ദുബായിലുള്ള നമ്മുടെ ചങ്ക് കൂട്ടുകാർക്ക് അറബി വേഷത്തിൽ ഒരു സർപ്രൈസ്

വ്ലോഗേഴ്സ് മീറ്റപ്പ് കഴിഞ്ഞു ലഞ്ചും കഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്രയായി. വൈകുന്നേരം ഇനി ‘ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബേഴ്‌സ് മീറ്റപ്പ്’ ആണ്. ഇത്തവണത്തെ ദുബായ് യാത്രയുടെ പ്രധാന ഘടകമായ ആ മീറ്റ് എങ്ങനെ വ്യത്യസ്തമാക്കാം എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് മീറ്റപ്പ് നടക്കുന്ന വേദിയിലേക്ക് (റോയൽ ഗ്രിൽ റെസ്റ്റോറന്റ്) അറബി വേഷത്തിൽ എത്തിച്ചേരുവാൻ ഞങ്ങൾ തീരുമാനിക്കുന്നത്. അങ്ങനെ ഹോട്ടലിൽ ചെന്ന് ഫ്രഷായി ഞങ്ങൾ അറബിവേഷം ധരിച്ചു റെഡിയായി.

മീറ്റിനു സമയമായപ്പോൾ ശിഹാബ് ഇക്ക കാറുമായി ഞങ്ങളെ പിക് ചെയ്യാൻ ഹോട്ടലിൽ എത്തിച്ചേർന്നു. അങ്ങനെ അറബിവേഷത്തിൽ ഞങ്ങൾ റോയൽ ഗ്രിൽ റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി. കാറിൽവച്ച് ചുരുക്കം ചില അറബി വാക്കുകളെല്ലാം ഞങ്ങൾ പഠിച്ചു. പോകുന്ന വഴിയിലെല്ലാം മറ്റു വാഹനങ്ങളിലുള്ളവർ ഞങ്ങളെ കണ്ടപ്പോൾ ശരിക്കും അറബികൾ തന്നെയാണെന്നായിരിക്കും വിചാരിച്ചിട്ടുണ്ടാകുക. എന്താല്ലേ? സത്യം നമുക്കല്ലേ അറിയൂ. അങ്ങനെ ഒടുവിൽ ഞങ്ങൾ മീറ്റപ്പ് നടക്കുന്ന വേദിയിൽ എത്തിച്ചേർന്നു.

അവിടെ ഞങ്ങളെ സ്വീകരിക്കുവാൻ എല്ലാവരും തയ്യാറായി നിൽക്കുകയായിരുന്നു. പൂച്ചെണ്ടൊക്കെ തന്നു സ്വീകരിച്ച ശേഷം ഞങ്ങളെ വേദിയിലേക്ക് ആനയിച്ചു. സബ്സ്ക്രൈബേഴ്‌സ് എല്ലാം തന്നെ മീറ്റ് നടക്കുന്ന വേദിയിൽ ആയിരുന്നു. അവിടേക്ക് അറബി വേഷത്തിൽ പ്രവേശിച്ചപ്പോൾ എല്ലാവർക്കും അത്ഭുതമായി എന്നത് ഞങ്ങൾക്ക് നേരിൽക്കണ്ടു മനസിലാക്കുവാൻ സാധിച്ചു. ഇങ്ങനെയൊരു സർപ്രൈസ് ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. കയ്യടികളോടെയായിരുന്നു അവർ ഞങ്ങളെ വേദിയിലേക്ക് സ്വീകരിച്ചത്. മനസ്സ് നിറഞ്ഞ നിമിഷങ്ങൾ.

അങ്ങനെ മീറ്റപ്പ് ആരംഭിച്ചു. എല്ലാവരെയും പരിചയപ്പെടുന്നതോടൊപ്പം ഞങ്ങളുടെ യാത്രകളിലെ അനുഭവങ്ങൾ അവരോട് പങ്കുവെച്ചു. ചിലർക്ക് സംശയങ്ങളും ചോദ്യങ്ങളുമൊക്കെ ചോദിക്കുവാനുണ്ടായിരുന്നു. അവയ്‌ക്കെല്ലാം തൃപ്തികരമായ രീതിയിൽ ഞങ്ങൾ മറുപടി നൽകി. മികച്ച രീതിയിലുള്ള ഒരു മീറ്റപ്പ് തന്നെയായിരുന്നു അത്. ഈ പരിപാടിയ്ക്കായി റോയൽ ഗ്രിൽ റെസ്റ്റോറന്റ് നല്ല രീതിയിലുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.

