പുതിയ എംഡിയ്ക്ക് നന്ദിയുമായി കെഎസ്ആർടിസി ജീവനക്കാർ; ഒരു കുറിപ്പ് വായിക്കാം

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം, കണ്ടക്ടർ – കെഎസ്ആർടിസി എടത്വ ഡിപ്പോ.

കോവിഡ് കാലഘട്ടത്തിന് മുമ്പ് ബസ്സ് നിറയെ യാത്രികരുമായി സര്‍വ്വീസ് നടത്തിയിരുന്ന കാലഘട്ടം. 10 വര്‍ഷത്തെ പരിചയത്തില്‍ ആദ്യഘട്ടം അമ്പലപ്പുഴ – തിരുവല്ല റൂട്ടിലെ തിരക്കേറിയ റൂട്ടും (ഞങ്ങള്‍ കണ്ടക്ടര്‍മ്മാര്‍ പരസ്പരം പറയാറുണ്ട്‌ ആലപ്പുഴ – തിരുവല്ല റൂട്ടില്‍ ജോലി ചെയ്യുന്നവര്‍ ഫാസ്റ്റ് ഉള്‍പ്പെടെയുളള സര്‍വ്വീസുകളിലും, മറ്റെവിടെയും ജോലി ചെയ്യാന്‍ തയ്യാറാകും എന്ന്), പിന്നീട് തിരുവനന്തപുരം – എറണ്ണാകുളം റൂട്ടും.

ആദ്യകാലഘട്ടങ്ങളില്‍ ഇന്‍സ്പെക്ഷനായി ഇന്‍സ്പെക്ടര്‍മ്മാര്‍ ബസ്സിന്‍റെ ആദ്യപടി ചവിട്ടുമ്പോള്‍ ഇ.ടി.എം മെഷീനും, വേബില്ലും നല്‍കുമായിരുന്നു. അത്രക്ക് ആത്മവിശ്വാസത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. “സത്യസന്ധത ചെക്ക് ബുക്കിനേക്കാള്‍ വിലപിടിപ്പുളളതാണ്” എന്നത് ജീവിതത്തിലും, ചെയ്യുന്ന ജോലിയിലും പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ചിരുന്നു.

വളരെ തിരക്കുളള സമയത്ത് ടിക്കറ്റ് എടുക്കാതെ യാത്രികര്‍ ഇരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞും ടിക്കറ്റ് എടുക്കാതെ യാത്ര തുടര്‍ന്നവരും ഉണ്ട്. തിരക്കുളള സമയങ്ങളില്‍ പല തവണ ചോദിച്ചിട്ടും മനഃപൂര്‍വ്വം ടിക്കറ്റ് എടുക്കാതിരുന്നിട്ട് ഇന്‍സ്പെക്ടര്‍ കയറി പിടിക്കപ്പെടുമ്പോള്‍ 500 രൂപ പിഴ അടക്കുന്നവരും യാത്രികരിലുണ്ട്. അപ്രകാരം ചെയ്യുന്നവര്‍ ഒരിക്കലും കണ്ടക്ടറുടെ മാനസിക സംഘര്‍ഷങ്ങളോ ഉണ്ടാകാവുന്ന നടപടികളോ ചിന്തിക്കുന്നില്ല.

ദുരനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. മനസ്സ് പലപ്പോഴും വിഷമിച്ചിട്ടുണ്ട്‌. ഇടിഎം മെഷീനും ബാഗുമായി യാത്രികരുടെ മുമ്പില്‍ നിന്നും പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആത്മാര്‍ത്ഥമായി സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നും നെഗറ്റീവ് അനുഭവങ്ങള്‍ ഒരു പക്ഷേ, സഹിക്കാവുന്നതിലും അപ്പുറമാകുമ്പോള്‍ പൊട്ടിക്കരഞ്ഞുപോകാം. ബസ്സിലെ യാത്രികര്‍ പിന്തുണ നല്‍കിയാല്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ യാതൊരു പ്രയോജനമുണ്ടാകാറില്ല. ഇപ്പോള്‍ പറഞ്ഞതില്‍ എല്ലാം എന്‍റെ അനുഭവങ്ങള്‍ അല്ല. ഓരോ കണ്ടക്ടറും പറയുവാന്‍ ആഗ്രഹിക്കുന്നതാണ്.

KSRTC യിലെ പുതിയ എംഡി എന്ന നിലയില്‍ ശ്രീ.ബിജു പ്രഭാകര്‍ ഐ.എ.എസ്സ് എടുത്ത തീരുമാനം വൈകിയാണെങ്കിലും ഇത്തരത്തില്‍ വേദന അനുഭവിച്ചിട്ടുളള സഹോദരങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഉറപ്പുണ്ട്.

10.08.2020 ല്‍ ബഹുമാനപ്പെട്ട എംഡിയുടെ ഓര്‍ഡര്‍ പ്രകാരം ജീവനക്കാരുടെ ഭാഗത്ത് നിന്നുളള നിസ്സാരമായ തെറ്റുകളുമായി ബന്ധപ്പെട്ടുളള അനാവശ്യമായുളള സസ്പെന്‍ഷന്‍ നടപടികള്‍ പാടില്ല എന്ന തീരുമാനം ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് സഹായകരമാണ്. നമ്മള്‍ക്കുണ്ടാകുന്ന ദുരനുഭങ്ങള്‍ പലപ്പോഴും ഈ പ്രസ്ഥാനത്തില്‍ ഒരു ആത്മാര്‍ത്ഥതയും കാണിച്ചിട്ട് കാര്യമില്ല എന്ന ചിന്തയിലേക്ക് നയിക്കാറുണ്ട്. കൂടുതല്‍ ആത്മര്‍ത്ഥത കാണിച്ചാല്‍ പണിയാകും എന്ന് ചിന്തിച്ച് പോകാറുണ്ട്.

കെ.എസ്സ്.ആര്‍.ടി.സി എം.ഡി എന്ന നിലയില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം. ഇതുവരെ ഒരു എംഡിയുടെ ഭാഗത്തുനിന്നും ഇപ്രകാരം ഉണ്ടാകാതിരുന്ന ഒരു തീരുമാനം എടുത്തതില്‍ സന്തോഷവും,നന്ദിയും അറിയിക്കുന്ന കെ.എസ്സ്.ആര്‍.ടി.സി കണ്ടക്ടര്‍ എന്ന നിലയില്‍ ഈ തീരുമാനം നല്ലതാണ് എന്ന് പറയാനുളള കാരണങ്ങള്‍ ആണ് മുകളില്‍ പറഞ്ഞിട്ടുളളത്..
ബഹുമാനപ്പെട്ട എം.ഡിക്ക് കണ്ടക്ടര്‍ വിഭാഗത്തിന്‍റെ ബിഗ് സല്യൂട്ട്.