എല്ലാവരും തഴഞ്ഞ, ഇന്ത്യ പോലും അംഗീകരിക്കാത്ത ഒരു യൂറോപ്യൻ രാജ്യം

എഴുത്ത് – പ്രകാശ് നായർ മേലില.

എല്ലാവരും തഴഞ്ഞ ഒരു യൂറോപ്യൻ രാജ്യം. ഇന്ത്യയും ഇതുവരെ അവരെ അംഗീകരിച്ചിട്ടില്ല. അബ്ഖാസിയ (Abkhazia) 1990 വരെ സുഖസമൃദ്ധമായ ഒരു പ്രദേശമായിരുന്നു. സഞ്ചാരികൾക്ക് വളരെ ഇഷ്ടപ്പെട്ട ഇടം. എയർ കണ്ടീഷൻഡ് കാലാവസ്ഥയുള്ള രാജ്യമെന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. കാരണം അമിതമായ ചൂടോ അധികം തണുപ്പോ ലവലേശമില്ല.

ഒരു വർഷം രണ്ടു ലക്ഷത്തോളം ടൂറിസ്റ്റുകൾ ഇവിടെ വന്നിരുന്നു. മുന്തിയ ഹോട്ടലുകളും ,തടാകങ്ങളും ,പുൽമേടുകളും ,പ്രകൃതിരമണീയമായ പൂന്തോട്ടങ്ങളും നിറഞ്ഞ ഒരു നിശബ്ദ ലോകം അതായിരുന്നു അബ്ഖാസിയ. കിഴക്കൻ യൂറോപ്പിൽ കരിങ്കടലിനും South Caucasus പർവ്വതനിരകൾക്കും ഇടയിലാണീ രാജ്യം സ്ഥിതിചെയ്യുന്നത്. അതിമനോഹരമായ ഒരു ഭൂപ്രദേശമായിരുന്നു അവിടം.

എന്നാൽ ഇന്ന് അവിടെ നമുക്ക് കാണാൻ കഴിയുന്നത് ആളൊഴിഞ്ഞ നിരത്തുകളും മാർക്കറ്റുകളും തടാകങ്ങളുമൊക്കെയാണ്. ടൂറിസ്റ്റുകളുടെ വരവ് പൂർണ്ണമായും നിലച്ചു. ആകെ വരുന്നത് റഷ്യാക്കാർ മാത്രം. കാരണം അവിടുത്തെ പ്രോപ്പർട്ടികൾ നല്ലൊരുപങ്കും റഷ്യക്കാരുടെ വകയാണ്. റഷ്യൻ ആധിപത്യമാണ് പൂർണ്ണമായതും ഇന്നവിടെ കാണാൻ കഴിയുക.

അബ്ഖാസിയ, ജോർജിയയുടെ ഭാഗമായിരുന്നു. 80 കളിൽ സോവിയറ്റ് യൂണിയന്റെ വിഘടനം ആരംഭിച്ചപ്പോൾ ജോർജിയ പ്രത്യേകരാഷ്ട്രമാക്കാനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ഘട്ടത്തിലാണ് ജോർജിയൻ പ്രദേശമായിരുന്ന അബ്ഖാസിയ യിൽ ജോര്ജിയക്കെതിരെ പടയൊരുക്കങ്ങൾ ആരംഭിക്കുന്നത്. അബ്ഖാസിയ ജോർജിയയിൽ നിന്ന് മാറി ഒരു പ്രത്യേക രാഷ്ട്രമാകാനുള്ള പോരാട്ടം തുടങ്ങുകയായിരുന്നു.

ജോർജിയയുടെ അടിച്ചമർത്തലുകൾക്കെതിരെ അബ്ഖാസിയൻ ജനത തെരുവിലിറങ്ങി. പ്രക്ഷോഭങ്ങൾ രൂക്ഷമായി. 1991 ൽ ജോർജിയ സോവിയറ്റു യൂണിയനിൽ നിന്ന് സ്വതന്ത്രമായി പ്രത്യേക രാഷ്ട്രമായതോടെ അബ്ഖാസിയയിൽ ആഭ്യന്തരലഹള പൊട്ടിപ്പുറപ്പെട്ടു. ജോർജിയയിൽ നിന്ന് വേർപെട്ട് ഒരു പ്രത്യേക രാഷ്ട്രമാകണമെന്നതിൽക്കുറഞ്ഞൊന്നും അബ്ഖാസിയൻ ജനതയ്ക്കു സ്വീകാര്യമായിരുന്നില്ല.

