പ്രവാസിയായിരുന്ന ഉപ്പയെക്കുറിച്ച് മകൻ്റെ ഹൃദയം തൊടുന്ന കുറിപ്പ്

എഴുത്ത് – Shahad Hamza Kalathum Padiyan.

31 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വാപ്പാനെ നാട്ടിലേക്കു കയറ്റി വിടുമ്പോ ബിഷ എയർപോർട്ടിൽ നിന്നെടുത്ത ഫോട്ടോ… അത്രമേൽ അഭിമാനകരമായ സന്തോഷ ദായകമായ ഒരു സന്ദർഭം. ഇക്കാക്ക് 1വയസ്സാവുന്നതിനു മുമ്പേ തുടങ്ങിയ പ്രവാസം. ഉപ്പ പട്ടിണി കിടന്നിട്ടാണെന്നെങ്കിലും ഞങ്ങൾ വീട്ടിലുള്ളവരെ അന്ന് വരെ ഒരു നേരം പോലും പട്ടിണിക്കിട്ടിട്ടില്ല. സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും വളരെ തുച്ഛമായ ശമ്പളത്തിന് കഷ്ടപ്പെട്ട് പണിയെടുത്തു പാവം.

രണ്ടു വര്ഷം മുൻപ് നിർത്തിപ്പോരുമ്പോ പോലും 1200 റിയാൽ മാത്രമായിരുന്നു ശമ്പളം. എന്നിട്ടും ഞങ്ങൾ മൂന്നു മക്കളെയും ഉമ്മാ നെയും പൊന്നു പോലെ നോക്കി. പെങ്ങളെ കെട്ടിച്ചു വിട്ടു. ഇക്കാനെ ഡിഗ്രി വരെ പഠിപ്പിച്ചു. ഞാൻ പ്ലസ്ടുവില് വെച്ച് പഠിപ്പു നിർത്തിയപ്പോളും തുടർന്ന് പഠിക്കാൻ നിർബന്ധിച്ചു. പക്ഷെ ഞാനതു കേട്ടില്ല (അതെന്റെ തെറ്റ്).

21 വയസ്സിൽ ബാപ്പടെ കൂടെ ഞാനും പ്രവാസിയായി. ഒരു വർഷവും മൂന്ന് മാസവും ബാപ്പടെ റൂമിൽ അദ്ദേഹത്തിന്റെ കൂടെ ആയിരുന്നു. അപ്പോഴാണ് ബാപ്പ ഞങ്ങൾക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായത്. അതുവരെ ഞങ്ങൾ ഗൾഫുകാരന്റെ മക്കളായിരുന്നല്ലോ. അപ്പോഴേക്കും അസുഖങ്ങൾ അലട്ടൽ തുടങ്ങിയിരുന്നു. അവസാനം ടിക്കറ്റു പോലും കൊടുക്കാതെ അറബി പോലും കാല് മാറി. അപ്പോഴും പറഞ്ഞത് “അവൻ തരൂല്ലെങ്കി പോട്ടെടാ” എന്നാ. ആരുടെയും അന്യായമായതൊന്നും മൂപ്പർക്ക് ഇഷ്ടല്ല.

അവസാനം എന്റെ ശമ്പളവും കിട്ടി, ടിക്കറ്റും എടുത്തു കയറ്റി വിടുമ്പോൾ ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു ഇനിയുള്ള കാലം ഉപ്പാനെ പണിക്കൊന്നും വിടാതെ സന്തോഷമാക്കി വെക്കാൻ ആരോഗ്യവും ആയുസും തരണേ പടച്ചോനെന്നു. ഈ നിമിഷം വരെയും അങ്ങനെ തന്നെയാണ്‌ട്ടോ.

പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ചുണ്ടാക്കിയതാണെങ്കിലും ഞങ്ങൾക്കിന്നൊരു വീടുണ്ട്. ഇവിടെ ഞങൾ സന്തുഷ്ടരാണ്. ഇന്നും ഒരു പ്രാർത്ഥനയെ ഉള്ളു മരിക്കുന്നവരെ ഉമ്മയെയെയും ഉപ്പയെയും ദാ ഇതുപോലെ ചേർത്ത് നിർത്തി സംരക്ഷിക്കാൻ ആയുസ്സും ആരോഗ്യവും തരണേ നാഥാന്ന്‌. ഇത് കൊണ്ടൊക്കെയാണ് ഈ ചിത്രം എനിക്കത്രമേൽ പ്രിപ്പെട്ടതായതു. ഞാൻ മാത്രല്ലാട്ടോ ഇക്കാക്കേം, ഉമ്മാന്റെ വീട്ടുകാരും ഒക്കെ നല്ല കട്ട സപ്പോർട്ടായിട്ടു കൂടെ തന്നേണ്ട്ട്ടോ.