ഞങ്ങളുടെ സിങ്കപ്പൂര്‍ – ബാലി യാത്രയിലെ ഒരു രസകരമായ സംഭവം

വിവരണം – വർഷ വിശ്വനാഥ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ സിങ്കപ്പൂര്‍ – ബാലി യാത്രയിലെ ഒരു രസകരമായ സംഭവം ഇവിടെ പറയാം. ഞാനും എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ശബ്നയും കൂടി ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ രണ്ടു പേരും ഇതു വരെ കാണാത്ത സ്ഥലങ്ങളിലൊന്ന് കണ്ടുപിടിക്കാമെന്നു വെച്ചു അങ്ങനെ അവസാനം ബാലിയിലെത്തി. അതെ, ഇന്തോനേഷ്യയിലെ ബാലി ദ്വീപ്. ഈദ് അവധി കഴിഞ്ഞു ജൂണ്‍ 8 തൊട്ട് 8 ദിവസം ബാലിയിലെന്ന് നിശ്ചയിച്ചു.

ശബ്നയ്ക്ക് ടിക്കെറ്റ് ബുക്ക് ചെയ്തു ശീലമുള്ളോണ്ട്‌ അവളതു നേര്‍ത്തെ കൂട്ടി എടുത്തു വെച്ചു. എന്നാല്‍ ഇവിടെ ദുബായില്‍ ഞങ്ങള്‍ക്കെല്ലാം ഈദിനു അവധി ഉള്ളതുകൊണ്ട് കുടുംബസമേതം ഒരു സിങ്കപ്പൂര്‍ യാത്ര പെട്ടെന്ന് നിശ്ചയിക്കയുണ്ടായി. അങ്ങനെ മെയ് അവസാനം കുടുംബസമേതം ഞാന്‍ സിങ്കപ്പൂരിലെത്തി. ചുരുക്കത്തില്‍ പറഞ്ഞാല്‍ കുടുംബയാത്രകള്‍ക്ക് പ്ലാനിങ്ങ് ആവശ്യമുള്ളതിനാലും ഞാന്‍ ജോലിയോടൊപ്പം ആ തിരക്കില്‍ മുങ്ങുകയും ചെയ്തതിനാലും ഞങ്ങളുടെ ബാലി യാത്രയില്‍ തിയ്യതികള്‍ മാത്രമേ കറക്ടായി പ്ലാന്‍ ചെയ്യാന്‍ പറ്റിയുള്ളൂ. അവള്‍ടെ കൂടെ നിക്കാനായി അമ്മ ജോലി സ്ഥലത്തിലേക്ക് വന്നതിന്റെ തിരക്കിലായിരുന്നു ശബ്ന.

കുറേ hotels & Resorts നോക്കീട്ടുണ്ടെങ്കിലും ഞങ്ങള്‍ ഒന്നും ഉറപ്പിച്ചില്ല. അങ്ങനെ ആ തലവേദന ഞാന്‍ ഏറ്റെടുക്കാം എന്നു വെച്ചു. കാരണം അവരെല്ലാം തിരിച്ച് ദുബായിലേക്ക് പോയാല്‍ സിങ്കപൂരില്‍ ഞാന്‍ 4 ദിവസം ഒറ്റയ്ക്കാകുമല്ലോ. അപ്പൊ ഒരുപാട് സമയം കിട്ടുമല്ലോ. ശബ്നയ്ക്ക് എന്തായാലും സമയമുണ്ടാകില്ല. അമ്മയെ നാട്ടിലേക്കയച്ചാല്‍ പിന്നെ അവള്‍ക്ക് ബാലിയിലേക്ക് ബാഗ് പാക്ക് ചെയ്യാനുള്ള സമയമായി. ഒക്കെ പോരാത്തതിനു 24 മണിക്കൂറോളം യാത്ര ചെയ്യണം ബാലിയെത്താന്‍. ട്രാന്‍സിറ്റ് സമയം അടക്കം. ജോലിസ്ഥലമായ കോപെന്‍ഹാഗനില്‍ നിന്ന് ഖത്തര്‍ വഴിയാണ്‌ അവള്‍ ബാലിയെത്തുന്നത്. യാത്രയില്‍ നെറ്റും ലഭിക്കണമെന്നില്ല..

