താജ് മഹലിൻ്റെ സൗന്ദര്യത്തിനു പിന്നിൽ പ്രവർത്തിച്ചവർ…

ലേഖകൻ – Abdulla Bin Hussain Pattambi.

ഷാജഹാന്റേയും മുംതാസിന്റേയും ഓർമ്മകളുറങ്ങുന്ന ഒരു ചരിത്രം മാത്രമല്ല താജ്മഹലിനു പറയാനുളളത്‌. അത്‌ നിർമ്മിക്കാൻ വേണ്ടി പ്രവർത്തിച്ചവരുടേയും , പരിശ്രമിച്ചവരുടേയും ചരിത്രം കൂടിയുണ്ട്‌ താജ്‌മഹലിനു പിറകിൽ. അവരിൽ ലഭ്യമായ ചില പേരുകൾ നിങ്ങളുമായി പങ്കുവെക്കുകയാണിവിടെ.

ഇനി ചരിത്രത്തിലേക്ക്‌.. ഇന്ത്യയിൽ ഭരണം നടത്തിയിരുന്ന മിക്ക രാജാക്കന്മാരേ പോലേയും ഷാജഹാനുമുണ്ടായിരുന്നു നിരവധി ഭാര്യമാർ. അവരിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു അർജ്ജുമന്ദ്‌ ബാനു ബീഗമെന്ന മുംതാസ്‌ മഹൽ.
അക്ബർ ചക്രവർത്തിക്ക്‌ ജോധാ ഭായി എന്ന പോലെ. താനേറ്റവും സ്നേഹിച്ച തന്റെ പ്രണയിനിക്കായി ഷാജഹാൻ വിലമതിക്കാനാവാത്ത ഒരു സ്മാരകം തീർത്തു. അതാണീ താജ്‌ മഹൽ.

താജ് മഹലിന്റെ പണികൾക്ക് വേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലാളികളെ ഷാജഹാൻ ചക്രവർത്തി വടക്കേ ഇന്ത്യയിൽ നിന്നും മറ്റും കൊണ്ടു വന്നിരുന്നു. ബുഖാറയിൽ നിന്നും കാരുകന്മാരേയും, സിറിയ, പേർഷ്യ ( ഇറാൻ ) എന്നിവിടങ്ങളിൽ നിന്ന് കൈയെഴുത്ത് കൊത്തു ( അറബിക്‌ – ഇസ്‌ലാമിക്‌ കലിഗ്രാഫി ) പണിക്കാരെയും, തെക്കെ ഇന്ത്യയിൽ നിന്ന് മാർബിൾ തുരന്ന് കൊത്തു പണി നടത്തുന്നവരേയും ( പിയത്ര ദുറ ), ബലൂചിസ്ഥാനിൽ നിന്ന് മാർബിൾ മുറിക്കുന്നവരേയും അദ്ദേഹം കൊണ്ടു വന്നു.

ഈ വിദഗ്ദ പണിക്കാർ അടങ്ങുന്ന 37 പേർ സംഘമാണ് താജ് മഹലിന്റെ മൊത്തം കൊത്തു പണി , അലങ്കാര പണികൾ തീർത്തത്. താജ് മഹലിന്റെ പണികളിൽ ഉൾപ്പെട്ടിരുന്ന ചില പണിക്കാർ. 1 – ഉസ്താദ്‌ അഹ്‌മദ്‌ ലാഹോരി ( ലാഹോർ ). ഇദ്ദേഹമാണ് താജ്‌ മഹലിന്റെ പ്രധാന ആർക്കിടെക്റ്റ്‌. 2 – ഇസ്മായിൽ അഫന്ദി ( തുർക്കി ). പ്രധാന ഗോപുരം പണിതത് ഇദ്ദേഹമാണ്. ഓട്ടോമൻ ( തുർക്കിയിലെ ഉസ്മാനിയ ഖിലാഫത്ത്‌ ) രാജവംശത്തിൽപ്പെട്ട ഈ വസ്തുവിദഗ്ദൻ താജ് മഹലിന്റെ പ്രധാന രൂപകാല്പനികരിൽ ഒരാളാണ് ( ആർക്കിടെക്റ്റ്‌ ). പ്രധാന ഗോപുരം അടക്കം പ്രധാന ഭാഗങ്ങളെല്ലാം രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.

