കട്ടമഞ്ഞും മഞ്ഞുവീഴ്ചയും കാണാൻ പറ്റുന്ന ഒരു ഹിമാലയൻ ഹിൽസ്റ്റേഷൻ

വിവരണം – ദയാൽ കരുണാകരൻ.

തിരുവനന്തപുരത്ത് നിന്ന് അല്ലെങ്കിൽ കൊച്ചിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്ത്, സുരക്ഷിതമായി, ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന, ജനുവരി മുതൽ ഫെബ്രുവരി പകുതി വരെ കട്ടമഞ്ഞും മഞ്ഞുവീഴ്ചയും കാണാൻ പറ്റുന്ന ഒരു ഹിമാലയൻ ഹിൽസ്റ്റേഷൻ ഏതാണ്?

കശ്മീരിലെ ശ്രീനഗർ പ്രാന്തപ്രദേശങ്ങളിലേക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ട്രെയിനിൽ നേരിട്ട് എത്തിപ്പെടാൻ കഴിയുന്നതല്ല. കാറ്റ്ര – ബനിഹാൾ റെയിൽ പാതാ നിർമ്മാണം കഴിയും വരെ. അതു കഴിഞ്ഞാൽ നമുക്ക് ട്രെയിനിൽ നേരെ ശ്രീനഗറിൽ ചെന്നിറങ്ങാം. ലഡാക്ക് മേഖലയിൽ ലേയിലൊ മറ്റോ ട്രെയിനിൽ എത്തപ്പെടുക സാദ്ധ്യമല്ല. പഞ്ചാബിലെ പത്താൻകോട്ടു നിന്നും ഒരു നാരൊഗെജ് ലൈൻ ഹിമാചൽപ്രദേശിലെ മനാലിക്ക് 162 കിലോമീറ്റർ അടുത്ത് ജോഗീന്ദർപൂർ വരെ ഉണ്ടെങ്കിലും അവിടെ നിന്നും ഏകദേശം 5 മണിക്കൂറോളം വാഹനമാർഗ്ഗം താണ്ടിയെങ്കിൽ മാത്രമേ മനാലിയിലെത്തുകയുള്ളൂ.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ മഞ്ഞുവീഴ്ചാ ദൃശ്യങ്ങൾ ലഭ്യമാകുന്ന ഹിൽസ്റ്റേഷനാണ് ഹിമാചൽപ്രദേശിലെ മനാലി. മനാലിയിലൊ സ്പിതിയിലൊ കിനൗറിലൊ ഒന്നും തന്നെ ട്രെയിൻ യാത്ര ലഭ്യമല്ല. മനാലിക്ക് ഏകദേശം സമാനമായ മഞ്ഞുവീഴ്ചകളാണ് ഡിസംബർ അവസാനം അല്ലെങ്കിൽ ന്യൂഇയർ ആഴ്ചകളിൽ സിംലയിലെ കുഫ്രിയിലും പ്രാന്തപ്രദേശങ്ങളിലും കാണപ്പെടുന്നത്. ജനുവരി മുതൽ ഫെബ്രുവരി പകുതി വരെ സിംലയിലെ കുഫ്രിയിൽ മഞ്ഞുവീഴ്ച കാണാവുന്നതാണ്. ഭാഗ്യം തുണച്ചാൽ ഡിസംബർ അവസാന ആഴ്ചയിൽ തന്നെ മഞ്ഞുവീഴ്ച കണ്ടെന്നു വരാം. സിംലയിൽ നിന്നും 60 കിലോമീറ്ററുള്ള Narkanda യിൽ മാർച്ച് വരെ മഞ്ഞുവീഴ്ചയുണ്ട്.

