പട്ടായയിലെ ഒരു അത്ഭുത ക്ഷേത്രം – നാളെ ചിലപ്പോ ഇതാകാം ഒരു ലോകാത്ഭുതം

കഴിഞ്ഞ ദിവസം അല്‍കസാര്‍ ഷോയൊക്കെ കാണുവാന്‍ പോയ ക്ഷീണമെല്ലാം ഉറങ്ങിത്തീര്‍ത്ത് രാവിലെ 9.30 മണിയോടെ ഉറക്കമെഴുന്നേറ്റു. വൈകിയതിനാല്‍ ഹോട്ടലിലെ പ്രഭാതഭക്ഷണം ഞങ്ങള്‍ക്ക് മിസ്സായി. ഹോട്ടലുകളില്‍ രാവിലെ 10 മണിക്കുശേഷം ബ്രേക്ക് ഫാസ്റ്റ് കിട്ടില്ല… ഞങ്ങള്‍ പുറത്ത് ഒരു ചെറിയ ഹോട്ടലില്‍ കയറി. ഹാരിസ് ഇക്കയ്ക്ക് പരിചയമുള്ള ഹോട്ടല്‍ ആയതിനാല്‍ ഞങ്ങള്‍ക്ക് നല്ലൊരു സ്വീകരണമാണ് അവിടെ ലഭിച്ചത്. കപ്പോക്കായ് എന്ന വിഭവമായിരുന്നു ഞങ്ങളുടെ അന്നത്തെ പ്രഭാതഭക്ഷണം. പച്ചരിച്ചോറും ബുള്‍സ് ഐയും ചിക്കന്‍ തുളസിയിലയിട്ടതുമെല്ലാം… അതാണു കപ്പോക്കായ്… നല്ല കിടിലന്‍ ഐറ്റമാണ് സാറേ… എന്നെങ്കിലും അവിടെ പോകുന്നുണ്ടെങ്കില്‍ ഇത് കഴിക്കാന്‍ മറക്കല്ലേ…

ഭക്ഷണത്തിനുശേഷം ഞങ്ങളുടെ അന്നത്തെ യാത്രയ്ക്കായുള്ള ആരംഭം കുറിച്ചു. ഞങ്ങളുടെ കാര്‍ ഹോട്ടലിനു മുന്നില്‍ എത്തിച്ചേര്‍ന്നു. പുതിയൊരു ഡ്രൈവര്‍ ആയിരുന്നു അന്നു കാര്‍ ഓടിച്ചിരുന്നത്. ആന്തോ എന്നായിരുന്നു ഡ്രൈവര്‍ ചേട്ടന്‍റെ പേര്. 11 മണിയായിട്ടും പട്ടായ നഗരം ഉറക്കമുണര്‍ന്നു വരുന്നേയുണ്ടായിരുന്നുള്ളൂ.. കാഴ്ചകളൊക്കെ കണ്ട് ഞങ്ങള്‍ പട്ടായയിലെ ഏറ്റവും മനോഹരമായ ബുദ്ധക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടേക്കാണ് ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര… സാങ്ച്വറി ഓഫ് ട്രൂത്ത്‌ എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്.. ഡ്രൈവര്‍ ആന്തോ ഞങ്ങള്‍ക്കായുള്ള ടിക്കറ്റുകളുമായി എത്തിച്ചേര്‍ന്നു.

അവിടെ കയറിക്കഴിഞ്ഞാല്‍ ആദ്യം ഒരു പാര്‍ക്ക് പോലെയുള്ള ഇടമാണ്. കുതിരസവാരി, മൃഗങ്ങള്‍ക്ക് തീറ്റ നല്‍കല്‍ എന്നിങ്ങനെയുള്ള ആക്ടിവിറ്റികള്‍ അവിടെ കാണാമായിരുന്നു. അങ്ങനെ ഞങ്ങള്‍ കാഴ്ചകളൊക്കെ കണ്ട് നടന്നു. അവസാനം ഒരു ബാല്‍ക്കണി വ്യൂവില്‍ എത്തിച്ചേര്‍ന്നു. അവിടെയതാ താഴെ എന്‍റെ കണ്ണുകളെ അമ്പരപ്പിച്ചുകൊണ്ട് നില്‍ക്കുകയാണ് സാങ്ച്വറി ഓഫ് ട്രൂത്ത്‌ എന്ന ഈ ക്ഷേത്രം.