ആദ്യഘട്ടങ്ങളിൽ ജോർജിയൻ സൈന്യം പ്രക്ഷോഭം അടിച്ചമർത്തുന്നതിൽ വിജയിച്ചെങ്കിലും റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ അബ്ഖാസിയൻ പോരാളികൾ കൂടുതൽ കരുത്തോടെ തിരിച്ചടിച്ചു. പതിനായിരക്ക ണക്കിനാൾക്കാർ ആ പോരാട്ടത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ അബ്ഖാസിയൻ പോരാളികൾക്ക് ലഭിച്ചതിനാൽ അവർ പോരാട്ടത്തിൽ ജോർജിയൻ സൈന്യത്തെ മുട്ടുകുത്തിച്ചു..

അബ്ഖാസിയയിൽ താമസക്കാരായിരുന്ന പതിനായിരക്കണക്കിന് ജോർജ്ജിയക്കാരാണ് അന്ന് എല്ലാം ഇട്ടെറിഞ്ഞു ജോര്ജിയയിലേക്കു പാലായനം ചെയ്തത്. .അബ്ഖാസിയയുടെ ജനസംഖ്യയിൽ 25 % ജോർജ്ജിയക്കാരായിരുന്നു. റഷ്യൻ സൈന്യം കൂടുതൽ ആധിപത്യം അവിടെ ഉറപ്പാക്കി.

2008 ആഗസ്റ്റ് 28 ന് അബ്ഖാസിയ ഒരു സോവിയറ്റ് അധീന പ്രദേശമായി ജോർജിയ പ്രഖ്യാപിച്ചതോടുകൂടി അതൊരു സ്വതന്ത്രരാജ്യമായി മാറപ്പെട്ടു. എങ്കിലും അബ്ഖാസിയ ഇന്ന് പേരിനുമാത്രമൊരു രാജ്യമാണെന്ന് പറയാം. കാരണം ഇന്നുവരെ ലോകത്തുള്ള കേവലം 5 രാജ്യങ്ങൾ മാത്രമാണ് അബ്ഖാസിയയെ അംഗീകരിച്ചിട്ടുള്ളത്. റഷ്യ ,നിക്കരാഗ്വ,സിറിയ,നവൂറു ,വെനിൻസുല എന്നിവയാണാ രാജ്യങ്ങൾ.

അബ്ഖാസിയ ഇന്ന് പൂർണ്ണമായും റഷ്യയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ഇനിയും അംഗീകരിക്കാത്തതിനാൽ നിക്ഷേപങ്ങളും വികസനങ്ങളും ശൂന്യാവസ്ഥയിലാണ്. എന്തിനും ഏതിനും ഇവർക്ക് റഷ്യയെമാത്രമാണ് ആശ്രയിക്കാനാകുന്നത്.

രാജ്യരക്ഷയും ഭരണപരമായ നിയന്ത്രണങ്ങളും റഷ്യയുടെ കൈകളിലാണ്. എന്നാൽ ജോർജിയ ഇന്നവരുടെ ശത്രുരാജ്യങ്ങളുടെ മുൻനിരയിലാണ്. 8660 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയും രണ്ടര ലക്ഷം ജനസംഖ്യയുമുള്ള അബ്ഖാസിയയുടെ തലസ്ഥാനം ‘സുഖുമി’ ( Sukhumi ) ആണ്. പോയ നല്ല നാളുകൾ അയവിറക്കി സ്വന്തം നിലനിൽപ്പിനായി ലോകത്തിന്റെ പടിവാതിൽക്കൽ കാത്തുനിൽക്കുന്ന ഈ കുഞ്ഞുരാജ്യം ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനായുള്ള കഠിനശ്രമത്തിലാണ്. അതിനു റഷ്യയുടെ പിന്തുണയുമുണ്ട്.