ഉത്തരാഖണ്ഡിലെ ഓളി ഹിൽസ്റ്റേഷന് ഏറ്റവും അടുത്ത റെയിൽ ഹെഡ് 273 കിമി അകലെയുള്ള ഹരിദ്വാറാണ്. ഈ കാര്യത്തിൽ കുറച്ചു ഭാഗ്യവതി കുമയൂൺ കുന്നുകളിലെ നൈനിറ്റാൾ ആണ്. നൈനിറ്റാളിന് 34 കി.മിറ്ററിൽ റെയിൽ സ്റ്റേഷനുണ്ട്. എന്നാൽ ട്രെയിൻ ലഭ്യതയുടെ കാര്യത്തിൽ ഹിമാലയൻ ഹിൽസ്റ്റേഷനുകൾക്കിടയിൽ ഷിംല ഒന്നാമതാണ്. രാജ്യത്തിന്റെ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഷിംലയിലെത്താം. പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തന്നെ മഞ്ഞുകണങ്ങൾ വാരി കളിക്കാം, മഞ്ഞുവീഴ്ച അനുഭവിക്കാം.

1903 മുതൽ, 117 വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ഷിംലയിലേക്ക് ആവി വണ്ടികൾ ഇരമ്പിക്കയറിയിരുന്നെന്നു കൂടി അറിയുക. 1800 ളുടെ തുടക്കത്തിലാണ് ഷിംല ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികളുടെ ശ്രദ്ധയിലേക്ക് വരുന്നത്. അന്ന് മുതൽ 1947 വരെ ഷിംല അവർക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയതരമായ ഹിൽസ്റ്റേഷനായിരുന്നു. 1864 മുതൽ 1939 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു.

ക്രിസ്മസിന്റ്റെ തലേദിവസം രാത്രിയിലാണ് ഇപ്രാവശ്യത്തെ നോർത്ത് ഇന്ത്യാ യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും ഞങ്ങൾ ആദ്യം പോയത് രാജസ്ഥാനിലെ ജയ്പൂരിലേക്കാണ്. പൗരത്വ നിയമ ഭേദഗതിയും രജിസ്റ്ററും സംബന്ധിച്ച പ്രതിഷേധങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുന്നതിന് ഇടയിലൂടെയായിരുന്നു യാത്രകൾ. കൂടാതെ ഈ ദിവസങ്ങളിൽ ഉത്തരേന്ത്യ ഏറ്റവും തണുപ്പുള്ള രാത്രികളെയാണ് എക്സിബിറ്റ് ചെയ്തിരുന്നത്. ജയ്പൂരിൽ ഞങ്ങൾക്ക് ഇറങ്ങേണ്ടി വന്നത് നല്ല തണുപ്പിലേക്കായിരുന്നു.

ജയ്പൂരിലെ തിരക്കിട്ട യാത്രകൾക്ക് ശേഷം ന്യൂഇയറിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഞങ്ങൾ ഡെൽഹി- കാൽക്കാ വഴി ഷിംലയിലേക്ക് പോകുകയാണ്. മൂന്നു മാസങ്ങൾക്ക് ശേഷം വീണ്ടും ഷിംലയിൽ ഒരിക്കൽകൂടി. കഴിഞ്ഞ സെപ്തംബറിൽ ഷിംലയിലെത്തിയത് ഹിമാലയത്തിൽ മൺസൂൺ മലയിടിച്ച് പ്രഭാവം കാട്ടിയ വേളയിലായിരുന്നു. അന്നേ തീരുമാനിച്ചതായിരുന്നു ഷിംലയുടെ ശിശിരം ശൈത്യമാകുന്ന ഡിസംബർ – ജനുവരിയിൽ ഒരിക്കൽ കൂടി വരണമെന്ന്. ൠതുക്കളുടെ നിറമാറ്റം സ്പർശിച്ചും ദർശിച്ചുമറിയുക. അതൊരു അനുഭൂതി തന്നെയല്ലേ.

