“സോറി ഭൂട്ടാന്‍” ; ഭൂട്ടാൻ ജനതയോട് മാപ്പുചോദിച്ച് മലയാളി സഞ്ചാരികൾ

ബുദ്ധമത വിശ്വാസികളാണ് ഭൂട്ടാനിലെ ആളുകൾ. ബുദ്ധക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള സ്തൂപങ്ങളുമെല്ലാം വളരെ ആദരവോടെയാണ് അവർ പരിപാലിക്കുന്നത്. അവിടെ ചെല്ലുന്ന സഞ്ചാരികളും അങ്ങനെ തന്നെയാണ്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഭൂട്ടാനിലെ ഒരു സ്തൂപത്തിൽ ചവിട്ടി നിന്നുകൊണ്ട് ഇന്ത്യക്കാരനായ ഒരു സഞ്ചാരി ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു.

വാർത്താമാധ്യമങ്ങളിൽ ഇത് വാർത്തയായി വന്നതോടെ നല്ലരീതിയിൽ യാത്രകൾ നടത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്കാണ് കൂടുതൽ ബുദ്ധിമുട്ടായത്. എന്നാൽ തങ്ങളുടെ രാജ്യത്തെ ഒരാൾ മൂലം ഭൂട്ടാൻ ജനതയ്ക്കുണ്ടായ ബുദ്ധിമുട്ടിനു പരസ്യമായി ക്ഷമ ചോദിച്ചുകൊണ്ട് ഒരുകൂട്ടം മലയാളി സഞ്ചാരികൾ ഭൂട്ടാനിൽ കഴിഞ്ഞ ദിവസം എത്തി. ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബോർഡും ബാനറുകളുമായാണ് സംഘം ഭൂട്ടാനിൽ എത്തിയത്.

കൊച്ചിയിൽ നിന്നും ടൂവീലറുകളിൽ യാത്ര ചെയ്ത് ഭൂട്ടാനിലെത്തിച്ചേർന്ന വിഷ്‌ണു, ഉമേഷ്, സുമിത്ത്, വൈശാഖ്, അനൂപ്, ആഷ്‌ലി, മെൽവിൻ, മിഥുൻ തുടങ്ങിയ റൈഡർമാരാണ് തങ്ങളിലൊരാൾ ചെയ്ത തെറ്റിനു പരസ്യമായി മാപ്പു ചോദിച്ചുകൊണ്ട് മര്യാദയുടെയും വിനയത്തിന്റെയും പര്യായമായിത്തീർന്നത്. ഇതു സംബന്ധിച്ച് ഇവർ ഒന്നിച്ചു ചിത്രങ്ങൾ എടുക്കുകയും ക്ഷമാപണം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ആ പോസ്റ്റിന്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.

“സോറി ഭൂട്ടാന്‍, ഇന്ത്യന്‍ റൈഡര്‍ നിങ്ങളുടെ ആരാധനലായത്തെ അവഹേളിച്ചതില്‍ ഞങ്ങള്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നൂ. പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്ന കാവുകളും അമ്പലങ്ങളും പള്ളികളും ഞങ്ങളുടെ നാട്ടിലും ഉണ്ട്. അതുപോലെ തന്നെ മറ്റു നാടുകളിലെ അവരുടെ മതത്തേയും ആരാധനലായത്തേയും ഞങ്ങളും ബഹുമാനിക്കുന്നു. പലപ്പോയും യാത്രികര്‍ക്ക് താമസിക്കാന്‍ ഇടവും ഭക്ഷണവും ഫ്രീ ആയിട്ട് തരുന്ന നിങ്ങളുടെ ആരാധനലായത്തോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും മറക്കില്ല. ഒരാളുടെ അറിവില്ലായ്‌മയില്‍ ചെയ്തു പോയ തെറ്റിന് ഞങ്ങള്‍ എല്ലാവരും നിങ്ങളോട് മാപ്പ് ചോദിക്കുന്നൂ.”

മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് രതന്‍ ഹജരേ എന്ന ബൈക്ക് റൈഡറാണ് ഭൂട്ടാനിലെ ദൊലൂച്ചയിലെ ബുദ്ധ സ്തൂപത്തിന് മുകളില്‍ ഏണിവെച്ചു കയറി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അതിൽ കയറി നിന്നുകൊണ്ട് ഫോട്ടോയെടുക്കുക വഴി ആ ഇന്ത്യൻ ബൈക്ക് യാത്രികൻ അവിടത്തെ ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിനും കൂടി അപമാനമായി മാറി. ചിത്രം ഫേസ്‌ബുക്കിൽ വൈറലായതോടെ ആ റൈഡർക്കെതിരെ ഭൂട്ടാൻ പോലീസ് കേസ്സെടുക്കുകയും ചെയ്തിരുന്നു.

ഓരോ രാജ്യത്തു പോകുമ്പോഴും അവിടത്തെ നിയമങ്ങളും സംസ്കാരവുമെല്ലാം മനസ്സിലാക്കിയിരിക്കണം. നമ്മുടെ നാട്ടിൽ ചെയ്യുന്നതു പോലെ അവിടെ ചെയ്യുവാൻ മുതിരരുത്. ഒരു സ്ഥലത്തു ചെന്നാൽ അവിടുത്തെ രീതികളാവണം നമ്മുടെ രീതികൾ. ആ രീതികളെ ഹനിച്ചു കൊണ്ടുള്ള പ്രവൃത്തികൾ സഞ്ചാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകാനേ പാടില്ല.

ഭൂട്ടാനിൽ നടന്ന ഈ സംഭവം എല്ലാവർക്കും ഒരു പാഠമാകട്ടെ. ഇനി സ്വന്തം നാട്ടിലാണെങ്കിലും മറ്റു രാജ്യങ്ങളിലാണെങ്കിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. നാടും സംസ്‌കാരങ്ങളും അടുത്തറിയാനായിരിക്കണം നമ്മുടെ യാത്രകൾ. യാത്രകളിൽ നമുക്ക് ലഭിക്കേണ്ടത് ശത്രുക്കളെയല്ല, മിത്രങ്ങളെയാണ് എന്ന കാര്യം മറക്കരുത്.