യാത്രക്കാരെ സുരക്ഷിതരാക്കി വിടവാങ്ങിയ ഷഹീർ ഭായ്

എഴുത്ത് – ബിജിൻ കൃഷ്ണകുമാർ.

ത്യാഗങ്ങളിൽ ഏറ്റവും മഹത്തരമായതാണു ജീവത്യാഗം, എന്നാലത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ളതാവുമ്പോൾ വേദനയോടെയെങ്കിലും ദൈവിക നിയോഗമെന്ന് സ്വയം വിശ്വസിപ്പിച്ച് നാം ആശ്വസിക്കേണ്ടി വരുന്നു. തൃശ്ശൂർ കണ്ടാണിശ്ശെരി വലിയകത്ത് വീട്ടിൽ ഷഹീർ എന്ന ഇരുപത്തെട്ടുകാരന്റെ മരണവും പ്രാർത്ഥനയിൽ ഓർക്കേണ്ടുന്ന
നൊമ്പരമാകുന്നത് അത് ഒരു ജീവത്യാഗം കൂടി ആയതിനാലാണ്.

ഇക്കഴിഞ്ഞ ദിവസമാണു ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് മലയാളികൾ വന്ന മിനിബസ് തമിഴ്നാട്ടിലെ സേലം – കരൂർ പാതയിൽ അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളും ഐടി ജീവനക്കാരുമടക്കമുള്ള, ബാംഗ്ലൂരിൽ പലയിടങ്ങളിലായി കുടുങ്ങിപ്പോയ മലയാളികൾ ഒരു കൂട്ടായ്മ രൂപീകരിച്ച് നാട്ടിൽനിന്നും ബുക്ക് ചെയ്ത് വരുത്തിയതായിരുന്നു ബസ്. എന്റെ ചേട്ടത്തിയും യാത്രക്കാരിലൊരാളായിരുന്നു.

ഞായറാഴ്ച പകൽ പതിനൊന്നോടെയാണു അശ്രദ്ധമായി യൂടേൺ എടുത്ത ടാങ്കർ ലോറിയിൽ ബസ്സ് ഇടിക്കുന്നത്. ഷഹീർ ആയിരുന്നു വാഹനത്തിന്റെ ഡ്രൈവിങ്ങ് സീറ്റിൽ. ഡ്രൈവരുടെ മനസ്ഥൈര്യവും ഡ്രൈവിങ്ങ് മികവും ഒന്നുകൊണ്ട് അപകടത്തിന്റെ ആഘാതം കുറയ്ക്കാനും യാത്രക്കാരെ രക്ഷിക്കാനും അദ്ദേഹത്തിനായി, ബസ്സ് നിയന്ത്രണം വിട്ട് മറിയുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി പതിന്മടങ്ങായേനെ.

ഡ്രൈവർ ക്യാബിന്റെ വശം വിധിക്ക് വിട്ടുകൊടുക്കെണ്ടി വന്നപ്പോൾ, കനത്ത ആഘാതത്തിനൊടുവിൽ എല്ലുനുറുങ്ങുന്ന വേദനക്കിടയിലും ഇതാണു തന്റെ നിയോഗമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. തന്നെ വിശ്വസിച്ച് യാത്രക്കിറങ്ങിയവർ സുരക്ഷിതരെന്ന് സമാധാനിച്ചിട്ടുണ്ടാവണം.

അപകടത്തിൽ പരിക്കേറ്റവർ കരൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതിനു ശേഷം തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ ബസ്സിൽ നാട്ടിലെത്തി. സഹായിയുടേത് ഒഴിച്ചാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഷഹീറിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

ആപത്തിൽ കുടുങ്ങിയവരെ സഹായിക്കാനെത്തി ഒടുവിൽ സ്വജീവൻ ത്യാഗം ചെയ്ത ഷഹീറിന്റെ മരണം കേവലമൊരു ആക്സിഡന്റ് മരണം മാത്രമായി എതൊക്കെയോ താളുകളിൽ ചുരുങ്ങിപ്പോകരുതെന്ന് ആഗ്രഹമുള്ളത് കൊണ്ട് എഴുതിയതാണ്. പരേതനു ആത്മശാന്തി നേർന്നു കൊണ്ട് പ്രിയപ്പെട്ട ഷഹീറിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നു. പ്രണാമങ്ങൾ..