മീറ്റപ്പിന് എത്തിച്ചേർന്ന 200 ഓളം കൂട്ടുകാരുമായി ഞങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു. അപ്പോഴാണ് കൗതുകകരമായ ഒരു കാര്യം അറിയുന്നത്. മീറ്റിന്റെ ഒടുവിൽ എല്ലാവരുമൊന്നിച്ച് ഒരു ഫോട്ടോ സെഷൻ ഉണ്ടായിരുന്നു. അതിനുശേഷം ഞങ്ങൾ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് പിരിഞ്ഞു.

ഞങ്ങളുടെ ഡിന്നർ ദുബായിലുള്ള കുറച്ചു സുഹൃത്തുക്കളുമൊത്ത് റോയൽ ഗ്രിൽ റെസ്റ്റോറന്റിൽ തന്നെയായിരുന്നു. പരിപാടികളൊക്കെ കഴിഞ്ഞു ഞങ്ങളെല്ലാം നല്ല ക്ഷീണത്തിലായിരുന്നു. ഗ്രിൽ ചെയ്ത ഐറ്റങ്ങൾ ആയിരുന്നു റോയൽ ഗ്രിൽ റെസ്റ്റോറന്റിലെ പ്രധാന ആകർഷണം. ഡിന്നറിനു വിവിധ തരത്തിലുള്ള വിഭവങ്ങൾ അവർ ഒരുക്കിയിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. ഞങ്ങൾ നന്നായി ആസ്വദിച്ചു കഴിച്ചു വിശപ്പടക്കി.

ഡിന്നറിനു ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങളെക്കാത്ത് ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. പാക്കിസ്ഥാനിയായ ഒരു സബ്സ്ക്രൈബർ. പേര് മുഹമ്മദ് തെയാം. അബുദാബിയിൽ ജോലി ചെയ്യുകയാണ് കക്ഷി. നമ്മുടെ INB ട്രിപ്പ് വീഡിയോകൾ ഒരെണ്ണം പോലും വിടാതെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒപ്പം തന്നെ ഞങ്ങളെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. പക്ഷെ വിസ പ്രശ്നങ്ങൾ ഉള്ളതിനാൽ നമുക്ക് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുവാൻ സാധിക്കുമോയെന്ന് അറിയില്ല. എന്നാലും ഒരു അവസരം കിട്ടിയാൽ തീർച്ചയായും വരുമെന്നു ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.

ഒടുവിൽ പിരിയുന്നതിനു മുൻപായി ഒന്നിച്ചു ഒരു ഫോട്ടോയും ഞങ്ങൾ എടുത്തു. സത്യം പറഞ്ഞാൽ ഇങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. പൊതുവെ നമ്മൾ ഇന്ത്യക്കാർ ശത്രുക്കളായാണ് പാക്കിസ്ഥാനികളെ കാണുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് മനസിലാകും പാക്കിസ്ഥാനികൾക്ക് ഇന്ത്യക്കാരോടുള്ള സ്നേഹം. വിഭജിക്കപ്പെട്ടെങ്കിലും സത്യത്തിൽ അവർ നമ്മുടെ സഹോദരങ്ങൾ തന്നെയാണ്. കണ്ണും മനസ്സും നിറഞ്ഞു, ഒപ്പം നമ്മുടെ ചാനൽ മറ്റു രാജ്യക്കാരും കാണുന്നുണ്ട് എന്നറിഞ്ഞതിലുള്ള സന്തോഷവും.

അങ്ങനെ ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ഹോട്ടലിലേക്ക് യാത്രയായി. രണ്ടു മീറ്റപ്പുകൾ കഴിഞ്ഞതിനാൽ ഞങ്ങൾ അത്യാവശ്യം ക്ഷീണിതനായിരുന്നു. ഇനി ഹോട്ടലിൽ ചെന്നിട്ട് ഒന്ന് ഫ്രഷായി കിടന്നുറങ്ങണം. അതിനു മുൻപായി വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയും വേണം. ദുബായ് വിശേഷങ്ങൾ അവസാനിക്കുന്നില്ല, ബാക്കിയെല്ലാം ഇനി അടുത്ത എപ്പിസോഡിൽ.