തിരുവിതാംകൂറില്‍ പണ്ടുകാലത്ത് നിലനിന്നിരുന്ന ചില വ്യത്യസ്തമായ നികുതികളെക്കുറിച്ച്..

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി.

പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, പൗരന്മാരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്നതാണ് നികുതി. തിരുവിതാംകൂറില്‍ പണ്ടുകാലത്ത് നിലനിന്നിരുന്ന ചില നികുതികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ ലേഖനത്തിൽ. അന്ന് എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍ നിന്ന് ‘തളക്കാണം’, ‘ഏണിക്കാണം’, ‘ഈഴംപുട്ചി’ എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു ‘ചെക്കിറ’, സ്വര്‍ണപ്പണിക്കാരില്‍നിന്നു ‘തട്ടാരപ്പാട്ടം’, തുണിനെയ്ത്തുകാരില്‍ നിന്നു ‘തറിക്കടമ’, അലക്കുകാരില്‍നിന്നു ‘വണ്ണാരപ്പാറ’, മീന്‍പിടുത്തക്കാരില്‍നിന്നു ‘വലക്കരം’ തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് ‘കത്തി’എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് ‘ചട്ടി’എന്ന നികുതിയും കൊടുക്കണമായിരുന്നു.

ആഭരണം ധരിക്കാന്‍ ‘മേനിപ്പൊന്ന്’ അഥവാ ‘അടിയറ’ എന്ന നികുതി കൊടുക്കണം. 1818 മേടം 19-ാം തീയതിവരെ തിരുവിതാംകൂറിലെ ഈഴവര്‍ സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും ‘രാജഭോഗം’ നല്‍കണം. അവര്‍ണ്ണന്‍ മേല്‍മീശ വയ്ക്കണമെങ്കില്‍ രാജാവിന് ‘മീശക്കാഴ്ച’നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് ‘കാഴ്ച’സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. ‘പൊലിപ്പൊന്ന്’ എന്നായിരുന്നു പേര്. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരെപ്പോലും വെറുതെ വിട്ടിരുന്നില്ല അന്നത്തെ നികുതി വ്യവസ്ഥ. ആ പാവങ്ങളില്‍ നിന്നും ‘ഏഴ’ എന്ന പേരിലുള്ള നികുതിയും ഈടാക്കിയിരുന്നു.

വേറെ പേരുകളിലും ധാരാളം നികുതികളുണ്ടായിരുന്നു. ‘തപ്പ്’, ‘പിഴ’, ‘പുരുഷാന്തരം’, ‘അറ്റാലടക്കം’, ‘പേരിക്കല്‍’, ‘അയ്മുല’, ‘രക്ഷാഭോഗം’, ‘ചെങ്ങാതം’, ‘ചൊങ്കൊമ്പ്’, ‘കണ്ണടപ്പള്ളി’, ‘ആനപ്പിടി’, ‘കിണറ്റിലെ പന്നി’, ‘കൊമ്പ്’, ‘കുറവ്’, ‘വാല്’, ‘തോല്’, ‘അറ’, ‘തുറ’, ‘തുലാക്കൂലി’, ‘അല്‍പ്പാത്തിച്ചുങ്കം’ തുടങ്ങിയ നികുതികള്‍. ഒരു പറമ്പിലുള്ള തെങ്ങുകളില്‍ 100 ന് 3 വീതം രാജാവിനവകാശപ്പെട്ടതായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ ആവശ്യം വരുമ്പോള്‍ അവര്‍ണ്ണരില്‍ നിന്ന് പ്രത്യേക നികുതികളും ഈടാക്കിയിരുന്നു. 1754 ല്‍ യുദ്ധച്ചെലവുകള്‍ക്കായി തിരുവിതാംകൂര്‍ രാജാവ് ചാന്നാന്മാരുടെ തലയെണ്ണി ഒരു പ്രത്യേക നികുതി പിരിക്കുകയുണ്ടായി.

സ്ഥാനമാനങ്ങള്‍ നല്‍കിയും രാജാക്കന്മാര്‍ വരുമാനം ഉണ്ടാക്കിയിരുന്നു. ‘തമ്പി’, ‘ചെമ്പകരാമന്‍’, ‘കര്‍ത്താവ്’, ‘കയ്മള്‍’ തുടങ്ങിയ സ്ഥാനങ്ങളായിരുന്നു നായന്മാര്‍ക്ക് നല്‍കിയിരുന്നത്. ഈഴവര്‍ക്ക് ‘ചാന്നാന്‍’, ‘പണിക്കന്‍’, ‘തണ്ടാന്‍’, ‘നാലുപുരക്കാരന്‍’, ‘മണ്ണാളിപ്പണിക്കന്‍’, ‘വീട്ടുകാരന്‍’ എന്നീ സ്ഥാനങ്ങളാണ് നല്‍കിയിരുന്നത്. കണക്കര്‍ക്ക് ‘എളയ കണക്കന്‍’. വേലന്മാര്‍ക്ക് ‘വേലപ്പണിക്കന്‍’. വാലന്മാര്‍ക്ക് ‘മൂപ്പന്‍’, ‘വലിയ അരയന്‍’. പുലയര്‍ക്ക് ‘ഓമനക്കുറപ്പന്‍’,’വള്ളോന്‍’. മുസ്ലീങ്ങള്‍ക്ക് ‘കാദി’, ‘മുസ്ലിയാര്‍’-എവയൊക്കെയായിരുന്നു സ്ഥാനപ്പേരുകള്‍. മഹത്തായ സംസ്‌കാര’ത്തില്‍ പൊന്നു തമ്പുരാക്കന്മാര്‍ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ അതില്‍ അതിശയം കാണേണ്ടതില്ല. ഈ ചോരയൂറ്റിനെക്കുറിച്ച് റവ: മറ്റിയര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘ഈ കൗതുകകരമായ പട്ടിക പരിശോധിച്ചാല്‍ രാജ്യത്തിന്റെ മുന്‍കാല സ്ഥിതിയെക്കുറിച്ചും വ്യാപാരം, വ്യവസായം, സാമൂഹിക സ്വാതന്ത്ര്യം, കുടുംബക്ഷേമം എന്നിവയില്‍ എന്തുമാത്രം ദയനീയമായി ഇടപെട്ടിരുന്നു എന്നതിനെക്കുറിച്ചും ശരിയായ സൂചന ലഭിക്കും.

നികുതി പിരിക്കാവുന്ന എല്ലാറ്റിന്റെ മേലും നികുതി ചുമത്തിയിരുന്നു. ഓരോ വിശേഷാവസരവും അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളില്‍നിന്ന്, അവര്‍ ക്‌ളേശിച്ചുണ്ടാക്കിയ ആദായം പിഴിഞ്ഞെടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗിക്കുകയും ചെയ്തു. ഈ നികുതികളില്‍നിന്നുള്ള വരുമാനമാകട്ടെ വിവിധ ആഘോഷങ്ങള്‍ക്കുവേണ്ടിയും മറ്റും പൊടിപൂരമായി ദുര്‍വിനിയോഗം ചെയ്തു. നികുതിയിലൂടെയുള്ള ഈ ചോരയൂറ്റലിനെയും ചോരവാറ്റലിനെയും താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ സര്‍ക്കാര്‍ ചുമത്തുന്ന നികുതികള്‍ ഒന്നുമല്ലെന്ന് തോന്നിപ്പോകും.

കടപ്പാട്:-1. കേരള ചരിത്രപഠനങ്ങള്‍-വേലായുധന്‍ പണിക്കശ്ശേരി. 2. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍.