ക്ലിയോപാട്രയുടേത് ആത്മഹത്യയോ കൊലപാതകമോ?

ലേഖകൻ – വിനോജ് അപ്പുക്കുട്ടൻ.

ഈജിപ്തിലെ രാജ്ഞിയും റോമൻ ചക്രവർത്തി ജൂലിയസ് സീസറിന്റെ ഭാര്യയുമായിരുന്നു ക്ലിയോപാട്ര. സീസർ വധിക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ സഹായി ആന്റണിയുമായി പ്രണയത്തിലായി. ഒക്ടേവിയസ് സീസറുമായുള്ള യുദ്ധത്തിൽ ആന്റണി തോൽക്കുന്നു. തോൽവിക്കു കാരണം താനാണെന്ന് ആന്റണി കരുതുന്നുവെന്ന് ക്ലിയോപാട്ര ഭയക്കുകയും തന്നോടുള്ള സ്നേഹം കുറയുമെന്നും അവൾ ചിന്തിച്ചു. ഇതു പരീക്ഷിക്കാൻ താൻ മരിച്ചുവെന്ന് പരിചാരിക മുഖേന ആന്റണിയെ അറിയിക്കുന്നു.ഇതറിഞ്ഞ ആന്റണി വാളെടുത്ത് സ്വയം കുത്തി മരിക്കുന്നു.ഹൃദയവേദന പൂണ്ട ക്ലിയോപാട്ര വിഷപാമ്പിനെ കൊണ്ട് സ്വയം ദംശന മേൽപ്പിച്ച് ആത്മഹത്യ ചെയ്യുന്നു.

അമേരിക്കയിലെ പ്രസിദ്ധ കുറ്റാന്വേഷണ വിദഗ്ധ പാറ്റ് ബ്രൗൺ പറയുന്നത് ചരിത്രത്തിന് തെറ്റ് പറ്റുന്നുണ്ടെന്നാണ്. പാമ്പുകടിയേറ്റെന്ന് ഉറക്കെ പറയുമ്പോഴും കടിച്ച പാമ്പിനെ ആരും കണ്ടിട്ടില്ല. സ്വയം പാമ്പിനെ കൊണ്ട് ദംശനമേൽക്കാനുള്ള അസാമാന്യ ധൈര്യം ക്ലിയോപാട്രയ്ക്ക് ഉണ്ടായിരിക്കാം എന്നാൽ ഒപ്പം മരണപ്പെട്ട രണ്ട് തോഴിമാരൊ? ഭയപ്പാടിനാൽ ഒരു കരച്ചിൽ കൊണ്ടെങ്കിലും സൂചന അവർ നൽകേണ്ടെ? ഓക്സ്ഫഡ് സർവകലാശാലയിലെ ട്രോപിക്കൽ മെഡിസിനിലെ പ്രൊഫസർ ഡേവിഡ് വാറൽ പറയുന്നത് പാമ്പുകടിയേറ്റ് 15-20 മിനിറ്റുകൾക്കുള്ളിൽ മരണം നടന്നേക്കാം എങ്കിലും പൂർണ മരണത്തിന് രണ്ട് മണിക്കൂറെങ്കിലും വേണമെന്നാണ്.ഒരു വിഷസർപ്പത്തിന് ഒന്നോ രണ്ടോ തവണ മാത്രമേ മാരകമായി വിഷം ഉല്പാദിപ്പിക്കാൻ കഴിയൂ. ഇത്രപെട്ടന്ന് മൂന്ന് പേരുടെ മരണം നടക്കണമെങ്കിൽ ഒന്നിൽ കൂടുതൽ പാമ്പുകൾ വേണം.

എവിടെ വച്ചാണ് ക്ലിയോപാട്ര മരിച്ചത്? എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്ലൂ ട്ടാർക്ക് അവരുടെ മരണത്തെക്കുറിച്ച് എഴുതിയത്? ഇതിനൊക്കെ ആധുനിക കുറ്റാന്വേഷണ വിദഗ്ധർ എത്തിച്ചേരുന്നത് ഒരു നിഗമനത്തിലാണ്. ഒക്ടേവിയസ് സീസർ കൃത്യമായ കണക്കുകൂട്ടലിലൂടെ നടത്തിയ കൊല. ക്ലിയോപാട്രയുടെ കൈകളിൽ കിടന്നു മരിക്കുന്ന ആന്റണി കാൽപനികമായ ഓർമയാവാം എന്നാണ്. അതായത് ആൻറണിയുടേതും കൊലപാതകം തന്നെ.

മരിച്ചുകൊണ്ടിരിക്കുന്ന ആന്റണിയെ ക്ലിയോപാട്രയുടെ അടുക്കൽ കൊണ്ടുവന്നതിന് ഒക്ടേവിയസിന് വേറെ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം വിലപേശൽ പോലുള്ളവ. അന്നത്തെ ചക്രവർത്തിമാരുടെ പൊതുസ്വഭാവം ശത്രുവിനെ നഗരം മുഴുവൻ കാൺകെ വലിച്ചിഴയ്ക്കുക എന്നതാണ്. എന്തുകൊണ്ട് ക്ലിയോപാട്രയെ അങ്ങനെ ചെയ്തില്ല? അതിന്റെ കാരണം ഈജിപ്റ്റിന്റെ വിലമതിക്കാനാവാത്ത സമ്പാദ്യം കൂടി ഒക്ടേവിയസിന് വേണമായിരുന്നു. ക്ലിയോപാട്രയുടെ തോൽവി അന്നാട്ടുകാർക്ക് ഒരിക്കലുംഅംഗീകരിക്കാനാവുമായിരുന്നില്ല.

ജനസമ്മതികൂടി ലഭിക്കുവാനാണ് കൊലപാതകത്തെ ആത്മഹത്യയാക്കിയത്. ക്ലിയോപാട്രയുടേയും ആൻറണിയുടേയും മരണത്തെക്കുറിച്ചറിയുന്നത് ഒക്ടേവിയസിൽ നിന്നോ അനുചരൻമാരിൽ നിന്നോ ആണ്. മൃതശരീരത്തിന് എന്തു സംഭവിച്ചെന്ന് ഇന്നും ആർക്കുമറിയില്ല. രണ്ട് തോഴിമാരും മരണപ്പെട്ടെന്ന് പറയുമ്പോൾ രാജ്ഞിക്കൊപ്പം അവർ കൂടി മരിക്കണമെന്ന ആചാരങ്ങളോ വിശ്വാസങ്ങളോ അന്നില്ലായിരുന്നു. അങ്ങനെയെങ്കിൽ സാക്ഷികളായ അവരേയും ഒക്ടേവിയസ് കൊന്നതാവാം. ഈ കഥകളെല്ലാം വന്നത് റോമിൽ നിന്നാണ്. പ്ലൂ ട്ടാർക്ക് എഴുതിയത് റോമിന് വേണ്ടി മാത്രമായിരുന്നു. പകുതി ഭാവനയും തെളിവുകളില്ലാത്ത കുറെ കഥകളും ചേർത്ത്. യഥാർത്ഥ സത്യം ആർക്കറിയാം?