ജോസഫ് സാമുവൽ – തൂക്കുകയർ പോലും തോറ്റുപോയ ഒരു കുറ്റവാളിയുടെ കഥ…

എഴുത്ത് – Chandran Satheesan Sivanandan (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).

കഥ കുറച്ചു പഴയതാണ് .18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇംഗ്ളണ്ടിൽ ജീവിച്ചിരുന്ന ഒരാളാണ് ശ്രീ .ജോസഫ് സാമുവൽ .പതിനഞ്ചാം വയസ്സുമുതൽ ഇദ്ദേഹം തൊഴിലെടുത്തു ജീവിക്കാന്‍ തുടങ്ങി .ഇദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയിൽ ഇംഗ്ളീഷുകാർ പൊറുതിമുട്ടി കാരണം മോഷണവും കൊള്ളയുമായിരുന്നു മാന്യദേഹത്തിന്റെ ജോലി .ഒടുവിൽ ഭരണകൂടം 1801ൽ ഇദ്ദേഹത്തെ 297 മറ്റു കുറ്റവാളികൾക്കൊപ്പം ആസ്ത്രേലിയയിലേക്കു നാടുകടത്തി .

അക്കാലത്ത് ഇംഗ്ളീഷുകാർ നാടുകടത്തുന്ന കുറ്റവാളികളെ ന്യൂ സൗത്ത് വെയിൽസ് കോളനിയിലെ സിഡ്നി കോവി (sidney cove) നടുത്തുള്ള ഒറ്റപ്പെട്ട പീനൽകോളനിയിലാണ് പാർപ്പിക്കാറുള്ളത് .ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവർ കാടിന്റെ വന്യതയിൽ ജീവൻ ഹോമിക്കാറാണ് പതിവ് .ഭാഗ്യം എന്നും സാമുവലിനു തുണയായിരുന്നു അദ്ദേഹം ആ തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ട് ഒരു കൊള്ളസംഘത്തിൽ ചേർന്നു(അറിയാവുന്ന തൊഴിലല്ലേ ചെയ്യാനാകൂ).സമ്പന്നയായ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നും സ്വർണ്ണവും വെള്ളിയും ഉൾപ്പെടെയുള്ള വസ്തുക്കള്‍ കൊള്ളയടിക്കുന്നനിടയിൽ അപ്രതീക്ഷിതമായി ജോസഫ് ലൂക്കർ എന്ന പോലീസുകാരൻ അവിടെയെത്തി നിർഭാഗ്യവശാൽ സംഘാംഗങ്ങളിലാരോ ആ പോലീസുകാരനെ വധിച്ചു.

പോലീസ് വെറുതെയിരിക്കുമോ എല്ലാവരേയും പിടികൂടി അഴിക്കുള്ളിലിട്ടു .വീട്ടുടമയായ സ്ത്രീ സാമുവലിനെ മാത്രമേ തിരിച്ചറിഞ്ഞുള്ളു .അതുകൊണ്ട് മറ്റുള്ളവരെ വൃക്തമായ തെളിവില്ലാത്തതിൽ കോടതി വെറുതെ വിട്ടു .കൊള്ളയിൽ പങ്കെടുത്തെങ്കിലും പോലീസുകാരന്റെ കൊലയാളി താനല്ല എന്ന നിലപാടായിരുന്നു സാമുവലിനുണ്ടായിരുന്നത് .എന്തായാലും സാമുവലിന്റെ വാദങ്ങൾ വിലപ്പോയില്ല കോടതി അദ്ദേഹത്തെ തൂക്കികൊല്ലാനായി വിധിച്ചു .അങ്ങനെ 1803 സെപ്തംബര്‍ 26 ന് കേവലം 23 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന സാമുവലിന്റെ തൂക്കികൊല Parramatta എന്ന സ്ഥലത്ത് നടത്താന്‍ തീരുമാനിക്കപ്പെട്ടു .

അക്കാലത്ത് തൂക്കികൊലകൾ പൊതുസ്ഥലത്ത് പരസ്യമായാണ് നടപ്പിലാക്കിയിരുന്നത് .അതുകാണുവാനായി ജനങ്ങള്‍ ഒത്തുകൂടുമായിരുന്നു .വളരെ പ്രാകൃതമായ രീതിയിലാണ് ശിക്ഷ നടപ്പിലാക്കിയിരുന്നത് .കൊലക്കയറിലെ കുടുക്കിൽ കുറ്റവാളിയെ നിർത്തിയ ശേഷം കയറിന്റെ മറുവശം കുതിരയിൽ കെട്ടി കുതിരയെ മുന്നോട്ടു നടത്തിക്കും അപ്പോള്‍ കൊലക്കയർ മുകളിലേക്കുയരുകയും കുറ്റവാളി പിടഞ്ഞു മരിക്കുകയും ചെയ്യും (ഹോളിവുഡിലെ wild west movie കളിൽ ധാരാളമായി ഇത്തരം രംഗങ്ങൾ കാണാം ).പിന്നീടാണ് തൂക്കിലേറ്റപ്പെടാൻ പോകുന്നയാൾ നിൽക്കുന്ന പലക വഴുതി മാറുന്ന drop hole എന്ന രീതി നിലവില്‍ വന്നത് .

തൂക്കപ്പെടാനായി സാമുവലിനൊപ്പം മറ്റൊരു കുറ്റവാളിയേയും കൊണ്ടുവന്നിരുന്നു .തൂക്കുന്നതിനു മുൻപ് അന്ത്യകൂദാശയ്ക്കായി ഒരു പാതിരിയെത്തി ഇരുവർക്കുമൊപ്പം പ്രാർത്ഥിച്ചു .പ്രാർത്ഥനയ്ക്കു ശേഷം സാമുവൽ ഇൗ കുറ്റം താന്‍ ചെയ്തതല്ല എന്നും ആൾക്കൂട്ടത്തിൽ നിൽക്കുന്ന ഒരാളാണെന്ന് ചൂണ്ടികാണിക്കുകയും ചെയ്തു .ജനങ്ങൾ ആകെ ചിന്താക്കുഴപ്പത്തിലായി എന്നാല്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ രണ്ടുപേരുടേയും ശിക്ഷ നടപ്പിലാക്കി .കൂടെയുള്ള കുറ്റവാളി അപ്പോള്‍ തന്നെ മരിച്ചെങ്കിലും സാമുവലിന്റെ തൂക്കുകയർ പൊട്ടിവീണു ആ വീഴ്ചയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ കാലുളുക്കുകയും ചെയ്തു.

450 കിലോ വരെ താങ്ങാന്‍ ശേഷിയുള്ള അഞ്ചുപിരിയുള്ള കയർ പൊട്ടിയത് ആരാച്ചാരെ ഞെട്ടിച്ചു. ആരാച്ചാർ ഉടന്‍ അടുത്ത തൂക്കുകയർ തയ്യാറാക്കി സാമുവലിനെ വീണ്ടും തൂക്കിലേറ്റി. പക്ഷെ വീണ്ടും സാമുവൽ നിലത്തുവീണു അപ്പോഴേക്കും ആൾക്കൂട്ടത്തിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു നിരപരാധിയെ തൂക്കിലേറ്റുകയാണെന്നും ഇത് ദൈവത്തിന്റെ ഇടപെടലാണെന്ന് അവര്‍ വിളിച്ചു പറയാന്‍ തുടങ്ങി. പരിഭ്രാന്തരായ ആരാച്ചാരും കൂട്ടരും തൂക്കുകയർ പരിശോധനകൾക്കു വിധേയമാക്കിയതിനു ശേഷം നടപടിക്രമങ്ങൾ എല്ലാം ഉറപ്പാക്കി വീണ്ടും സാമുവലിനെ തൂക്കിലേറ്റി. അത്ഭുതം! ഇപ്രാവശ്യവും കയർപൊട്ടി വീണു .

ജനക്കൂട്ടത്തിന്റെ പ്രതിഷേധം ശക്തമായപ്പോൾ ഉദ്യോഗസ്ഥര്‍ തൂക്കികൊല നിർത്തിവെച്ചിട്ട് പ്രാദേശിക ഗവര്‍ണരെ വിവരമറിയിച്ചു .ഗവർണർ സ്ഥലത്തെത്തി തൂക്കുകയറും മറ്റു നടപടിക്രമങ്ങളും ശരിയായ രീതിയിലായിരുന്നോ എന്നു പരിശോധിച്ചു .എല്ലാകാര്യങ്ങളും കുറ്റമറ്റ രീതിയിലാണ് നടന്നതെന്നു മനസ്സിലാക്കിയ ഗവര്‍ണര്‍ ഇതൊരു ദൈവിക ഇടപെടലാണെന്നും അതുകൊണ്ട് നിരപരാധിയായ സാമുവലിനെ വെറുതെ വിടുന്നതായും പ്രഖ്യാപിച്ചു .

അങ്ങനെ തുടർച്ചയായി മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്തയാളായി ജോസഫ് സാമുവൽ ചരിത്രത്തിലിടം നേടി. പക്ഷേ എന്തു ചെയ്യാം സാമുവൽ നന്നായില്ല, താമസിയാതെ മറ്റൊരു കൊള്ളക്കേസിൽ അദ്ദേഹം പിടിക്കപ്പെട്ടു. 1806 ൽ ജയിലില്‍ നിന്നും എട്ടു കുറ്റവാളികൾക്കൊപ്പം രക്ഷപ്പെട്ടു. ഒരു മോഷ്ടിച്ച ബോട്ടുമായി പോയ സാമുവലിനെയും കൂട്ടരെയും കുറിച്ച് പിന്നീട് അറിവൊന്നുമുണ്ടായില്ല. ഒരു പക്ഷെ ആ ബോട്ടു മുങ്ങി എല്ലാവരും മരിച്ചിരിക്കാം. അതോ ദൈവം വീണ്ടും ഇടപെട്ടിരിക്കുമോ ?