ജയ്പൂരിൽ തങ്ങിയ രാത്രികളെ കുറിച്ച് പിറ്റേ ദിവസത്തെ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് കഴിഞ്ഞ 6 വർഷത്തെ ഏറ്റവും തണുത്ത രാത്രിയെന്നായിരുന്നു. ജയ്പൂരിൽ നിന്നും രാത്രി ഡെൽഹിയിൽ എത്തിയപ്പോൾ പിറ്റേദിവസത്തെ ദേശീയ പത്രങ്ങൾ പറഞ്ഞത് നാഷണൽ ക്യാപ്പിറ്റലിന്റ്റെ 119 വർഷത്തെ ചരിത്രത്തിലെ ഏറ്റവും തണുപ്പ് കൂടിയത് ആ രാത്രി എന്നായിരുന്നു. ആ രാത്രി ഷിംലയിലേക്ക് പോകുന്നതിനായി ഹൗറാ കാൽക്കാ മെയ്ൽ കാത്ത് ഡെൽഹി സരായ് റോഹില സ്റ്റേഷനിൽ നില്ക്കുമ്പോൾ പത്രക്കാർ പറയുന്ന തണുപ്പൊന്നും തോന്നിയിരുന്നില്ല. അതാണ് സഞ്ചാരം തലക്കു പിടിച്ചാലുള്ള അവസ്ഥകൾ. മനസ്സിൽ മനാലിയും ഷിംലയും കിടക്കുമ്പോൾ ഡെൽഹിയിലെ കുളിരിനെ ശരീരം അത്രക്ക് ഭയക്കില്ലല്ലോ.

പക്ഷെ യഥാർത്ഥത്തിൽ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. തിരുവനന്തപുരത്ത് നിന്നും യാത്ര തുടങ്ങിയത് കഠിനമായ ഒരു ചെസ്റ്റ് ഇൻഫെക്ഷനെ ആന്റ്റിബയൊട്ടിക്സിൽ അടിച്ചമർത്തിയായിരുന്നു. പക്ഷെ യാത്ര വികാരമായപ്പോൾ ചെസ്റ്റ് ഇൻഫെക്ഷൻ മറവിയിലായി. പക്ഷെ ഓരൊ ദിവസവും താഴേക്ക് പോകുന്ന വെതർ റിപ്പോർട്ടുകൾ കാണുമ്പോൾ ചെസ്റ്റ് വീണ്ടും എന്നെ ഭയപ്പെടുത്തിയിരുന്നു. വല്ല ന്യുമൊണിയയും പിടി കൂടിയാലോ.

പിന്നെ ഈ യാത്ര കാർ മാർഗ്ഗം ഒഴിവാക്കിയതും എന്നെ ബാധിക്കുന്നതായിരുന്നു. വർഷങ്ങളായി ഞങ്ങളുടെ എല്ലാ ഇന്ത്യാ യാത്രകളും സ്വയം കാറോടിച്ചാണ് നടന്നിട്ടുള്ളത്. അതിന് കാരണം എന്റെ ട്രാവൽ സിക്നെസ് തന്നെ. കഴിഞ്ഞ 20 വർഷമായി മറ്റൊരാൾ ഓടിക്കുന്ന വാഹനത്തിൽ ഇരുന്നാൽ എനിക്ക് കടുത്ത ക്ഷീണം, ശരീരം അമിതമായി തണുക്കുക, ഛർദ്ദി തോന്നുക, ഷോർട്ട് ബ്രീത് എന്നീ അസ്വസ്ഥതകൾ അനുഭവപ്പെടുമായിരുന്നു.

ഈ കാരണത്താൽ ഒന്നുകിൽ സ്വയം ഓടിക്കുക അല്ലെങ്കിൽ ട്രെയിൻ പോകുന്ന ഇടങ്ങളിൽ യാത്ര അവസാനിപ്പിക്കുക എന്ന ഗതികെട്ട അവസ്ഥയിലാണ് ഞാൻ ഇപ്പോൾ നില്ക്കുന്നത്. അല്ലാതെ ഇരട്ടി പണം മുടക്കി സ്വയം കാറോടിക്കുകയെന്ന ഇരട്ടിപ്പണിയും ചെയ്ത് അലഞ്ഞു വലഞ്ഞു യാത്ര ചെയ്യുന്നത് എന്തോ മഹാകാര്യമാണെന്ന ധാരണയിലൊന്നുമല്ല.

