ടിവി, വൈഫൈ, കുടിവെള്ളം, പത്രം; ഇത് ഹൈറേഞ്ചിലെ ഒരു ഹൈടെക് ബസ്…

യാത്രാ ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും ഇടുക്കിയിലെ സ്വകാര്യ ബസ്സുകൾ ഇപ്പോൾ ഹൈടെക് ആയി മാറുകയാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ചങ്ങനാശ്ശേരി – തോപ്രാംകുടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷാജി മോട്ടോർസ് എന്ന ബസ്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഈ സർവ്വീസ് അടുത്തയിടെയാണ് യാത്രക്കാർക്ക് അത്ഭുതങ്ങൾ സമ്മാനിച്ചുകൊണ്ട് ഹൈടെക് ആയി മാറിയത്.

ബസ്സിൽ കയറുന്ന യാത്രക്കാർക്ക് വിവിധതരം സൗകര്യങ്ങളാണ് ബസ്സിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വിവിധ മാസികകൾ, അതാതു ദിവസങ്ങളിലെ പത്രങ്ങൾ, വൈഫൈ, ഫോൺ ചാർജ്ജ് ചെയ്യുന്നതിനുള്ള പ്ലഗ് പോയിന്റുകൾ, സിസിടിവി ക്യാമറകൾ തുടങ്ങി കേരളത്തിലെ മറ്റൊരു ബസ് ഓപ്പറേറ്ററും നൽകാത്ത തരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ഷാജി മോട്ടോർസ് യാത്രക്കാർക്ക് പ്രദാനം ചെയ്യുന്നത്. തീർന്നില്ല, യാത്രയ്ക്കിടെ നിങ്ങളുടെ മൊബൈൽഫോണിൽ ബാലൻസ് ഇല്ലാതായാൽ വിഷമിക്കേണ്ട, ഫോൺ റീചാർജ്ജ് ചെയ്യുന്നതിനുള്ള സൗകര്യവും ബസ്സിൽ ലഭ്യമാണ്.

ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസ് ആയതിനാൽ കൂടുതലും ദീർഘദൂര യാത്രക്കാരായിരിക്കും ബസ്സിൽ ഉണ്ടാകുക. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്കിടെ ദാഹം തോന്നിയാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി കുപ്പിവെള്ളം വാങ്ങേണ്ടി വരില്ല. യാത്രക്കാർക്കായി കുടിവെള്ളവും ബസ്സിൽ ലഭ്യമാണ്. അതിനായി മികച്ച വാട്ടർ പ്യൂരിഫയർ സംവിധാനം ബസ്സിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇനി തണുത്ത വെള്ളം വേണ്ടവർക്ക് പ്രത്യേകം കൂളറും ഒപ്പമുണ്ട്. ഇനി ടിക്കറ്റ് എടുക്കുന്നതിലുമുണ്ട് ആധുനിക സൗകര്യങ്ങൾ. പഴയപോലെ ചില്ലറയ്ക്കു വേണ്ടിയുള്ള വാക്കു തർക്കങ്ങൾ ഇനി ബസ്സിൽ ഉയർന്നു കേൾക്കില്ല. കാരണം പേടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ ക്യാഷ്‌ലെസ് മാർഗ്ഗങ്ങൾ ഉപയോഗിച്ചും യാത്രക്കാർക്ക് ടിക്കറ്റെടുക്കാം. കൂടാതെ പ്രാദേശികമായി ഉപയോഗിക്കുന്ന ‘മൈ ബസ് കാർഡും’ ഈ ബസ്സിൽ സ്വീകരിക്കും.

സ്ഥിര യാത്രക്കാർക്ക് ബസ് എവിടെയെത്തി എന്നറിയുന്നതിനായി ജിപിഎസ് സൗകര്യം ബസ്സിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതുമൂലം യാത്രക്കാർക്ക് ബസ് സഞ്ചരിക്കുന്ന ലൈവ് സ്റ്റാറ്റസ് തങ്ങളുടെ മൊബൈൽഫോണിൽ അറിയുവാൻ സാധിക്കും. ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെക്കരുതി പോലീസിനെയോ മോട്ടോർ വാഹന വകുപ്പ് അധികാരികളെയോ ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ബസ്സിൽ ലഭ്യമാണ്. ഇത്രയുമൊക്കെ കേട്ടപ്പോൾ ഇതൊരു ബസ് തന്നെയാണോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയിട്ടുണ്ടാകും. അതെ, ഇതൊരു ബസ് തന്നെയാണ്. ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഹൈടെക് ബസ് സർവ്വീസ്. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി നേടിയ ശേഷമാണ് ഇത്തരം ആധുനിക സൗകര്യങ്ങൾ ബസ്സിൽ തയ്യാറാക്കിയിരിക്കുന്നത്. ബസിനു വരുത്തിയ ഈ ഹൈടെക് മാറ്റങ്ങൾക്ക് മികച്ച രീതിയിലുള്ള പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – മാതൃഭൂമി.