സുപ്രഭാതം : അന്നും ഇന്നും പ്രഭാതങ്ങളെ ഉണര്‍ത്തികൊണ്ടിരിക്കുന്ന ശ്ലോകം…

കടപ്പാട് – അജോ ജോർജ്ജ് (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ ഗ്രൂപ്പ്).

മിക്കവരും കേട്ടുണരുന്ന ശ്ലോകം..ആ ശ്ലോകം ആണ്‌ സുപ്രഭാതം…ഭാരതത്തിലെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവക്ഷേത്രങ്ങളിലും പ്രഭാതം ആരംഭിക്കുന്നത് ഈ ദൈവസങ്കീര്‍ത്തനത്തോടെയാണ്. അതിനെ കുറിച്ച് ഒരു ചെറു വിവരണം.

സുപ്രഭാതകാവ്യ എന്ന ശാഖയിലെ സംസ്കൃത കാവ്യങ്ങളാണ് സുപ്രഭാതം (സംസ്കൃതം: सुप्रभातम्) എന്നറിയപ്പെടുന്നത്. ശുഭകരമായ പുലർകാലം എന്നാണ് അർത്ഥം. ഒരു ദേവതയെ ഉണർത്തുക എന്ന ഉദ്ദേശത്തോടുകൂടി പുലർച്ചെ ഉരുവിടുന്ന ശ്ലോകങ്ങളാണ് ഇവ. വസന്തതിലക വൃത്തത്തിലാണ് സാധാരണഗതിയിൽ ഇവ രചിക്കപ്പെടാറ്. ഏറ്റവും പ്രശസ്തമായ ഗീതം തിരുപ്പതിയിലെ വെങ്കടേശ്വരമൂർത്തിയെ ഉണർത്തുവാനുദ്ദേശിച്ചുള്ള വെങ്കടേശ്വരസുപ്രഭാതം എന്ന കാവ്യമാണ്. കർണാടക സംഗീതജ്ഞയായ എം.എസ്. സുബ്ബലക്ഷ്മി പാടിയ രൂപം വളരെ പ്രസിദ്ധമാണ്. ഇത് ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ദൈവങ്ങളെ പ്രഭാതത്തിൽ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതിനെ പള്ളിയുണർത്ത് എന്നും തമിഴിൽ ഇതിനെ തിരുപ്പള്ളിയുലൂക്കീ ( திருப்பள்ளியெழுச்சி), എന്നും പറയുന്നു. ഒരുപാട് ഭക്തകവികളും സന്യാസിമാരും മഹാവിഷ്ണുവിനേയും പരമശിവനേയും ഉൺർത്തുവാനുള്ള കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. തൊണ്ടാരഡിപ്പൊടി ആൾവാർ രചിച്ച ശ്രീ രംഗനാഥനെ കുറിച്ചുള്ളതും മണിക്കവചക്കാറുടെ ശിവനെ കുറിച്ചുള്ളതുമാണ് പ്രശസ്തം. രാമാനുജത്തിന്റെ പരമ്പരയിൽ പെട്ട ആചാര്യന്മാർ ഇവയെ സംസ്കൃതത്തിലേക്ക് ആവാഹിച്ചു.

” കൗസല്യസുപ്രജ രാമ പൂർവ സന്ധ്യ പ്രവർദ്ധതേ| ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമഹ്നികം||”എന്നു തുടങ്ങുന്നതാണ് വെങ്കിടേശ സുപ്രഭാതം. ഈ കീർത്തനത്തിന് നാലു ഭാഗങ്ങളുണ്ട്. പള്ളിയുണർത്തൽ, സ്തുതിക്കൽ, ശരണം പ്രാപിക്കൽ, മംഗളാശംസ എന്നിവയാണവ.ഇതിൽ ഒന്നാമത്തെ ഭാഗമായ “കൗസല്യാ സുപ്രജാരാമ” എന്നു തുടങ്ങുന്ന ഭാഗം ദേവന്റെ പള്ളിയുണർത്തൽ കീർത്തനമാണ്. രണ്ടാമത്തെ ഭാഗമായ സ്തുതിയാണ് “കമലാകുചചൂചുക കുങ്കുമതോ” എന്നു തുടങ്ങുന്ന ഭാഗം. “ഈശാനാം ജഗതോസ്യവെങ്കടപതേ” എന്നു തുടങ്ങുന്ന മൂന്നാം ഭാഗം ശരണം പ്രാപിക്കാനും “ശ്രീകാന്തായ കല്യാണനിഥയോ” എന്നാരംഭിക്കുന്നഭാഗം മംഗളാശംസക്കായും രചിക്കപ്പെട്ടിട്ടുള്ളതാണ്.

