കൃഷ്ണ ബസ്, നിഷ ഡ്രൈവിംഗ് സ്‌കൂൾ ബസ്സും ഗൾഫ് മോട്ടോഴ്‌സുമായ കഥ

പ്രവാസികൾ പതിറ്റാണ്ടുകൾ മണലിൽ കിടന്നു ചുട്ടു പൊള്ളി ഉണ്ടാക്കിയ പണമത്രയും നാട്ടിൽ വ്യവസായത്തിനായി നിക്ഷേപിക്കുകയും, എന്നാൽ അധികാരം കൈയേറിയിരിക്കുന്നവരുടെയും നേതാക്കളുടെയും പിടിവാശിയും കൊള്ളരുതായ്മയും കൊണ്ട് നാലാൾക്ക് നാട്ടിൽ ഒരു ജോലി ആകട്ടെ എന്ന് കരുതി പലരും തുടങ്ങി വച്ച സംരംഭം ഏറ്റവും നീചമായ പ്രതികാരത്തിലൂടെ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ സമകാലിക സാക്ഷ്യങ്ങൾ ആണ് ഇന്ന് ചർച്ച ആയികൊണ്ടിരിക്കുന്നത്. ഒരു ജീവിതം മുഴുവൻ കഷ്ടപെട്ട് ഉരുകി ഉണ്ടാക്കിയത് മുഴുവൻ ഒന്നിനും കൊള്ളാതെ ആയ മനോവിഷമത്തിൽ ഒരു ഞാൺ കയറിൽ ജീവിതം അവസാനിപ്പിക്കുന്ന കാഴ്ച. ചിലർ ആകട്ടെ വീണ്ടും പ്രവാസത്തിലേക്ക് ഒരു മനുഷ്യായുസിന്റെ അധ്വാനത്തിന് ശേഷവും ഗതികെട്ട് തിരിച്ചു പോകുന്ന കാഴ്ച…. വരവേൽപ് എന്ന സിനിമയിലെ നായകൻ മുരളിയെ (മോഹൻലാൽ)പോലെ.

രണ്ടര പതിറ്റാണ്ടുകളോളം മലയാള സിനിമ വന്ന രാഷ്ട്രീയം അത്രയും തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശക്തിയിൽ ബൂർഷാ മുതലാളിമാർ അടിയറവു പറഞ്ഞത് ആഘോഷം ആക്കിയ ശേഷം ആണ് തൊഴിലാളി സംഘടനകൾക്കും അവരുടെ നേതാക്കൾക്കും രാഷ്ട്രീയനേതാക്കൾക്കും ഒരു ഫാസിസ്റ്റു മുഖം കൂടെ ഉണ്ടെന്ന എതിർ ചിന്ത ശ്രീനിവാസൻ വരവേൽപ്പിലൂടെ പറഞ്ഞു വച്ചത്. അതിനു മുൻപ് വന്ന ഉണരൂ (സംവിധാനം : മണിരത്നം, രചന : John Paul സർ) പോലെ ഉളള ചില സിനിമകളിൽ ഇതിന്റെ സൂചനകൾ ഉണ്ടായിരുന്നു. പക്ഷേ ഈ വിഷയത്തിന്റെ തീവ്രത ഏറ്റവും വ്യക്തമായും ശക്തമായും അവതരിപ്പിച്ചത് ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ആയിരുന്നു.

ഗൾഫ് ജീവിതം കഴിഞ്ഞു തിരികെ എത്തിയ, ഗ്രാമത്തിലെ പഴയ തൊഴിൽ രഹിതൻ നാട്ടിൽ നാലാൾക് ഉപകാരം ആകട്ടെ എന്ന് കരുതി, കൈയിൽ ഉള്ള പണത്തിനു വസ്തു ഉണ്ടാക്കി ഇടുന്നതിന് പകരം പൊന്നും വില കൊടുത്തു ഒരു റൂട്ട് ബസ് വാങ്ങി… അയാളുടെ അധ്വാനം കൊണ്ടാണ് ആ കുടുംബം പച്ച പിടിച്ചത്. പലരും നിർബന്ധിച്ചതാണ് അയാളെ മറ്റെന്തെങ്കിലും കൂടുതൽ ലാഭം ഉള്ളത് നോക്കാൻ… അയാൾക് താല്പര്യം ബസ് ആയിരുന്നു. ബാക്കി ചരിത്രം നിങ്ങൾക് അറിയാം… പലരും ചേർന്ന് ഇല്ലാതാക്കിയ ജീവിതം വീണ്ടും പച്ച പിടിപ്പിക്കാൻ അയാൾ പ്രവാസത്തിലേക്ക് മടങ്ങുക ആണ്. കൂടെ ഉണ്ടെന്ന് കരുതിയവർ എല്ലാവരും കൂടെ ഉള്ളവർ അല്ലെന്നു, മറ്റുപലരും ആകും കൂടെ കാണുക എന്ന് മനസിലാക്കികൊണ്ട്.

യഥാർത്ഥ ജീവിതത്തിലെ മുരളി : ഇനി പറയാൻ പോകുന്ന കാര്യം ഒരുപക്ഷെ എല്ലാവർക്കും അറിയുന്നത് ആകില്ല. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം അടിസ്ഥാനമാക്കി ആണ് 1989 ൽ ശ്രീനിവാസൻ ‘വരവേല്പിന്റെ’ തിരക്കഥ പൂർത്തിയാക്കിയത്. സംഗതി നടന്നത് ഇങ്ങ് മലബാറിൽ ആണ്. കൃത്യമായി പറഞ്ഞാൽ തലശ്ശേരി – കൊട്ടിയൂർ അമ്പലം റൂട്ടിൽ ഓടുന്ന ഒരു ബസും അതിന്റെ ഉടമയും നേരിട്ട തിക്താനുഭവങ്ങൾ കൂട്ടിയിണക്കി ഉണ്ടാക്കിയതാണ് വരവേല്പിന്റെ കാതൽ എന്ന് കേട്ടിട്ടുണ്ട്. ആ ബസിന്റെ ഉടമയുടെ പേര് പാട്ട്യത്ത് ഉണ്ണി എന്നായിരുന്നു… അദ്ദേഹം വരവേൽപ് സിനിമയുടെ തിരക്കഥാകൃത്ത് സാക്ഷാൽ ശ്രീനിവാസന്റെ അച്ഛൻ ആയിരുന്നു.

ഏറ്റവും പ്രശസ്തമായ കൊട്ടിയൂർ ഉത്സവമാണ് വരവേൽപിൽ അമ്പലക്കടവ് ഉത്സവം ആയി മാറിയത്. കൊട്ടിയൂർ ഉത്സവം എന്നാൽ മുൻകാലങ്ങളിൽ സ്വകാര്യ ബസുകളുടെ ചാകര ആയിരുന്നു. സ്വകാര്യ വാഹനങ്ങളും, ടൂറിസ്റ്റ് ബസുകളും, KSRTC കളുമൊക്കെ കുറവ്. അന്ന് റൂട്ടിൽ ഉള്ള ബസുകൾ ചെയിൻ സർവീസ് പോലെ തലശ്ശേരി – കൊട്ടിയൂർ മൂന്നും നാലും ചാൽ വരെ ഓടും. വേറെ ബസുകളും സ്പെഷ്യൽ പെർമിറ്റ്‌ എടുത്തു വരും. കണ്ണൂരുകാർ വളർന്ന കാഴ്ച.. ഇന്നും തിരക്ക് ആണ് കൊട്ടിയൂർ സീസണിൽ.

അങ്ങനെ ഒരു ഉത്സവകാലത്തു ശ്രീനിവാസന്റെ അച്ഛന്റെ ബസിലെ കണ്ടക്ടർ കൊടുക്കാൻ ബാക്കി ഉണ്ടായിരുന്ന വലിയ കളക്ഷൻ തുകയും ആയി മുങ്ങി. ഉടമ കേസിനു പോയി. തൊഴിലാളി യൂണിയനും മറ്റും ജീവനക്കാരന്റെ പക്ഷത്ത്. അങ്ങനെ അവർ വണ്ടി തല്ലിപ്പൊളിച്ചു. ഈ വഴിയിൽ കേസ്‌ കളിച്ചു വലിയ നഷ്ടം പറ്റിയിട്ടുണ്ട് എന്നും, പിന്നീട് കേസ് നടത്താൻ പോകുന്നവര്ക്ക് ശ്രീനിവാസന്റെ അച്ഛൻ നിയമോപദേശം നൽകുമായിരുന്നു എന്നും വായിച്ചത് ഓർക്കുന്നു.(അവലംബം : 1990 കളുടെ അവസാനം മനോരമ വാർഷിക പതിപ്പിൽ വന്ന ഒരു ലേഖനം).

വരവേൽപ് പുറത്ത് ഇറങ്ങിയിട്ട് 30 വർഷം ആയി. വലിയ രീതിയിൽ രാഷ്ട്രീയചർച്ചകൾക്ക്, പ്രത്യേകിച്ച് അരാഷ്ട്രീയ അനുഭാവ ചർച്ചകൾക്ക്, ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സന്ദേശത്തിനും മുൻപേ തുടക്കം കുറിച്ച സിനിമ എന്ന നിലയിൽ ഇത്രയധികം വിമര്ശിക്കപെട്ട സിനിമ മലയാളത്തിൽ കുറവായിരിക്കും. അതോടൊപ്പം തന്നെ അഭിനന്ദിക്കപ്പെട്ടതും. മുകളിൽ ഉള്ളത് ഇതേ കൂട്ടുകെട്ടിന്റെ സന്ദേശം മാത്രം. കാരണം വരവേൽപിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്നും ഒരു വ്യവസായം തുടങ്ങാൻ കേരളത്തിൽ ശ്രമിക്കുന്ന ഓരോ വ്യക്തിയും പേടിയോടെ കാണുന്നവ തന്നെ ആണ്.

പറഞ്ഞു വരുന്നത് അനേക കോടികൾ ആസ്തിയുള്ള വൻകിടകാരന്റെ കാര്യമല്ല, അവനു മുൻപിൽ നിയമവും, നൂലാമാലകളും, നേതാക്കളും ഒക്കെ കുമ്പിട്ട് നിന്നെന്നു വരും. പക്ഷേ കൈയിൽ ഉള്ളതൊക്കെ കൂട്ടിപ്പെറുക്കി ഒരു ബസ് സർവീസോ, ഒരു ചെറിയ കച്ചവടമോ, വ്യവസായമോ, നിർമാണ യൂണിറ്റോ ഒക്കെ തുടങ്ങി ജീവിതത്തിന്റെ രണ്ടറ്റവും മര്യാദക്ക് കൂട്ടി മുട്ടിക്കാൻ നോക്കുന്നവൻ നേരിടുക ഇത്തരത്തിൽ ഉള്ള പല പ്രശ്നങ്ങൾ ആണെന്നതിന്റെ വിലാപങ്ങൾ ആണ് സമൂഹത്തിൽ വരവേൽപ് പിറന്ന ഈ 30 ആം വർഷത്തിലും അലയടിക്കുന്നത്. ചിലയിടത്തു തൊഴിലാളി നേതാക്കൾ ആണെങ്കിൽ ചിലയിടത്തു അധികാരികൾ.

