ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : ഒരു മലയാളിയുടെ തകർന്നടിഞ്ഞ സ്വപ്നം

ഒരു ആകാശപ്പിറവിയുടെ അസ്തമയ ചരിത്രം. അഥവാ ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റേയും തഖിയുദ്ദീന്റേയും കഥ.

വിവരണം – Abdulla Bin Hussain Pattambi‎.

ഇന്ത്യയിൽ ആഭ്യന്തര മേഖലയില്‍ സര്‍വീസ് തുടങ്ങിയ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായിരുന്നു ഈസ്റ്റ്‌ വെസ്റ്റ് എയര്‍ലൈന്‍സ്. ബോംബെ ( മുംബൈ ) ആസ്ഥാനമാക്കിയായിരുന്നു , മലയാളിയും വര്‍ക്കല ഓടയം സ്വദേശിയുമായ തഖിയുദ്ദീൻ വാഹിദ് മാനേജിംഗ് ഡയറക്ടറായി ഈസ്റ്റ്‌ വെസ്റ്റ് എയർ ലൈൻസ് ആരംഭിച്ചത്‌. 1992ലായിരുന്നു ഈസ്റ്റ്‌ വെസ്റ്റിന്റെ സര്‍വീസുകളുടെ തുടക്കം.

അന്ന് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും മാത്രം. ആഗോളവൽക്കരണത്തിന്റെ തുടക്കനാളുകൾ. കേന്ദ്രസർക്കാർ സ്വകാര്യ വിമാനയാത്രാ കമ്പനികൾക്കു ലൈസൻസ് നൽകാൻ തീരുമാനിച്ചു. ആദ്യം ലൈസൻസ് കിട്ടിയ കമ്പനികളിലൊന്നു തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിയുടേതായിരുന്നു.

1992ൽ പാട്ടവ്യവസ്ഥയിൽ ആദ്യവിമാനം വാങ്ങി. ബോയിങ് 737–200 ശ്രേണിയിൽ പെട്ടതായിരുന്നു അത്. 1992 ഫെബ്രുവരി 28ന് ആദ്യ പറക്കൽ. ബോംബെയിൽനിന്നു കൊച്ചിയിലേക്ക്. ഫ്ലൈറ്റ് നമ്പർ ഫോർഎസ് 786. രാവിലെ 5.20ന് ബോംബെയിൽ നിന്നു പുറപ്പെട്ട് 7.10നു കൊച്ചിയിലെത്തും. പിന്നെ, തിരികെ ബോംബെയിലേക്കും. ഗൾഫ് മലയാളികൾക്കും മുംബൈ മലയാളികൾക്കും പുത്തനൊരു അനുഭവമായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്.

70 കോടി രൂപയായിരുന്നു അന്ന് മുതൽ മുടക്ക്‌. മൂന്ന് ബോയിംഗ്‌ 737 വിമാനങ്ങളുമായി സർവ്വീസ്‌ ആരംഭിച്ച ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ്‌ ആറുമാസം കൊണ്ട്‌ 12 സെക്ടറുകളിലായി അതിന്റെ സർവ്വീസുകൾ വ്യാപിപ്പിച്ചു. ഇന്ത്യക്കകത്ത്‌ 20 ഓഫീസുകളും ഈ കമ്പനിക്കു വേണ്ടി പ്രവർത്തിച്ചിരുന്നു.

ഊർജം തുടിക്കുന്ന ജീവനക്കാർ. ഹൃദ്യമായ പെരുമാറ്റം. മനസ്സു നിറയ്ക്കുന്ന സ്വീകരണം. ഉശിരൻ ഭക്ഷണം. ഗൾഫ് നാടുകളിൽനിന്നു വിമാനം ഇറങ്ങുന്ന മലയാളികളെ സഹാർ എയർപോർട്ടിൽനിന്നു വണ്ടിയിൽ കയറ്റി, നേരേ സാന്റാക്രൂസിൽ കൊണ്ടുവന്ന് ഈസ്റ്റ് വെസ്റ്റിൽ കയറ്റി, കനപ്പെട്ടൊരു പ്രാതലുംകൊടുത്ത് 7.10ന് കൊച്ചിയി‍ൽ ഇറക്കിക്കൊടുക്കുമായിരുന്നു. മുംബൈയിലെ ഇടനിലക്കാരിൽനിന്നു മോചനം, നല്ല യാത്രാനുഭവം. യാത്ര വൈകൽ എന്ന അനുഭവമേ ആദ്യകാലത്ത് ഈസ്റ്റ് വെസ്റ്റിന് ഉണ്ടായിരുന്നില്ല. ഈസ്റ്റ് വെസ്റ്റിൽ ടിക്കറ്റ് ഉറപ്പാക്കാൻ യാത്രക്കാർ ഇടിച്ചുനിന്ന കാലം.

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദർ തെരേസ. മദറിന് ഈസ്റ്റ് വെസ്റ്റിലെ എല്ലാവിമാനങ്ങളിലും സൗജന്യ ടിക്കറ്റ് അനുവദിച്ചിരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരൊക്കെ പലപ്പോഴും ഈ വിമാനങ്ങളിൽ തഖിയുദ്ദീന്റെ അതിഥികളായിരുന്നു.

വാഹിദ് സഹോദരന്മാർ തങ്ങളുടെ വിമാനസർവീസിൽ മികവുറ്റ സേവന നിലവാരം കർശനമായി ഉറപ്പുവരുത്തിയിരുന്നു. എന്നാൽ സർവ്വീസ് തുടങ്ങിയ കാലം മുതൽ തന്നെ ശക്തരായ ചില നോർത്തിന്ത്യൻ ലോബികൾ , ഗ്രൂപ്പുകൾ ഈസ്റ്റ്‌ വെസ്റ്റിനു പിറകെ കൂടുകയും അവർക്കെതിരെ രഹസ്യ പ്രവർത്തനങ്ങളും ഉപജാപകങ്ങളും നടത്തി വന്നിരുന്നതായും പിൽക്കാല ചരിത്രം തെളിയിക്കുന്നു.

ഫിഷ്‌ എക്സ്പോർട്ടിംഗ്‌ മുതൽ വിസ കച്ചവടവും മറ്റുമായി തുടങ്ങിയ ഈ കമ്പനി ആകാശ മേലാപ്പുകളിൽ ചിറകു വിടർത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ബോംബെ അധോലോകവുമായും ദാവൂദ് ഇബ്രാഹിം അടക്കമുളളവരുമായുളള ബാന്ധവം വരെ, ഇവരുടെ സാമ്പത്തിക സ്രോതസായി ഉപജാപക സംഘങ്ങളും ബോംബെ ലോബികളും മാധ്യമങ്ങളും പ്രചരിപ്പിച്ചു തുടങ്ങി.

ആരോപണങ്ങൾക്കും ഉപജാപകങ്ങൾക്കും ബോധപൂർവ്വമുണ്ടായ ഔദ്യോഗിക തടസ്സപ്പടുത്തലുകൾക്ക് ഇടയിലും മുടക്കമില്ലാതെ , തുടക്കക്കാരുടെ പോരായ്മകളില്ലാതെ എയർലൈൻസിനെ മുന്നോട്ടു നയിക്കാൻ കഴിഞ്ഞത് മാനാജിംഗ് ഡയരക്ടറായ തഖിയുദ്ദീന്റെ മികവുറ്റ മാനേജ്മെന്റ്റ് പാടവമായി കണക്കാക്കുന്നു. ഇതിനിടയിലായിരുന്നു 1995 നവംബർ 13ന് മുംബൈയിലെ ഓഫീസിനു മുന്നിൽ വച്ച് ഡയരക്ടറായ തഖിയുദ്ദീൻ അജ്ഞാതരുടെ വെടിയേറ്റ്‌ കൊല്ലപ്പടുന്നത്.