വാല്മീകി രാമായണത്തിൽ ബാലകാണ്ഡത്തിലേക്കാണ് ഇത് കൈചൂണ്ടുന്നത്.യാഗം കഴിഞ്ഞ് സരയൂ നദിയുടെ തീരത്ത് ഉറങ്ങുന്ന ശ്രീരാമനേയും ലക്ഷ്മണാനേയും ഉണർത്താൻ വിശ്വാമിത്ര മഹർഷി കാവ്യം ചൊല്ലുന്നുണ്ട് ഈ കീർത്തനത്തിന്റെ രചയിതാവാരാണെന്നത് വ്യക്തതയില്ലാത്ത വിവരമാണ്. വൈഷ്ണവനായിരുന്ന മണവാള മാമുനിയുടെ ശിഷ്യനായിരുന്ന കാഞ്ചീപുരത്ത് 1361 മുതൽ 1454 വരെ ജീവിച്ചിരുന്ന ഹസ്ത്യാദ്രിനാഥൻ എന്ന ഭക്തകവി രചിച്ചതാണെന്നും.1430 ൽ പ്രതിവതി ഭയങ്കര ശ്രീ അനന്താചാര്യൻ എന്നും അണ്ണങ്കരാചാര്യർ എന്നും പ്രതിവതി ഭയങ്കരം അണ്ണങ്കരാചാര്യർ എന്നും അറിയുന്ന രാമാനുജാചാര്യർ രചിച്ചതാണെന്നും പറയുന്നു.

തിരുപ്പതി ദേവസ്ഥാനം 1962ൽ വി.വി.അനന്തനാരായണൻ ആലപിച്ച വെങ്കടേശ സുപ്രഭാതം റെക്കോഡ് ചെയ്യുകയുണ്ടായി. എന്നാൽ ഇതിന് വേണ്ടത്ര പ്രചാരം കിട്ടിയില്ല. ശ്രീവെങ്കടേശ സുപ്രഭാതം, ശ്രീകാമാക്ഷി സുപ്രഭാതം, ശ്രീകാശിവിശ്വനാഥ സുപ്രഭാതം എന്നിവ ഒരുമിച്ചാണ് നാമിന്ന് കേള്‍ക്കുന്നതെങ്കിലും ഇതില്‍ വെങ്കടേശസുപ്രഭാതം 1963-ലും ബാക്കി രണ്ടെണ്ണം 1977-ലുമാണ് എച്ച്.എം.വി. ഗ്രാമഫോണ്‍ കമ്പനി പുറത്തിറക്കിയത്. എം.എസ്.സുബ്ബലക്ഷ്മി ആലപിച്ച വെങ്കടേശ സുപ്രഭാതം, ഗ്രാമഫോൺ കമ്പനി പുറത്തിറക്കിയത് 1963ലാണ്. ഇതിൽ 70 ശ്ളോകങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും ഇതാണ്.ഈ പതിപ്പിന്റെ ശബ്ദകാസറ്റുകളാണ് എച്ച് എം വി വിറ്റുകൊണ്ടിരിക്കുന്നത്.

തെക്കേഇന്ത്യയിലെ ഒരു പ്രശസ്ത ഗ്രാമഫോൺ കമ്പനി എം.എൽ.വസന്തകുമാരിയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും എം.എസ്.സുബ്ബലക്ഷിയേക്കാൾ നന്നാവില്ലെന്നു പറഞ്ഞ് ഒഴിയുകയാണ് ഉണ്ടായത്. സംഗീതത്തെ സംസ്‌കാരമായി കാണാന്‍ നമ്മെ പഠിപ്പിച്ച എം.എസ്സിന്റെ അലൗകികസ്വരം നാം ആസ്വദിക്കുകയല്ല അനുഭവിക്കുകയാണ് ചെയ്യുന്നത്. ഒരു ചരിത്രപരമായ ദൗത്യം എം.എസ്. സുബ്ബലക്ഷ്മി നിര്‍വഹിക്കുകയായിരുന്നു സുപ്രഭാതത്തിലൂടെ. പുലരിമഞ്ഞിന്റെ കുളിര്‍മയോടെ ശ്രീവെങ്കടേശ സുപ്രഭാതം അന്നും ഇന്നും ലോകത്തിന്റെ പ്രഭാതങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.