കൈനനയാതെ മീൻ പിടിക്കാൻ ആയി മാന്യമായി ഓടുന്ന സ്വകാര്യ ബസിന് ഒപ്പം ആർക്കോ വേണ്ടി സർക്കാർ വണ്ടി ഓടിച്ചു സർവീസ് നിർത്തിച്ചു ബസ് കാലി കൊടുക്കേണ്ടി വന്ന എത്ര സംഭവങ്ങൾ നമുക്ക് നേരിട്ട് അറിയാം. ഇന്നും നടന്നു കൊണ്ടിരിക്കുന്നു. ഉള്ളറകളിലേക്ക് ചെന്നാൽ ഒന്നോ രണ്ടോ രാഷ്ട്രീയകാരുടെ, അല്ലെങ്കിൽ തൊഴിലാളി നേതാക്കളുടെ, മലയോര നാട്ടുപ്രമാണി മാരുടെ വ്യക്തിതാല്പര്യങ്ങളും സ്വാർത്ഥതയും, ചിലരോടുള്ള വ്യക്തി വിരോധവും ആകും ആ സർവീസ്കളുടെ പിറവിക്ക് പിന്നിൽ. ഉദാഹരണങ്ങൾ നിരവധി.

കൃഷ്ണ ബസ് നിഷ ഡ്രൈവിംഗ് സ്‌കൂൾബസ്സും ഗൾഫ് മോട്ടോഴ്‌സുമായ കഥ : വരവേൽപിൽ ഉപയോഗിച്ച ബസിനെ പറ്റി പറഞ്ഞാൽ, വരവേൽപിൽ ഒരിടത്തു അതിന്റെ യഥാർത്ഥ പേര് വരുന്നുണ്ട്.’നിഷ’ എന്നായിരുന്നു അത്. കൃത്യമായി കാണണം എങ്കിൽ മോഹൻലാൽ ബസ് വാങ്ങാൻ ഉടമയുടെ അടുത്ത് എത്തുന്ന രംഗത്തിൽ നോക്കിയാൽ മതി. ഒരു കൗതുകത്തിന് ഒരിക്കൽ MVD സൈറ്റ് നോക്കിയപ്പോൾ ബസ് ജീവനോടെ ഉണ്ടെന്ന് കണ്ടു. പിന്നെ ബസ് കേരള ഗ്രൂപ്പിൽ ചിത്രങ്ങളും കണ്ടു. അതാണ് ബസ് കേരളക്ക് വേണ്ടി ഈ ബസിന്റെ ചരിത്രം അന്വേഷിക്കാൻ പ്രചോദനം ആയത്. പിന്നെ വരവേല്പിനോട് ഉള്ള ഇഷ്ടവും.

നിഷയുടെ ജന്മനാട് എറണാകുളം ആണ് (KLE 8085). 1968 മോഡൽ അശോക് ലെയ്ലാൻഡ്. അവിടെ നിന്നു ഏതോ കാലത്തു ഏതോ മുതലാളി പാലക്കാട് ജില്ലയിലേ മണപ്പാടം – ചിറ്റൂർ റൂട്ടിൽ ഓടാൻ ആയി ബസ് വാങ്ങിക്കൊണ്ടു വന്നത് ആകണം. കൃഷ്ണ എന്ന പേരിൽ ആയിരുന്നു അവസാന കാലത്തു ബസ് റൂട്ടിൽ ഓടിയിരുന്നത് എന്ന് നിഷ ഡ്രൈവിംഗ് സ്കൂൾ ഉടമ അബ്ദുറഹിമാൻ പങ്കു വച്ചു. 1986 ൽ ആണ് കൃഷ്ണ എന്ന ബസ് നിഷ ഡ്രൈവിംഗ് സ്കൂൾകാരുടെ കൈയിൽ എത്തുന്നത്. 18 ആം വയസിൽ. ഗ്രാമീണ സേവനം കഴിഞ്ഞു പേരൊന്നും ഇല്ലാതെ ഒരു വർക്ഷോപ്പിൽ നിർത്തി ഇട്ടിടത്തു നിന്നാണ് ബസ് വാങ്ങുന്നത്.