പക്ഷെ സംഗതി ഞാന്‍ വിചാരിച്ചത് പോലെയായില്ല. സിങ്കപ്പൂരിലെ ആ 4 ദിവസങ്ങളില്‍ എനിക്കിതു വരെയില്ലാത്ത തിരക്കായിരുന്നു. പുതിയ കൂട്ടുകാരെയുണ്ടാക്കി. പഴയ കൂട്ടുകാരെ കണ്ടെത്തി. കുറേ സ്ഥലങ്ങള്‍ പോയി കണ്ടു. അങ്ങനെ ജൂണ്‍ 7 ആം തിയ്യതി രാത്രി ഉറങ്ങാതെ സിങ്കപ്പൂരിലെ അവസാന രാത്രി ആസ്വദിച്ച് മറീനയിലും പിന്നെ ക്ലാര്‍ക്കിയിലും കറങ്ങി നടന്നതിനാല്‍ ജൂണ്‍ 8 പുലര്‍ച്ചെ 4 മണിക്കാണ്‌ ഉറങ്ങിയത്. പിന്നെ 11 മണിക്ക് ഹോട്ടല്‍ റിസപ്ഷനില്‍ നിന്ന് vacate ചെയ്യാന്‍ പറഞ്ഞുള്ള കാള്‍ കേട്ടാണ് ഞാന്‌ ഉണര്‍ന്നത്. അപ്പോഴാണ്‌ ഓര്‍ത്തത് – അന്നു രാത്രി ബാലിയില്‍ എവിടേക്കാണ്‌ പോകേണ്ടത്? എങ്ങനെ പോകും? ഞാനൊന്നും ബുക്ക് ചെയ്തില്ലല്ലോ!

എയര്‍പോര്‍ട്ടില്‍ നിന്നു നേരെ പോകാന്‍ ഉദ്ദേശിക്കുന്നത് ബാലിയിലെ ഉബുദ് എന്ന മനോഹരമായ സ്ഥലത്തേക്കാണ്‌. അപ്പൊ ആദ്യം നോക്കേണ്ടത് ഉബുദിലെ ഹോട്ടലാണ്‌. അവിടെ 4 ദിവസം കഴിഞ്ഞ ശേഷം പിന്നെ അടുത്ത 4 ദിവസം കൂട്ട എന്ന സ്ഥലത്താണ്‌ നമ്മള്‍ താമസിക്കാനുദ്ദേശിക്കുന്നത്. അപ്പൊ അത് നോക്കാന്‍ ഇനീം സമയമുണ്ട്.

Vacate ചെയ്യാന്‍ ഒരു മണിക്കൂര്‍ സാവധാനം ചോദിച്ച് നേരെ ലാപ്‌ടോപ്പെടുത്തു തപ്പി. ഞാനും ശബ്നയും കൂടി കണ്ടു പിടിച്ച ഒരു റിസോര്‍ട്ടിന്റെ സൈറ്റില്‍ പോയപ്പൊ അവിടെ 3 പാക്കേജുകള്‍. ബുക്കിങ്ങ് ഡോട്ട് കോമില്‍ കണ്ടതിനേക്കാള്‍ ലാഭം. അതിലൊന്നില്‍ ഒരു ദിവസം ഡിന്നര്‍ ഫ്രീയുമുണ്ട്. ഫ്രീ കണ്ടപ്പോഴേ ഞാന്‍ വീണു. മുന്നും പിന്നും നോക്കാതെ നേരെ ക്രെഡിറ്റ് കാര്‍ഡെടുത്ത് സംഗതി ഒപ്പിച്ചു 4 ദിവസത്തെ താമസം. ഇതൊന്നുമറിയാതെ ശബ്ന ആകാശത്ത് യാത്ര ചെയ്തോണ്ടിരിക്കുകയാണ്‌…

ഇനി കാര്‍… ഓഫീസിലെ എന്റെ സുഹൃത്ത് ബാലിയിലെ ഒരു ഡ്രൈവറുടെ നമ്പര്‍ തന്നിരുന്നു. “രാത്രി എത്തുന്നതല്ലെ, അപ്പൊ അറിയാത്ത വണ്ടീല്‍ പോണ്ട. ആളോട് വരാന്‍ പറയാമെന്ന്” പറഞ്ഞു അവനും മെസേജ് അയച്ചു. എന്നിട്ട് ആ റൂം കാലിയാക്കി സിങ്കപൂര്‍ എയര്‍പോര്‍ട്ടിലെങ്ങനെ ചുരുങ്ങിയ ചിലവില്‍ എത്താനാകുമെന്നന്വേഷിച്ച് ഞാനിറങ്ങി.