സത്യത്തിൽ ട്രെയിൻ യാത്ര പോലെ മനോഹരമായ മറ്റൊരു യാത്രയില്ല. വെറുതെ ഇരുന്നു കൊടുത്താൽ മതി. കാർ ഡ്രൈവ് ത്രില്ലിംഗ് തന്നെ. പക്ഷെ എന്നും തെറ്റുന്ന എന്റെ ഷെഡ്യൂളിൽ പലപ്പോഴും ഡ്രൈവിംഗ് പുലർച്ചെ വരെ നീളുന്നതാണ്. അതും അന്യസംസ്ഥാനങ്ങളിലെ വിജന ഹൈവെകളിൽ. അത് ഭീതിദവും രക്തസമ്മർദ്ദം ഉയർത്തുന്നതുമാണ്. അതുകൊണ്ട് ഞാൻ ഇപ്പോൾ ട്രെയിൻ യാത്രകളെ ഏറെ സ്നേഹിക്കുകയാണ്.

ഡെൽഹിയിലെ സരായ് റോഹില സ്റ്റേഷനിൽ നിന്നും കാൽക്കായിലേക്കുള്ള യാത്ര ഇന്ത്യയിലെ ബ്രിട്ടീഷ് കാലത്ത് തുടങ്ങിയ ട്രെയിനിലായിരുന്നു, ഹൗറാ കാൽക്കാ മെയ്ൽ എക്സ്പ്രസ്സിൽ. 155 വർഷത്തെ ചരിത്രമുള്ള ട്രെയിൻ. പുലർച്ചെ 04:30 ഞങ്ങൾ കാൽക്കാ സ്റ്റേഷനിലെത്തി. ട്രെയിനിൽ നിന്നും ഇറങ്ങിയപ്പോൾ വല്ലാതെ തണുത്ത് വിറക്കാൻ തുടങ്ങി. കഴിഞ്ഞ കുറച്ചു കാലമായി എപ്പോഴും കൊണ്ടു നടക്കുന്ന ഫ്ളാസ്കിൽ നിന്നും ഇത്തിരി ചൂടു വെള്ളം അകത്തു ചെന്നപ്പോൾ ആശ്വാസമായി. കുട്ടികളെയും തണുപ്പ് കാര്യമായി ബാധിച്ചു.

ഞങ്ങൾ സ്റ്റേഷനിലെ റിട്ടയറിംഗ് റൂമിലേക്ക് ഓടി. ഷിംലയിലേക്കുള്ള ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. ന്യൂഇയർ തിരക്കായതിനാൽ ഷിംലയിലേക്ക് പോകുന്നതിനായി നല്ല തിരക്കാണ്. റെയിൽവേ കൂടുതൽ താല്ക്കാലിക സർവ്വീസുകൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ രാവിലെ 7 മണിക്ക് ഇന്ത്യൻ റെയിൽവേയുടെ പ്രസ്റ്റീജ് സർവ്വീസ് ഹിമ് ദർശൻ വിസ്റ്റാഡൊം ഡീലക്സ് എക്സ്പ്രസ്സുമുണ്ട്. ഹിമ് ദർശൻ സൽവ്വീസ് തുടങ്ങിയിട്ട് 5 ദിവസം പിന്നിടുന്ന ദിവസം. ഹിമ് ദർശൻ നിങ്ങൾക്ക് തരുന്നത് ഗംഭീര യാത്രയാണ്. റിക്ളൈനിംഗ് ചെയറിൽ ചാഞ്ഞു കിടന്ന് മേലാപ്പിലെ ചില്ലുജാലകങ്ങൾ വഴി ഹിമവാന്റ്റെ നീലാകാശം കണ്ടു പോകുക. മാസ്മരികമാണിത്.

