“എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ പോലൊരു ടീച്ചറാവണ്ട…”

എഴുത്ത് – സുബി.

“എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ (പേര് സാങ്കല്പികം) പോലൊരു ടീച്ചറാവണ്ട.” 8 ആം ക്ലാസ്സ് കഴിഞ്ഞ് ഇത്രയൊക്കെ വർഷങ്ങളായിട്ടും വനജ ടീച്ചർ എന്ന പേര് മനസ്സിൽ ഇങ്ങനെ വരഞ്ഞു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല ടീച്ചർക്ക് എന്നെ ഇഷ്ടമേ അല്ലാരുന്നു. സോഷ്യൽ ഇഷ്ട്ട വിഷയമായിരുന്നു. നല്ലപോലെ പരീക്ഷ എഴുതിയാലും ടീച്ചർ എനിക്കുമാത്രം തരേണ്ട മാർക്ക്‌ തരില്ല. അത് ചോദിച്ചാൽ കൈത്തണ്ടയ്ക്ക് അടിയിൽ കിട്ടുന്ന നുള്ളിനെ പേടിച് മിണ്ടാണ്ടിരിക്കും.

ഒരീസം ബന്ധുവായ ചേച്ചീടെ നിശ്ചയത്തിന് ഉച്ചയ്ക്ക് സ്കൂളിൽ നിന്നും പോവുകയാണ്. ഉച്ചഭക്ഷണ ബെല്ലടിച്ചപ്പോ എല്ലാരും ഓടി. ഞാൻ പുസ്തകമൊക്കെ അടുക്കി വെച്ചപ്പോ 50 രൂപ താഴെ കിടക്കുന്നെ കണ്ടു. ക്ലാസിൽ ആളില്ലാത്തതിനാൽ പൈസ എടുത്ത് ബാഗിലും വെച്ച് വീട്ടിലേക്ക് പോയി. ബെല്ലടിച് ഏകദേശം ഒരു പിരീഡ് പകുതി ആയപ്പോഴാണ് ഞാൻ ക്ലാസിലെത്തിയത്. എത്തുമ്പോഴേക്കും ക്ലാസ്സിൽ ആകെ ബഹളമയം. “ടീച്ചറെ സുബി വന്നു ” കൂട്ടത്തിലൊരാൾ വിളിച്ചു പറഞ്ഞു.

ഒന്നും മനസിലാവാതെ നിന്ന എന്നോട് ടീച്ചർ ഒരു കാര്യം ചോദിച്ചു – “നിന്റെ വീട്ടിൽ 50 രൂപക്ക് പോലും ഗതി ഇല്ലെടി” എന്ന്. നിന്ന നിൽപ്പിൽ തന്നെ അങ്ങ് ഇല്ലാണ്ടായ മതി ആയിരുന്നു എന്ന് തോന്നിപോയ നിമിഷം. ബാഗ് പരിശോധനയിൽ എന്റെ ബാഗിൽ പൈസ കണ്ടപ്പോൾ തന്നെ ടീച്ചർ ഉറപ്പിച്ചിരിക്കണം ഞാൻ മോഷ്ടിച്ചതാണെന്ന്. ഞാൻ എടുത്തതല്ല ടീച്ചറെ എന്ന് പറയാൻ അന്നെനിക്ക് കഴിഞ്ഞില്ല. ഞാൻ അതെടുത്തത് തന്നെയായിരിക്കണം എന്നാവാം എന്റെ കൂട്ടുകാരും ഈ നിമിഷം വരെയും കരുതിയിട്ടുണ്ടാവുക.

ഒൻപതിലെത്തിയപ്പോഴും ടീച്ചർക്ക് എന്നോടുള്ള ദേഷ്യം കുറഞ്ഞില്ലാരുന്നു. ഇന്നത്തേപോലെ യൂണിഫോം ഫ്രീ ആയി കിട്ടുന്ന സമയമൊന്നുമല്ലാരുന്നു. ശരീരത്തിന് പറയത്തക്ക വ്യത്യാസമൊന്നും ഇല്ലാത്തോണ്ട് എട്ടിലെ യൂണിഫോം ഒൻപതിലും ഉപയോഗിക്കാൻ അച്ഛൻ പറഞ്ഞു. അങ്ങിങ്ങായി കരിമ്പൻ അടിച്ചിട്ടുണ്ടെങ്കിലും ഷാൾ ഇട്ടു മറച്ചു സ്കൂളിൽ പോവാൻ തുടങ്ങി.

മറ്റുള്ള കൂട്ടുകാരുടെ തുവെള്ള യൂണിഫോമിനിടയിൽ എന്റെ കരിമ്പൻ വസ്ത്രം ടീച്ചർ പെട്ടന്ന് കണ്ടുപിടിച്ചു. അസംബ്ലിയിൽ ഈ വസ്ത്രം ധരിച്ചു നിൽക്കരുതെന്ന് ടീച്ചർ താക്കീതു നൽകി. വീട്ടിൽ പറഞ്ഞാൽ അച്ഛന്റെ തല്ലുകൂടി കിട്ടേണ്ടഎന്നുകൂടി ഓർത്ത് മിണ്ടാതിരിക്കും. അവസാനം അമ്മയോട് കരഞ്ഞുപറഞ് ഒരു വെള്ള ടോപ് അടിപ്പിച്ചെടുത്തു.

വനജ ടീച്ചർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല. ടീച്ചർ എന്നെ ഏറെ ദ്രോഹിച്ചിട്ടുണ്ടെങ്കിലും, എനിക്കൊരു വലിയ പാഠമാണ് നൽകിയത്. ഞാനിന്നൊരു അധ്യാപികയാണ്. ഒഒരു അധ്യാപിക കുട്ടികളോട് എങ്ങനെയൊക്കെ പെരുമാറാൻ പാടില്ല എന്ന വലിയൊരു അറിവ് ഈ ശിഷ്യക്ക് സമ്മാനിച്ചതിന് വനജ ടീച്ചർക്ക് ഒരായിരം നന്ദി.