അബുദാബിയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ചില മനുഷ്യരുടെ അടുത്തേക്ക്

വിവരണം – ‎Hamidsha Shahudeen‎.

കുറച്ച് മണിക്കൂർ നേരത്തേക്ക് നമ്മൾ എവിടെയെങ്കിലും ഒറ്റക്ക് നിക്കേണ്ടി വന്നാൽ, അതാണോ ഒറ്റപ്പെടൽ? ചുറ്റും ആളുകളുണ്ട്, ആരും എന്നോട് മിണ്ടുന്നില്ല, ഇത്‌ ഒറ്റപ്പെടൽ ആണോ? ഏറ്റവും വേണ്ടപ്പെട്ടവർ അവഗണിച്ചാൽ ഒറ്റപ്പെടലാകുമോ? സത്യത്തിൽ യഥാർത്ഥ ഒറ്റപ്പെടൽ ഇതൊന്നുമല്ല എന്നാണ് എന്റെ അഭിപ്രായം.

ഒരു പതിറ്റാണ്ട് മുമ്പ്, ജോലിയുടെ ഭാഗമായി മരുഭൂമിയുടെ നടുവിൽ ശെരിക്കും ഒറ്റപ്പെട്ട് ജീവിക്കുന്ന ചില മനുഷ്യരുടെ ഇടയിലേക്ക് ഞാൻ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. മരുഭൂമി എന്ന് പറഞ്ഞാൽ, പോകാൻ റോഡില്ലാത്ത മലകൾ പോലെ മണൽ കൂമ്പാരമായി കിടക്കുന്ന ഭൂപ്രദേശം.

പ്രധാന റോഡിൽ നിന്നും മരുഭൂമിയിൽ കയറിയാൽ പിന്നെ വാഹനം ഓടിക്കുക ഒരു സർക്കസ് തന്നെയാണ്. അതും ഏകദേശം രണ്ട് മണിക്കൂറോളം. എന്നെയും കൊണ്ട് അങ്ങോട്ട്‌ പലപ്പോഴും പോയിട്ടുള്ളത് സ്നേഹിതൻ ഹാരിസ് ഭായി ആണ്‌. അല്ലെങ്കിൽ പാകിസ്ഥാനികൾ ആകും. പറഞ്ഞുവരുന്നത് മരുഭൂമിയുടെ നടുവുൽ ഉള്ള എണ്ണക്കിണറുകളും അവയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്ന ചുരുക്കം ചില മനുഷ്യരെയും പറ്റിയാണ്.

ADNOC ന് ഇത്തരത്തിലുള്ള അനേകം വർക്ക്‌ സൈറ്റുകൾ അബുദാബിയുടെ പല ഭാഗത്തായി ഉണ്ട്. കൂടുതലും UAE യുടെ വെസ്റ്റേൺ റീജിയനിൽ. പൂച്ചക്കെന്താ പൊന്നൊരുക്കുന്നിടത്ത് കാര്യം, അല്ലേൽ പോലീസ്കാർക്കെന്താ ഈ തറവാട്ടിൽ കാര്യം എന്നാണ് ചിന്ത എങ്കിൽ കേട്ടോളു. ഇത്തരത്തിലുള്ള ഒരോ എണ്ണക്കിണറിലും ഒരു ചെറിയ താമസ സൗകര്യമുണ്ടാകും, കൂട്ടത്തിൽ ഒരു കുഞ്ഞ് ക്ലിനിക്കും.

റുവൈസ് ആശുപത്രിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഇത്തരത്തിലുള്ള അനേകം ക്ലിനിക്കുകളിൽ മെഡിക്കൽ എക്വിപ്മെന്റ് നെ പരിചരിക്കാൻ പോകാൻ ഏകദേശം 7 കൊല്ലത്തോളം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലത് കടലിന്റെ നടുവിൽ ആണെങ്കിൽ മറ്റ് ചിലത് മരുഭൂമിയുടെ ഉള്ളിൽ എവിടെയോ.

ഈ ക്ലിനിക്കുകളിൽ ചുരുക്കം ചില ഉപകരണങ്ങൾ മാത്രമേ ഉണ്ടാകാറുള്ളു. ECG, Defibrillator, Suction machine, Diagnostic Set, Medical Refrigerator, Examination Lamp. ഇങ്ങനെ കുറേ basic സാധനങ്ങൾ. എന്നാലും കൊല്ലത്തിൽ ഒരിക്കൽ പോയി PPM ചെയ്തു റിപ്പോർട്ട്‌ ഒക്കെ തയാറാക്കി ഫൈലിൽ വക്കണം. വല്ല കുഴപ്പവുമുണ്ടെങ്കിൽ റിപ്പയർ ചെയ്യണം.