കാൽക്കയിൽ നിന്നും ഷിംലയിലെത്തിയപ്പോൾ നേരം ഉച്ചയായി. മാൾ റോഡിലെ ഹോട്ടലിൽ ചെക് ഇൻ ചെയ്ത് ലെഗെജും വച്ച് നേരെ ഷിംലയുടെ മഞ്ഞു കാഴ്ചകളും വീഴ്ചകളും തേടി. കുഫ്രി, ന്യൂ കുഫ്രി, ഫാഗു എന്നിവടങ്ങളിലേക്ക് ഒരു ടാക്സിയിൽ പുറപ്പെട്ടു. ഒരു മണിക്കൂർ മുൻകൂട്ടി ടാബ് അവൊമിനും കഴിച്ചിരുന്നു. ടാക്സി കാർ യാത്ര ട്രാവൽ സിക്നെസിൽ പെട്ടു പോകരുതല്ലോ. ഫാഗുവിലേക്ക് ആകെ 18 കിലോമീറ്റർ മാത്രമാണ് ഓടാനുള്ളത്. ദൂരം ചെറുതാണെന്നത് ആശ്വാസകരമായി തോന്നി. ടാബ് അവൊമിൻ കഴിച്ചാൽ ഇത്രയും ദൂരം പിടിച്ചു നില്ക്കാമെന്ന് സെപ്തംബറിലെ കുഫ്രി യാത്രയിൽ ബോദ്ധ്യമായതാണ്.

ന്യൂഇയർ തൊട്ടു മുമ്പുള്ള ദിവസങ്ങളായതിനാൽ ഷിംലയിലെ വീഥികളെല്ലാം നല്ല തിരക്കുള്ളതായിരുന്നു. പൊതുവെ ഷിംലയിലെ പാതകൾ വീതി കുറഞ്ഞവയാണ്. ഇവിടെ വാഹന നിരകളെ ഓവർടേക്ക് ചെയ്യാൻ പാടില്ലാത്തതാണ്. സീറ്റ് ബെൽറ്റും നിർബ്ബന്ധമാണ്. ട്രാഫിക് നിയമങ്ങൾ ഇവിടെ കർശ്ശനമാണ്. കേരളത്തിലെ കുത്തിക്കയറ്റൽ ഇവിടെ ടാക്സി ഡ്രൈവർമാർ പോലും പുറത്തെടുക്കാറില്ല. ബ്രിട്ടീഷുകാരുടെ കൊളോണിയൽ കർശ്ശനതകളൊക്കെ രക്തത്തിലലിഞ്ഞ പോലെയുള്ള ജനങ്ങൾ. അവർ ട്രാഫിക് നിയമങ്ങളെ പാലിക്കുന്നുണ്ട്.

ഞങ്ങൾ ഷിംലയിൽ നിന്നും ഹിന്ദുസ്ഥാൻ – ടിബറ്റ് നാഷണൽ ഹൈവെയിലൂടെ നീങ്ങുകയാണ്. കുഫ്രിയെത്തിയപ്പോൾ തന്നെ പാതയോരങ്ങളിൽ മഞ്ഞിന്റ്റെ പുതപ്പുകൾ കണ്ടു തുടങ്ങി. ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു “കുഫ്രിയിൽ ഇപ്രാവശ്യം ഡിസംബറിൽ തന്നെ മഞ്ഞു വീഴ്ച തുടങ്ങി. ഇനി കൂടാൻ പോകുകയാണ്. ജനുവരി പകുതിയോടെ റോഡുകളെല്ലാം ബ്ളോക്കാകും.” ഞാൻ സെപ്തംബറിലെ കുഫ്രിയെ ഓർത്തെടുത്തു. ഇപ്പോഴാകട്ടെ മലഞ്ചെരുവുകളും പൈൻമരങ്ങളും സാവധാനം വെള്ളപുതച്ചു പോകുന്നു. ഡ്രൈവർ ഭയ്യാ എന്തൊക്കെയോ പറയുന്നുണ്ട്.

