ഇന്ത്യയിലെ ഏറ്റവും ദൂരം കൂടിയ ബസ് സർവ്വീസിൽ ഒരു 36 മണിക്കൂർ യാത്ര

വിവരണം – Ancil Mathew.

ബസ് യാത്ര വളരെയധികം ഇഷ്ടപ്പെട്ടിരുന്ന എന്റെ ഒരു സ്വപ്നമായിരുന്നു ഇന്ത്യയിലെ ഏറ്റവും ദൂരം കൂടിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലൂടെയുള്ള യാത്ര. ബാംഗ്ലൂരിൽ നിന്നാരംഭിച്ച പൂനെ, മുംബൈ, സൂറത്ത്, അഹമ്മദബാദ്, ജോധ്പുർ വരെയാണ് ഈ ബസിന്റെ യാത്ര.

വൈകിട്ട് 10 മണിക്കായിരുന്നു ബാംഗ്ലൂരിൽ നിന്നുള്ള എന്റെ ബസിന്റെ യാത്ര. തലേ ദിവസം മുവാറ്റുപുഴയിൽ നിന്നും കേരള ലൈൻ ബസിൽ യാത്ര ചെയ്തു ബാംഗ്ലൂർ എത്തിയത് ഇവിടെനിന്നുള്ള ഈ ബസിൽ യാത്ര ചെയ്യുവാനുള്ള ആഗ്രഹത്തോടു കൂടിയാണ്. രാവിലെ ബാംഗ്ലൂർ എത്തിയ എനിക്ക് മുന്നിൽ ധാരാളം സമയം ഉണ്ടായിരുന്നു.

പകൽ കുറച്ചു സമയം ബാംഗ്ലൂരിലെ പല സ്ഥലങ്ങളിലും കറങ്ങി നടക്കുകയും ചെറിയ ഷോപ്പിംഗ് നടത്തുകയും ചെയ്തു. പിന്നീട് ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന നാട്ടിലെ എന്റെ സുഹൃത്ത്, എന്നെ പുള്ളിയുടെ വീട്ടിലേക്കു വിളിച്ചു കൊണ്ട് പോയി. അവിടെ ചെന്ന് ഒന്ന് ഫ്രഷ് ആയി. വൈകിട്ട് അവിടെ നിന്നും ഭക്ഷണം ഒക്കെ കഴിച്ച് എന്നെ ബസിന്റെ ബോർഡിങ് പോയിന്റിൽ കൊണ്ടുവിടുകയും യാത്ര അയക്കുകയും ചെയ്തു.

പകൽ ബാംഗ്ലൂർ കറങ്ങിയതിന്റെ ക്ഷീണം ഉള്ളതുകൊണ്ട് ബസിൽ കയറിയ വഴി നന്നായി ഉറങ്ങി. ഉറക്കത്തിലെപ്പോഴോ മൊബൈലിൽ ബസിന്റെ സ്പീഡ് ചെക്ക് ചെയ്തപ്പോൾ 100 കിലോമീറ്ററിൽ അതികം സ്പീഡിലാണ് ബസ് നീങ്ങുന്നത്.

അങ്ങനെ രാവിലെ 7 മണിയോട് കൂടി ബസ് ബെൽഗാം എന്ന സ്ഥലത്തു നിർത്തുകയും കാപ്പിയൊക്കെ കുടിച്ചു അവിടെ നിന്നും വീണ്ടും യാത്ര തുടരുകയും ചെയ്തു. പിന്നീട് ഡ്രൈവർ ക്യാബിനിൽ ഇരുന്നായിരുന്നു എന്റെ യാത്ര. നല്ല മഴയിലൂടെയായിരുന്നു യാത്ര എന്നതിനാൽ ബസ്സ് പതുക്കെയാണ് പോയത്.

അങ്ങനെ ഉച്ചക്ക് 1 മണിയോട് കൂടി പൂനെയിൽ ഒരു ദാബയിൽ ബസ് നിർത്തി. കണ്ണൂർകാരായ മലയാളികൾ നടത്തുന്ന ഒരു ധാബയായിരുന്നു അത്. എല്ലാവരും അവിടെ ഭക്ഷണം കഴിക്കുന്നതിനായി കയറി. ദീർഘദൂര യാത്രയുള്ളതിനാൽ ഞാൻ എന്റെ ഭക്ഷണം വളരെ ലൈറ്റ് ആക്കി സ്വീറ്റ്സിലും ചോക്കലേറ്റ്‌സിലുമായി ഒതുക്കി. തുടർന്ന് ബസ് പൂനെയിൽ നിന്നും മുംബൈ ലക്ഷ്യമാക്കി യാത്ര തുടർന്നു. മുമ്പ് 3 തവണ ഞാൻ ഇത് വഴി കാറിൽ ഡ്രൈവ് ചെയ്തു പോയിട്ടുണ്ട്. അപ്പോഴൊന്നും കിട്ടാത്ത ഒരു ഫീൽ ആയിരുന്നു ചെറു മഴയിലൂടെയുള്ള ഈ ബസ് യാത്ര.

വൈകിട്ട് 6 മണിയോട് കൂടി പാൽഘർ ആയിരുന്നു അടുത്ത സ്റ്റോപ്പ്. അവിടെ നിന്നും ചായയും വടാപാവും ഒക്കെ കഴിച്ചു വീണ്ടും യാത്ര തുടർന്നു. 3 ഡ്രൈവറും ഒരു ഹെല്പ്റും ആയിരുന്നു ആ ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും മാറി മാറി ഡ്രൈവ് ചെയ്യുന്നു. ബസ് രാതി 10 മണിയോട് കൂടി സൂറത്തു എത്തുന്നതിനു മുൻപായി ഭക്ഷണം കഴിക്കുന്നതിനായി നിർത്തി. തുടർന്നു വീണ്ടും യാത്ര..

കുറച്ചു നേരം ഡ്രൈവറോടൊപ്പം പോയിരുന്നതിനു ശേഷം ഞാൻ എന്റെ സീറ്റിൽ പോയി കിടന്നു ഉറങ്ങി. പിന്നീട് കണ്ണ് തുറന്നതു രാജസ്ഥാനിലായിരുന്നു. റോഡിന്റെ വശങ്ങളിലായി മാർബിളുകൾ മാത്രം വിൽക്കുന്ന ഒരു ഗ്രാമത്തിലൂടെയായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്.

7 മണിയോട് കൂടി ബസ് സിറോഹി എന്ന സ്ഥലത്തു നിർത്തി. ഇവിടെ നിന്നും 160 കിലോമീറ്ററോളം ഉണ്ട് ജോധ്പുരിലേക്ക്. ചായ കുടിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. ഒടുവിൽ നീണ്ട 36 മണിക്കൂർ യാത്രക്ക് ശേഷം കൃത്യം 10 മണിയോട് കൂടി ബസ് ജോധ്പുരിൽ എത്തി ചേർന്നു.