ഈ ദേവാലയം മുഴുവൻ മരത്തിൽ ആണ് പണിതിരിക്കുന്നത്.. പ്രധാനമായും ബുദ്ധിസ്റ്, ഹിന്ദു വിഷയങ്ങളിലുള്ള ശില്പകലയാണ് ഇവിടെ ഉള്ളത്. ഇതിന്റെ ഗോപുരത്തിന് 105 മി. ഉയരം ഉണ്ട്. ഞങ്ങള്‍ താഴേക്ക് ഇറങ്ങി ക്ഷേത്രത്തിലേക്ക് നടന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1983 തുടങ്ങിയ ക്ഷേത്രത്തിന്‍റെ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നതാണ് മറ്റൊരു അത്ഭുതം. ഇപ്പോഴും പണികള്‍ നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകര്‍ തലയില്‍ ഒരു ഹെല്‍മറ്റ് ധരിച്ചുവേണം പ്രവേശിക്കുവാന്‍. അതിനുള്ള ഹെല്‍മറ്റ് അവിടുന്ന് തന്നെ സൗജന്യമായി ലഭിച്ചു. ഹെല്‍മറ്റൊക്കെ വെച്ച് ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് കയറി. വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അത്രയ്ക്ക് മനോഹരമാണ് അവിടം.

ഖമർ വാസ്തുവിദ്യ ശൈലി ആണ് ഈ ക്ഷേത്രം പണിയുവാന്‍ ഉപയോഗിക്കുന്നത്. അങ്കോർ കാലഘട്ടത്തിലെ പോലെ മരത്തിൽ കൊത്തുപണി ചെയ്ത ശിൽപ്പങ്ങൾ ഇവിടെ കാണാം. നാല് ഗോപുരങ്ങൾ ആണ് ഇതിനുള്ളത്. കംബോഡിയ, ചൈന, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ബുദ്ധിസ്റ് – ഹിന്ദു പുരാണങ്ങളിലെ കഥകൾ ക്ഷേത്രത്തിന്‍റെ ചുവരുകളിലും മേല്‍ക്കൂരകളിലും കാണിച്ചിരിക്കുന്നു.

സത്യത്തില്‍ പട്ടായ സന്ദര്‍ശിക്കുന്ന നല്ലൊരു വിഭാഗം മലയാളികളും ഇവിടേക്ക് വരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. അധികമാര്‍ക്കും ഇങ്ങനെയൊരു ഇടത്തെക്കുറിച്ച് അറിവില്ലെന്ന് തോന്നുന്നു.

ക്ഷേത്രത്തിനകത്ത് കണ്ണുകളെ അദ്ഭുതം കൊള്ളിക്കുന്ന ഒത്തിരി കാഴ്ചകള്‍ കാണാനായി. വികലാംഗരായ ആളുകള്‍ക്ക് മുകളിലേക്ക് കയറുവാനായി നിര്‍മ്മിച്ചിരിക്കുന്ന തടി കൊണ്ടുള്ള ലിഫ്റ്റ്‌ മറ്റൊരു പുതുമയായി ഇവിടെ ഞാന്‍ കണ്ടു. ക്ഷേത്രത്തിനകത്ത് കയറിയപ്പോള്‍ കണ്ട മറ്റൊരു രസമെന്തെന്നാല്‍ പണം നല്‍കിയാല്‍ അവിടെ സജ്ജീകരിച്ചിരിക്കുന്ന രാജസിംഹാസനത്തില്‍ അവിടത്തെ രാജവേഷം ധരിച്ചിരുന്ന് നമുക്ക് ഫോട്ടോയെടുക്കുന്നതാണ്. ഞാനും എടുത്തു അത്തരത്തില്‍ ഒന്ന്. അതൊക്കെ എന്നും ഒരു ഓര്‍മ്മയല്ലേ… ഇങ്ങനെ എടുക്കുന്ന ഫോട്ടോകള്‍ നിമിഷനേരത്തിനകം അവര്‍ പ്രിന്‍റ് എടുത്ത് ഫ്രെയിം ചെയ്ത് നമുക്ക് നല്‍കും.

ക്ഷേത്രത്തിന്‍റെ പണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകളായ ആശാരിമാരും അവിടെ ജോലികളില്‍ സജീവമാണ്. 2050 ഓടെ ഈ ക്ഷേത്രത്തിന്‍റെ മുഴുവന്‍ പണികളും കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്തായാലും ഭാവിയില്‍ ഇത് ലോകാത്ഭുതങ്ങളില്‍ ഒന്നാകുവാന്‍ സാധ്യതയുണ്ട്. അത്രയ്ക്ക് അത്ഭുതകരവും മനോഹരവുമാണീ ക്ഷേത്രവും ശില്പകലകളും ഒക്കെ… ഇനി പട്ടായയില്‍ വരുന്ന മലയാളികളാരും തന്നെ ഇവിടെ സന്ദര്‍ശിക്കാതെ തിരികെ വരരുതേ എന്നുള്ള അഭ്യര്‍ത്ഥനയോടെ ഞങ്ങള്‍  സാങ്ച്വറി ഓഫ് ട്രൂത്ത്‌ എന്നയീ അത്ഭുത ഇതിഹാസത്തോട് വിട പറയുകയാണ്‌… ഇനി അടുത്ത എപ്പിസോഡ് വീഡിയോയുമായി ഞങ്ങള്‍ വീണ്ടും വരാം…

തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800