Shah എന്നൊരു സ്ഥലമുണ്ട്. UAE ലെ ഏറ്റവും വലിയ മണൽ മലകളുള്ള സ്ഥലമാണിത്. റുവൈസ് ൽ നിന്നും ഏകദേശം 230 കിലോമീറ്റർ അകലെ. അതിൽ നൂറോളം കിലോമീറ്റർ മണലിലൂടെയാണ് സഞ്ചാരം. ഇപ്പൊ ഏകദേശം മണ്ണുറപ്പിച്ച റോഡ് ആയിട്ടുണ്ട് അവിടേക്ക് പോകാൻ. പണ്ട് അതായിരുന്നില്ല അവസ്ഥ. സിനിമേൽ കാണുന്നപോലെ തെന്നി മറിഞ്ഞുള്ള യാത്ര. മണലിലൂടെ. Land Cruiser ആണ് വാഹനം (ADNOC വക ). എന്നാലും യാത്ര കഴിഞ്ഞു ഒടുവിൽ അങ്ങ് ക്ലിനിക്കിൽ എത്തുമ്പോൾ കുടൽ തലച്ചോറിലെത്തും.

പക്ഷേ അവിടെ എത്തിക്കഴിഞ്ഞാൽ സ്നേഹം കൊണ്ട് നമ്മളെ വീർപ്പുമുട്ടിക്കുന്ന ഒന്ന് രണ്ട് ആളുകളെ കാണാം. എത്തിയാലുടൻ കാറിന്റെ ഡോർ തുറന്നു കൈപിടിച്ച് പുറത്തിറക്കി കെട്ടിപ്പിടിച്ചു സ്വീകരിക്കാറുണ്ടവർ. ഒരു ഡോക്ടർ, ഒരു ഡ്രൈവർ, ഒരു male നേഴ്സ്, ഒരു ക്ലീനർ ഇതാണ് സാധാരണയായി അത്തരം ക്ലിനിക്കുകളിൽ കാണാറുള്ള ജനക്കൂട്ടം.

രണ്ടോ മൂന്നോ മാസം അവർ അവിടെ ജോലി ചെയ്താൽ ഒരു മാസം അവധി. ആകെ കാണാൻ പറ്റുന്നത് വല്ലപ്പോഴും ചികിത്സ തേടി വരുന്ന തൊഴിലാളികളെ. പാകിസ്താനി ഡ്രൈവർ, ഇന്ത്യൻ ഡോക്ടർ, ബംഗാളി ക്ലീനർ, സുഡാനി അല്ലേൽ മറ്റ് അറബ് വംശജരായ male നേഴ്സ്. എല്ലാരും എന്നെ സ്നേഹം കൊണ്ട് തോല്പിച്ചിട്ടുണ്ട്.

മെഷീനൊന്നും നീ നോക്കണ്ട, സ്റ്റിക്കർ ഒട്ടിച്ചിട്ട് റിപ്പോർട്ട്‌ ഉണ്ടാക്കി വച്ചോളു. ബാക്കി സമയം നമുക്ക് സംസാരിക്കാം. ഇതാണ് നിലപാട്. തിരിച്ചു പോകാന്നേരം വണ്ടിയിൽ കുറേ fruits, കോഫി പൌഡർ, തേയില, പഞ്ചസാര ഒക്കെ എടുത്തു വയ്ക്കും. നീ കൊണ്ട് വീട്ടിൽ കൊടുക്കണം എന്ന് പറയും.

അവർക്ക് അവിടെ താമസിക്കാൻ രാജകീയ സൗകര്യങ്ങളാണ് ADNOC കൊടുത്തിട്ടുള്ളത്. ഹോട്ടൽ പോലെത്തെ മുറികൾ, സമയാസമയം അടിപൊളി ഭക്ഷണം, പക്ഷേ പറഞ്ഞിട്ടെന്താ മിണ്ടാനും പറയാനും ആളില്ല. ഞാൻ ആദ്യമൊക്കെ കരുതിയത് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നത് എന്നാണ്. പക്ഷേ അവരുടെ ദുരവസ്ഥായാണ് ഇതിന് പിന്നിലെന്ന് പിന്നീട് മനസിലായി. പുറം ലോകവുമായി സംവദിക്കാനുള്ള കൊതി. അത്രമാത്രം.

ഇതിനേക്കാൾ എത്രയോ ഭീകരമാണ് മരുഭൂമിയിൽ ആടിനെ മേക്കുന്നവരുടെയും മറ്റും അവസ്ഥ. അവരും ജീവിക്കുന്നു, സ്വന്തം ആഹാരത്തിനും കുടുംബത്തിന്റെ സുഖത്തിനും വേണ്ടി. ശെരിക്കും ഒറ്റപ്പെടൽ എന്നൊന്നുണ്ടോ?