അങ്ങനെ ബാലിയിലേക്ക്… ശബ്നേം ഞാനും ഒരു 7 മാസങ്ങള്‍ക്ക് ശേഷം കാണുകയാണ്‌. അതും മറ്റൊരു രാജ്യത്ത്. ഞാന്‍ കാറും ഹോട്ടലുമൊക്കെ റെഡിയാക്കിയതല്ലേ. ഞെളിഞ്ഞിരിന്നു കലപില സംസാരിച്ച് ഹോട്ടലെത്തി. കഴിഞ്ഞ തവണ കണ്ടതു പോലെയല്ല. ഇത് ഞങ്ങള്‍ മാത്രേ ഉള്ളൂ. അപ്പൊ കുറെ സംസാരിക്കാനുണ്ട്. ഹോട്ടലെത്തി കീ വാങ്ങുന്ന ടൈമൊക്കെ നമ്മള്‍ ചിരീം കളീം സംസാരോം തന്നെ. അവരുടെ മന്ദസ്മിതങ്ങള്‍ക്ക് തിരിച്ച് ചെറിയ ചിരി മാത്രം സമ്മാനിച്ച് ഞങ്ങള്‍ ഞങ്ങടെ കഥകളുമായി റൂമിലേക്ക് കേറി.

റൂമെത്തിയപ്പൊ ഒന്നു ചെറുതായി ഞെട്ടി. റൂമൊക്കെ പൂക്കള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. കിടക്കയില്‍ ടര്‍ക്കി ടവ്വല്‍ കൊണ്ട് രണ്ട് കൊക്കുകള്‍ കൊക്കുരുമ്മി നില്‍ക്കുന്നു. ബാക്കി എല്ലായിടത്തും റോസാപ്പൂക്കള്‍. ബാത്രൂമില്‍ കേറിയപ്പൊ അതിലേറെ സെറ്റപ്പ്. വെള്ളം നിറച്ചു വെച്ച കുളി തൊട്ടീല്‍ റോസാപ്പൂ ഇതളുകളുടെ മേളം. പിന്നെ എല്ലാത്തിലും ഒരു “ഹാര്‍ട്ട്” മയം… അതും ചുവന്നത്..

ബുക്കിങ്ങെടുത്തു ഒന്നു നോക്കി. 2 ഫീമയില്‍സ്. പേരും വയസ്സുമൊക്കെ കറക്ട്. ബുക്ക് ചെയ്തത് – ഹണിമൂണ്‍ സ്വീറ്റും ഹണിമൂണ്‍ പാക്കേജും. ഹൊ! അന്നു രാത്രി ഞങ്ങളൊരുപാട് ചിരിച്ചു. പിന്നെ കാറിറങ്ങിയപ്പൊ തൊട്ടുള്ള ഞങ്ങള്‍ക്ക് കിട്ടിയ സ്വീകരണമോര്‍ത്തു നോക്കി. ചിരിക്കാനൊരുപാടുണ്ടായിരുന്നു. ഞങ്ങള്‍ പുതുതായി കല്യാണം കഴിച്ച ആളുകളാണെന്നാ അവരെല്ലാം കരുതിയത്. കുറ്റം പറയാന്‍ പറ്റില്ല. ഞാന്‍ അതല്ലേ ബുക്കു ചെയ്തത്.

പക്ഷെ കഴിഞ്ഞില്ല. ഞാനിത് ബുക്കു ചെയ്യാനുള്ള പ്രധാന കാരണം – എന്റെ ഫ്രീ ഡിന്നര്‍… പിറ്റേന്നു രാത്രി ആയിരുന്നു അത്. ഞങ്ങളെ രണ്ട് പേരെയും ആരതിയുഴിഞ്ഞ് മധുരം നല്‍കി സ്വീകരിച്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു ഗസേബോയിലേക്കിരുത്തി. മെഴുകുതിരിനാളത്തിന്റെ അരണ്ട വെളിച്ചത്തില്‍ അലങ്കരിച്ച ഒരു തീന്‍ മേശ. യെസ്, അതു തന്നെ. Candle Light Dinner. ..!!

അതിനു തൊട്ടടുത്ത് പ്രൈവറ്റ് പൂള്‍.. ! പിന്നെ ഞങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രൈവസി തന്ന് അവിടത്തെ ജീവനക്കാര്‍ മധുവിധു സ്പെഷ്യല്‍ വൈനും, മധുവിധു സ്പെഷ്യല്‍ എന്ന പോലെ പല ഭക്ഷണങ്ങളും പൂള്‍ സൌകര്യവുമൊക്കെ തന്നു. അവസാനം ‘ആള്‍ ദി ബെസ്റ്റും’ ‘കണ്ഗ്രാറ്റ്സും’ പറഞ്ഞു തിരികെ റൂമിലേക്കെത്തിച്ചു. നോക്കിയപ്പൊ റൂമും ബാത്രൂമും ഇന്നലത്തേക്കാല്‍ കൂടുതല്‍ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു.

വാല്‍ക്കഷണം – ബാലിയെക്കുറിച്ച് ഒരുപാട് പേര്‍ ഓൺലൈനിൽ എഴുതിക്കണ്ടിട്ടുണ്ട്. അതോണ്ട് “ഞാന്‍ കണ്ട ബാലി”യെക്കുറിച്ച് പിന്നീടൊരിക്കല്‍ എഴുതാം.