ഭാര്യയ്ക്ക് തടി കൂടുതലാണെന്നു എന്നോട് ചോദിക്കുന്നവർക്ക് ഒരു മറുപടി…

കുറെ നാളുകളായി ട്രിപ്പും വീഡിയോയും ഒക്കെയായി ബാച്ചിലർ ലൈഫ് ആസ്വദിച്ചു കഴിയുകയായിരുന്ന എന്നെ അവസാനം വീട്ടുകാർ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. കുറെ ആലോചനകൾ വന്നു… എന്നാൽ എനിക്ക് ഒന്നിലും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു യാത്രയ്ക്കിടെയാണ് ശ്വേതയുടെ ആലോചനയുമായി എൻ്റെ അമ്മ എന്നെ വിളിക്കുന്നത്. ഉടൻ തന്നെ വാട്സ് ആപ്പിൾ ഫോട്ടോകൾ അയച്ചു തരികയും ചെയ്തു. വണ്ണമുള്ള ഒരു ക്യൂട്ട് മുഖവുമായി നിൽക്കുന്ന ശ്വേതയെ ഒറ്റ നോട്ടത്തിൽത്തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. എന്നിരുന്നാലും നേരിട്ടു കണ്ടു സംസാരിച്ചിട്ടേ ബാക്കി കാര്യങ്ങൾ തീരുമാനിക്കൂ എന്നായിരുന്നു എൻ്റെ ലൈൻ.

അങ്ങനെ ഞങ്ങൾ നേരിട്ട് കണ്ടു, സംസാരിച്ചു, പരസ്പരം ഇഷ്ടപ്പെട്ടു. പിന്നെ എടുപിടീന്നായി കാര്യങ്ങൾ. അധികം വൈകാതെ തന്നെ എറണാകുളം വൈറ്റ് ഫോർട്ട് ഹോട്ടലിൽ വെച്ച് ഞങ്ങളുടെ വിവാഹ നിശ്ചയം വളരെ ഭംഗിയായി നടത്തപ്പെട്ടു. വിവാഹത്തിനു മാസങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ഞാനും ശ്വേതയും കല്യാണത്തിനു മുൻപേ നല്ല കമ്പനിയായി. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശ്വേതയുടെ നിഷ്കളങ്കതയും മാന്യമായ പെരുമാറ്റവും ആയിരുന്നു. അങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് 29 നു ഞങ്ങളുടെ വിവാഹം മംഗളമായി നടന്നു. പ്രളയ ദുരന്തത്തിനു ശേഷമുള്ള ദിവസമായിരുന്നതിനാൽ വിവാഹത്തിന്റെ ആർഭാടങ്ങൾ വളരെ കുറച്ചിരുന്നു.

അങ്ങനെ ഒറ്റയ്ക്ക് വീഡിയോകൾ ചെയ്തുകൊണ്ടിരുന്ന ഞാൻ വിവാഹത്തിനു ശേഷം ശ്വേതയെയും ഒപ്പം കൂട്ടി. എല്ലാവരുടെയും മികച്ച പിന്തുണയാണ് ഞങ്ങൾ ഒന്നിച്ചുള്ള വീഡിയോകൾക്ക് ലഭിച്ചത്. അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ വീഡിയോകളിൽ ചില കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. എല്ലാവർക്കും വിഷയം ശ്വേതയുടെ വണ്ണമായിരുന്നു. കേൾക്കുന്നവരുടെ മനസിലുണ്ടാക്കുന്ന വേദന ഒരൽപം പോലും മനസിലാക്കാതെ ഇങ്ങനെ കമന്‍റുകൾ പാസാക്കുന്ന ഒരു കൂട്ടമാളുകൾ. സത്യത്തിൽ ഇത് എനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. ശ്വേത ഇതിനെ എങ്ങനെ കാണും എന്നതായിരുന്നു എൻ്റെ ചിന്ത. എന്നാൽ എന്നെ ഞെട്ടിച്ചത് ശ്വേതയുടെ പോസിറ്റിവ് മറുപടിയായിരുന്നു. എല്ലാം ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണം എന്നായിരുന്നു ശ്വേതയുടെ പക്ഷം.

എങ്കിലും ഇത്തരത്തിൽ പരസ്യമായി കമന്റുകൾ ഇടുന്നവരോട് സ്നേഹത്തോടെ ഞാൻ ചിലത് പറയുവാൻ ആഗ്രഹിക്കുന്നു. “എല്ലാവരും പറയുന്നു ശ്വേതയ്ക്ക് ഭയങ്കര തടിയാണെന്ന്. എനിക്കത്യാവശ്യം തടിയില്ലേ? പിന്നെ തടിയെന്നു പറഞ്ഞാൽ തടി മാത്രമേയുള്ളൂ. ഈ ഹൃദയം വളരെച്ചെറുതാണ്. മനസുണ്ടല്ലോ, നല്ല ശുദ്ധ മനസാണ്. എനിക്ക് തടിയുള്ളവരെ ഇഷ്ടമാണ്. തടിയുള്ളവർക്കും ഇവിടെ ജീവിക്കണ്ടേ? തടിയില്ലാത്തവർ മാത്രമാണോ സുന്ദരനും സുന്ദരിയും? അങ്ങനെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. പല ആളുകളും വന്നിട്ട് വളരെയധികം മോശമായ കമന്‍റുകളിടാറുണ്ട്. അങ്ങനെയൊന്നും പറയരുത്. എല്ലാവർക്കും അവരവരുടേതായ ഭംഗിയുണ്ട്. അപ്പോൾ ആ ഭംഗിയെന്നു പറയുന്നത് മനസിനുള്ളിലാണ്. അല്ലാതെ പുറമെയുള്ള ശരീരത്തിലോ, സൗന്ദര്യത്തിലോ, തടിച്ചിട്ടോ മെലിഞ്ഞിട്ടോയിരിക്കുന്നതൊന്നുമല്ല.”

ശരീരപ്രകൃതിയുടെ പേരിൽ‌ മറ്റുള്ളവരെ പരിഹസിക്കുന്നവർ അവരുടെ നല്ല മനസ്സിനെ കാണാതെ പോകുകയാണ്. എത്രയോ വലിയ വലിയ ആളുകൾ വണ്ണമുള്ളവരായുണ്ട് ഈ ലോകത്ത്. വണ്ണമുണെന്നു കരുതി നമ്മുടെ അച്ഛനമ്മമാരെ നമ്മൾ ഇതുപോലെ കളിയാക്കുമോ? അതുകൊണ്ട് ബാഹ്യ സൗന്ദര്യം നോക്കി ആരെയും വിലയിരുത്തരുത് സുഹൃത്തുക്കളേ… ഈ ലോകം എല്ലാവർക്കുമുള്ളതാണ്…