ലോകത്തെ ഒന്നടങ്കം കരയിപ്പിച്ച, ഞെട്ടിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും

കടപ്പാട് – മാതൃഭൂമി.

കണ്ടവര്‍ ഒരിക്കലും മറക്കില്ല ഈ ദൃശ്യം. നടുക്കത്തോടെയല്ലാതെ കണ്ണുകള്‍ പിന്‍വലിക്കില്ല. 1993- കലാപവും ദാരിദ്യവും പട്ടിണിയും കൊണ്ടും വരണ്ടുപോയ സുഡാന്‍. ഭക്ഷണം കിട്ടാതെ ആയിരക്കണക്കിന് പേര്‍ മരണപ്പെട്ടു. വലിയ വയറും ചെറിയ ഉടലുകളുമായി കുഞ്ഞുങ്ങള്‍ മരണത്തിലേക്ക് ചുരുണ്ടുകിടുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ തുറന്ന ദുരിതാശ്വാസക്യാമ്പുകളില്‍ ജനങ്ങള്‍ തിങ്ങി നിറയുന്നു. ഭക്ഷണത്തിനായി കലാപങ്ങളുണ്ടാവുന്നു. ജൊഹന്നാസ്് ബര്‍ഗിലെ സണ്‍ഡേ പത്രത്തില്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്ന കെവിന്‍ കാര്‍ട്ടറും സുഹൃത്ത് സില്‍വയുമൊന്നിച്ച് 1993-ല്‍ സുഡാനില്‍ വിമാനമിറങ്ങി, സുഡാന്‍ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നതിനായി. കാര്‍ട്ടര്‍ ദക്ഷിണസുഡാനിലെ അയോഡ് എന്ന ഗ്രാമത്തിലെത്തി.

1993 മാര്‍ച്ച് 23. യുഎന്‍ ക്യാമ്പിനരികിലൂടെ നടന്ന് കാഴ്ചകള്‍ പകര്‍ത്തവെ ദയനീയമായ ഒരു ഞരക്കം കാര്‍ട്ടര്‍ കേട്ടു. ഒരു പെണ്‍കുട്ടിയുടെ കരച്ചിലായിരുന്നു അത്. പൊള്ളുന്ന വെയിലില്‍ ശിരസ്സ് ഭൂമിയിലേക്ക് താഴ്ത്തി, അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു അവള്‍. കൊടിയ വിശപ്പ് കൊണ്ട് എല്ലുകള്‍ ഉടലിന് പുറത്തേക്ക് ഉന്തിനിന്നിരുന്നു. മനുഷ്യകുഞ്ഞാണോയെന്ന് കാര്‍ട്ടര്‍ക്ക് ആദ്യം സംശയം തോന്നി. ക്യാമറ തുറക്കവെ പൊടുന്നെനെ അവിടേക്ക് ഒരു കഴുകന്‍ പറന്നിറങ്ങി. മരണവും ജീവിതവും ഒന്നിച്ച്. വിശപ്പായിരുന്നു കുഞ്ഞിനും കഴുകനും. കഴുകന്‍ ചിറക് വിടര്‍ത്തുന്നതും കാത്ത് കാര്‍ട്ടര്‍ മരത്തിന്റെ കീഴിലിരുന്നു. ചിത്രം പകര്‍ത്താന്‍ 20 മിനുട്ടോളം അവിടെതന്നെയിരുന്നുവെന്ന് പിന്നീട് കാര്‍ട്ടര്‍ പറയുകയുണ്ടായി. കഴുകന്‍ ചിറകു വിടര്‍ത്തിയില്ല. കാര്‍ട്ടര്‍ കുട്ടിയെയും കഴുകനെയും ഫ്രെയിമിലാക്കി. കുട്ടിയുടെ അവസാനചലനവും നിശ്ചലമാകുന്നത് കാര്‍ട്ടര്‍ കണ്ടു. കാര്‍ട്ടര്‍ ദൈവത്തെ വിളിച്ചുകരഞ്ഞു. കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയ ആ ദൃശ്യം പട്ടിണിയുടെ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു.

1993 മാര്‍ച്ച് 26-ന് ന്യുയോര്‍ക്ക് ടൈംസും ദി മെയ്ല്‍ ആന്റ് ഗാര്‍ഡിയന്‍ വീക്കിലിയും ചിത്രം പസിദ്ധപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ് ചിത്രത്തിനൊപ്പം അസാധാരണമായ ഒരു എഡിറ്റോറിയല്‍ നോട്ട് പ്രസിദ്ധപ്പെടുത്തി. ആ കുഞ്ഞ് രക്ഷപ്പെട്ടോ എന്നന്വേഷിച്ചുകൊണ്ട് പത്രമോഫീസിലേക്ക് കത്തുകളുടെയും ഫോണ്‍ കോളുകളുടെയും പ്രളയമായിരുന്നു പിന്നെ. വിളിക്കുന്നവര്‍ കരയുന്നുണ്ടായിരുന്നു. ഒടുവില്‍ പത്രം വായനക്കാരെ ഇങ്ങനെയറിയിച്ചു: കഴുകനില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യം ആ കൂഞ്ഞിനുണ്ടായിരുന്നു. പക്ഷേ കുഞ്ഞിനൊടുവില്‍ എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.’

കുഞ്ഞിനെ രക്ഷപ്പെടുത്താതെ ഫോട്ടോയെടുക്കാന്‍ വ്യഗ്രത പൂണ്ട കാര്‍ട്ടര്‍ക്ക് മേല്‍ ലോകം അരിശം കൊണ്ടു. കുറ്റപ്പെടുത്തലുകള്‍ കേട്ടും താന്‍ കണ്ട കാഴ്ചയുടെ ഭീകരതായാലും വിഷാദത്തിന്റെ കൊടുമുടിയിലേക്കെത്തപ്പെട്ടൂ കാര്‍ട്ടര്‍. ഏപ്രില്‍ 12-ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് കാര്‍ട്ടറെ തേടി ഒരു ഫോണ്‍കോള്‍ വന്നു: ലോകത്തെ കരയിപ്പിച്ച ആ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരമെന്നറിയിച്ച് കൊണ്ട്. താന്‍ ക്യാമറിയിലാക്കിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയാത്ത കുറ്റബോധവും സങ്കടവും അപ്പോഴേക്കും കാര്‍ട്ടറെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റിയിരുന്നു.

1994 ജൂലായ് 27-ന് മുപ്പത്തിനാലാം വയസ്സില്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു. “I am depressed … without phone … money for rent … money for child support … money for debts … money!!! … I am haunted by the vivid memories of killings and corpses and anger and pain … of starving or wounded children, of trigger happy madmen, often police, of killer executioners … I have gone to join Ken if I am that lucky.” മരിക്കുന്നതിന് മുമ്പ് കാര്‍ട്ടര്‍ തന്റെ ഡയറിയില്‍ ഇങ്ങനെയെഴുതി വെച്ചു. കാര്‍ട്ടിന്റെ ചിത്രം പട്ടിണി എന്ന ഭീകരതയുടെ എല്ലാക്കാലത്തേയും നടുക്കുന്ന ദൃശ്യമാകുന്നു. ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും മൂലം പല രാഷ്ട്രങ്ങളും കൊടിയ വറുതിയില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവ് മൂലം മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു.. കാര്‍ട്ടറുടെ ചിത്രം ഒരു വലിയ ഓര്‍മപ്പെടുത്തലായി കാഴ്ചക്കാരന്റെ മുന്നില്‍ നില്‍ക്കുന്നു.