ഞങ്ങൾ ന്യൂ കുഫ്രിയിലെത്തി. ഒരു ഐസ് സ്കിയിംഗ് സെന്റ്ററിലെത്തി. വിന്റ്റർ ക്ളോത്തുകൾ, ഷൂ, ഗ്ളൗ ഒക്കെ വാടകക്ക് വാങ്ങി ധരിച്ചു. വിന്റ്റർ സ്യൂട്ട് ആന്റ്റ് ഗ്ളൗ 500 റുപ്പീസ്, ബൂട്ട് 300 റുപ്പീസ്. അവിടെ നിന്നും വില്ലേജ് റോഡിലൂടെ ഫാഗുവിലേക്ക്. ഡ്രൈവർ ഷിംലയിൽ നിന്ന് യാത്ര കുഫ്രിയിൽ എത്തിയപ്പോഴേക്കും കാർ എസി ഹീറ്ററിലേക്ക് ഇട്ടിരുന്നു. അങ്ങനെ പോകുമ്പോൾ പൈൻമരക്കാടുകൾക്കിടയിൽ മഞ്ഞു അട്ടിവീണു കിടക്കുന്ന വിശാല ഇടങ്ങൾ കണ്ടു തുടങ്ങി. അങ്ങനെ ഒരിടത്ത് ഡ്രൈവർ കാറൊതുക്കി. അവിടെ വഴിയരികിൽ കുറച്ചു പേർ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് ചൂടുകായുന്നു. അങ്ങ് താഴെ മഞ്ഞിൽ കളിച്ചു തണുത്ത് വിറച്ച് വന്നവരാണ് അവർ.

ഇതിഹാസങ്ങളിൽ തപസ്സെരിച്ച മാമുനിമാരുടെ ഹോമകുണ്ഡങ്ങൾ പോലെ അവ സഞ്ചാരികളുടെ തണുപ്പുരുക്കി കളയുന്നു. ഇതിഹാസങ്ങളിൽ നിന്നും ചമതയെരിഞ്ഞ ഗന്ധം പൈൻമരക്കാടുകളിൽ നിറയുകയാണ്. ഞങ്ങൾ ഇത്തിരി നേരം ചൂടു കൊണ്ടതിന് ശേഷം താഴെ മഞ്ഞിന്റ്റെ കൂമ്പാരങ്ങൾ ചവിട്ടി മെതിച്ചിറങ്ങി. ഗം ബൂട്ടും തെർമൽ സോക്സും തുളച്ച് ശൈത്യം കാൽപാദങ്ങളെ തിന്നുതുടങ്ങി. എങ്കിലും സഹിച്ചു നിന്നു. ചുറ്റും ആരൊക്കെയോ സ്കിയിംഗ് ചെയ്യുന്നു.

ഞാൻ അനാദിയായ ആ ഖരജലത്തെ വാരിയെടുത്ത് ഉള്ളംകൈ കൊണ്ടു മുറുകെ പുണർന്നു. സാധാരണ മലയാളിക്ക് അലഭ്യമായ മഞ്ഞ്. മലയാള ഗ്രാമങ്ങൾക്ക് കാശ്മീരിൽ ജോലിക്ക് പോയി വന്ന പട്ടാളക്കാരിൽ നിന്നു കേട്ടനുഭവിച്ച സഹനകഥകളിലെ വില്ലനായ മഞ്ഞ്. കാശിയിൽ നിന്നും കൈലാസം വരെ നടന്നു കയറുന്ന പുണ്യവഴികളിൽ പാപങ്ങൾ കഴുകി തരുന്ന മഞ്ഞ്. പരസഹസ്രം വർഷങ്ങളിൽ വേദങ്ങളും ഉപനിഷത്തുകളും മന്ത്രണം ചെയ്തുറഞ്ഞ മഞ്ഞ്. സിന്ധു ഗംഗാ സരസ്വതീ വാഹിനികൾക്ക് ജന്മം നല്കിയ മഞ്ഞ്. അനാദിയായ മഞ്ഞ്.

