ബസ് നിർമ്മാണം പഠിക്കാൻ ചെന്നിട്ട് സംഭവിച്ചത് ഇങ്ങനെ…

എഴുത്ത്, ചിത്രം – സുനിൽ പൂക്കോട്.

ഭൂലോകത്തിന്റെ സ്പന്ദനം വെൽഡിങ്ങിലാണെന്നാണ് എന്റെയൊരു ഇത്. കണക്ക്കൂട്ടി കണ്ടംതുണ്ടമാക്കിയിട്ടാ മതിയോ? അതിനെ ജോയിന്റാക്കി വെൽഡിങ് ആക്കുമ്പോഴേ ബിൽഡിങ്ങും പാലവും കാറും വീടും കുടിയും ഉണ്ടാകൂ. വെൽഡിങ് ഇല്ലാതെ ആധുനിക ജീവിതം അസാധ്യം. എനിക്കാണെൽ വെൽഡിങ് പണി എമ്മാരി ഇഷ്ടമാ. പതിനൊന്നാം വയസിലേ കൂത്തുപറമ്പിൽ ഒറ്റയ്ക്കു പോകാനും വഴിയിലെ വർക്ഷാപ്കൾക്ക് മുന്നിൽ തീപ്പൊരി ചീറ്റുന്ന അത്ഭുത തന്തുവിനെ പാളിപാളി നോക്കാനും അന്തംവിടാനും സാധിച്ചിട്ടുണ്ട്. കണ്ണടിച്ചു പോകാഞ്ഞത് ഭാഗ്യം.

ഒൻപതാംക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ. തൊണ്ട് വണ്ടിയോടിച്ചും ആരാന്റെ പ്ർത്തിമരത്തിൽ പാഞ്ഞുകേറിയും ചെക്കൻ മിശ്റ്റിക്കാവണ്ട കയ്യിൽ വരയുണ്ടല്ലോ ബോഡെഴുത്തുകാരോടൊപ്പം ചേർന്ന് ഒരു പരിശീലനമാകാം. അങ്ങനെയാണ് കണ്ണൂര് താണക്കുള്ള യവനിക ആർട്സിൽ പോകാൻ അച്ഛൻ ഏർപ്പാട് ചെയ്യുന്നത്. പോക്ക് വരവ് അച്ഛന്റെകൂടെ കണ്ണൂർ പേരാവൂർ NPC റോഡ്‌വേസിൽ. യവനികയിൽ പഴയ ബോർഡ് ചുരണ്ടിവൃത്തിയാക്കലിൽ തുടങ്ങി അവിടുത്തെ കഥ മറ്റൊരു ചിത്രത്തിലൂടെ പറയാനുണ്ട്.

യവനികയിൽനിന്നു എന്നും വരും വഴി താണ ബസ്സ്സ്റ്റോപ്പിന് പിന്നിലോട്ടുള്ള വഴിയിൽ ഒരു വർക്ഷോപ്പുണ്ട്. വെൽഡിങ്ങുണ്ട്, തട്ടുണ്ട് മുട്ടുണ്ട്, പോരാത്തതിന് ബസിന്റെ ബോഡികൂട്ടലും പോരെ പൂരം. തൃശൂർകാർക് ആനയോടുള്ള കമ്പം പോലെയാണ് ഞമ്മക്ക് ബസ്സ്. ബസ്സിനെ വരച്ചാലും വരച്ചാലും മതിവരാത്തൊരാൾക് ബസിനെ ഉണ്ടാക്കുന്നത് കണ്ടാൽ മതിവരുമോ? അച്ഛന്റെ ബസ്സിന് കാത്തിരിക്കുന്ന ദീര്ഘമായ ഇടവേളകളിൽ ഞാൻ വർക്ഷോപ്പിൽ കാഴ്ചക്കാരനായി ഒറ്റക്കാലിൽ പട്ട്നിൽക്കും. രണ്ട്കാലിൽ കോൺസന്റേശൻ അത്ര കിട്ടില്ല കാലുകൾ തമ്മിൽ ഞാനോ നീയോ അടിനടക്കും.

പുത്തൻബസ്സിന്റെ സൈഡ് ബോഡിയിൽ ഒരുകൈതാങ്ങി ഒറ്റകാലിൽ ചിന്താമഗ്നനായി. വരപ്പണി പഠിപ്പ് നിർത്തി ബോഡിപണി പഠിച്ചാലോ? രണ്ടിലും കലയുണ്ട്. എങ്ങനെയായാലും ഒരു കലക്ക് കലക്കാം. ടാറ്റായുടെ ഫ്രന്റ്ബോഡി ചേസിന്റെ കൂടെ വരുന്നുണ്ടെങ്കിലും ലയലന്റ്ന്റെ ഗെറ്റപ്പും കോരിത്തരിപ്പും കാഴ്ചയിൽ ടാറ്റായ്ക് കിട്ടുന്നില്ല. നന്നായി പിന്നിലോട്ട് മാറിയുള്ള ലയലന്റ്ന്റെ മുൻ ടയറുകൾ അതിന്റെ ഗെറ്റപ് കൂട്ടുന്നുണ്ട്.

അതിന് ചില കാരണങ്ങൾ ഉണ്ട്. നല്ല കലാകാരൻമാര് കൈവെക്കണം ഒരു ചാൻസ്കിട്ടിയാൽ പൊളിച്ചടുക്കാൻ നല്ല ഒന്നാന്തരം ഫീൽഡ്. ലയലന്റ്ന്റെ ഫസ്റ്റ് ഗീയറിൽ ഒരു മൂളിച്ചയും മന്നിപ്പും കൂടുതലാണ് ഒരു ഗജരാജവിരാജിത മന്ദഗതി. ചിന്തകളിങ്ങനെ ചേക്കേറുമ്പോൾ.. പെട്ടന്നാണത് സംഭവിച്ചത് ബസ്സിന്റെ അങ്ങേതലയിൽ നിന്നാണ് വെൽഡിങ് ചെയ്യുന്നതെങ്കിലും ബസ്സിന്റെ ഇങ്ങേതലക്കുള്ള എന്റെ ശരീരത്തിലൂടെ ഒരു ചീള് കരണ്ട് എർത്തിലേക്ക് പോയി. ആരോ ഊരക്ക് ഒരു ചവിട്ട് തന്നത്പോലെയാണ് എനിക്ക് തോന്നിയത്. ടപ്പേന്നുള്ള ചവിട്ടിൽ ഞാൻ ഒന്നരമീറ്റർ ദൂരോട്ട് തെറിച്ചുപോയ് ഭാഗ്യത്തിന് ചത്തില്ല. അതോടെ അതും തീരുമാനമായി. ബസ്സിനെ കടലാസിലും കാൻവാസിലും വരച്ചാമതി ഉണ്ടാക്കാൻ നിക്കണ്ട.