മരണത്തെ അതിജീവിച്ചു വന്ന ഒരു പെൺകുട്ടിയുടെ അനുഭവകഥ

എന്നെ ഞാനറിയുന്നു എന്ന ഒറ്റ നിമിഷത്തെ തോന്നലിനപ്പുറം എനിക്കെന്നെ പൂർണമായും അറിയുന്നില്ലല്ലോ എന്ന് ചിന്തിച്ചിരിക്കാറുണ്ട് ഞാൻ. ചില സമയങ്ങളിൽ ഇവയ്ക്കൊക്കെ ഏറ്റ കുറച്ചിലുകൾ ഉണ്ടാവാറുമുണ്ട്. “തൂവെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയ ശരീരവും, ചുറ്റുമുള്ളവരുടെ കരച്ചിലും, ചന്ദനത്തിരിയുടെ മണവും ഇതൊക്കെയാണ് കുഞ്ഞു ന്നാളിലെ ഓർമ്മകളിലെ മരണം.!

കണ്ണുകാണാതെ ജീവിച്ചു, മരിച്ച അച്ഛൻ പെങ്ങളുടെ ദേഹത്തിനടുത്തിരുന്ന് “ഈ അമ്മയേക്കാളും മുന്നേ നീ പോയല്ലോ മോളെ” എന്ന് അലമുറയിട്ട വല്യമ്മയുടെ മുഖമാണ് മരണത്തിന്റെ അവശേഷിപ്പായ് മനസ്സിൽ നിറയുന്നത്. കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ അണിയിച്ചു എങ്ങോട്ടോ കൊണ്ടുപോകുമ്പോൾ, മാമന്മാരെ ഗൾഫിലേക്ക് യാത്രയാക്കുമ്പോൾ തോന്നിയിരുന്ന വികാരം മാത്രമേ മരിച്ച സമയത്തും തോന്നിയിരുന്നുള്ളു. മരണം കടയ്ക്കൽ നിന്നും മാടി വിളിച്ചു. എന്നിട്ടും ജീവിതത്തിലേക്ക് മടങ്ങി വന്ന ആ ദിവസമാണ് ഞാൻ ശെരിക്കും മരണത്തെ അടുത്തറിഞ്ഞത്.

സദാ സമയവും കളി ചിരികളുമായി കറങ്ങി നടന്നിരുന്ന വായാടി പെണ്ണ്. ബാലന്റെ മകൾ ബാലാമണി. ബാലയായും, ബാലുവായും, മണി ആയും, ബാലാണി ആയ്യും ലോപിച്ചും, സന്ധിച്ചും, നീണ്ടു പോകുന്ന വിളികൾ… ഏട്ടന്മാരുടെ കാന്താരി പെങ്ങൾ. കൂട്ടുകാരെ പോലെ വഴക്കടിച്ചും, കൂട്ടുകൂടിയും, ഇണങ്ങിയും കഴിഞ്ഞ നാളുകൾ. ബാലയ്ക്കൊരു പനി വന്നാൽ നിശബ്ദമായിപോകുന്ന ആകത്തളങ്ങളും, മൈതാനവും.

മഴക്കാലത്ത് നാട്ടിലെ വയലോരങ്ങളിൽ ചെളി കെട്ടി കിടക്കുന്ന സമയങ്ങളിൽ ധാരാളമായി കണ്ടു വരുന്ന ഒന്നാണ് നെയ്‌ച്ചിങ. വെള്ളമൊന്നും കലക്കാതെ പതിയെ ചെന്ന് തപ്പി പിടിക്കുക വളരെ രസമാണ്. ഏട്ടന്മാർക്കൊപ്പം പലപ്പോഴും ഞാൻ പോയിട്ടുണ്ട്. പക്ഷെ ദൂരയിടങ്ങളിൽ പോകുമ്പോ കൂട്ടാറില്ല. പക്ഷെ ഞാനാരാ മോൾ, പിറകെ തന്നെ ഒറ്റ ഓട്ടം വെച്ചു കൊടുക്കും. അച്ഛനോട് ഏഷണി കൂട്ടി വല്ലോം പറഞ്ഞു കൊടുക്കുമെന്ന് പേടിച്ചു ഗത്യന്തരമില്ലാതെ എന്നേം ഒപ്പം കൂട്ടും.