ട്രാവൽ ടിപ്സ് : ഷിംലയിലെ മാൾ റോഡാണ് താമസിക്കാൻ ഏറ്റവും നല്ലത്. മാൾ റോഡ് ഷോപ്പിംഗിനും റസ്റ്റാറന്റുകൾക്കും പറ്റിയ ഇടം. ചില ഹോട്ടലുകൾ മാൾ റോഡ് എന്നു പറയുമെങ്കിലും ധാരാളം പടവുകൾ താഴേക്കും മുകളിലേക്കുമുള്ളവയായിരിക്കും. ഇതു പ്രായമുള്ളവർക്ക് ബുദ്ധിമുട്ടായിരിക്കും.

ഡെൽഹി- കാൽക്കാ- ഷിംലാ ട്രെയിൻ യാത്ര മുൻകൂട്ടി (120 ദിവസം) റെയിൽ റിസർവേഷൻ കൗണ്ടറിലോ irctc app മുഖേനയോ ബുക്ക് ചെയ്യണം. വിമാന ടിക്കറ്റുകൾ 3 – 6 മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്ക് ലഭ്യമാകും. ഷിംലയിലെ ടാക്സി ഡ്രൈവർമാർ ഗൈഡുകൾ ഇവർ പൊതുവെ സഞ്ചാരികളോട് മാന്യമായി പെരുമാറുന്നവരാണ്. എങ്കിലും താമസിക്കുന്ന ഹോട്ടൽ ഡെസ്കിലൂടെ ലഭിക്കുന്നവരെ കൂടുതൽ പരിഗണിക്കുക.

സമ്മർ സീസണിലൊഴികെ എപ്പോഴും തെർമൽ വസ്ത്രങ്ങളും സോക്സ് ഗ്ളൗവ് ജാക്കറ്റുകളും കരുതിയിരിക്കണം. മഞ്ഞുവീഴ്ചാ കാലത്ത് കുട ഉപകാരപ്രദമാണ്. ചുണ്ടിലും മൂക്കിന് പുറത്തും ലിപ് ഗാർഡ് – മോയ്സ്ചറൈസിംഗ് ക്രീമുകൾ മുൻകൂട്ടി പുരട്ടിയിരിക്കണം. പ്രത്യേകിച്ച് തണുപ്പ് കാലത്ത്.

കുട്ടികളും പ്രായമുള്ളവരും ചെവിയും മൂക്കും മൂടി വേണം പുറത്തു സഞ്ചരിക്കുന്നത്. ജലദോഷത്തിനും ചെസ്റ്റ് ഇൻഫെക്ഷനും സാദ്ധ്യത. ആവശ്യമുളള മരുന്നുകളും ഡ്രൈ നട്സുകളും കരുതിയിരിക്കണം. താമസസ്ഥലത്ത് റൂമിൽ ഗ്യാസ് ഹീറ്ററുകളൊഴിവാക്കി ഇലക്ട്രിക് ഹീറ്ററുകളെ ആവശ്യപ്പെടണം.

ഷിംലയിൽ ട്രാഫിക് നിയമങ്ങൾ കർശ്ശനമാണ്. നല്ല പരിശീലനമില്ലാത്തവർ സ്കീയിഗിന് വെറുതെ പണം കളയണമെന്നില്ല. കുറച്ചു പണം കൊടുത്ത് ഫോട്ടോ പോസിംഗ് മാത്രം ലഭ്യമാക്കാവുന്നതാണ്. ഫെബ്രുവരി പകുതിക്ക് ശേഷം ഷിംല ടൗണിൽ മഞ്ഞുവീഴ്ചയില്ല.