1989 ഏപ്രിലിൽ വരവേൽപ് പുറത്തിറങ്ങി. പാലക്കാട്‌ വച്ചു ആയിരുന്നു ഷൂട്ടിംഗ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ആവശ്യ പ്രകാരം സിനിമ അണിയറ പ്രവർത്തകർ ആയ ആനന്ദ്, ബിനു എന്നിവർ ഷൂട്ടിങിനു ഒരു പഴയ ബസ് അന്വേഷിച്ചു വരിക ആയിരുന്നു. അങ്ങനെ ആണ് അവർ അന്നത്തെ RTO, കളക്ടർ എന്നിവരുടെ നിർദേശപ്രകാരം പാലക്കാട്‌ ജില്ലയിൽ അന്ന് ഉണ്ടായിരുന്ന ഏക ഹെവി ഡ്രൈവിംഗ് സ്കൂൾ ആയ നിഷയിൽ എത്തുന്നത്. അങ്ങനെ RTO യുടെ സമ്മതം വാങ്ങി ബസ് ഷൂട്ടിംഗിനു വിട്ടു നൽകി. 1988-89 കാലത്തു ആണ് ഇത്.

പാലക്കാട് ജില്ലയിലെ ആലത്തൂർ, പിരായിരി എന്നിവിടങ്ങളിൽ ഒക്കെ ആണ് വരവേല്പിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. സിനിമയിൽ കാണുന്ന ബസ് സ്റ്റാൻഡ് പാലക്കാട്‌ ബസ് സ്റ്റാൻഡ് തന്നെ ആണ്. ആലത്തൂർ അടുത്ത് ഉള്ള തൃപ്പാളൂർ ഭാഗത്തെ ദേവി ക്ഷേത്രം ആണ് സിനിമയിൽ അമ്പലക്കടവ് എന്ന ഉൾനാടൻ ഗ്രാമവും അവിടെ ഉള്ള അമ്പലവും ഉത്സവവും ഒക്കെ ആയി മാറിയത്, യഥാർത്ഥ സംഭവത്തിലെ കൊട്ടിയൂർ ഉത്സവത്തിനു പകരം.

ആ കാലത്തു ബസ് ഷൂട്ടിംഗിനു വിട്ട് നൽകിയ വകയിൽ തന്നെ 30000 രൂപ വരുമാനം ലഭിച്ചിട്ടുണ്ട് എന്നും ഉടമ അബ്‍ദുറഹിമാൻ പങ്കു വച്ചു. പക്ഷേ ബസ് വാങ്ങിയത് 27000 രൂപക്ക് ആയിരുന്നു. അതിനു ശേഷം ആണ് മോഹൻലാൽ – സിബി മലയിൽ – ലോഹിതദാസ് കൂട്ടുകെട്ടിൽ 1991 ൽ പുറത്തു വന്ന ധനം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ടിംഗ് നു വേണ്ടി ബസ് ഉപയോഗിക്കുന്നത്. സ്റ്റണ്ട് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബസ് കാണാം.. “അതിനു ശേഷം ഒരു സിനിമക്ക് വേണ്ടി കൂടി നിഷ ഉപയോഗിച്ചിട്ടുണ്ട്. ഒരു ദിവസം ആയിരുന്നു ഷൂട്ടിംഗ്, പക്ഷേ ചിത്രം പുറത്ത് വന്നില്ല. പേരെന്താണെന്നും അറിയില്ല.” ഉടമ പറയുന്നു.

അതുകൊണ്ടും നിഷ ചരിത്രം തീരുന്നില്ല… വരവേൽപിൽ അടിച്ചു പൊളിച്ചെങ്കിലും, കഥയിൽ തുടർന്ന് പൊളിക്കാൻ കൊടുത്തു എന്നാണ് എങ്കിലും പിന്നെയും നിഷ ഏകദേശം പഴയ രൂപത്തിൽ അനേക കാലം ജീവിച്ചു. കൃത്യമായി പറഞ്ഞാൽ 2018 വരെ. 2009 ൽ ആദ്യത്തെ ബോഡിക്ക് കാലപ്പഴക്കം കൊണ്ട് ചില്ലറ തകരാറുകൾ വന്നപ്പോൾ പൊള്ളാച്ചിയിൽ പോയി പൊളിച്ച ഒരു അനന്തരാജിന്റെ ബോഡി നിഷയിൽ കയറ്റി.

പക്ഷേ 2016 കാലത്തു രെജിസ്ട്രേഷൻ പുതുക്കുന്നതും ആയി ബന്ധപെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ബസ് ഡ്രൈവിംഗ് പഠനത്തിന് തുടർന്നു ഉപയോഗിക്കാൻ കഴിഞ്ഞില്ല. എങ്കിലും 2017-18 കാലം വരെ നമ്മുടെ ‘ഗൾഫ് മോട്ടോർസ്’ പാലക്കാട്‌ ഉണ്ടായിരുന്നു. പിന്നെ ആക്രിക്കാരന് പൊളിക്കാൻ കൊടുത്തു. ഇപ്പോൾ KL 4 M 64 രജിസ്റ്റർ നമ്പറിൽ ഉള്ള മറ്റൊരു ബസ് ആണ് പകരം.

വരവേൽപ് കൊണ്ട് ഓര്മിക്കപെടുന്ന ബസ് ആ സിനിമ പുറത്തു ഇറങ്ങി കഴിഞ്ഞു ജനിച്ചവർക്ക് പോലും ഹെവി ലൈസൻസ് എടുക്കാൻ നിമിത്തമായി എന്നത് ചരിത്രത്തിലെ ഒരു കൗതുകം. അവർക്ക് ഈ കാര്യം അറിയുമോ എന്നാർക്കറിയാം. എന്തായാലും വരവേൽപ് ഒരു ഓർമപ്പെടുത്തൽ ആണ്. പേര് പറയുന്ന ‘ആദ്യ വരവേൽപ്’ ഒരു നിക്ഷേപകന് പിന്നീട് ഉണ്ടാകാൻ തക്കവിധം നമ്മുടെ സമൂഹം ഇനിയും വളർന്നിട്ടില്ല എന്ന ഓർമപ്പെടുത്തൽ. ‘ഗൾഫ് മോട്ടോർസ്’ ഓരോ ബസ് ഉടമക്കും ഉള്ള സന്ദേശവും ആണ്.

ബസ് എന്നത് ഇരുമ്പിലും തകിടിലും ഒക്കെ തീർത്ത ഒരു യന്ത്രം മാത്രമാണ്, നമ്മൾ അങ്ങനെ അല്ല കാണുന്നത് എങ്കിലും. എന്നിട്ടും നിഷ 50 വർഷം (1968-2018) നിലനിന്നു. പക്ഷേ സിനിമ പുറത്തിറങ്ങി 30 വർഷം ആയാലും ഇനിയും ഒരു 50 വർഷം കഴിഞ്ഞാലും സാമൂഹ്യ പ്രസക്തിയോടെ ഒരു കാലഘട്ടത്തിന്റെ അടയാളം ആയി തലയുയർത്തി തന്നെ ചെയ്യും… ഒപ്പം മുരളിയുടെ ഗൾഫ് മോട്ടോഴ്സും…അതാണ് അഭ്രപാളിയുടെ ശക്തി…

എഴുത്ത് – Nighil Abraham Vallomkottayil. വിവരങ്ങളും പഴയ ചിത്രവും തന്നത് : ഉടമ അബ്‌ദുറഹിമാൻ. മറ്റു ചിത്രങ്ങൾ : Jayadeep NR, Albin manjalil, Mufeek Moosa Subin Adoor, വിവരശേഖര സഹായം : Albin Månjalil, Haris Km (ബസ് കേരള ഗ്രൂപ്പിന് വേണ്ടി എഴുതി തയാറാക്കിയത്).