3 – ഉസ്താദ് ഈസ – ( പേർഷ്യ – ഇറാൻ ) , 4 – ഈസ മുഹമ്മദ് അഫന്ദി – ( പേർഷ്യ – ഇറാൻ ) ഇവര്‍ രണ്ട്‌ പേരുമാണ് പ്രധാന വാസ്തു വിദ്യ രൂപ കല്പനയിൽ പ്രധാനികൾ ( എഞ്ചിനീയർമാർ , ആർക്കിടെക്റ്റുകൾ ). 5 – പുരു ബെനറൂസ്. ( പേർഷ്യ – ഇറാൻ ) പ്രധാന വാസ്തു വിദ്യ കാർമ്മികനാണ് ഇദ്ദേഹം. 6 – ഖാസിം ഖാൻ ലഹോറി( ലാഹോർ ) സ്വർണ്ണ ഫിനിയൽ രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.

7 – ചിരഞ്ചിലാൽ. ( ഡെൽഹി ) – ഡെൽഹിയിൽ നിന്നുളള മിനുക്കുപണിക്കാരൻ. ഇദ്ദേഹം പ്രധാന കാരുകനും, മൊസൈക് മിനുക്കുകാരനുമായിരുന്നു. 8 – അമാനത് ഖാൻ ഷിറാസി – പേർഷ്യ ( ഷിറാസ് ഇറാൻ ) – പ്രധാന കൈയെഴുത്ത് കൊത്തു പണിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രധാന കവാടത്തിന്റെ കൈയെഴുത്ത് ( തുലുത്‌ ശൈലി – അറബിക്‌-ഇസ്‌ലാമിക്‌ കലിഗ്രാഫി ) കൊത്തു പണികളുടെ അവസാനം എഴുതി ചേർത്തിട്ടുണ്ട്.

9 – മുഹമ്മദ് ഹനീഫ് – ആ‍ശാരിമാരുടെ പ്രധാന കാര്യാധിപനായിരുന്നു. 10 – മിർ അബ്ദുൾ കരിം – പേർഷ്യ ( ഇറാൻ ) 11 – മുഖരിമത് ഖാൻ – പേർഷ്യ ( ഇറാൻ ) ഇവരാണ് പ്രധാന ധനകാര്യങ്ങൾ, ദിവസ പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്തിരുന്നത്. 12 – അലി മർദ്ദാൻ ഖാൻ. ഇദ്ദേഹമാണ് താജ്‌ മഹൽ ഉദ്യാനം ( ഗാർഡൻ ) രൂപകൽപ്പന ചെയ്തത്‌. കശ്മീരിലെ പ്രശസ്തമായ ഷാലിമാർ ഉദ്യാനവും ( ഗാർഡൻ ) ഇദ്ദേഹം തന്നെയാണ് രൂപകൽപ്പന ചെയ്ത്‌ നിർമ്മിച്ചത്‌.

താജ്‌ മഹൽ നിർമ്മാണത്തിൽ പങ്കെടുത്ത ഉസ്താദ്‌ ഈസ , അഹ്‌മദ്‌ ലാഹോറി തുടങ്ങിയവർക്കടക്കം താജ്‌ മഹൽ നിർമ്മാണം പൂർത്തിയായ ശേഷം ഷാജഹാൻ ചക്രവർത്തി അമൂല്യമായ , വിലപിടിപ്പുളള രത്നങ്ങളുൾപ്പടെ നിരവധി വസ്തു വകകളും ഗ്രാമങ്ങൾ കരമൊഴിവാക്കിയും ( ജാഗീർ ) പതിച്ച്‌ നൽകുകയുണ്ടായി. എന്നാൽ ഇവരുടെയെല്ലാം കൈകൾ വെട്ടിമാറ്റിയെന്ന മറ്റൊരു കഥയും നിലവിലുണ്ട്‌.

ചരിത്ര വിവരങ്ങൾക്ക്‌ കടപ്പാട്‌ : 1- വിക്കിപീഡിയ. 2 – ഇസ്‌ലാമിക്‌ എൻസൈക്ലോപീഡിയ.