ബെംഗളൂരുവിലേക്ക് അവസാന യാത്ര : 1995 നവംബർ 14. ശിശുദിനം. അന്നാണ് മാനേജിങ് ഡയറക്ടർ തഖിയുദ്ദീൻ വാഹിദിന്റെ മൃതദേഹവുമായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ബോയിങ് 737 വിമാനം മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. തികച്ചും ദുഃഖപൂർണമായ അന്തരീക്ഷത്തിൽ വിമാനം പറന്നുയർന്നു. ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ വിമാനങ്ങൾ സാധാരണയായി ടേക്ക് ഓഫ് ചെയ്യുമ്പോൾ കാണാറുള്ള ഉത്സാഹഭരിതമായ അന്തരീക്ഷം അപ്രത്യക്ഷമായിരുന്നു.

വിമാനത്തിന്റെ മുൻഭാഗത്ത് ഒരു ശവപ്പെട്ടിയിൽ തഖിയുദ്ദീൻ വാഹിദിന്റെ മൃതദേഹം കിടത്തിയിരുന്നു. വിമാനത്തിൽ ആകെ യാത്രക്കാരായി ഉണ്ടായിരുന്നത് ഉറ്റബന്ധുക്കളും കമ്പനിയുടെ ഏതാനും സീനിയർ എക്സിക്യൂട്ടീവുകളും മാത്രം. തിരുവനന്തപുരം ലക്ഷ്യമാക്കി വിമാനം യാത്രയായി. ‌ വെറും 45 മാസം മുൻപാണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ആദ്യവിമാനം പറന്നുയർന്നത്. ഇപ്പോഴിതാ മാനേജിങ് ഡയറക്ടറുടെ അവസാനയാത്ര. വിമാനയാത്രയ്ക്കിടെ തഖിയുദ്ദീന്റെ ഇളയ സഹോദരി ആമിനയ്ക്കു കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. കൂടിയാലോചനകൾക്കു ശേഷം പൈലറ്റ് വിമാനം ബെംഗളൂരുവിൽ ഇറക്കി.

ഡയരക്ടറുടെ കൊലപാതകത്തോടെ എയർലൈൻസിന്റെ പിന്നോട്ടുപോയ പ്രവർത്തനം, നിലക്കാത്ത ആരോപണങ്ങളും, ഡയരക്ടറുടെ വിയോഗ ശേഷം തുടർന്നു വന്ന കേസുകളും ശക്തരായ എതിരാളികളുടെ ഭീഷണികളും പതുക്ക പതുക്കെ ഈസ്റ്റ്‌ വെസ്റ്റ് എന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർ ലൈൻ വിമാന കമ്പനിയുടെ പ്രവർത്തനം നിർത്തി വെപ്പിക്കുന്നതിലേക്ക്‌ നയിച്ചു. 1996 ലായിരുന്നു ഈസ്റ്റ്‌ വെസ്റ്റ്‌ എയർ ലൈൻസ്‌ അതിന്റെ സര്‍വീസുകള്‍ നിര്‍ത്തിയത്‌.

