ​ന്നൈ- ച​ങ്ങ​നാ​ശേ​രി റൂട്ടിൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ടി​എ​ൻ 1- എ​എ​ൻ 0958 ഡീ​ല​ക്സ് ബ​സ് ഇത്തരത്തിൽ ജപ്തി ചെയ്തിരുന്നു. 1996 ൽ ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്ക് വ​രു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബ​സ് കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം പെ​രു​വ​ന്താ​ന​ത്ത് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞ് 10 പേ​ർ മ​രി​ച്ചി​രു​ന്നു. ഈ അപകടത്തിൽ SETC നഷ്ടപരിഹാരത്തുക നൽകാതെ വന്നതിനെത്തുടർന്നായിരുന്നു ജപ്തി നടപടികൾ. ഇതുപോലെ പല പ്രാവശ്യം തമിഴ്‌നാട് ബസ്സുകൾ കേരളം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മേൽപ്പറഞ്ഞതുപോലെ നമ്മുടെ ഒരു കെഎസ്ആർടിസി ബസ് ഇത്തരത്തിൽ തമിഴ്‌നാടിന്റെ ജപ്തിനടപടികൾക്ക് ഇരയാകാറുണ്ട്. മലപ്പുറം – ഊട്ടി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്സാണ് ആ ഇര. ഇക്കാരണത്താൽ ജപ്തിവണ്ടി എന്നാണു ഊട്ടി ബസിനെ പൊതുവെ അറിയപ്പെടുന്നതും. എന്തയാലും ജപ്‌തി നടപടികളിലേക്ക് കടക്കുമ്പോൾ നഷ്ടപരിഹാരത്തുക നൽകി കേസിൽ നിന്നും ഊരാറാണ്‌ ഇരുകൂട്ടരും (കേരളവും തമിഴ്‌നാടും) ചെയ്യാറുള്ളത്.