അങ്ങനൊരിക്കൽ നെയ്‌ച്ചിങ പറക്കാൻ ദൂരത്ത് ഒരു വയലിലേക്ക് പോയി. സ്ഥലത്തെപ്പറ്റി മൂന്നുപേർക്കും നിശ്ചയമില്ല. വയൽ നിറയെ ചെളിവെള്ളമാണ്. ഏറ്റവും മുന്നിൽ വല്യേട്ടനും, പിന്നെ ചെറിയേട്ടനും ഏറ്റവും പിറകിൽ ഞാനും. എന്റെ ചവിട്ടിതുള്ളിയുള്ള പോക്കിൽ നെയ്‌ച്ചിങ്ങ ഓഡിയോളിക്കുന്നതുകൊണ്ടാണ് എന്നെ പിറകിലായി നിർത്തുന്നത്. അങ്ങനെയങ്ങനെ ഇതിൽ മാത്രം ലയിച്ചു നടക്കുന്നതിനിടയിൽ ഞാൻ കാലുവെച്ചത് ഒരു കിണറിലേക്കായിരുന്നു. കിണർ ആയിരുന്നെന്നു അന്ന് അറിഞ്ഞിരുന്നില്ല. പിന്നെയാണ് അവിടെ റിംഗ് ഇട്ട ഒരു കിണർ ഉണ്ടായിരുന്നു എന്നറിയാൻ കഴിഞ്ഞത്.

ഒറക്കെ വിളിക്കണമെന്നും കറയണമെന്നുമൊക്കെ തോന്നിയെങ്കിലും നാവു ചലിക്കുന്നില്ല. രണ്ടുവട്ടം ഉയർന്നു പൊങ്ങി. കൺ മുൻപിൽ അവരെ അവ്യക്തമായി കാണാം, ഒച്ച പുറത്തേക്കു വരുന്നില്ല. മരണമെന്ന വാക്കിന്റെ പരപ്പ് ഞാൻ അറിഞ്ഞുകൊണ്ടേയിരുന്നു. അപ്രതീക്ഷിത പ്രയാണങ്ങളുണ്ടാക്കുന്ന നടുക്കങ്ങളുടെ പ്രകമ്പനങ്ങൾ ഉള്ളിൽ തുടി കൊട്ടുന്നു. മരണത്തെ അടുത്തുകണ്ട നിമിഷങ്ങൾ.

നാട്ടിൻ പുറങ്ങളിൽ സ്വതവേ പറയാറുണ്ട് ഒരാൾ ആഴങ്ങളിൽ വീണാൽ മൂന്നു വട്ടം ഉയരും, മൂന്നാമത്തെ ഉയർച്ചയിൽ അയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ മരണം അയാളെ കൊണ്ടുപോകുമെന്ന്. ഭാഗ്യമെന്നു പറയട്ടെ മൂന്നാമത്തെ ഉയർച്ചയിൽ വല്യേട്ടന് എന്റെ മുടി കിട്ടി പിന്നെ പിടിച്ചു വലിച്ചു കയറ്റുകയായിരുന്നു. അന്ന് ശെരിക്കും അത്ഭുതമായിരുന്നു സംഭവിച്ചത്. വിടരും മുൻപേ കൊഴിയേണ്ടിയിരുന്ന ഒരു പുഷ്പം.

വീട്ടിൽ അറിഞ്ഞാലുണ്ടാകുന്ന ഭവിഷത്തുകൾ ഓർത്ത്‌ ആരോടും ഒന്നും പറഞ്ഞില്ല. പേടിയായിരുന്നു. മൂന്നു പേർക്ക് മാത്രം അറിയാമായിരുന്ന ഈ പുനർജ്ജന്മ സത്യം ആരോടും പറഞ്ഞിട്ടേയില്ല. വീട്ടിൽ ഇന്നും അറിയില്ല എന്നത് വാസ്തവം. അതെ, മൃതിക്കപ്പുറം ഒരിടമുണ്ട്. അതിനെപ്പറ്റി മനുഷ്യൻ ഒരിക്കലും ചിന്തിച്ചിട്ടേയില്ല. മരണമുഖത്തു നിന്ന് കര കയറി വന്നവന് അതിനെപ്പറ്റി എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ വാക്കുകൾ പോരാതാവുന്നു.

പക്ഷെ മരണം, അത് അനിവാര്യമായ സത്യം. ഒഴിഞ്ഞു മാറാൻ എത്രയൊക്കെ ശ്രമിച്ചാലും ഒരിക്കൽ തോറ്റു കൊടുക്കേണ്ടി വരുമെന്നുറപ്പുള്ള പരമമായ സത്യം. മരണമെന്ന വാതിലിനപ്പുറത്തെ വിശാലമായ, നിഗൂഢമായ ലോകത്തെ ഇരു കൈ നീട്ടി പുൽകാൻ മനസിനെ സജ്ജമാക്കികൊണ്ട് ഒരു രണ്ടാം ജന്മക്കാരി കാത്തിരിപ്പുണ്ട്. വരിക എന്നെ സ്വീകരിക്കുക!!