തഖിയുദ്ദീനെ പറ്റി അൽപ്പം : 1952 ഡിസംബർ 28ന് തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓടയത്ത്‌ കോട്ടുവിളാകം അബ്ദുൽ വാഹിദ്‌ മുസ്ലിയാരുടേയും സൽമാ ബീവിയുടേയും മകനായാണ് തഖിയുദ്ദീൻ വാഹിദ്‌ എന്നറിയപ്പെട്ടിരുന്ന തഖിയുദ്ദീൻ അബ്ദുൽ വാഹിദിന്റെ ജനനം. ഓടയം എൽ. പി. സ്കൂളിൽ നിന്നും ഇടവ മുസ്ലിം ഹൈസ്കൂളിൽ നിന്നും പ്രാതമിക വിദ്യാഭ്യാസം കരസ്തമാക്കിയ വാഹിദ്‌ , കൊല്ലം എസ്‌. എൻ. കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും അത്‌ പൂർത്തിയാക്കിയില്ല. പിന്നീട്‌ 1970കളിൽ പിതാവിന്റെ കീഴിലുണ്ടായിരുന്ന ഉണക്കമീൻ കയറ്റുമതി ബിസിനസ്സിൽ സഹോദരൻ നാസിറുദ്ദീനോടൊപ്പം പങ്കാളിയായി ബിസിനസ്സ് ജീവിതം തുടങ്ങി.

ബഹ്‌റൈനിലെ അഹ്മദ്‌ മൻസൂർ അലാല എന്ന കൺസ്ട്രക്ഷൻ കമ്പനിയുമായുളള ബന്ധമായിരുന്നു വാഹിദ്‌ കുടുംബത്തിന് വഴിത്തിരിവായത്‌. തഖിയുദ്ദീന്റെ രണ്ട്‌ സഹോദരന്മാർ ജോലി തേടി ബഹ്‌റൈനിലെത്തിയതോടെ ആയിരുന്നു ആ മാറ്റം ആരംഭിക്കുന്നത്‌. 1980 ൽ ഈ കമ്പനിക്കു വേണ്ടി ഈസ്റ്റ്‌ വെസ്റ്റ്‌ ട്രാവൽ ആന്റ്‌ ട്രേഡ്‌ ലിങ്ക്സ്‌ എന്ന പേരിൽ അവർ ഒരു റിക്രൂട്ടിംഗ്‌ ഏജൻസി തുടങ്ങി. അലാല കമ്പനിക്കു വേണ്ടി അമ്പതിനായിരത്തിലധികം ആളുകളെ ഈ ഏജൻസി റിക്രൂട്ട്‌ ചെയ്തതായി പറയപ്പെടുന്നു. ഇതോടനുബന്ധിച്ച്‌ മുംബയിൽ തഖിയുദ്ദീൻ ഒരു ട്രാവൽ ഏജൻസിയും ആരംഭിച്ചു. അതായിരുന്നു ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈനിന്റെ തുടക്കം.

പിന്നീട്‌ കേരളത്തിലടക്കം ഇന്ത്യയിലെ വൻ നഗരങ്ങളിലും മിഡിൽ ഈസ്റ്റിലുളള വിവിധ രാഷ്ട്രങ്ങളിലും വൻ ബിസിനസ്സ്‌ സംരംഭങ്ങൾ തഖിയുദ്ദീന്റെ കീഴിൽ ഉയർന്ന് വരാനാരംഭിച്ചു. കൂടെ മുംബൈ പോലുളള ഇടങ്ങളിൽ വൻ ശത്രു നിരയും. ഒരു ദക്ഷിണേന്ത്യക്കാരന്റെ അസൂയാവഹമായ ഉയർച്ചയിൽ നിന്നുടലെടുത്ത ഉത്തരേന്ത്യക്കാരുടെ പൊതുവായ അസഹിഷ്ണുതയിൽ നിന്നുണ്ടായതാണതെന്നും മറ്റും പിന്നീട്‌ തഖിയുദ്ദീന്റെ മരണ ശേഷം പലവർത്തമാനങ്ങളും ഉയർന്ന് കേട്ടു.

വ്യവസായ സംഘാടകൻ , വ്യാപാര സംരംഭകൻ , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായ ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റെ സ്ഥാപകൻ , മനേജിംഗ്‌ ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ തഖിയുദ്ദീനെ 1995 നവംബർ 13ന് രാത്രിയിൽ ബാന്ദ്രയിലെ തന്റെ ഓഫീസിനു മുന്നിൽ വെച്ച്‌ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു.