കല്ലൂപ്പാറയുടെ സുൽത്താൻ : ഒരു നാടിൻ്റെ തന്നെ പ്രിയങ്കരനായി ഒരു നായ

എഴുത്ത് – ‎Georgy Kondoor Kallooppara‎.

കല്ലൂപ്പാറയുടെ സുൽത്താൻ. പേര് കേൾക്കുമ്പോൾ ഒരുപക്ഷെ ആദ്യം ഒരു പ്രമുഖ വ്യക്തിയെ ആവാം മനസ്സിൽ കാണുക.എന്നാൽ മനുഷ്യൻ മനുഷ്യനാവാൻ മറക്കുന്ന ഈ കാലഘട്ടത്തിൽ സ്നേഹം കൊണ്ടും കരുതലുകൾ കൊണ്ടും ഒരു നാടിന്റെ മുഴുവൻ ഓമനയായ ഒരു നായ.

സുൽത്താൻ അവനെ അങ്ങനെ വിളിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. എല്ലാ നാട്ടിലും കാണും ആരെങ്കിലും ഉപേക്ഷിച്ചു പോയതോ അല്ലെങ്കിൽ നാട്ടിലെ തെരുവുകളിൽ പെറ്റു പെരുകുന്നതോ ആയ തെരുവുനായ്ക്കൾ. എന്നാൽ അവരിൽ നിന്ന് എല്ലാം വത്യസ്തൻ ആണ് ഇവൻ. എങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി പറ്റി എന്നു ആർക്കും പൂർണ അറിവ് കാണില്ല. 2018 വെള്ളപൊക്കത്തിന് ശേഷമാണു ശ്രദ്ധിച്ചു തുടങ്ങിയത്.

ആരാലും നോക്കപ്പെടാൻ ഇല്ലാതെ പട്ടിണി കോലമായ ആരുടെയോ തമാശ കൊണ്ട് നഷ്ടപെട്ട മുറിവാലുമായി ഒരു നായക്കുട്ടി. അവൻ ആദ്യം ഞങ്ങൾ കളിക്കുന്നിടത്തും കട്ടൻ അടി പരുപാടിയിൽ ടച്ചിങ്‌സ് തീനിയുമായി കറങ്ങി നടക്കുമായിരുന്നു. പതിയെ എല്ലാ ദിവസവും ആരെങ്കിലും ബിസ്ക്കറ്റ് വാങ്ങി കൊടുക്കുക പതിവായി. പിന്നീട് നാട്ടിലെ ഏത് പിള്ളേര് സെറ്റ് പുറത്ത് കഴിക്കാൻ പോയാലും അവനു ഒരു പൊതി നിര്ബന്ധമായി അവന്റെ അരികിൽ എത്തുമായിരുന്നു.

അതിനിടയിൽ ആ കൂട്ടത്തിൽ ആരൊക്കെയോ ചേർന്ന് അവനു ഒരു പേരും നൽകി “സുൽത്താൻ.” പതിയെ ആ പേര് ഞങ്ങളുടെ നാട്ടിലേക് മുതിർന്നവരിലേക്കും എത്തി ചേർന്നു. യുവാക്കൾ എന്നത് പോലെ മുതിർന്നവരും അവനെ സ്നേഹിച്ചു തുടങ്ങി. ഒരു ദിവസം പോലും അവനെ പട്ടിണി ആക്കാതെ അവരും ശ്രദ്ധിച്ചു തുടങ്ങി.

കല്ലൂപ്പാറയിൽ ഒരു വീട്ടിൽ ഒരു പരുപാടി ഉണ്ടെങ്കിൽ അവിടെ സുൽത്താൻ ഒരു അംഗമാണ്. മറ്റു തെരുവുനായ്കളോട് കടിപിടി കൂടാതെ അവൻ എന്നും ഓരോരുത്തരുടെയും കാലൊച്ച കേട്ടു അവർക്കൊപ്പം നടന്നു. ഒരു പക്ഷെ കഴിഞ്ഞ പ്രളയ സമയത്ത് നാട്ടുകാർ കൂടുതൽ അന്വേഷിച്ചതും അവനെ ആകും.

രാത്രിയിൽ കല്ലൂപ്പാറയിലെ ഓരോ കടകൾക്കും നാടിനും കാവലായും, അതിരാവിലെ ക്ലാസിനു പോകുന്ന കുട്ടികൾക്ക് കൂട്ടായി അവരെ ക്ലാസിനു വിട്ടും, രാത്രിയിൽ കട അടച്ചു പോകുന്ന അച്ചായന്മാരെ വീട് വരെ കൊണ്ടാക്കിയും… ഒരു തരത്തിൽ പറഞ്ഞാൽ ഇരുട്ടിൽ കൂടി ഒരു കല്ലൂപ്പാറകാരനെയും അവൻ ഒറ്റയ്ക്കു നടത്താറില്ല.

ഇപ്പോൾ കല്ലൂപ്പാറ വലിയ പള്ളിടെ കരോൾ സർവീസ് ഡിസംബർ ഒന്നിന് ആരംഭിച്ചു. കൃത്യം വൈകിട്ട് 6 മണിക്ക് പള്ളിയിൽ വരും ഇന്ന് വരെ മുടക്കം കൂടാതെ എല്ലാവരുടെയും വീട്ടിൽ കൂടെ നിന്ന് അടുത്ത വീട്ടിലേക്കു dec 17 വരെ ഉണ്ടാകും കരോൾ സർവീസ്. ചില സ്ഥലങ്ങളിൽ വാഹനത്തിൽ പോകുമ്പോൾ കൂടെ കൂട്ടാൻ ആണ് ഞങ്ങൾ ആലോചിക്കുന്നത്. ഇവൻ ആണ് ശെരിക്കും സുൽത്താൻ.